ADVERTISEMENT

മുംബൈ റിയൽ എസ്റ്റേറ്റ് മേഖലയിൽ വില കുതിച്ചുയരുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ വീട്/ ഫ്‌ളാറ്റുകളുടെ വിലയിൽ വൻ വർധന  ഉണ്ടായിട്ടുണ്ട്. നിരവധി സമ്പന്നരും സെലിബ്രിറ്റികളും മികച്ച ലാഭത്തിനായി റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാറുണ്ട്.

ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്റെ സഹോദരി അർപ്പിത ശർമ്മ കഴിഞ്ഞദിവസം മുംബൈയിലെ തൻ്റെ അപാർട്മെന്റ് വിറ്റത് വാങ്ങിയതിനേക്കാൾ നാലു കോടി രൂപ അധിക വിലയ്ക്കാണ്. മുംബൈയിലെ ഖർ മേഖലയിലാണ് അർപ്പിതയുടെയും ഭർത്താവ് ആയുഷ് ശർമയുടെയും ഫ്ലാറ്റ്  സ്ഥിതി ചെയ്തിരുന്നത്.

2017ൽ 18 കോടി രൂപ വില നൽകിയാണ് അർപ്പിതയും ആയുഷും ഈ വീട് സ്വന്തമാക്കിയത്. 2500 ചതുരശ്ര അടിയാണ് വിസ്തീർണ്ണം. ഇതിനുപുറമേ 1600 ചതുരശ്ര അടി വലിപ്പമുള്ള ടെറസും ഇവിടെയുണ്ട്. കെട്ടിടത്തിലെ ഒൻപത് കാർ പാർക്കിങ് യൂണിറ്റുകളാണ് അർപ്പിത ഉപയോഗിച്ചിരുന്നത്. റിപ്പോർട്ടുകൾ പ്രകാരം ശിവായ സിനി വൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് വീട് കൈമാറിയിരിക്കുന്നത്.

എത്ര കിടപ്പുമുറികളാണ് വീടിന് ഉള്ളത് എന്നത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. എന്നാൽ ഫ്ലൈയിങ് കാർപെറ്റ് ബിൽഡിങ്ങിൽ മൂന്ന് - നാല് ബി എച്ച് കെ അപ്പാർട്ട്മെന്റുകളാണ് ഉള്ളത് എന്ന് മുംബൈയിലെ റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ പറയുന്നു. ചതുരശ്ര അടിക്ക് 60,000 മുതൽ 70,000 രൂപ വരെയാണ്  ഇവിടുത്തെ അപ്പാർട്ട്മെന്റുകളുടെ വിലയായി ഈടാക്കുന്നത്.  2022 ഫെബ്രുവരിയിൽ ഇതേ കെട്ടിടത്തിലെ മറ്റൊരു നിലയിൽ അർപ്പിത പുതിയ ഒരു ഫ്ലാറ്റ് സ്വന്തമാക്കിയിരുന്നു. 1750 ചതുരശ്ര അടിയാണ് ഈ ഫ്ലാറ്റിന്റെ വിസ്തീർണ്ണം. പത്തു കോടി രൂപയായിരുന്നു വില.

ഫ്ലാറ്റ് കൈമാറ്റം ചെയ്ത ശേഷം അർപ്പിതയും കുടുംബവും വർളിയിലേക്ക്  താമസം മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. ഒക്ടോബർ പത്തിനാണ് വിൽപനയുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായത്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 1.32 കോടി രൂപയാണ് അടച്ചിരിക്കുന്നത്. മുപ്പതിനായിരം രൂപ രജിസ്ട്രേഷൻ ചാർജായും അടച്ചിട്ടുണ്ട്.  കാർട്ടർ റോഡ്, ബാന്ദ്ര ബസ്റ്റാൻഡ്, പാലി ഹിൽ തുടങ്ങി മുംബൈയിലെ പ്രധാന ലൊക്കേഷനുകളോട് ചേർന്ന മേഖലയിലാണ് ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റ് എന്ന കെട്ടിടത്തിലാണ് സൽമാൻ ഖാന്റെ താമസം.

English Summary:

Arpitha, Salman Khans Sister Sold House in Mumbai- Real Estate News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com