ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

‘‘മീൻ ചാപ്രയിൽ നിന്നും വെളുപ്പിനുള്ള ടെമ്പോ വാനുകൾ പോകുന്ന സമയം വരെ ഞങ്ങളും വെള്ളിലയും ആ വരാന്തയിൽ ആകാശം നോക്കിക്കിടന്നു. ബീഡി വലിച്ചു, എന്തെല്ലാമോ വർത്തമാനങ്ങൾ പറഞ്ഞു. വെള്ളില പെണ്ണല്ലാതായി, ഞങ്ങളുടെ കൂട്ടത്തിലെ ഒരാളായി മാറി. ഞങ്ങൾ ഒരു കമ്പനിയായി’’

 

ഈ വരികളിലൂടെയാണ് ‘‘പക’’ എന്ന നോവലിന്റെ വായന ജീവിതവുമായി ബന്ധപ്പെട്ടു തുടങ്ങിയത്. അല്ലെങ്കിലും ചില പുസ്തകങ്ങൾ അങ്ങനെയാണല്ലോ, മുന്നിൽ കാണുന്ന മനുഷ്യർ, അനുഭവിക്കുന്ന ജീവിതങ്ങൾ, തുടങ്ങിയ ഒരുപാട് കാഴ്ചകൾ വായിക്കാനുണ്ടായേക്കും. ജുനൈദ് അബൂബക്കറിന്റെ ഏറ്റവും പുതിയ നോവലാണ് ‘പക’. സത്യത്തിൽ പക എന്നതൊരു ചുരുക്കെഴുത്താണ്. ഈ ലോകത്തിൽ എല്ലാത്തിനും ചുരുക്കെഴുത്തുണ്ടായിരിക്കണം, വിളിക്കാനുള്ള എളുപ്പത്തിന്. എന്നാൽ പക ചുരുക്കെഴുതപ്പെട്ടത് ഒരുപക്ഷേ അത് അനുഭവിച്ചവരുടെ വിഷമം കൊണ്ടുമാകാം. അതായത് പക എന്നാൽ പട്ടിക്കമ്പനി എന്ന ലോക്കൽ ഗ്രൂപ്പിന്റെ ചുരുക്കെഴുത്താണ്. 

 

ഒരു പെൺകുട്ടിയെങ്ങനെ അവരുടെ കമ്പനിയിൽ അംഗമായിട്ടുണ്ടാവണം? പലയിടങ്ങളിൽ നിന്നും മാറി നടക്കുന്നവരുടെ അല്ലെങ്കിൽ മാറ്റി നിർത്തപ്പെട്ടവരുടെ ഒരു കൂട്ടമായിരുന്നു അത്. വെള്ളിലയും അങ്ങനെ തന്നെ. ഗ്രാമത്തിലെ ദാസിപ്പെണ്ണ്, പക്ഷേ സ്വന്തമായി അഭിപ്രായങ്ങളും ഇഷ്ടങ്ങളും അത് തുറന്നു പറയാൻ മടിയുമില്ലാത്തവൾ. ആദ്യം വെള്ളിലയെ പ്രാപിക്കാനാണ് പട്ടിക്കമ്പനിയിലെ പുരുഷന്മാർ ആഗ്രഹിച്ചതെങ്കിലും ഒരു ദിവസം അവൾ അവരുടെയൊപ്പം നടന്നപ്പോൾ അവളും അവരിൽ ഒരാളായി മാറി. സൗഹൃദത്തിന്റെ ഇഴകളങ്ങനെയാണ്, അവിടെ പുരുഷനോ സ്ത്രീയോ എന്നതല്ല, ഇഴകൾക്ക് ഈടുണ്ടോ എന്നത് മാത്രമാണ് പ്രധാനം. ചില കൂട്ടുകെട്ടിൽ എല്ലാവർക്കും അങ്ങനെയൊരു അനുഭവമുണ്ടായിരിക്കില്ലേ? നമ്മളെ സ്ത്രീയെന്നോ പുരുഷനെന്നോ നോക്കാതെ കൂടെ കൂട്ടുന്ന ഒരു കൂട്ടമെങ്കിലും എല്ലാവർക്കുമുണ്ടാകില്ലേ?

