വൈകാരിക ഓർമകളുള്ള വീട് പൊളിക്കാൻ മനസ്സനുവദിച്ചില്ല: പകരം മനോഹരമായി പുതുക്കിപ്പണിതു
Mail This Article
പുതിയ ഒരു വീട് നിർമിക്കുന്നതിനേക്കാൾ പലപ്പോഴും സങ്കീർണമാണ് പഴയ വീട് നവീകരിക്കുന്നത്. ഒരേസമയം പ്ലാനിങ്ങും വൈദഗ്ധ്യവും ഉണ്ടെങ്കിൽ മാത്രമേ വിചാരിച്ച പോലെ നവീകരണം സാധ്യമാകൂ. അമ്പലപ്പുഴ സ്വദേശി റിജാസ് വീട്ടിലെ വിവാഹത്തോടനുബന്ധിച്ചാണ് വൈകാരികമായി അടുപ്പമുള്ള പഴയ വീട് പൊളിച്ചുകളയാതെ നവീകരിക്കാൻ തീരുമാനിച്ചത്. ആർക്കിടെക്ട് ദമ്പതികളായ ഷഫീഖും സൽനയുമാണ് ദൗത്യം ഏറ്റെടുത്തത്.
25 വർഷത്തിലേറെ പഴക്കമുള്ള ഇരുനില വാർക്കവീടായിരുന്നു. അധികം പൊളിച്ചുപണികൾ ഒഴിവാക്കി വേണം നവീകരണം എന്ന് വീട്ടുകാർക്ക് നിർബന്ധമുണ്ടായിരുന്നു. ചെറിയ ചെപ്പടിവിദ്യകളിലൂടെയാണ് പുതുമ കൊണ്ടുവന്നത്.
വെറുതെ കിടന്ന മുറ്റത്ത് പേവിങ് ടൈലും ഇടയ്ക്ക് ഗ്രാസും വിരിച്ച് ലാൻഡ്സ്കേപ് ഭംഗിയാക്കി. എലിവേഷനിൽ പുതുമ കൊണ്ടുവരാൻ സ്പ്ലിറ്റ് ടൈൽ കൊണ്ടൊരു സ്‌ക്രീൻ നിർമിച്ചു. ബാൽക്കണിയിൽ ടെറാക്കോട്ട ഫിനിഷുള്ള ബ്രിക്ക് വോൾ നൽകി. വശത്തുണ്ടായിരുന്ന രണ്ടാമത്തെ കാർ പോർച്ചിൽ സ്റ്റോൺ ക്ലാഡിങ് പതിച്ച് ഭംഗിയാക്കി.
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് നവീകരിച്ച പുതിയ വീട്ടിലുള്ളത്. 3500 ചതുരശ്രയടിയാണ് വിസ്തീർണം.
പഴയ വീട്ടിൽ കാറ്റും വെളിച്ചവും കയറുന്നത് കുറവായിരുന്നു. അകത്തളങ്ങളുടെ പുനർവിന്യാസത്തിലൂടെയാണ് പുതിയ ഇടങ്ങൾ ഉൾക്കൊള്ളിച്ചത്. പഴയ വീട്ടിൽ അത്യാവശ്യം സ്ഥലം ഉള്ളതിനാൽ ഉള്ളിലെ അധികം പൊളിച്ചുപണി ഒഴിവാക്കാനായി.
പഴയ ഫർണിച്ചർ ഒഴിവാക്കി കസ്റ്റമൈസ്ഡ് ഫർണിച്ചർ നൽകിയതോടെ അകത്തളം കമനീയമായി. ഫ്ലോറിങ്- വയറിങ്- സാനിറ്ററി എല്ലാം പഴയത് മാറ്റി പുതിയത് വച്ചു. ഓരോയിടങ്ങളെ ഹൈലൈറ്റ് ചെയ്യാൻ വ്യത്യസ്‌ത ഫ്ലോറിങ് പാറ്റേൺ ഉപയോഗിച്ചത് വ്യത്യസ്തമാണ്.
കിടപ്പുമുറികളിലാണ് കൂടുതൽ നവീകരണം കൊണ്ടുവന്നത്. പഴയ വലിയ ഒരു കിടപ്പുമുറി പകുത്ത് രണ്ടു മോഡേൺ കിടപ്പുമുറികളാക്കി. ഇതുകൂടാതെ പുതിയ ഒരു കിടപ്പുമുറി അധികമായി കൂട്ടിച്ചേർത്തു. കാറ്റും വെളിച്ചവും ലഭിക്കുംവിധം ജാലകങ്ങൾ നൽകി. അറ്റാച്ഡ് ബാത്റൂം ഒരുക്കി.
സൗകര്യങ്ങൾ കുറവുള്ള പഴയ അടുക്കള കാലോചിതമായി പരിഷ്കരിച്ചു. പുതിയകാല സൗകര്യങ്ങൾ ഉൾപ്പെടുത്തി. വർക്കേരിയ അനുബന്ധമായി കൂട്ടിച്ചേർത്തു.
Project facts
Location- Ambalapuzha
Area- 3500 Sq.ft
Owner- Rijas Muhammed
Design- Incline 30 design studio, Calicut