ഷിപ്പിങ് കണ്ടെയ്നറുകളിൽ സൂപ്പർവീട് പണിയും! ഹിറ്റായി ഈ സ്ത്രീകളുടെ സംരംഭം

Mail This Article
സ്വന്തമായി ഒരു വീടുനിർമിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും ആഗ്രഹമാണ്. എന്നാൽ ആഗോളതലത്തിലുള്ള കാർബൺ പുറന്തള്ളലിന്റെ കണക്കെടുത്താൽ 39 ശതമാനവും ഉണ്ടാവുന്നത് കെട്ടിടനിർമ്മാണ മേഖലയിൽനിന്നാണെന്ന് മനസ്സിലാക്കാൻ സാധിക്കും. ഇത് പരിസ്ഥിതിക്ക് ഉയർത്തുന്ന വെല്ലുവിളി ചില്ലറയല്ല. ഈ പ്രശ്നത്തിന് തങ്ങളുടേതായ രീതിയിൽ ഒരു പരിഹാരം കണ്ടെത്തി വ്യത്യസ്തരാവുകയാണ് പുണെ സ്വദേശിനികളായ ധാര കബാരിയ, സൊനാലി ഭട്കെ എന്നീ വനിതകൾ. പഴയ ഷിപ്പിങ്ങ് കണ്ടെയ്നറുകൾക്കുള്ളിൽ സ്റ്റുഡിയോ വീടുകളും ഓഫീസുകളും നിർമ്മിച്ച് വിപണനം ചെയ്യുകയാണ് ഇവർ.

ചരക്ക് ഗതാഗതത്തിന് ഉപയോഗിക്കുന്നതിനാൽ ഏറെ ബലമുള്ളവയാണ് ഷിപ്പിങ്ങ് കണ്ടെയ്നറുകൾ. അതിനാൽ ഇതിൽ നിർമ്മിക്കുന്ന വീടുകൾ ഈടുനിൽക്കും എന്ന് ഉറപ്പ്. വലിയ കണ്ടെയ്നറിന്റെ അകം പല ഭാഗങ്ങളായി തിരിച്ചാണ് വീട് ഒരുക്കുന്നത്. സിമന്റ്, കോൺക്രീറ്റ് എന്നിവയുടെ ഉപയോഗം ഇല്ലാത്തതിനാൽ കാർബൺ പുറന്തള്ളൽ പരമാവധി കുറച്ച് പരിസ്ഥിതിക്ക് ദോഷമേൽക്കാത്ത വീടുകൾ നിർമ്മിക്കാനാവും.

താരതമ്യേന കുറഞ്ഞ ചിലവിൽ മുടക്കുന്ന തുകയുടെ മൂല്യമുള്ള വീടുകൾ ഉടമസ്ഥർക്ക് ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. നിർമ്മാണ സമയവും തീരെ കുറവ്. വീടുകൾ മാത്രമല്ല ഓഫീസുകളും ഇത്തരത്തിൽ കണ്ടെയ്നറുകളിൽ നിർമ്മിക്കുന്നുണ്ട്. ഇവ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകാനാവും എന്നതാണ് പ്രധാന പ്രത്യേകത. ഇതിനോടകം 20 ഷിപ്പിങ്ങ് കണ്ടെയ്നറുകളാണ് ഉപയോഗിക്കാവുന്ന ഇടങ്ങളായി രൂപമാറ്റം വരുത്തി ഇവർ നൽകിയിട്ടുള്ളത്. ഒരു സന്നദ്ധ സംഘടനയ്ക്കായി സഞ്ചരിക്കുന്ന സ്കൂളും നിർമിച്ചു നൽകി.

പഴയ ഷിപ്പിങ്ങ് കണ്ടെയ്നറുകളിൽ നിന്നും ഉപയോഗിക്കാനാവുന്ന കണ്ടെത്തി വാങ്ങുന്നു. പിന്നീട് ഇന്റീരിയർ ഡിസൈൻ ചെയ്ത ശേഷം വെൽഡിങ്, ഫാബ്രിക്കേഷൻ, പ്ലംബിങ്ങ് എന്നിവ പൂർത്തിയാക്കി ആവശ്യക്കാർക്ക് നൽകുകയാണ് ചെയ്യുന്നത്.

സാധാരണ വീടുകൾ പൊളിച്ചു നീക്കുമ്പോൾ കെട്ടിടാവശിഷ്ടങ്ങൾ ഭൂമിയിൽ മാലിന്യമായി അവശേഷിക്കാറാണ് പതിവ്. എന്നാൽ കണ്ടെയ്നർ വീടുകൾ പുനരുപയോഗം ചെയ്യാനാവും എന്നതിനാൽ സുസ്ഥിരത ഉറപ്പാക്കാനാകുന്നു. പുനരുപയോഗം ചെയ്യാവുന്ന, മലിനജലം കൃത്യമായി കൈകാര്യം ചെയ്യാനുള്ള സൗകര്യവും കണ്ടെയ്നർ വീടുകൾക്കുള്ളിൽ ഗാർഡനിങ്ങ് സോണും ഒരുക്കി അവ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കാനുള്ള തയ്യാറെടുപ്പിലാണ് ധാരയും സൊനാലിയും.
English SUmmary- Cute Houses from Shipping Containers