ADVERTISEMENT

നിന്റെ ജാതിയെ‌ന്താണ്? ‘കിളിക്കൂട്ടി’ൽ അഭയം തേടിയെത്തിയ കാദംബരി എന്ന പെൺകിളിയോട് മാഡം അഗതയു‌ടെ ആദ്യത്തെ ചോദ്യം അതായിരുന്നു. ആ ജാതിയുടെ ഭാരങ്ങളഴിച്ച് സ്വാതന്ത്ര്യത്തിന്റെയും സ്വത്വബോധത്തിന്റെയും ചിറകുകൾ കുടഞ്ഞുവിരിക്കാൻ അവളെ പ്രാപ്തയാക്കുകയായിരുന്നു അഗതയുടെ ദൗത്യം. തിരുവസ്ത്രമുപേക്ഷിച്ച് അഭയമന്ദിരം തുടങ്ങിയ മാഡം അഗതയുടെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് അവരു‌‌ടെ അഭയമന്ദിരത്തിലെത്തുന്ന പെൺകുട്ടികളുടെയും കഥപറയുന്ന ഇംഗ്ലിഷ് നോവലാണ് ‘ദി കുക്കൂസ് നെസ്റ്റ്’. മലയാളത്തില‌െ എണ്ണം പറഞ്ഞ എഴുത്തുകാരൻ, എ. സേതുമാധവൻ എന്ന മലയാളികളു‌ടെ പ്രിയപ്പ‌െട്ട സേതു എഴുതുന്ന ഇംഗ്ലിഷ് നോവൽ.

മതേതരത്വവും ജാതിമത ചിന്തയും ദുരഭിമാനക്കൊലകളും വാർത്താ തലക്കെ‌ട്ടുകളിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെ‌‌‌‍‍ടുമ്പോൾ, കാലികപ്രസക്തിയുള്ള തന്റെ ഇംഗ്ലിഷ് നോവലിനെക്കുറിച്ചും സമകാലിക സാമൂഹിക– രാഷ്ട്രീയ വിഷയങ്ങളിൽ സ്വന്തം നിലപാടിനെക്കുറിച്ചും സേതു മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.

∙ കിളിക്കൂടിന്റെ ഇതിവൃത്തം

sethu-the-cukoos-nest-01
എ. സേതുമാധവൻ, ദി കുക്കൂസ് നെസ്റ്റ് എന്ന ഇംഗ്ലിഷ് നോവൽ

തന്റെ അഭയ മന്ദിരത്തിൽ പാർക്കുന്ന ആരും ജാതിയെയും മതത്തെയും കുറിച്ച് സംസാരിക്കാൻ പാടില്ല ‌എന്ന നിയമാവലിയുമായി പെൺകു‌ട്ടികൾക്കുവേണ്ടി അഭയമന്ദിരമൊരുക്കിയ മാഡം അഗത, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് അഭയം തേടിയെത്തുന്ന പെൺകുട്ടികളെ ശാക്തീകരിച്ച്, ജീവിതത്തിന്റെ ഒരു ഘ‌ട്ടത്തിൽ അവരെ സ്വതന്ത്രരായി പറന്നു പോകാൻ പ്രേരിപ്പിക്കുന്നു. മാഡം അഗതയുടെയും അവരു‌ടെ അഭയ മന്ദിരത്തിലെത്തുന്ന പെൺകുട്ടികളുടെയും കഥയാണ് 'ദി കുക്കൂസ് നെസ്റ്റ്' എന്ന ഇംഗ്ലിഷ് നോവൽ പറയുന്നത്.

∙ കിളിക്കൂട് ആദ്യം പ്രസിദ്ധീകരിച്ചത് മലയാളത്തിൽ

ഈ നോവൽ എഴുതിയത്  ഇംഗ്ലിഷിലാണ്. പക്ഷേ ഇംഗ്ലിഷിൽ പബ്ലിഷ് ചെയ്യാൻ കൂ‌ടുതൽ സമയമെടുക്കും എന്നതുകൊണ്ട് ആദ്യം മലയാളത്തിലാണ്  പ്രസിദ്ധീകരിച്ചത്, ‘കിളിക്കൂട്’ എന്ന പേരിൽ. മലയാളത്തിൽ പുസ്തകമായി വന്നു. ഇപ്പോഴത് ഇംഗ്ലിഷിൽ‌ത്തന്നെ വരുന്നു.

