ADVERTISEMENT

രാജാധികാരത്തെ പ്രകീർത്തിക്കുന്ന കൃതി. കൊട്ടാരത്തിനെതിരായ ആക്രമണത്തെ ചെറുക്കുന്ന വാക്കുകൾ. സർഗാത്മക കൃതി എന്നതിനേക്കാൾ സ്തുതിഗീതം എന്നിങ്ങനെ വായിക്കപ്പെട്ടിട്ടുണ്ട് മാർത്താണ്ഡവർമ. നാടകീയ സംഭവങ്ങൾ ഗാംഭീര്യമുള്ള മലയാളത്തിൽ അവതരിപ്പിച്ച് കയ്യടി നേടിയെങ്കിലും വിപ്ലവത്തിന്റെ തരിയോ കനലോ പോലും സി.വി.രാമൻ പിള്ളയിൽ നിന്ന് ആരും കണ്ടെടുക്കാത്തതിനു പിന്നിൽ എഴുത്തുകാരന്റെ ജീവിതത്തെക്കുറിച്ചുള്ള അജ്ഞതയും കാരണമാണ്. വൈകി മാത്രം ജോലിയിൽ പ്രവേശിച്ച സിവി, അധികാരികളുടെ ഇഷ്ടം നേടാതെയാണ് സർവീസ് പൂർത്തിയാക്കിയത്. ഉന്നത പദവികൾക്ക് ആവശ്യമായ വിദ്യാഭ്യാസവും ലോക പരിചയവും അനുഭവങ്ങളും പാണ്ഡിത്യവും ഉണ്ടായിട്ടും പ്രമോഷനു വേണ്ടി കാത്തിരിക്കേണ്ടിവന്നു. സർവീസ് കാലത്തിനിടെ ഒരു നോവൽ മാത്രമാണു പൂർത്തിയാക്കിയത്. മാസ്റ്റർപീസ് എന്നു വിശേഷിപ്പിക്കാവുന്ന ധർ‌മ്മരാജ ഉൾപ്പെടെ വിരമിച്ച ശേഷമാണ് പ്രസിദ്ധീകരിക്കുന്നത്.

സർവീസ് കാലത്തുടനീളം അധികൃതരുമായി സംഘർഷത്തിന്റെ പാതയിൽ മുന്നോട്ടുപോയ എഴുത്തുകാരന് അധികാരത്തെ പ്രകീർത്തിക്കുന്ന കൃതി എങ്ങനെയെഴുതാൻ കഴിഞ്ഞു എന്ന സംശയം സ്വാഭാവികം. എന്നാൽ, വരികൾക്കിടയിലൂടെ, ആവർത്തിച്ച് വായിക്കുമ്പോൾ മാത്രമാണ് സിവി എന്ന എഴുത്തുകാരന്റെ മാറ്റ്  മാർത്താണ്ഡവർമ ഉൾപ്പെടെയുള്ള നോവലുകളിൽ തെളിയുന്നത്. ഇംഗ്ലിഷ് കൃതികളുടെ അനുകരണമല്ല അദ്ദേഹം നടത്തിയതെന്ന് തെളിയിക്കാൻ ഇംഗ്ലിഷ് സംസാരിക്കുന്ന മാർത്താണ്ഡവർമ തന്നെ വേണ്ടിവന്നു; 134 വർഷത്തിനു ശേഷം.

രാജാവിനെയും കൊട്ടാരത്തെയും എതിർക്കുന്ന പ്രഭുക്കൻമാരെ സൂക്ഷ്മമായി ചിത്രീകരിക്കുന്നുണ്ട് മാർത്താണ്ഡവർമയിൽ. സ്വഭാവത്തിലെ ദൗർബല്യങ്ങൾ ഒന്നൊന്നായി വെളിച്ചത്തുകൊണ്ടുവന്നാണ് അവർ അധികാരത്തിന് അർഹരല്ലെന്ന് സിവി തെളിയിക്കുന്നത്. നിഷ്കളങ്കരായ മനുഷ്യരെ കൊന്നൊടുക്കാൻ അവർക്ക് മടിയില്ല. താഴ്ന്ന ജാതിയിൽ ജനിച്ചവരെ മനുഷ്യരായി പോലും പരിഗണിക്കുന്നില്ല. അവരെ കൊന്നുതള്ളി അരിശം തീർക്കുന്നവർക്ക് ഒരു നാടിനെ എങ്ങനെ ഒരുമയോടെ കൊണ്ടുപോകാൻ കഴിയും എന്ന ചോദ്യവും നോവൽ ഉയർത്തുന്നു.

