ADVERTISEMENT

മണ്ണിരയെ വിഴുങ്ങിയ മസ്കോവിക്കുഞ്ഞെത്തിയത് ആശുപത്രിയിൽ. 65 ദിവസം പ്രായമുള്ള മസ്കോവി താറാവിൻകുഞ്ഞാണ് ചെങ്ങന്നൂരിലെ എലിക്സിർ എക്സോട്ടിക് പെറ്റ് ക്ലിനിക്കിൽ കഴിഞ്ഞ ദിവസമെത്തിയത്. നിലത്ത് മണ്ണിരയെ കണ്ട് മസ്കോവിക്കുഞ്ഞ് കൊത്തിവിഴുങ്ങുകയായിരുന്നു. എന്നാൽ, മത്സ്യം പിടിക്കുന്നതിനായി കോർത്ത ചൂണ്ട മണ്ണിരയ്ക്കുള്ളിലുണ്ടായിരുന്നു. അത് താറാവിന്റെ അന്നനാളത്തിൽ തുളഞ്ഞുകയറുകയും ചെയ്തു.

flying-duck-2
എക്സ്റേ

അപകടം തിരിച്ചറിഞ്ഞ് ഉടമ പെറ്റ് ക്ലിനിക്കിൽ കൊണ്ടുവരികയായിരുന്നു. അന്നനാളത്തിൽ തടഞ്ഞിരിക്കുന്ന ചൂണ്ട എക്സ്റേയിൽ തെളിഞ്ഞു. ശസ്ത്രക്രിയ കൂടാതെ പുറത്തെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. ഇതേത്തുടർന്ന് അന്നനാളത്തിൽ മുറിവുണ്ടാക്കി ചൂണ്ട പുറത്തെടുക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം മസ്കോവിക്കുഞ്ഞ് സുഖം പ്രാപിച്ചുവരുന്നതായി ഡോ. ടിറ്റു ഏബ്രഹാം പറഞ്ഞു.

flying-duck-3

ദക്ഷിണ അമേരിക്കൻ സ്വദേശിയായ മസ്കോവി പറക്കാൻ കഴിയുന്ന താറാവിനമാണ്. ഫ്ലയിങ് ഡക്ക് എന്നും മണിത്താറാവെന്നും പേത്തയെന്നുമെല്ലാം ഇക്കൂട്ടർക്ക് പേരുണ്ട്. താറാവുകൾ എന്ന് വിളിക്കുമെങ്കിലും സാധാരണ താറാവുകളിൽനിന്നും വ്യത്യസ്‍തമായി  Cairina moschata എന്ന ശാസ്ത്ര നാമത്തിലറിയപ്പെടുന്ന ഇവ ഒരു  പ്രത്യേക സ്പീഷീസ് (species) ആണ്. സാധാരണ താറാവുകൾ ഉറക്കെ ക്വാക് എന്ന ശബ്ദം പുറപ്പെടുവിക്കുമ്പോൾ ഇവ പാമ്പുകൾ ചീറ്റുന്ന പോലെയുള്ള ഹിസിങ് ശബ്ദമാണ് പുറപ്പെടുവിക്കുന്നത്. നമ്മുടെ  താറാവുകൾ സ്വതവേ അടയിരിക്കാറില്ല. എന്നാൽ, ഇവ സ്വന്തമായി കൂടൊരുക്കി അടവച്ചു കുഞ്ഞുങ്ങളെ വിരിയിക്കും. താറാവുകൾ വിരിഞ്ഞിറങ്ങുന്നത്  28 ദിവസമെടുത്താണെങ്കിൽ   ഇവ വിരിയാൻ ഏതാണ്ട് 35 ദിവസമെടുക്കും. പൂവൻ താറാവുകളുടെ പ്രത്യേകതയായ ചുരുണ്ട ഡ്രേക്ക് തൂവലുകളും (drake feathers) ഇവയ്ക്കില്ല. സാധാരണ താറാവുകളിൽനിന്നും വ്യത്യസ്തമായി വലുപ്പക്കൂടുതൽ കൊണ്ടും,  മുഖത്ത് കാണുന്ന തടിച്ച കുരുക്കളും (caruncle) വച്ചാണ് പൂവനെയും പിടയെയും മനസിലാക്കുന്നത്.

മസ്കോവി താറാവുകളെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com