ആട് ഫാം തുടങ്ങാം, ഒരു പ്രജനന യൂണിറ്റായി
Mail This Article
പെണ്ണാടുകളും മുട്ടനാടുകളും അടങ്ങിയ ഒരു പ്രജനന യൂണിറ്റായി (ബ്രീഡിങ് യൂണിറ്റ്) വേണം ഫാമിനെ ചിട്ടപ്പെടുത്തേണ്ടത്. അഞ്ചു മുതല്‍ പതിനഞ്ച് വരെ പെണ്ണാടുകള്‍ക്ക് ഒരു മുട്ടനാട് എന്നതാണ് ലിംഗാനുപാതം. ഇത് പരമാവധി 25-30 പെണ്ണാടുകള്‍ക്ക് ഒരു മുട്ടനാട് എന്ന ലിംഗാനുപാതം വരെയാവാം. അഞ്ചു വയസിനു മുകളിലുള്ള മുട്ടനാടുകളെയും എട്ടു വയസിന് മുകളിലുള്ള പെണ്ണാടുകളെയും പ്രജനനാവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് ഉത്തമം. ആടുകളെ പ്രജനനത്തിനായി ഉപയോഗിക്കുമ്പോള്‍ അവയുടെ ഭാരവും പ്രായവും പരിഗണിക്കേണ്ടത് പ്രധാനമാണ്.
മതിയായ ശരീരവളര്‍ച്ചയെത്തിയിട്ടില്ലാത്ത പെണ്ണാടുകളെ ഇണചേര്‍ത്താല്‍ പ്രസവതടസമടക്കമുള്ള സങ്കീര്‍ണതകള്‍ക്കും കുഞ്ഞിനെയും തള്ളയെയും നഷ്ടപ്പെടാനും സാധ്യതയേറെയാണ്. അതുപോലെ തന്നെ ആണാടുകളെ പ്രായമെത്തുന്നതിനു മുന്‍പ് പ്രജനനാവശ്യത്തിനായി ഉപയോഗിച്ച് തുടങ്ങിയാല്‍ ക്രമേണ വന്ധ്യത, ബീജത്തിന്‍റെ ഗുണനിലവാരം കുറയല്‍, ലൈംഗിക വിരക്തി തുടങ്ങിയ പ്രശ്നങ്ങള്‍ക്കിടയാക്കും. 12-14 മാസം പ്രായമെത്തുമ്പോള്‍ മലബാറി മുട്ടനാടുകളെയൂം, 8-9 മാസം പ്രായമെത്തുമ്പോള്‍ മലബാറി പെണ്ണാടുകളെയും പ്രജനനത്തിനായി ഉപയോഗിക്കാം. ബീറ്റല്‍, സിരോഹി പോലുള്ള വലിയ ഇനം ആടുകളാണെങ്കില്‍ 12-14 മാസം പ്രായമെത്തുമ്പോള്‍ പെണ്ണാടുകളെയും 16-18 മാസം പ്രായമെത്തുമ്പോള്‍ മുട്ടനാടുകളെയും പ്രജനനത്തിനായി ഉപയോഗിച്ചു തുടങ്ങാം. ഒരു മുട്ടനാടിന്റെ 2 മുതല്‍ 5 വയസ് വരെയുള്ള പ്രായയളവാണ് അവയെ പ്രജനനാവശ്യത്തിന് ഉപയോഗിക്കാന്‍ ഏറ്റവും ഉത്തമം.