∙ സ്വാതന്ത്ര്യം ശ്വസിക്കാനുള്ള ഇടത്താവളം

kilikoodu-01
കിളിക്കൂട്

ഒരു കന്യാസ്ത്രീ തിരുവസ്ത്രമുപേക്ഷിച്ച് പെൺകുട്ടികൾക്കു വേണ്ടി ഹോസ്‌റ്റൽ തു‌ടങ്ങുകയാണ്. ഇന്ത്യയില‌െ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകൾ അവിടേക്കെത്തുന്നു. അതു വെറുമൊരു ഹോസ്റ്റലല്ല. അവര‌െ ശാക്തീകരിച്ച് കുട്ടികൾക്ക് ഒരു ഘ‌ട്ടത്തിൽ അവിട‌‌െനിന്നു പറന്നു പോകാൻ പറ്റണം.– അതാണ് കിളിക്കൂട് എന്ന കൺസെപ്റ്റ്. പലതരം കിളികൾ വരുന്നു, ഒരു ഘട്ടത്തിൽ അവർ ശക്തി പ്രാപിച്ച് പറന്നു പോകുന്നു. മന്ദിരം ന‌ടത്തുന്ന സിസ്റ്റർ അഗതയ്ക്ക് ഒരു കണ്ടീഷനുണ്ട്. ഇത് പൂർണ്ണമായിട്ടും സെക്യുലർ ആയിരിക്കും. ഇവി‌ടെ ജാതിയും മതവുമൊന്നും പറയാൻ പാടില്ല. ക്രിസ്തു, കൃഷ്ണൻ, നബി അങ്ങനെ‌  അവരവർക്കിഷ്ടമുള്ള ദൈവങ്ങളെ‌ ആരാധിക്കാം, പ്രാർഥിക്കാം പക്ഷേ ജാതിയെക്കുറിച്ചും മതത്തെക്കുറിച്ചും ഒന്നും സംസാരിക്കരുത്.

∙ വർത്തമാനകാല പ്രസക്തി‌‌

ജാതിമത സംഘട്ടനങ്ങൾ വല്ലാത‌ പിടിമുറുക്കുന്ന കാലമാണ്. ഓരോ ദിവസവും നമ്മളെ വല്ലാതെ അസ്വസ്ഥരാക്കുന്ന വാർത്തകളാണ് പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം ജ‌െ‌എൻയുവിൽ നടന്ന സംഭവങ്ങളുടെ കാര്യമെടുക്കുകയാണെങ്കിൽ അധ്യാപകരെയും വിദ്യാർഥികളെയും കോളജിനകത്തു കയറി ഗുണ്ടകൾ തല്ലിച്ചതയ്ക്കുകയാണ്. എന്താണ് ഇതിന്റെയൊക്കെ‌ അർഥം? ഇങ്ങനെ ഓരോ ദിവസത്തെ സംഭവങ്ങളുമെടുത്തു നോക്കുകയാണെങ്കിൽ ഈ പ്രശ്നങ്ങളുടെയൊക്കെ‌ പിന്നിൽ അടിസ്ഥാനപരമായി മതമൊക്കെയാണ്. മതത്തിൽനിന്നു വരുന്ന രാ‌ഷ്ട്രീയം എന്നു പറയാം.

∙ പാൻ ഇന്ത്യൻ പശ്ചാത്തലമുള്ള നോവൽ

SETHU
എ. സേതുമാധവൻ

കേരള–തമിഴ്നാ‌ട് അതിർത്തിയിലെ ഒരു പട്ടണത്തിൽ നടക്കുന്ന കഥയെന്ന സങ്കൽപത്തിൽ നിന്നാണ് ഇതിലെ കഥാപാത്രങ്ങൾ സൃഷ്ടിക്കപ്പ‌െട്ടിരിക്കുന്നത്. പഞ്ചാബി പെൺകു‌ട്ടി, തമിഴ്നാട്ടുകാരിയായ പെൺകു‌‌ട്ടി ഒക്ക‌െ ഈ കഥയിലുണ്ട്. അടിസ്ഥാനപരമായി സിസ്റ്റർ അഗത മലയാളിയാണ്. പ്രാദേശിക രാഷ്ട്രീയത്തിനപ്പുറമായി ഇന്ത്യയെ‌ മൊത്തത്തിൽ ബാധിക്കുന്ന വിഷയമാണ് നോവൽ ചർച്ച ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഈ നോവലിന് ഒരു പാൻ ഇന്ത്യൻ പശ്ചാത്തലം നൽകിയിരിക്കുന്നത് മനഃപൂർവമാണ്. 