cv-raman-pillai
സി.വി.രാമൻ പിള്ള

നീതിയുടെ ഭാഗത്തു നിന്ന് പ്രവർത്തിച്ചാൽ ജനം കൂടെനിൽക്കും. വിശ്വസ്തർക്ക് നാട്ടിൽ ഒരു കുറവും ഉണ്ടാവുകയുമില്ല. രാജാവ്, യുവരാജാവ് എന്നിവരുടെ കരുത്തിനേക്കാൾ, തന്ത്രജ്ഞതയേക്കാൾ അറിയപ്പെടാത്ത സാധാരണക്കാരുടെ സമയോചിത ഇടപെടലുകളാണ് വഴിത്തിരിവാകുന്നത്. ഇനി ആരും രക്ഷിക്കാനില്ലല്ലോ എന്ന നിരാശ പിടികൂടുമ്പോഴൊക്കെ ഏതെങ്കിലും ഒരു കോണിൽ നിന്ന് സഹായത്തിന്റെ, പിന്തുണയുടെ ഒരു കരമെങ്കിലും നീളുന്നു. അതുമാത്രം മതി ന്യായത്തിന്റെ സിംഹാസനം വീണ്ടും ഉറപ്പിക്കാൻ.

തിരുവിതാംകൂറിൽ മാത്രം ഒതുങ്ങിനിന്ന ജീവിതമായിരുന്നില്ല സിവിയുടേത്. മറ്റ് ജാതി, മത വിഭാഗക്കാർക്കൊപ്പവും വിവിധ ദേശങ്ങളിലും ജീവിച്ചു. വ്യത്യസ്ത മനുഷ്യരെ കണ്ടു. അവരുടെ അനുഭവങ്ങളും ജീവിതവും ആഴത്തിൽ അടുത്തറിഞ്ഞു. മാർത്താണ്ഡവർമ മികച്ച നോവലായി ഇന്നും നിലനിൽക്കുന്നതിന്റെ കാരണം സിവിയുടെ ജീവിതാവബോധവും ലോകവീക്ഷണവും തന്നെയാണ്. പാശ്ചാത്യ സാഹിത്യത്തെ ആഴത്തിൽ അറിഞ്ഞെങ്കിലും ഭാരതീയ പാരമ്പര്യത്തെ തിരസ്കരിച്ചില്ല എന്നതും സിവിയെ ശ്രദ്ധേയനാക്കുന്നു.

book-marthandavarma-charithravum-punarvayanayum-by-dr-m-g-sasibhooshan

പല തവണ വായിച്ചു പഠിച്ച, ആസ്വദിച്ച ഷേക്സ്പിയർ ഉൾപ്പെടെയുള്ളവരുടെ ഒരു ഉദ്ധരണി പോലും അദ്ദേഹം കൃതിയിൽ ചേർത്തില്ല. ഭാരതീയ കലകൾക്ക് അർഹമായ പ്രാതിനിധ്യം നൽകുകയും ചെയ്തു. സ്വന്തം നാടിന്റെ തനിമ മനസ്സിലാക്കുക മാത്രമല്ല ഉൾക്കൊള്ളുകയും ചെയ്തിരുന്നു സിവി. എന്നാൽ അത് അന്ധമായ ഒഴിയാബാധയായി അദ്ദേഹത്തെ പിടികൂടിയുമില്ല. കുറച്ചുകൂടി ഉദാത്തമായ ജീവിതമാതൃകയും രാഷ്ട്രീയ ശരികളും വ്യക്തിത്വങ്ങളും അദ്ദേഹം പരിചയപ്പെടുത്തി. മരണത്തിലൂടെ ജീവിതം അവസാനിക്കുന്നില്ല എന്ന സുഭദ്രയിലൂടെ തെളിയിച്ച സിവി, പ്രണയം കേവല പ്രകടനമല്ലെന്നും ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുന്ന വികാരവും പ്രചോദനവുമാണെന്നും അടിവരയിട്ട് ഉറപ്പിച്ചു.

പരിമിതികൾ ഇല്ലെന്നല്ല. കുറവുകൾ കാണാതിരിക്കുന്നില്ല. എന്നാലും ഒന്നേകാൽ നൂറ്റാണ്ട് പഴക്കമുള്ള ഒരു കൃതി ഇന്നും പുതിയ വായനക്കാർക്ക് ആസ്വദിച്ചു വായിക്കാൻ കഴിയുന്നുണ്ടെങ്കിൽ രചയിതാവിനെ വണങ്ങുകതന്നെ വേണം. ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്തപ്പോൾ പിന്നലാകുകയല്ല, പൂർവാധികം തിളങ്ങുകയാണ് മാർത്താണ്ഡവർമ. സ്തുതിഗീതമല്ല മനുഷ്യഗീതം തന്നെയാണ് സിവി രചിച്ചത്. കലാപത്തെ അടിച്ചമർത്തിയല്ല, നീതിക്കു വേണ്ടി, പ്രണയത്തിനു വേണ്ടി, സ്ത്രീക്കും പുരുഷനും തുല്യതയുള്ള ലോകത്തിനു വേണ്ടി വീറോടെ വാദിച്ചാണ് നോവൽ ശ്രദ്ധേയമാകുന്നത്.

Marthandavarma

C.V.Raman Pillai

Translated By G.S.Iyer

Westland Books

Price RS 599 

English Summary:

Marthandavarma: A Timeless Malayalam Classic by C.V. Raman Pillai

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com