പ്രജനനത്തില്‍ ശ്രദ്ധിക്കേണ്ടത്
പ്രായപൂർത്തിയെത്തിയ പെണ്ണാടുകൾ സാധാരണഗതിയിൽ എല്ലാ 18-21 ദിവസം കൂടുമ്പോഴും മദിലക്ഷണങ്ങള്‍ കാണിക്കും. കാലാവസ്ഥ, തീറ്റ, മുട്ടനാടിന്റെ സാമീപ്യം എന്നിവയെല്ലാം പെണ്ണാടുകളുടെ മദിചക്രത്തിന്റെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. മദിയുടെ ലക്ഷങ്ങൾ പ്രകടിപ്പിക്കാൻ ആൺ സാമീപ്യം ഏറെ ആവശ്യമുള്ള ഒരു വളർത്തുമൃഗമായതിനാൽ മുട്ടനാടുകളുടെ അസാന്നിധ്യം പലപ്പോഴും പെണ്ണാടുകളിൽ മദി വൈകാൻ കാരണമാവാറുണ്ട്. ആടുകളുടെ പുറത്ത് ചാടികയറാൻ ശ്രമിക്കൽ, മറ്റ് ആടുകളുടെ പുറത്ത് കയറാൻനിന്നു കൊടുക്കൽ, വാല്‍ തുടരെത്തുടരെ ഇരു വശങ്ങളിലേക്കും ചലിപ്പിക്കല്‍, തുടർച്ചയായി കരയുക വെപ്രാളം, തുടരെത്തുടരെ കുറഞ്ഞ അളവിൽ മൂത്രമൊഴിക്കുക, തീറ്റ കഴിക്കുന്നത് കുറയുക, പാലുൽപാദനം കുറയുക, യോനിയില്‍നിന്ന് വെള്ളനിറത്തിലുള്ള സ്രവമൊഴുകല്‍, യോനീദളങ്ങള്‍ ചുവന്ന് വികസിക്കല്‍ തുടങ്ങിയവയാണ് പ്രധാന മദി (estrous) ലക്ഷണങ്ങള്‍. ഓരോ ആടുകളുടെയും പ്രത്യുൽപാദനസ്വഭാവമനുസരിച്ച് മദിലക്ഷണങ്ങൾ 24 മുതൽ 72 മണിക്കൂർ വരെ നീണ്ടുനിൽക്കും. മദിലക്ഷണങ്ങൾ തുടങ്ങിയതിനു ശേഷം 12 -18 മണിക്കൂറിനുള്ളിൽ ആടുകളെ ഇണചേർക്കുന്നതാണ് ഏറ്റവും ഉചിതം. 24 മണിക്കൂറിലധികം മദിലക്ഷണങ്ങൾ നീണ്ടുനിൽക്കുന്ന ആടുകളെ അടുത്ത ദിവസം വീണ്ടും ഇണ ചേർക്കാവുന്നതാണ്.
ഓരോ ആട് ഇനങ്ങളുടെയും പ്രത്യേകതകള്‍ അനുസരിച്ച് അവയുടെ മദിലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതടക്കമുള്ള പ്രജനനസ്വഭാവങ്ങളും വ്യത്യാസപ്പെട്ടിരിക്കും. മലബാറി, ബീറ്റാല്‍, ഒസ്മനാബാദി, ബര്‍ബറി, പിഗ്‌മി ആട് അടക്കമുള്ള ഇനങ്ങള്‍ 6-8 മാസം പ്രായമെത്തുമ്പോള്‍ തന്നെ മദിലക്ഷണങ്ങള്‍ (Heat signs) കാണിച്ചു തുടങ്ങും. എന്നാല്‍, ജമുനാപാരി, സിരോഹി തുടങ്ങിയ ഇനം ആടുകള്‍ ആദ്യ മദിലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ 14-18 മാസം വരെ സമയമെടുക്കൂം. പ്രധാന മദികാലയളവായ ഈസ്ട്രസ് സമയം മലബാറി ആടുകളുടെ 36 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുമെങ്കില്‍, ബീറ്റല്‍ ആടുകളില്‍ ഈ സമയം 18-24 മണിക്കൂര്‍ വരെയാണ്. മലബാറി ആടുകളിൽ ആദ്യപ്രസവം 13-14 മാസം പ്രായത്തിൽ നടക്കുമ്പോൾ ജമുനാപാരി, ബീറ്റൽ, സിരോഹി തുടങ്ങിയ ആടുകളിൽ ആദ്യപ്രസവം നടക്കുക 18 -22 മാസം പ്രായമെത്തുമ്പോഴാണ്.
