ആസ്തി ശതകോടികൾ: സ്വന്തമായി നിരവധി ആഡംബരവീടുകൾ; ഡോണൾഡ് ട്രംപിന്റെ റിയൽഎസ്റ്റേറ്റ് സാമ്രാജ്യം
Mail This Article
യുഎസിന്റെ 47-ാം പ്രസിഡന്റായി ചരിത്രപരമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഡോണൾഡ് ട്രംപ്. അമേരിക്കൻ രാഷ്ട്രീയ നേതാക്കളിലെ അതിസമ്പന്നരിൽ ഒരാളാണ് ട്രംപ്. ഒന്നിലധികം വസതികളും യുഎസിന് അകത്തും പുറത്തുമായി ധാരാളം പ്രോപ്പർട്ടികളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
മാർ എ ലാഗോ , ഫ്ലോറിഡ
ഫ്ലോറിഡയിലെ പാം ബീച്ചിൽ സ്ഥിതിചെയ്യുന്ന മാർ എ ലാഗോ റിസോർട്ടും എസ്റ്റേറ്റുമാണ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും പ്രശസ്തമായ പ്രോപ്പർട്ടികളിലൊന്ന്. 62500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ 126 മുറികളാണുള്ളത്. 17 ഏക്കർ വിസ്തൃതമായ എസ്റ്റേറ്റിലാണ് മാർ എ ലാഗോ സ്ഥിതിചെയ്യുന്നത്. 1985ലാണ് ട്രംപ് ഈ സ്ഥലം സ്വന്തമാക്കിയത്.
2019 മുതൽ ട്രംപിന്റെയും മെലാനിയ ട്രംപിന്റെയും പ്രധാന വസതി ഇതാണ്. എന്നാൽ പ്രൈവറ്റ് ക്ലബ്ബ് എന്ന നിലയിലേക്ക് റിസോർട്ടിന്റെ പദവി മാറ്റുന്ന കരാറിൽ ട്രംപ് ഒപ്പു വച്ചിരുന്നെന്നും അതിനാൽ കുടുംബവസതിയായി ഇവിടം ഉപയോഗിക്കുന്നതിൽ നിയമ സാധ്യത ഇല്ലെന്നും ചൂണ്ടിക്കാട്ടി തർക്കങ്ങൾ നിലനിന്നിരുന്നു. എസ്റ്റേറ്റിനുള്ളിൽ ട്രംപ് കുടുംബത്തിനായി സ്വകാര്യ ക്വാർട്ടേഴ്സാണ് ഒരുക്കിയിട്ടുള്ളത്.
ട്രംപ് ടവർ പെന്റ് ഹൗസ്
മാർ എ ലാഗോയ്ക്ക് മുൻപ് നാലു പതിറ്റാണ്ടോളം ട്രംപ് കുടുംബത്തിന്റെ പ്രധാന വസതി മാൻഹട്ടനിൽ സ്ഥിതിചെയ്യുന്ന പെന്റ് ഹൗസ് ആയിരുന്നു. ട്രംപ് ടവർ എന്ന കെട്ടിടത്തിലെ ഏറ്റവും മുകളിലുള്ള മൂന്ന് നിലകളിലായി വ്യാപിച്ചുകിടക്കുന്ന ആഡംബര വസതിയാണിത്. രാജകീയ സമാനമായാണ് ഈ അപ്പാർട്ട്മെന്റ് ഒരുക്കിയിരിക്കുന്നത്. 11000 ചതുരശ്ര അടിയാണ് പെന്റ് ഹൗസിന്റെ ആകെ വിസ്തീർണ്ണം. 2017ൽ ഫോർബ്സ് വിലയിരുത്തിയത് പ്രകാരം 64 മില്യൻ ഡോളറാണ് (539 കോടി രൂപ) ഈ വസതിയുടെ വില.
ട്രംപ് നാഷണൽ ഗോൾഫ് ക്ലബ്
ന്യൂജേഴ്സിയിലെ ബെഡ്മിൻസ്റ്ററിൽ സ്ഥിതിചെയ്യുന്ന ട്രംപ് നാഷണൽ ഗോൾഫ് ക്ലബാണ് ട്രംപിന്റെ ആസ്തികളിൽ മറ്റൊന്ന്. 506 ഏക്കർ വിസ്തൃതമായ എസ്റ്റേറ്റാണിത്. ഈ എസ്റ്റേറ്റിനുള്ളിൽ ട്രംപിന് ഉപയോഗിക്കാൻ മാത്രമായി ഒരു പ്രത്യേക വില്ല തന്നെ സജ്ജീകരിച്ചിട്ടുണ്ട്. മുൻപ് പ്രസിഡണ്ട് പദവിയിലിരുന്ന സമയത്ത് അവധി ദിനങ്ങൾ ചിലവിടാനായി ട്രംപ് ഇവിടമാണ് തിരഞ്ഞെടുത്തിരുന്നത്. 11 സ്റ്റുഡിയോ സ്യൂട്ടുകൾ, മൂന്ന് - രണ്ട് - ഒന്ന് എന്നിങ്ങനെ കിടപ്പുമുറികളുള്ള മൂന്ന് കോട്ടേജുകൾ എന്നിവ ക്ലബ് അംഗങ്ങൾക്കും അതിഥികൾക്കുമായി ഇവിടെ ഒരുക്കിയിട്ടുണ്ട്.
ട്രംപ് പാർക്ക്
മാൻഹട്ടനിലെ 106 സെൻട്രൽ പാർക്ക് സൗത്തിൽ ട്രംപിന്റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടമാണ് ട്രംപ് പാർക്ക്. കെട്ടിടത്തിനുള്ളിൽ ധാരാളം വസതികൾ ട്രംപിന്റെ തന്നെ ഉടമസ്ഥതയിൽ ഉണ്ട്. ഇവയെല്ലാം വാടകയ്ക്ക് വിട്ടു നൽകിയിരിക്കുകയാണ്.
ട്രംപ് പാർക്ക് അവന്യൂ
മാൻഹട്ടനിൽ ട്രംപിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു റസിഡൻഷ്യൽ കെട്ടിടമാണ് ട്രംപ് പാർക്ക് അവന്യു. 120 ആഡംബര അപ്പാർട്ട്മെന്റുകളും എട്ട് പെന്റ് ഹൗസുകളുമാണ് 32 നിലകളുള്ള കെട്ടിടത്തിൽ ഉള്ളത്. 2001 ൽ 115 മില്യൻ ഡോളർ വില നൽകിയാണ് ട്രംപ് ഈ കെട്ടിടം സ്വന്തമാക്കിയത്.
ലോകത്തിന്റെ പല ഭാഗങ്ങളിലും ട്രംപിന് റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളുണ്ട്. ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലയോട് പ്രത്യേക താൽപര്യവുമുണ്ട്. മുംബൈ, ഗുരുഗ്രാം, കൊൽക്കത്ത എന്നിവിടങ്ങളിലെ ട്രംപ് ടവറുകൾ ഉദാഹരണം. ട്രംപിന്റെ റിയൽ എസ്റ്റേറ്റ് കമ്പനിയായ ട്രംപ് ഓർഗനൈസേഷൻ, ലോധാ ഗ്രൂപ്പ്, പഞ്ചശീൽ റിയൽറ്റി തുടങ്ങിയ ഇന്ത്യയിലെ പ്രധാന റിയൽ എസ്റ്റേറ്റ് പ്രമുഖരുമായി സഹകരിച്ചാണ് ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നത്.