ADVERTISEMENT

ഒരു ട്രോളിങ് നിരോധനകാലംകൂടി കടന്നുവന്നിരിക്കുന്നു. കടൽമത്സ്യങ്ങളുടെ വംശവർധനയ്ക്കായി ഓരോ വർഷവും നിശ്ചിത ദിവസങ്ങൾ മത്സ്യബന്ധനം ഒഴിവാക്കുന്നു, വീണ്ടുമൊരു ചാകര കാലത്തിനുവേണ്ടി. ട്രോളിങ് നിരോധനം വന്നതോടെ കടൽമത്സ്യങ്ങളുടെ വരവ് കുറഞ്ഞെങ്കിലും നാട്ടിൽ കടൽമത്സ്യങ്ങൾക്ക് പഞ്ഞമില്ല. പക്ഷേ, വില കുതിച്ചു കയറിയെന്നു മാത്രം. പലേടങ്ങളിലും മത്സ്യങ്ങൾക്ക് കുത്തനെ വില കൂടിയിട്ടുമുണ്ട്. കടൽ മത്സ്യങ്ങളുടെ ലഭ്യതക്കുറവിലും കടൽമത്സ്യങ്ങൾ എങ്ങനെ ഇവിടെ വിൽക്കപ്പെടുന്നുവെന്ന് പലപ്പോഴും ഉയരാറുള്ള ചോദ്യമാണ്. അക്കാര്യത്തിൽ ഏറെക്കുറെ ധാരണ ലഭിക്കുന്ന വിവരങ്ങളാണ് ഏതാനും ദിവസങ്ങൾക്കു മുൻപ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട ഒരു ടെലിഫോൺ സംഭാഷണം.

കടൽ മത്സ്യങ്ങൾ പാക്കറ്റുകളിലാക്കി സംസ്ഥാനത്ത് സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നും വിപണിയിൽ ലഭ്യത കുറയുമ്പോൾ അവ പെട്ടികളിലേക്കു മാറ്റി ഇരട്ടിയിലധികം വിലയ്ക്ക് വിൽക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ഫോൺ സംഭാഷണത്തിൽ വ്യക്തമാണ്. മാസങ്ങളായി സൂക്ഷിച്ചുവയ്ക്കപ്പെടുന്നതും ജീർണിക്കാതിരിക്കാൻ രാസപദാർഥങ്ങൾ ഉപയോഗിക്കുന്നതുമായ മത്സ്യങ്ങൾ വിപണിയിൽ സജീവമാവുകയാണ്. ഒരു കഷണം മത്സ്യമെങ്കിലും കഴിക്കാതെ ചോറിറങ്ങില്ലാ എന്നുള്ളവർ എത്ര വിലകൊടുത്തും മത്സ്യം വാങ്ങുമെന്നും കച്ചവടക്കാർക്കറിയാം. അതാണ് പൂഴ്ത്തിവയ്പ്പിനും വലിയ വിലക്കയറ്റത്തിനും കാരണമാകുന്നത്. പലരും അറിഞ്ഞുകൊണ്ട് ഇത്തരം മത്സ്യങ്ങൾ വാങ്ങിക്കഴിക്കുന്നുവെന്നും പറയാതിരിക്കാൻ വയ്യ.

സംസ്ഥാനത്ത് വളർത്തുമത്സ്യക്കൃഷിക്ക് പ്രചാരമേറിയ വർഷങ്ങളാണ് കഴിഞ്ഞുപോയത്. കോവിഡ് കാലത്ത് മത്സ്യക്കൃഷിയിലേക്ക് തിരിഞ്ഞവരും ഒട്ടേറെയുണ്ട്. എന്നാൽ, വീട്ടിൽ വളർത്തിയ മത്സ്യങ്ങളെ ജീവനോടെ കൊണ്ടുപോകാമെന്ന സാധ്യത നിലനിൽക്കുമ്പോഴും മലയാളിക്കു പ്രിയം കടൽ മത്സ്യങ്ങളോടാണ്. കടൽ മത്സ്യങ്ങൾക്കാണ് രുചി കൂടുതലെന്നും വളർത്തുമത്സ്യങ്ങൾക്ക് രുചിയില്ലാ എന്നുമുള്ള മുൻവിധികളാണ് കടൽമത്സ്യങ്ങൾക്കുള്ള ജനപ്രീതി വളർത്തുമത്സ്യങ്ങൾക്ക് ലഭിക്കാത്തതിനു കാരണം. തിലാപ്പിയ, റെഡ് ബെല്ലി, വാള, അനാബസ് എന്നിവയ്ക്കൊപ്പം കാർപ്പിനങ്ങളായ കട്‌ല, രോഹു, മൃഗാൽ പോലുള്ള മത്സ്യങ്ങളും കേരളത്തിൽ വളർത്തുന്നവയാണ്.