ആടുകളുടെ ഗർഭകാലയളവ് 5 മാസമാണെങ്കിലും പ്രസവാനന്തരം വീണ്ടും മദിയിലെത്തുന്ന ഇടവേള ഓരോ ആട് ജനുസുകളിലും വ്യത്യാസപ്പെട്ടിരിക്കും. മലബാറി, ബീറ്റൽ, ബർബറി തുടങ്ങിയ ആടുകൾ പ്രസവാനന്തരം രണ്ട് - മൂന്ന് മാസത്തിനുള്ളിൽ തന്നെ വീണ്ടും മദിചക്രത്തിലെത്തും എന്നാൽ ജമുനാപാരി, സിരോഹി തുടങ്ങിയ ആടുകളിൽ പ്രസവാനന്തര മദി വീണ്ടും വൈകും. മലബാറി, ഒസ്മനാബാദി, ബർബറി തുടങ്ങിയ ആടിനങ്ങളിൽ രണ്ടു പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേള പരമാവധി 8-10 മാസം വരെയെങ്കില്‍ ജമുനാപാരി ആടുകളില്‍ ഈ ഇടവേള 12-16 മാസം വരെയാണ്. പ്രസവത്തിലുണ്ടാവുന്ന ആകെ കുട്ടികളുടെ എണ്ണം, പ്രസവങ്ങള്‍ക്കിടയിലുള്ള ദൈര്‍ഘ്യം, കുഞ്ഞുങ്ങളുടെ ശരീരതൂക്കം, ശരീര വളര്‍ച്ചാനിരക്ക്, പാലുൽപാദനശേഷി ഇങ്ങനെ ആട് ഇനങ്ങള്‍ക്കിടയില്‍ പ്രജനനസ്വഭാവത്തില്‍ വൈവിധ്യങ്ങള്‍ ഏറെയാണ്. ആട് ജനുസുകളെ തിരഞ്ഞെടുക്കുമ്പോള്‍ തന്നെ അവയുടെ പ്രജനനസ്വഭാവത്തെപ്പറ്റി ധാരണ നേടണം. കാരണം, ശാസ്ത്രീയമായ പ്രജനനമാണ് ഏതൊരു ആടു സംരംഭത്തിന്‍റെയും വിജയത്തിന്‍റെ അടിസ്ഥാനം.
വേണം ആട് ഫാമിന് ഒരു ബ്രീഡിങ് പോളിസി
ആട് സംരംഭത്തിന്റെ സുസ്ഥിരവളര്‍ച്ചയ്ക്കും വരുമാനത്തിനുമുള്ള ഉത്തമമാർഗം തലമുറകൾ തമ്മിൽ രക്തബന്ധമുള്ള ആടുകള്‍ തമ്മിലുള്ള പ്രജനനം ഒഴിവാക്കി (അന്തര്‍പ്രജനനം) ഒരേ ജനുസിലെ മികച്ചയിനം ആടുകള്‍ തമ്മിലുള്ള ശുദ്ധപ്രജനനമാണ്. ശുദ്ധജനുസിൽപ്പെട്ടതും ജനുസിന്റെ ഉത്തമഗുണങ്ങളുള്ളതുമായ നല്ലയിനം കുഞ്ഞുങ്ങളെ മികച്ച വിപണിവിലയില്‍ നല്‍കാന്‍ ഇതുപകരിക്കും. വ്യത്യസ്ത ജനുസുകള്‍ തമ്മിലുള്ള (ഉദാഹരണത്തിന് മലബാറി പെണ്ണാടും സിരോഹി മുട്ടനാടും) സങ്കരപ്രജനനരീതി (ക്രോസ് ബ്രീഡിംഗ്) ആണ് ഫാമില്‍ സ്വീകരിക്കുന്നതെങ്കില്‍ പ്രത്യേക ശ്രദ്ധ വേണ്ടതുണ്ട്.
