കുതിപ്പുതുടർന്ന് നാളികേരവും വെളിച്ചെണ്ണയും; 200 രൂപയിൽ തൊട്ട് റബർ: ഇന്നത്തെ (18/3/25) അന്തിമ വില

Mail This Article
ആഗോള നാളികേര ഉൽപാദനം നടപ്പു വർഷം കുറയുമെന്ന വിലയിരുത്തലുകൾ രാജ്യാന്തര തലത്തിൽ ഉൽപ്പന്നത്തിന് ആകർഷകമായ വില ഉറപ്പു വരുത്തി. മുഖ്യ ഉൽപാദകരാജ്യങ്ങളായ ഇന്ത്യ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ വർഷത്തിന്റെ ആദ്യ പകുതിയിൽ നാളികേര ലഭ്യത ചുരുങ്ങുമെന്നു വ്യക്തമായതോടെ നിരക്ക് ഉയരുകയാണ്. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ചൈനയിലും ഭക്ഷ്യ, വ്യാവസായിക ആവശ്യങ്ങൾക്കുള്ള വെളിച്ചെണ്ണയ്‌ക്ക് ഡിമാൻഡ് വർധിച്ചത് വിപണിക്ക് അനുകൂലമാണ്. രാജ്യത്ത് എറ്റവും കൂടുതൽ നാളികേര കൃഷി ദക്ഷിണേന്ത്യയിലെങ്കിലും ഇക്കുറി കാലാവസ്ഥ വ്യതിയാനം മൂലം ഇവിടെയും വിളവ് കുറഞ്ഞു. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ മുന്നിലുള്ള മാസങ്ങളിലും ആകർഷകമായ വില പച്ചത്തേങ്ങയ്‌ക്കും കൊപ്രയ്‌ക്കും കരിക്കിനും ഉറപ്പ് വരുത്താനാവും. ഇത് വെളിച്ചെണ്ണ വിപണിയെ കൂടുതൽ ശക്തമാക്കാം. ബഹുരാഷ്‌ട്ര കൊപ്രയാട്ട് വ്യവസായികൾക്കു പുറമേ മറ്റു വൻകിട മില്ലുകാരും പച്ചത്തേങ്ങ സംഭരണത്തിന് പരക്കം പായുകയാണ്. കൊച്ചിയിൽ കൊപ്ര 16,150 രൂപയിലാണ്. വെളിച്ചെണ്ണ വില ഇന്ന് 300 രൂപ വർധിച്ച് 24,400 രൂപയായി.

അന്തരീക്ഷ താപനിലയിൽ പെട്ടെന്ന് അനുഭവപ്പെട്ട മാറ്റം ഏലക്കർഷകരുടെ ആത്മവിശ്വാസം ഉയർത്തി. തുടർമഴ ലഭിച്ചാൽ ശരങ്ങൾക്കു പുതുജീവൻ ലഭ്യമാകുമെന്നത് ഉൽപാദകമേഖലയ്‌ക്ക് ആശ്വാസമാകും. കനത്ത വേനൽ മൂലം ഒട്ടുമിക്ക തോട്ടങ്ങളിലും കർഷകർ പച്ച ഷീറ്റുകളാൽ പന്തൽ ഒരുക്കി ഏലച്ചെടികളെ സംരക്ഷിക്കുകയാണ്. ഇന്നു നടന്ന രണ്ട് ലേലങ്ങളിലായി മൊത്തം 65,000 കിലോ ഏലക്ക വിൽപ്പനയ്‌ക്ക് ഇറങ്ങി. കാലാവസ്ഥ മാറ്റം സ്റ്റോക്കിസ്റ്റുകളെ സ്വാധീനിച്ചാൽ വരവ് ഉയരാൻ ഇടയുണ്ട്. മികച്ചയിനങ്ങൾക്ക് 3000 രൂപയുടെ താങ്ങ് നഷ്‌ടപ്പെട്ട് ഇന്ന് 2921 രൂപയായി കുറഞ്ഞു. ശരാശരി ഇനങ്ങൾ 2532 രൂപയിലാണ്. വിദേശത്തുനിന്നും ആഭ്യന്തര വിപണികളിൽനിന്നും ഏലത്തിന് ശക്തമായ ഡിമാൻഡ് നിലനിന്നിട്ടും നിരക്ക് ഇടിയുന്നത് കർഷകരെ നിരാശരാക്കി. ഇടുക്കിയിൽ നടന്ന ലേലത്തിനു വന്ന 31,547 കിലോ ഏലക്ക പൂർണമായി വിറ്റഴിഞ്ഞു.
ആഭ്യന്തര റബർ ഉപഭോഗം വർധിപ്പിക്കാൻ ചൈന പുതിയ കർമപദ്ധതികൾക്കു തുടക്കംകുറിച്ച വിവരം ജാപ്പനീസ് മാർക്കറ്റിൽ അവധിവിലകൾ ഉയർത്തി. ഇതിന്റെ ചുവടുപിടിച്ച് സിംഗപ്പുർ എക്‌സ്‌ചേഞ്ചിലും ഉൽപന്ന വില വർധിച്ചു. എന്നാൽ അനുകൂല വാർത്തകൾക്ക് ചൈനീസ് റബർ മാർക്കറ്റിനെ സ്വാധീനിക്കാനായില്ല. ബാങ്കോക്കിൽ റബർ 209 രൂപയിൽ വിപണനം നടന്നു.