 

ഒരു സിനിമ കാണുന്ന രസകരമായ അനുഭവമാണ് പക എന്ന നോവൽ. പാതിപ്പാടമെന്ന ഗ്രാമമാണ് നോവലിലെ ഭൂമിക. അവിടെയുള്ള ഒരുപറ്റം ചെറുപ്പക്കാർ അവരുടെ സ്വഭാവം കൊണ്ട് ഒരു ഗ്രൂപ്പ് ആയി രൂപാന്തരപ്പെടുന്നുണ്ട്. അത് വളരെ സ്വാഭാവികമായൊരു കാര്യമാണല്ലോ, ഏതൊരു ഗ്രാമത്തിലുമുണ്ടാകും ഇത്തരത്തിലുള്ള ചെറുപ്പക്കാരുടെ ഒരു കൂട്ടം. അവരാണ് ആ ഗ്രാമത്തിന്റെ നട്ടെല്ലും. ആ നാടിനെ ഏതു ദിശയിലേക്ക് നയിക്കണം എന്ന് പോലും തീരുമാനിക്കാൻ തക്ക ബലമുള്ളൊരു കൂട്ടാണത്. എന്നാൽ പാതിപ്പാടത്ത് ഈ ചെറുപ്പക്കാരുടെ കൂട്ടം ഗുണ്ടാ കമ്പനിയായി മാത്രമാണ് പേരെടുത്തത്. നോവലിലെ ആഖ്യാതാവായ അവരിൽ ഒരുവന്റെ അത്തയാണ് ആ ഗ്രൂപ്പിനെ പേരിട്ടു വിളിച്ചത്

‘പട്ടിക്കമ്പനി’

 

എൺപതുകളാണ് നോവലിലെ സമയം. പകയും പ്രതികാരവും ലഹരിയുമൊക്കെയായി ജീവിച്ച ഒരു കൂട്ടം ആളുകളുടേതായിരുന്നു പട്ടിക്കമ്പനി. 

 

‘വാക്കുകളുടെ പുഴയിലിറങ്ങി നിന്ന് അതിലെ നാറും കാമ്പും ചെളിയും പായലുമൊക്കെ ശ്രദ്ധാപൂർവ്വം പെറുക്കി മാറ്റി, ഒഴുക്കിനെ സുഗമമാക്കുന്ന ഒരു പ്രക്രിയയുണ്ട്, ഏറെ പരിശ്രമം വേണ്ട ഒന്നാണത്. അനാവശ്യമായി സാഹിത്യത്തെ കുത്തിചെലുത്താനുള്ള വാസനകളെ നമ്മൾ നിയന്ത്രിക്കേണ്ടി വരും. ആ നിയന്ത്രണവും തിരിച്ചറിവും ജുനൈദിലുണ്ട്’ എന്ന് നോവലിനെ കൃത്യമായി വായിച്ച പ്രശസ്ത എഴുത്തുകാരൻ ജി ആർ ഇന്ദുഗോപൻ പറയുന്നത് അത്രയും കൃത്യമാണ്. 

 

പല രീതിയിൽ വായിക്കാൻ പറ്റുന്നൊരു കഥ പകയിലുണ്ട്. പുസ്തകം നോക്കിക്കാണുന്നത് പട്ടിക്കമ്പനിയിലെ അംഗങ്ങളുടെ കണ്ണിലൂടെയാണ്. അവർക്കുണ്ടാകുന്ന അപമാനങ്ങൾ, അവരെ എതിർക്കുന്നത് തള്ളുന്നത്, അതിലൂടെ അവർ പകയെടുക്കുന്നത് പ്രതികാരം ചെയ്യുന്നത്, ഗ്രാമത്തിൽ പലരെയും അവർ ഭയപ്പെടുത്തുന്നത്, ഒടുവിൽ എല്ലാമുപേക്ഷിച്ച് ജീവിതത്തിലേയ്ക്ക് അവർ കൂടു മാറുന്നത്. എന്നാൽ മറ്റൊരു കണ്ണിലൂടെ ഒന്നു കണ്ടു നോക്കൂ, 

നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഒരു ഗ്രാമത്തിലെ ഒരു സംഘം ആളുകൾ, അവരുടെ താന്തോന്നിത്തരങ്ങൾ, നാട്ടുകാരുടെ മുഴുവൻ തെറി വിളി കേട്ടിട്ടും തെല്ലും കാര്യമാക്കാതെ ലഹരിയിലും ഗ്രാമത്തിലെ വേശ്യയുടെ വീട്ടിലെ ഇരുട്ടിലും പതുങ്ങുന്നവർ, അവരെക്കുറിച്ച് എന്തൊക്കെയാവും ദൂരെ മാറി നിന്ന് നോക്കുമ്പോൾ തോന്നുക?

ആ കാഴ്ചകളെയാണ് അതൊന്നുമായിരുന്നില്ല സത്യമെന്നും അവരുടെ ചിറകുകൾ ഏതോ ഒരു കാലത്ത് ആരൊക്കെയോ അറുത്ത് മാറ്റിയതായിരുന്നുവെന്നും ജുനൈദ് അബൂബക്കർ പകയിലൂടെ പറഞ്ഞു വയ്ക്കുന്നത്. 

 

സത്യത്തിൽ ഈ പട്ടിക്കമ്പനിയിലെ ഓരോരുത്തരെയും വായനയിൽ ഒരു ഘട്ടത്തിൽ ഇഷ്ടപ്പെട്ടു പോകും. പ്രത്യേകിച്ച് വെള്ളിലയെ. എല്ലാ കാലത്തും ആണുങ്ങളുടെ ശരീരത്തിന്റെ ഭാരവും അവന്റെ വിയർപ്പും അനുഭവിച്ച് ജീവിച്ചുകൊള്ളും എന്ന് നാട്ടുകാർ വിചാരിച്ചിരുന്ന ഒരുവളാണ് പട്ടിക്കമ്പനിയുടെ കൂട്ടുകെട്ടിനൊടുവിൽ ജീവിതത്തിലേയ്ക്ക് ചേക്കേറിയത്. അവളിലൂടെ ഓരോരുത്തരും ഓരോ കടവുകളിൽ അവരുടെ തോണികൾ അടുപ്പിച്ചിട്ടു. എങ്കിലും അവരെ ഇല്ലാതാക്കാൻ കാലങ്ങൾ കഴിഞ്ഞും കാത്തിരുന്നവരുണ്ട്, അതാണല്ലോ പകയുടെ വീര്യം. അത് കനൽ പോലെയാണ്, എത്ര കാലം കഴിഞ്ഞാലും കെട്ട് പോയില്ലെങ്കിൽ ഒന്ന് ഊതിയാൽ അത് കത്തുകയും പടരുകയും ചെയ്യും. പക്ഷേ നോവലിന്റെയൊടുവിൽ വളരെ സിനിമാറ്റിക്കായി തന്നെ കഥ ജുനൈദ് അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പകയേ സാമ്യപ്പെടുത്താൻ ഒരു എളുപ്പവഴിയുണ്ട്, ‘അങ്കമാലി ഡയറീസ്’ പോലെയൊരു പക്കാ ലോക്കൽ ത്രില്ലർ നോവൽ. അങ്ങനെയൊരു സിനിമ ഇത്തരം ലോക്കൽ ഗാങിനെ സൂചിപ്പിക്കാൻ കാഴ്ചക്കാർക്ക് മുൻപിലുള്ളതുകൊണ്ട് പകയേയും അത്തരമൊരു സിനിമയായി വായനയിൽ കാണാൻ എളുപ്പമാണ്. കഥയും അതിലുപയോഗിച്ചിരിക്കുന്ന ഭാഷയുടെ ചാരുതയും അതിന് അടിവരയിടുന്നു.

English Summary: Paka Book written by Junaith Aboobaker

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com