സങ്കരപ്രജനനം വഴിയുണ്ടാവുന്ന ഒന്നാം തലമുറ മുട്ടനാട്ടിന്‍ കുട്ടികളെ മുഴുവന്‍ മൂന്ന്, ആറ് മാസം പ്രായമെത്തുമ്പോള്‍ വിറ്റൊഴിവാക്കണം. സങ്കരപ്രജനനം വഴി ജനിക്കുന്ന പെണ്ണാട്ടിന്‍കുഞ്ഞുങ്ങളില്‍ നിന്നും ഏറ്റവും വളര്‍ച്ചാനിരക്കുള്ള 20-30 % കുഞ്ഞുങ്ങളെ തിരഞ്ഞെടുത്ത് വളര്‍ത്തി പിന്നീട് പ്രജനനത്തിന് ഉപയോഗിക്കാം. ഇങ്ങനെ തിരഞ്ഞെടുത്തവയില്‍ നിന്നുണ്ടാവുന്ന സങ്കരയിനം രണ്ടാം തലമുറ കുട്ടികളെ വീണ്ടും പ്രജനനത്തിന് ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. ഇവയെ മൂന്ന്, ആറ് മാസം പ്രായമെത്തുമ്പോള്‍ വില്‍ക്കാം. സങ്കരപ്രജനനം നടത്തുമ്പോഴും അന്തര്‍പ്രജനനത്തിനുള്ള സാധ്യതകള്‍ തടയയേണ്ടത് പ്രധാനമാണ്. ആടുകളിൽ മാംസാവശ്യത്തിന് അനുയോജ്യമായ നല്ല ശരീരതൂക്കമുള്ള കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാന്‍ ശാസ്ത്രീയമായ സങ്കരപ്രജനനം ഏറെ ഉപകരിക്കും. നമ്മുടെ നാടന്‍ ആടുകളുടെ വര്‍ഗമേന്മയുയര്‍ത്താന്‍ സങ്കരപ്രജനനം മികച്ച ഒരു മാര്‍ഗമാണ്.
പ്രജനനാവശ്യത്തിന് ഉപയോഗിക്കുന്ന മുട്ടനാടുകള്‍ പരമാവധി ശുദ്ധജനുസ് തന്നെയായിരിക്കുന്നതാണ് ഏറ്റവും അഭികാമ്യം. നല്ല ആരോഗ്യവും വളര്‍ച്ചയും ഇവര്‍ക്ക് ഉറപ്പാക്കണം. പെണ്ണാടുകളുമായി യാതൊരു തരത്തിലുള്ള രക്തബന്ധവും മുട്ടനാടുകള്‍ക്ക് ഉണ്ടാവാന്‍ പാടില്ല. സ്ഥിരമായി പ്രജനനാവശ്യത്തിന് ഉപയോഗിക്കുന്ന മുട്ടനാടുകള്‍ക്ക് ആഴ്ചയില്‍ 2 ദിവസമെങ്കിലും ബ്രീഡിങ് റെസ്റ്റ് നല്‍കണം. പ്രജനനാവശ്യത്തിനായുള്ള മുട്ടനാടുകളെ ഒരുമിച്ച് പാർപ്പിക്കാതെ പ്രത്യേകം പ്രത്യേകം കൂടുകളില്‍ വേണം പാര്‍പ്പിക്കാന്‍. ഇണചേരാൻ താൽപര്യം കാണിച്ചുതുടങ്ങുന്ന പ്രായമാകുമ്പോൾ മുട്ടൻകുട്ടികളെ പെണ്ണാടുകളിൽനിന്നും മാറ്റി പാർപ്പിക്കണം.