∙ അസാധാരണ പേരുകളുള്ള കഥാപാത്രങ്ങൾ

ഈ നോവലിലെ പ്രഫ. ‌അബ്ദു‌ല്ല വളരെ വിശാലമായി ചിന്തിക്കുന്നയാളാണ്. അയാളുടെ ഏറ്റവും വലിയ ആകർഷണം എന്നു പറയുന്നത് ഷേക്സ്പിയറാണ്. അയാൾ ഷേക്സ്പിയർ കഥാപാത്രമായ ഒഥല്ലോയായി സ്റ്റേജിൽ അഭിനയിച്ചിട്ടുണ്ട്. അങ്ങനെയാണ് ഒഥല്ലോ അബ്ദുല്ല എന്ന പേരു വീണത്. നോവലിസ്‌റ്റുകളെല്ലാം തന്നെ‌ കഥാപാത്രങ്ങൾക്ക് ഓരോ മുഖം നൽകാറുണ്ട്. കഥാപാത്രങ്ങളുടെ സ്വഭാവവും ജീവിതരീതികളുമായി ബന്ധപ്പെട്ട പേരുകളിടുന്നത് അങ്ങനെയാണ്. അത് സ്വാഭാവികമായും ചെയ്യുന്ന ഒരു ടെക്നിക് ആണ്.

∙ കരുത്തരായ, സ്വപ്നങ്ങളുള്ള സ്ത്രീ കഥാപാത്രങ്ങളാണ് സേതുവിന്റെ രചനകളിൽ

aaramathe-penkutty-01
വിവിധ ഭാഷകളിൽ പ്രസിദ്ധീകരിച്ച ആറാമത്തെ പെൺകുട്ടി എന്ന പുസ്തകം

സ്വപ്നങ്ങൾ നശിച്ചവരാണ് ചില കഥാപാത്രങ്ങൾ. ‘ആറാമത്ത‌െ പ‌െ‌ൺകുട്ടി’യിലെ കാദംബരി എന്ന പെൺകു‌ട്ടി ഒരു ഘട്ടത്തിൽ വീടുവിട്ട് ഓടിപ്പോകുകയാണ്. അവളാണ് ‘കിളിക്കൂട്ടി’ൽ വരുന്നത്. വീടുവിടുന്നതിന്റെ കാരണം ഒടുവിൽ അവൾ അഗതയോട് വെളിപ്പെ‌‌ടുത്തുന്നുണ്ട്. അഗതയു‌ടെ വിശ്വസ്തയാണ് കാദംബരി. അഗത ഒരു ഘട്ടത്തിൽ അഗതിമന്ദിരത്തിന്റെ ചുമതല കാദംബരിയെ ഏൽപ്പിക്കുകയാണ്. ഓരോ കഥാപാത്രവും വളരെ വ്യത്യസ്തങ്ങളായ സാഹചര്യങ്ങളിൽ നിന്നുള്ളവരാണ്. 

ഹരിയാനയിൽനിന്ന് കിളിക്കൂടിലെത്തിയ പർവീൺ എന്ന പെൺകു‌ട്ടിയുടെ കാര്യം വളരെ കഷ്ടമാണ്. അവൾ ഒരു ഇസ്‌‍ലാംമത വിശ്വാസിയെ പ്രണയിച്ചതുകൊണ്ട് അവൾക്ക് നാട്ടിൽ നിൽക്കാൻ കഴിയുന്നില്ല. ഖാപ് പഞ്ചായത്ത് അവളെ വേട്ടയാടുകയാണ്. അതിൽ ഇവളു‌‌‌ടെ ഇളയച്ഛനൊക്ക‌െയുണ്ട്. അവിടെ നിന്നാൽ അവളെ അവർ കൊന്നുകളയും. ദുരഭിമാനക്കൊല വടക്കേ ഇന്ത്യയിൽ വലിയ അദ്ഭുതമൊന്നുമല്ല. പഞ്ചായത്ത് കൂടിയെടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കിയേ തീരൂ. അവിടെ സ്വന്തബന്ധങ്ങളെല്ലാം അപ്രസക്തമാണ്. മതം മാറുന്നതു പോയിട്ട് ഗോത്രം മാറി വിവാഹം കഴിച്ചാൽപ്പോലും വലിയ പ്രശ്നങ്ങളുണ്ടാകും. അങ്ങനെയുള്ള ഒരുപാട് അന്ധവിശ്വാസങ്ങളെപ്പറ്റിയൊക്കെ‌ ചർച്ച ചെയ്യാനാണ് ഈ നോവലിൽ ശ്രമിച്ചിരിക്കുന്നത്. 

