ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തോമസ് മുണ്ടശേരി വിശ്രുതനായ പ്രഫ. ജോസഫ് മുണ്ടശ്ശേരിയുടെ മകനായിരുന്നു. കറന്റ് ബുക്‌സിന്റെ അമരക്കാരനായിരുന്നു. ചങ്ങാത്തത്തിന്റെ തൃശൂരുൽസവപ്പറമ്പായിരുന്നു. പ്രിയ സുഹൃത്ത് വികെഎന്റെ രസികൻ കഥാപാത്രവുമായിരുന്നു. കഥകളേറെ ശേഷിപ്പിച്ച, കൂട്ടുകാരുടെ ‘കറന്റ് തോമ’യെ ഭാവനകൂടി ചേർത്തെഴുതിയപ്പോൾ വികെഎൻ ഇട്ട പേര് ഇട്ടൂപ്പുമുതലാളി! 

‘ഇലക്‌ട്രിക് ബുക്‌സി’ന്റെ ഉടമയാണ് ഇട്ടൂപ്പ്. തൃശൂർ ഭാഷയുടെ സംഗീതംകൊണ്ടും ഒപ്പമുള്ള രസികത്തംകൊണ്ടും ഇട്ടൂപ്പ് മുതലാളി വികെഎന്റെ പേനയിൽ കത്തിക്കയറി. ഇട്ടൂപ്പിനൊപ്പമുള്ളതും സാധാരണക്കാരനല്ലല്ലോ: സാക്ഷാൽ പയ്യൻ. അഥവാ, വികെഎൻതന്നെ! 

 

പയ്യൻകഥകളിൽ പലതിലും ഈ ചങ്ങാതിമാരുടെ ആഘോഷമുണ്ട്. 

ഒറ്റ സാമ്പിൾ (എന്തിനേറെ..!):   

 

അത്താഴം കഴിഞ്ഞ് പട്ടണത്തിന്റെ നടുക്കുള്ള മൈതാനത്തു ചെന്നിരുന്നു. മുകളിൽ നോക്കി ഇട്ടൂപ്പുമുതലാളി പറഞ്ഞു: 

കസറീട്ട്‌ണ്ടല്ലോഡാ. 

എന്ത്? –പയ്യൻ ചോദിച്ചു. 

മ്മടെ ആകാശം. നോക്കഡാ മോള്ളക്ക്. 

പയ്യൻ നോക്കി. ദൃശ്യം സുന്ദരമായിരുന്നു. നക്ഷത്രങ്ങൾ, ക്ഷീരപഥം, മോഡേൺബ്രെഡ് മുതലായ പ്രതിഭാസങ്ങൾ നിറഞ്ഞു സംഗതി ഭംഗിയായിരിക്കുന്നു. സഹിക്കാതെ പയ്യൻ പറഞ്ഞു: 

ക്ഷീരതാരാചർച്ചിതമായ പൂംശരൽക്കാലാകാശം. 

അശ്ലീലം മുതലാളിക്ക് ഇഷ്‌ടമല്ല. ഇട്ടൂപ്പ് ചോദിച്ചു: 

എന്തൂട്ട്, എന്തൂട്ട്? 

ക്ഷീരതാരാചർച്ചിതമായ പൂംശരൽക്കാലാകാശം. 

എന്നു പറഞ്ഞാലോഡാ? 

ഒന്നുമില്ല. നക്ഷത്രങ്ങൾ നിറഞ്ഞ മാനം എന്നു ധരിച്ചാൽ മതി. 

എന്നാ പിന്നെ അങ്ങനെ പറഞ്ഞാ പോരെഡാ? ചർച്ച പ്രസംഗന്നൊക്കെ എടേക്കടന്നു പറയണോ? 

സാഹിത്യത്തിൽ പറഞ്ഞതാണ്. 

ഇട്ടൂപ്പ് പറഞ്ഞു: 

ഡാ, നിങ്ങള് സാഹിത്യകാരന്മാര്‌ണ്ടല്ലാ, തെണ്ടികള്! നിങ്ങളീ നാടു മുടിക്കും. നേരെ ചൊവ്വേ ഒരു സാധനം പറഞ്ഞാലെന്താഡാ ദോഷം? 

പയ്യൻ മിണ്ടാതിരുന്നപ്പോൾ മുതലാളി തമർത്തി: 

ഇവടെ നക്ഷത്രള്ള ആകാശാണു സങ്ങതി, അതിനാണു നിയ്യിപ്പറേണെ ചീര, ചർച്ചാന്നൊക്കെ. ആകാശംന്നു കൂടി നിയ്യ് പറഞ്ഞൂലോ, കർത്താവു നെന്നെ കാക്കും. വേറെ തെണ്ടികള് അതും പറയില്ലെഡാ. അതൊഴിച്ചു ബാക്ക്യൊക്കെ സാഹിത്യത്തിലാ വീക്കും. ആകാശംന്നു കൊന്നാ പറയില്ല, എന്തേഡാ? 

 

സാക്ഷാൽ വികെഎന്നെ ആരെങ്കിലും തോൽപ്പിച്ചിട്ടുണ്ടെങ്കിൽ അതു കറന്റ് തോമസ് എന്ന ഇട്ടൂപ്പുമുതലാളി മാത്രമായിരിക്കും. 

വികെഎൻ ഒരിക്കൽ പ്രതിഫലസംഖ്യയ്‌ക്ക് കറന്റിൽ ചെന്നു. അപ്പോഴുണ്ട്, തോമസിന്റെ ചീറ്റൽ: 

– പോടാ അവ്‌ടന്ന്. എന്നെപ്പറ്റി എഴുതിയത് ഞാനച്ചടിച്ചാപ്പോരെ... അതിനു കാശോ? 

വികെഎന്നുണ്ടോ വിടുന്നു! തർക്കമായി. ഒടുവിൽ തോമസ് പറഞ്ഞു: 

– എന്നാ റോയൽറ്റിയുടെ ഫിഫ്‌റ്റി, ഫിഫ്‌റ്റി. 

വികെഎൻ പറഞ്ഞ മറുപടി ചരിത്രത്തിലില്ല! 

English Summary: Friendship story of VKN and Thomas Mundassery

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com