ആടിന്റെ മെനു ഒരുക്കുമ്പോൾ
ശരീരഭാരത്തിന് ആനുപാതികമായി നോക്കുമ്പോള്‍ പശുക്കളേക്കാള്‍ അധികം തീറ്റ കഴിക്കുന്നവരാണ് ആടുകള്‍. ശരീരഭാരത്തിന്റെ 5 മുതല്‍ 7 ശതമാനം വരെ അളവില്‍ ശുഷ്കാഹാരം (ഡ്രൈ മാറ്റര്‍) നിത്യവും ആടുകള്‍ക്ക് വേണ്ടതുണ്ട്. പശുക്കള്‍ക്ക് വേണ്ട ശുഷ്കാഹാരം ശരീരഭാരത്തിന്‍റെ 3 മുതല്‍ 3.5 ശതമാനം മാത്രമാണ്. ആവശ്യമായ ഈ ശുഷ്കാഹാരത്തിന്‍റെ മുക്കാല്‍ പങ്കും തീറ്റപ്പുല്ലുകള്‍, വൃക്ഷയിലകൾ, പയർ വർഗ വിളകൾ, വൈക്കോല്‍ തുടങ്ങിയ പരുഷാഹാരങ്ങളില്‍ നിന്നായിരിക്കേണ്ടതും ആടുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. ശുഷ്കാഹാരത്തിന്‍റെ ഈ കണക്കു പ്രകാരം മേയാന്‍ വിടാതെ വളര്‍ത്തുന്ന മുതിര്‍ന്ന ആടുകള്‍ക്ക് 4-5 കിലോഗ്രാമെങ്കിലും തീറ്റപ്പുല്ലോ അല്ലെങ്കില്‍ വൃക്ഷയിലകളോ ദിവസേന വേണ്ടിവരും.
ആട് ഫാം ആരംഭിക്കുന്നതിനും വിപുലപ്പെടുത്തുന്നതിനും മുന്‍പായി തീറ്റപ്പുല്‍കൃഷി ആരംഭിക്കേണ്ടതും വൃക്ഷവിളകള്‍ നട്ടുവളര്‍ത്തേണ്ടതും സമൃദ്ധമായ തീറ്റ ഉറപ്പുവരുത്തുന്നതിന് പ്രധാനമാണ്. ഫാം ആരംഭിക്കുന്നതിന് രണ്ടര മാസം മുന്‍പായി തീറ്റപ്പുല്‍കൃഷിക്കായുള്ള ഒരുക്കങ്ങള്‍ തുടങ്ങണം. സിഒ 3, സിഒ 4, സിഒ 5, സൂപ്പർ നേപ്പിയർ തുടങ്ങിയ സങ്കരയിനം നേപ്പിയറുകള്‍, പാരപ്പുല്ല്, കോംഗോസിഗ്നല്‍ തുടങ്ങിയവയെല്ലാം ആടുകള്‍ക്ക് ഉത്തമമായ തീറ്റ പുല്ലിനങ്ങളാണ്. ഏകദേശം 50 മുതല്‍ 80 വരെ ആടുകളെ വളര്‍ത്താന്‍ അരയേക്കറില്‍ തീറ്റപ്പുല്‍കൃഷി വിളയിച്ചാല്‍ മതിയാവും. ഒപ്പം വൻപയർ, തോട്ടപ്പയർ, സ്റ്റൈലോസാന്തസ്, സെന്റ്രോസീമ (പൂമ്പാറ്റപ്പയർ) തുടങ്ങിയ പയർ വർഗ ചെടികളും സുബാബുള്‍ (പീലിവാക), മള്‍ബറി, മുരിക്ക്, മുരിങ്ങ, വേങ്ങ, അഗത്തി തുടങ്ങിയ വൃക്ഷവിളകള്ളും കൂടി നട്ടുപിടിപ്പിച്ചാല്‍ മാംസ്യസമൃദ്ധമായ തീറ്റ ആടിന് ഉറപ്പാക്കാം. ഇതുവഴി സാന്ദ്രീകാഹാരത്തിന്‍റെ അളവ് കുറയ്ക്കാനും ചെലവ് ചുരുക്കാനും സാധിക്കും. അസോളയും ആടിന് അത്യുത്തമമായ മാംസ്യസ്രോതസാണ്. ഒപ്പം കുടിക്കാന്‍ ശുദ്ധജലം എപ്പോഴും ഫാമില്‍ ലഭ്യമാക്കണം. ദിവസം പരമാവധി 4-5 ലീറ്റര്‍ വരെ ജലം ആടുകള്‍ കുടിക്കുമെന്നാണ് കണക്ക്. പൊതുവെ കുറഞ്ഞ അളവിൽ മാത്രം വെള്ളം കുടിക്കുന്ന വളർത്തുജീവികളിൽ ഒന്നാണ് ആട്.