ഖാപ് പഞ്ചായത്തിനെപ്പറ്റിയൊക്കെ പലർക്കും വലിയ ധാരണയില്ല. ഉത്തരേന്ത്യയിലും തമി‌ഴ്നാട്ടിലുമൊക്കെ ഇത്തരം ദുരഭിമാനക്കൊലകൾ സാധാരണമാണ്. ഇപ്പോൾ കേരളത്തിലും അത് സാധാരണമായിക്കഴിഞ്ഞിരിക്കുന്നു. കെവിന്റെ കൊലപാതകമൊക്കെ ദുരഭിമാനക്കൊലപാതകമല്ലേ. ഇത്രയും വിദ്യാഭ്യാസമുള്ള ആളുകളൊക്ക‌െയുള്ള കേരളത്തിൽ ദുരഭിമാനക്കൊലകൾ ഇനിയും വർധിക്കാനാണ് സാധ്യത. കാരണം വർഗീയത പൊതുവേ ശക്തി പ്രാപിച്ചു വരുമ്പോൾ എല്ലാ ദുരാചാരങ്ങളും അനാചാരങ്ങളും വർധിച്ചുകൊണ്ടിരിക്കും. ഇനിയുള്ള കാലം ഇത്തരം കാര്യങ്ങൾ ഭീഷണികളായി മാറുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

∙ കാദംബരിയോ‌ട് മകളോടുള്ള ഇഷ്ടം

അത് സ്വാഭാവികമാണ്. പല നോവലിലും കഥാപാത്രങ്ങൾ പിന്തുടരാറുണ്ട്. നമുക്ക് വളരെ പ്രിയപ്പ‌െട്ട കഥാപാത്രങ്ങളുണ്ടാകാറുണ്ട്. എന്റെ ഏറ്റവും അറിയപ്പെടുന്ന കൃതി ‘പാണ്ഡവപുര’മാണ്. അത് വിദേശഭാഷകളടക്കം 10 ഭാഷകളിൽ പുറത്തിറങ്ങി‌യിട്ടുണ്ട്. അതിൽ ദേവിയെന്ന കഥാപാത്രമുണ്ട്, ‘അടയാള’ങ്ങളിലെ പ്രിയംവദ എന്ന കഥാപാത്രമുണ്ട്. അവരൊക്കെ ഹോണ്ട് ചെയ്യാറുണ്ട്. അതൊക്കെ മിക്കവാറും എല്ലാ നോവലിസ്റ്റുകളുടെയും അനുഭവങ്ങളാണ്. നമ്മുടെ പ്രിയപ്പെട്ട ക‌ഥാപാത്രങ്ങളോട് ഒരു ഘട്ടത്തിൽ, എഴുത്തിന്റെ അവസ്ഥയിൽത്തന്നെ നമുക്ക് വല്ലാത്തൊരു ആത്മബന്ധം വരും. കാദംബരിയുടെ കഥ പറയുന്ന ‘ആറാമത്തെ പെൺകുട്ടി’ എന്ന നോവലിന്റെ തുടർച്ചയാണ് കിളിക്കൂട്. അടിസ്ഥാനപരമായി അവളൊരു അനാഥയാണ്. കുട്ടികളില്ലാത്ത ബ്രാഹ്മണ ദമ്പതികൾക്ക് ഒരു അമ്പലത്തിലെ ഉത്സവത്തിനിടെയാണ് അവളെ ലഭിക്കുന്നത്. അവൾ വളർന്നു വലുതായി, മിടുക്കിയായി പഠിച്ചപ്പോ‌ഴാണ് ആളുകൾക്ക് അവളുടെ ജാതിയും മതവുമൊക്കെ പ്രശ്നമായത്. ആരുടെ ചോരയാണ്?, അവളെ എന്തിനാണ് ബ്രാഹ്മണ കുടുംബത്തിൽ നിർത്തിയിരിക്കുന്നത് എന്നൊക്കെയുള്ള ചോദ്യങ്ങളുയർന്നു.അതുവരെ അവിടെ ജാതിയില്ലായിരുന്നു, അവൾ ഹിന്ദുവാണോയെന്നുപോലും അറിയില്ലായിരുന്നു.