പടുതക്കുളങ്ങളിലും പാറക്കുളങ്ങളിലും സ്വാഭാവിക കുളങ്ങളിലും പരമ്പരാഗത രീതിയിൽ മത്സ്യങ്ങളെ വളർത്തുന്നതു കൂടാതെ ബയോഫ്ലോക്, റാസ് (റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം), അക്വാപോണിക്സ് തുടങ്ങിയ നൂതന മത്സ്യക്കൃഷി സംവിധാനത്തിലൂടെയും മത്സ്യങ്ങളെ വളർത്തുന്ന ഒട്ടേറെ കർഷകർ കേരളത്തിലുണ്ട്. 6 മാസംകൊണ്ട് വിളവെടുക്കുന്ന തിലാപ്പിയ പോലുള്ള മത്സ്യങ്ങൾക്ക് രുചിയേറും. ഒരു മത്സ്യത്തിന് ശരാശരി 300 ഗ്രാമിന് മുകളിൽ തൂക്കം ലഭിക്കുന്നതിനാൽ മാംസത്തിന്റെ അളവ് കൂടുതലാണ്. 

fish-vala

രുചിയില്ലാ എന്ന ചീത്തപ്പേര് വർഷങ്ങളായി കൊണ്ടുനടക്കുന്ന വളർത്തുമത്സ്യമാണ് വാള. വലിയ കുളങ്ങളിലും മറ്റും അറവുമാലിന്യങ്ങളും മിച്ചഭക്ഷണങ്ങളും നൽകിയാണ് ആദ്യകാലങ്ങളിൽ വാളകളെ വളർത്തിയിരുന്നത്. വിളവെടുപ്പുകാലത്ത് ഒരു മത്സ്യം രണ്ടും മൂന്നും കിലോഗ്രാം വരും. സ്വാഭാവികമായും തൂക്കം കൂടുന്തോറും ശരീരത്തിലെ കൊഴുപ്പിന്റെ അളവും കൂടും. അത് രുചിയെ ബാധിക്കും. മാത്രമല്ല വളർന്ന ജലാശയത്തിലെ വെള്ളം തീരെ മോശമാണെങ്കിൽ അതും മത്സ്യത്തിന്റെ ശരീരത്തിലെ ഇറച്ചിയിൽ പ്രതിഫലിക്കും. ചേറിന്റെ ചുവയായിരുന്നുവെന്ന് പലരും പറയുന്നതിന്റെ കാരണം ഇതൊക്കെയാണ്. അത്തരം രീതികൾക്ക് മാറ്റം വന്നിട്ടുണ്ട്. ഒരു കിലോയിൽ താഴെയുള്ള വാളമത്സ്യങ്ങളെ കർഷകർ വിപണിയിലെത്തിച്ചുതുടങ്ങി. ഇത്തരം ചെറിയ വാളകൾക്ക് ആവശ്യക്കാർ ഏറിവരുന്നതായി കോട്ടയം ജില്ലയിലെ യുവ കർഷകനായ അമൃത് പറയുന്നു. ശരാശരി 400–500 ഗ്രാം തൂക്കമുള്ള വാള മത്സ്യങ്ങളെയാണ് അമൃത് വിൽക്കുന്നത്.

വൃത്തിയാക്കാനുള്ള ബുദ്ധിമുട്ടാണ് പലരെയും വളർത്തുമത്സ്യങ്ങളിൽനിന്ന് അകറ്റുന്നത്. ഒരു കത്രികയുണ്ടെങ്കിൽ അനായാസം വൃത്തിയാക്കാവുന്നതേയുള്ളൂ. തിലാപ്പിയ മത്സ്യത്തിന്റെ ചിറകുകൾ വെട്ടിമാറ്റി കത്രിക ഉപയോഗിച്ചുതന്നെ ചെതുമ്പലുകളും വയറിനുള്ളിലെ അവശിഷ്ടങ്ങളും നീക്കം ചെയ്യാവുന്നതേയുള്ളൂ. ശേഷം ഉപ്പ് തിരുമി നന്നായി കഴുകിയെടുത്താൽ സ്വാഭാവികമായുള്ള ഉളുമ്പു മണം മാറിക്കിട്ടും. വാളയ്ക്കും ഈ രീതി തന്നെ സ്വീകരിക്കാം. തൂക്കം കൂടിയ വാള മത്സ്യങ്ങളുടെ തൊലി നീക്കം ചെയ്യുന്നത് രുചി കൂടാൻ ഉപകരിക്കും. 

തിലാപ്പിയ മത്സ്യം വൃത്തിയാക്കുന്ന വിഡിയോ കാണാം.

English summary: Fish Farming in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com