പച്ചപ്പുല്ല് സമൃദ്ധമായുണ്ടാകൂന്ന കാലങ്ങളില്‍ അവ വെട്ടി സൈലേജ് ആക്കി മാറ്റിയാല്‍ ക്ഷാമകാലത്ത് ആടുകള്‍ക്ക് പ്രിയപ്പെട്ട ആഹാരമായി പ്രയോജനപ്പെടുത്താം. ചെറിയ പ്ലാസ്റ്റിക് വീപ്പകളിലും സഞ്ചികളിലുമെല്ലാം പച്ചപ്പുല്ല് വെട്ടി നിറച്ച് ശര്‍ക്കര പാവൊഴിച്ച് വായു കടക്കാത്ത രീതിയില്‍ മൂടി ചെറുകിട രീതിയില്‍ സൈലേജ് എളുപ്പത്തില്‍ തയാറാക്കാവുന്നതാണ്. ഓരോ പിടി തീറ്റയിലും പരുഷാഹാരങ്ങളും സാന്ദ്രീകാഹാരങ്ങളും അളവിനൊത്തടങ്ങിയ ടിഎംആര്‍ (ടോട്ടല്‍ മിക്സഡ് റേഷന്‍) തീറ്റകളും ആടിനു മികച്ച തീറ്റയാണ്.
തീറ്റപ്പുല്ല് മാത്രം പോര മെനുവില്‍
തീറ്റപ്പുല്ല്, വൃക്ഷയിലകൾ, പയർ വിളകൾ തുടങ്ങിയ പരുഷാഹാരങ്ങള്‍ക്കൊപ്പം തന്നെ കുറഞ്ഞ അളവില്‍ സാന്ദ്രീകൃതാഹാരവും ആടുകള്‍ക്ക് വേണ്ടതുണ്ട്. ഇത് കൈത്തീറ്റയായി ആടുകള്‍ക്ക് നല്‍കാവുന്നതാണ്. പ്രായപൂര്‍ത്തിയായ മലബാറി ഇനത്തിൽപ്പെട്ട പെണ്ണാടുകള്‍ക്ക് ദിവസവും 250 മുതല്‍ 350 ഗ്രാം വരെ സാന്ദ്രീകൃത തീറ്റ നല്‍കിയാല്‍ മതിയാവും. പ്രജനനത്തിന് ഉപയോഗിക്കുന്ന മലബാറി മുട്ടനാടുകള്‍ക്ക് 500 ഗ്രാം അധിക സാന്ദ്രീകൃത ആഹാരം നല്‍കണം. അതുപോലെ പ്രജനനകാലയളവില്‍ പെണ്ണാടുകള്‍ക്ക് 250 ഗ്രാം അധിക സാന്ദ്രീകൃത ആഹാരം നല്‍കണം. മലബാറി ഗര്‍ഭിണി ആടുകള്‍ക്ക് ഗര്‍ഭത്തിന്റെ അവസാന രണ്ടു മാസങ്ങളില്‍ ചോളപ്പൊടി, പുളിങ്കുരുപ്പൊടി, കപ്പപ്പൊടി തുടങ്ങിയ ഊര്‍ജസാന്ദ്രത കൂടിയ സാന്ദ്രീകൃതാഹാരം 250 ഗ്രാം എങ്കിലും അധികമായി നല്‍കണം. അതുപോലെ ഉല്‍പാദിപ്പിക്കുന്ന ഓരോ ലീറ്റര്‍ പാലിനും 250 ഗ്രാം അധിക സാന്ദ്രീകൃതാഹാരം നല്‍കാനും മറക്കരുത്. സിരോഹി, ജമുനാപാരി , ബീറ്റൽ തുടങ്ങിയ ശരീരതൂക്കവും വളർച്ചയും കൂടിയ ജനുസിൽപ്പെട്ട ആടുകൾക്ക് കൂടിയ അളവിൽ (അര കിലോഗ്രാം മുതൽ രണ്ട് കിലോഗ്രാം വരെ) സാന്ദ്രീകൃതാഹാരം പ്രതിദിനം നൽകേണ്ടി വരും. ആടുകളുടെ വളർച്ചയ്ക്ക് ആവശ്യമായ കാത്സ്യം, ഫോസ്‌ഫറസ്, അയൺ, കോപ്പർ തുടങ്ങിയ ധാതുക്കളും ജീവകം എ, ഇ, ഡി തുടങ്ങിയ ജീവകങ്ങളും അടങ്ങിയ ധാതുജീവകമിശ്രിതങ്ങൾ ഒരാടിന് 10 മുതൽ 15 ഗ്രാം വരെ അളവിൽ ദിവസവും തീറ്റയിൽ ഉൾപ്പെടുത്തണം. വളർച്ചാമുരടിപ്പും അപര്യാപ്‌തതാ രോഗങ്ങളും തടയാൻ ഇത് പ്രധാനമാണ്. ന്യൂട്രിസെൽ, അഗ്രിമിൻ ഫോർട്ട്, അമിനോ വെറ്റ് തുടങ്ങിയ വിവിധ ബ്രാൻഡ് പേരുകളിൽ ഇത്തരം പോഷകങ്ങൾ വിപണിയിൽ ലഭ്യമാണ്.
ആടുകള്‍ക്ക് ആവശ്യമായ സാന്ദ്രീകൃതാഹാരങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. അല്ലെങ്കില്‍ ഊര്‍ജസാന്ദ്രതയുയര്‍ന്ന ധാന്യങ്ങള്‍ 30 ശതമാനവും, മാംസ്യത്തിന്‍റെ അളവുയര്‍ന്ന പിണ്ണാക്കുകള്‍ 30 ശതമാനവും നാര് ധാരാളമടങ്ങിയ തവിടുകള്‍ 30 ശതമാനവും ബാക്കി ധാതുലവണ ജീവക മിശ്രിതങ്ങളും പ്രോബയോട്ടിക്കുകളും ചേര്‍ത്ത് ആടുകള്‍ക്കുള്ള തീറ്റ സ്വന്തമായി തയാറാക്കാവുന്നതുമാണ്. മുതിര്‍ന്ന ആടുകള്‍ക്ക് ഊര്‍ജസാന്ദ്രത ഉയര്‍ന്ന തീറ്റയും (ധാന്യസമൃദ്ധം) ആട്ടിന്‍കുട്ടികള്‍ക്ക് മാംസ്യത്തിന്‍റെ അളവുയര്‍ന്ന (കൂടുതല്‍ പിണ്ണാക്ക്) തീറ്റയുമാണ് നല്‍കേണ്ടത്.
നാളെ: ആട് സംരംഭം വിജയിക്കാൻ വേണം ശാസ്ത്രീയപരിപാലനക്രമം