വൈറസ് ഭീതി വിതച്ച നഗരം, ക്വാറന്റൈനിൽ പ്രസവം കാത്തുകിടക്കുന്ന സ്ത്രീകൾ; 1918 ലെ സ്പാനിഷ് ഫ്ലൂ

Mail This Article
വൈറസ് ഭീതി വിതച്ച ഒരു നഗരം. രോഗികൾ കുമിഞ്ഞു കൂടിയ ആശുപത്രി. അക്ഷീണം ജോലി ചെയ്യുന്ന നഴ്സുമാർ. അവശ്യ മരുന്നുകളുടെ ദൗർലഭ്യം. ഇത് കോവിഡ് കാലത്തെ കഥയല്ല, ഒരു നൂറ്റാണ്ടിനു മുൻപ് ഇൻഫ്ലുവൻസ വൈറസ് ദുരിതത്തിലാഴ്ത്തിയ അയർലൻഡിലെ ഡബ്ലിൻ നഗരത്തിന്റെ കഥ. സ്പാനിഷ് ഫ്ലൂവിന്റെ പശ്ചാത്തലത്തിൽ കോവിഡ് കാലത്ത് പ്രസിദ്ധീകരിച്ച ഐറിഷ് നോവലിസ്റ്റ് എമ്മ ഡൊണോഗിന്റെ പുതിയ നോവൽ. 1918 ലെ ദുരന്തത്തെക്കുറിച്ച് 2018 ൽ എഴുതി ഈ വർഷം പുറത്തിറങ്ങിയ ‘ദ് പുൾ ഓഫ് ദ് സ്റ്റാർസ്.’
കഥ നടക്കുന്നത് ഡബ്ലിൻ സിറ്റി ഹോസ്പിറ്റലിൽ. നഴ്‌സാണ് മുപ്പതുകാരിയായ ജൂലിയ പവർസ്. ജൂലിയയുടെ ജോലി പ്രസവ വാർഡിൽ. ചുറ്റും ഫ്ലൂ ബാധിതരായ ഗർഭിണികൾ. എങ്ങും മരണത്തിന്റെ മണം.
ഫ്ലൂവിനെ അതിജീവിച്ചതാണ് ജൂലിയയും. ക്വാറന്റൈനിൽ പ്രസവം കാത്തുകിടക്കുന്ന സ്ത്രീകളുടെ ഏക ആശ്രയം. കണ്ടുപിടിച്ചിട്ടില്ലാത്ത വാക്സിന്റെയും കിട്ടാനില്ലാത്ത മരുന്നുകളുടെയുമിടയിലെ പ്രതിസന്ധി നിറഞ്ഞ നിമിഷങ്ങൾ. സാധ്യമല്ലാത്ത ചികിത്സ. സമ്മർദ്ദങ്ങളുടെ നടുവിൽ ജോലി തനിച്ച്. ജൂലിയയ്ക്ക് കൂട്ടായി രണ്ടു സ്ത്രീകൾ കൂടി എത്തുന്നിടത്ത് നോവൽ പുരോഗമിക്കുന്നു. സാമൂഹിക പ്രവർത്തക കൂടിയായ ഡോക്ടർ കാതലിനും സഹായത്തിനെത്തിയ ബ്രിഡീ സ്വീനി എന്ന പെൺകുട്ടിയും. വാർഡിലെ മൂന്നു ദിവസത്തെ അനുഭവങ്ങൾ അവരിലുണ്ടാക്കുന്നത് ശക്തമായ ഹൃദയബന്ധം.
പോഷകാഹാരക്കുറവും പട്ടിണിയും തളർത്തിയ അവശരായ ഗർഭിണികൾ. വിശ്രമമില്ലാതെ ആതുരസേവനം നിർവഹിച്ച് ജൂലിയയും കാതലിനും സ്വീനിയും. ഏതു നിമിഷവും മരിച്ചേക്കാവുന്ന രോഗികൾക്കിടയിലാണു ജീവിതം. വേണ്ടുന്ന ശുശ്രൂഷയും കരുതലും കൊടുത്ത് മൂവരുമുണ്ട് ഒന്നിച്ച്. അവസാന നിമിഷം വരെ പൊരുതാമെന്ന ധൈര്യം മരണക്കിടക്കയിലുള്ളവർക്ക് പകരുന്ന മാലാഖമാർ.
പരിചരണങ്ങളുടെ മികവിലും ഹൃദയത്തുടിപ്പുകൾ നിലയ്ക്കുന്നുണ്ട് ചുറ്റും. മരണത്തിന്റെയും ജനനത്തിന്റെയും കാലചക്രം അതിവേഗമുരുളുന്ന മുറി. നിറവയറുകളിലെ കുഞ്ഞു ജീവനുകളെയെങ്കിലും രക്ഷിച്ചെടുക്കാനുള്ള തത്രപ്പാട് തളർത്തുന്നുണ്ടവരെ. പക്ഷേ അവർ ഒറ്റക്കെട്ടാണ്. ഒറ്റ ലക്ഷ്യം മാത്രം. തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ജീവന്റെ നിലനിൽപ്പ്.
അപരിചിത കരങ്ങളിൽ സർവ്വം ഭരമേൽപ്പിക്കുന്ന അവശ ജീവിതങ്ങളുടെ നേർചിത്രമാണ് എമ്മയുടെ നോവൽ. ഊമയായ സഹോദരനെ പോലും ശ്രദ്ധിക്കാനാകാതെ ജോലിക്ക് ഇറങ്ങിപ്പുറപ്പെട്ട ജൂലിയ, സർക്കാരിന്റെ അനീതിക്കെതിരെ സംസാരിച്ചതിന് പോലീസ് തിരയുന്ന ഡോക്ടർ കാതലീൻ, അക്ഷരാഭ്യാസം പോലുമില്ലാതെ ആശുപത്രി സഹായത്തിനെത്തിയ സ്വീനി.
അകമഴിഞ്ഞ ആത്മാർത്ഥതയുടെ മൂന്നു തെളിഞ്ഞ മുഖങ്ങൾ. അടിയന്തര ഘട്ടങ്ങളിലെ ആരോഗ്യ പ്രവർത്തകരുടെ സേവന സന്നദ്ധത ആദരവോടെ കാണേണ്ടതുണ്ടെന്നു പഠിപ്പിക്കുന്ന പുസ്തകമാണ് ‘ദ് പുൾ ഓഫ് ദ് സ്റ്റാർസ്’. വൈറസിന്റെ കഥയല്ല, എല്ലാ വൈറസുകളെയും വെല്ലുവിളിക്കുന്ന പ്രതീക്ഷയെന്ന മരുന്നിന്റെ കഥ. കോവിഡ് അനന്തര കാലത്തേക്ക് ഭാവന കാത്തുവയ്ക്കുന്ന അക്ഷരങ്ങളുടെ പച്ചപ്പ്.
English Summary: The Pull of the Stars Book by Emma Donoghue