the-cukoos-nest-01
ദി കുക്കൂസ് നെസ്റ്റ്

‘കിളിക്കൂടി’ൽ അഗതയുമായുള്ള അഭിമുഖ സംഭാഷണത്തിനിടെ അവർ കാദംബരിയോട് ജാതി ചോദിക്കുന്നുണ്ട്. അറിയില്ല എന്ന് അവൾ പറയുമ്പോൾ അത് അഗതി മന്ദിരത്തിൽ പ്രവേശനം കിട്ടാൻ വേണ്ടി വെറുതെ പറയുന്നതാണ് എന്നാണ് അഗത ചിന്തിക്കുന്നത്. പക്ഷേ നാലു വയസ്സുള്ള ഒരു കു‌ട്ടിക്ക് എങ്ങനെ ജാതി അറിയാനാണ് എന്നാണ് കാദംബരിയുടെ ചോദ്യം. അനാഥരായ കുഞ്ഞുങ്ങളെ ആരെങ്കിലും ദത്തെടുക്കുകയാണെങ്കിൽ അവരെ വളർത്തുന്നവരു‌ടെ ജാതിയാണ് കുഞ്ഞുങ്ങൾ... അത്തരം വിഷയങ്ങളാണ് ഇതിന്റ‌െ ഉള്ളടക്കം.

∙ എഴുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധത

50, 52 വർഷമായി എഴുതി പബ്ലിഷ് ചെയ്യാൻ തു‌ടങ്ങിയിട്ട്. മുൻപൊന്നും ഇത്രയും വലിയ സോഷ്യോ- പൊളിറ്റിക്കൽ സബ്ജക്ട് കൈകാര്യം ച‌െയ്തിട്ടില്ല. സ്ത്രീകളു‌ടെ അവസ്ഥയെക്കുറിച്ചുള്ള വിഷയങ്ങളാണ് ഏറ്റവും കൂടുതൽ കൈകാര്യം ചെയ്തത്. അതുകഴിഞ്ഞിട്ട് രണ്ട് ചരിത്രനോവലുകളെഴുതി. ‘മുസ്സിരിസ്സും’ ‘ആലിയ’യുമൊക്കെ. ഇപ്പോൾ എഴുതിയതിൽ ഏറ്റവും ഒടുവിലായി എന്തുകൊണ്ട് ഈ വിഷയം പ്രമേയമായി തിരഞ്ഞെടുത്തു എന്നതിന്റെ മറുപ‌ടി വളരെ വ്യക്തമാണ്. ഇന്ന് നമ്മുടെ മുന്നിലുള്ള പൊള്ളുന്ന യാഥാർഥ്യമിതാണ്; ജാതിമത പ്രശ്നങ്ങളും മറ്റും. അതിനപ്പുറമൊന്നും ഇന്ന് എഴുത്തുകാരന് കൈകാര്യം ചെയ്യാൻ കഴിയില്ല. ആദ്യത്തെ പ്രയോറിറ്റി ഇതാണ്.

SETHU
എ. സേതുമാധവൻ

∙ ഇനിയും കൂടുതൽ വിവർത്തനങ്ങളുണ്ടാകുമോ?

അതിനെക്കുറിച്ച് എനിക്കറിയില്ല. ഞാൻ പാണ്ഡവപുരം എഴുതുന്ന സമയത്തും ഒന്നും അറിയില്ലായിരുന്നു. ഫ്രഞ്ച്, ജർമൻ, ഹിന്ദി, മറാഠി ഭാഷകളിൽ അത് പോയിക്കഴിഞ്ഞിരിക്കുന്നു. എഴുത്തുകാരനപ്പുറമായി ചില കൃതികൾ വളർന്നു പോകുന്നതാണ്. പാണ്ഡവപുരം എഴുതിയിട്ടിപ്പോൾ 38 വർഷമായി.

∙ എഴുത്തുകാരനെന്ന നിലയിൽ അരനൂറ്റാണ്ട്

എഴുത്തുകാരനും കലാകാരനും തൃപ്തി എന്നൊന്നില്ല. എഴുതുമ്പോഴോ എഴുതിക്കഴിയുമ്പോഴോ തോന്നുന്ന ഒരു താൽക്കാലിക സംതൃപ്തിയുണ്ട്. നാളെ, അതൊന്നും പോരായിരുന്നു എന്നു തോന്നും. പാണ്ഡവപുരം മാറ്റിയെഴുതണമെന്ന് എനിക്കു പലവ‌ട്ടം തോന്നിയിട്ടുണ്ട്. പക്ഷേ അതൊരിക്കലും ചെയ്യാൻ പാ‌ടില്ല. അതൊരു കാലഘട്ടത്തിൽ, ഒരു അവസ്ഥയിൽ നമ്മൾ എഴുതുന്നതാണ്. പിന്നീട് അത് മാറ്റിയെഴുതുന്നതിൽ അർഥമൊന്നുമില്ല.

English Summary : A. Sethumadhavan, First English Novel, The Cuckoo's Nest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com