അവഗണിക്കപ്പെട്ടവന്റെ ആത്മകഥയായി 'ദലിതൻ'; ജീവിതത്തെ സമരമാക്കി മാറ്റിയ കെ.കെ.കൊച്ച്

Mail This Article
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെ ആത്മരോഷവും ആത്മരോദനവും മലയാളി കേട്ട അപൂർവ ശബ്ദങ്ങളിലൊന്നാണ് കെ.കെ.കൊച്ചിന്റേത്. ജീവിതത്തിലൊരിക്കലും ഒരു ജാതി സംഘടനയോടും വ്യവസ്ഥാപിത രാഷ്ട്രീയപാര്‍ട്ടികളോടും സന്ധിചെയ്യാതെ ജീവിച്ച മനുഷ്യന്‍, സത്യങ്ങള്‍ തുറന്നടിച്ചത് തൂലിക ഉപയോഗിച്ചാണ്. 'ദലിതൻ' എന്ന ആത്മകഥയിലൂടെ കേവലം ഒരു വ്യക്തി എന്നതിനപ്പുറം പ്രത്യയശാസ്ത്ര മനുഷ്യനായ കെ.കെ. കൊച്ച്, കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക ചരിത്രത്തിൽ പ്രത്യേക സ്ഥാനം കഷ്ടപ്പെട്ട് നേടിയെടുത്തതാണ്. പോരാടിക്കിട്ടിയ അപൂർവമായ നീതിയിൽ ഒന്ന്.
ജീവിതത്തെ സമരമാക്കി മാറ്റിയ സാഹിത്യകാരനും സാമൂഹിക പ്രവർത്തകനുമായ കൊച്ച്, 1949 ഫെബ്രുവരി 2ന് കോട്ടയം ജില്ലയിലെ മധുരവേലിയിലാണ് ജനിച്ചത്. അച്ഛൻ കുഞ്ഞൻ, അമ്മ കുഞ്ഞുപെണ്ണ് എന്നിവർക്കൊപ്പം തലയോലപ്പറമ്പിലെ പുത്തന്തോടിനടുത്തുള്ള കുഴിയംതടം എന്ന വീട്ടിലാണ് ജീവിച്ചത്. കല്ലറ എൻഎസ്എസ് ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം, എറണാകുളം മഹാരാജാസ് കോളേജിൽ ഉപരിപഠനത്തിന് ചേർന്നെങ്കിലും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടതിനാൽ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
വിദ്യാഭ്യാസകാലത്തുതന്നെ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ട അദ്ദേഹം, 1971ൽ മാതൃഭൂമി മാസിക നടത്തിയ കോളേജ് വിദ്യാർഥികൾക്കുള്ള നാടക രചനാമത്സരത്തിൽ രണ്ടാം സ്ഥാനം നേടി. അടിയന്തരാവസ്ഥാക്കാലത്ത് ആറുമാസത്തോളം ഒളിവിൽ കഴിഞ്ഞു. പിന്നീട് കമ്മ്യൂണിസ്റ്റ് യുവജന ഫോറം, പീപ്പിൾസ് വർക്കേഴ്സ് യൂണിയൻ, ഹ്യൂമൻ റൈറ്റ്സ് കമ്മിറ്റി തുടങ്ങിയ സംഘടനകളുടെ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ചു. 1977ൽ കെഎസ്ആർടിസിയിൽ ജോലിയിൽ ചേർന്നു. 2001ൽ സീനിയർ അസിസ്റ്റന്റായി വിരമിച്ചു.

കെ.കെ. കൊച്ച് ഒരു സാഹിത്യകാരനെന്ന നിലയിൽ മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾ അനുപമമാണ്. സാഹിത്യം, സിനിമ, രാഷ്ട്രീയം, ലിംഗഭേദങ്ങൾ, സബാൾട്ടേൺ പഠനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ബുദ്ധനിലേക്കുള്ള ദൂരം, ദലിതൻ (ആത്മകഥ), കേരളചരിത്രവും സമൂഹരൂപീകരണവും (ചരിത്രം), ഇടതുപക്ഷമില്ലാത്ത കാലം, കലാപവും സംസ്‌കാരവും, അംബേദ്കർ ജീവിതവും ദൗത്യവും (എഡിറ്റർ) എന്നിങ്ങനെ പതിനാലോളം കൃതികൾ രചിച്ചിട്ടുണ്ട്. ദലിത് സാഹിത്യത്തിനും സാമൂഹിക നീതിക്കുമായി നടത്തിയ സംഭാവനകൾക്കു കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം, ദലിതൻ എന്ന ആത്മകഥയ്ക്ക് യുവ കലാസാഹിതിയുടെ വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യപുരസ്കാരം, പ്രഥമ അരളി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
കെ.കെ.കൊച്ച് ദലിത് പ്രസ്ഥാനത്തിന്റെ ഒരു പ്രമുഖ നേതാവായിരുന്നു. 1990കൾ മുതൽ അദ്ദേഹം ദലിത്-ആദിവാസി അവകാശങ്ങൾ, മനുഷ്യാവകാശങ്ങൾ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ പോരാട്ടങ്ങളിൽ സജീവമായി ഏർപ്പെട്ടിരുന്നു. ദലിതൻ എന്ന ആത്മകഥയിലൂടെ അദ്ദേഹം തന്റെ സ്വന്തം അനുഭവങ്ങളും സമൂഹത്തിലെ അസമത്വങ്ങളും വിമർശനാത്മകമായി പ്രതിഫലിപ്പിച്ചു. ഈ കൃതി ദലിത് സാഹിത്യത്തിന്റെ പ്രധാന ഏടായി മാറി. ജോലിയിൽ തരംതാഴ്ത്തലുകൾ നേരിട്ടിട്ടും, കുടുംബ ജീവിതത്തിലെ സൗകര്യങ്ങൾ നഷ്ടപ്പെട്ടിട്ടും, അദ്ദേഹം തന്റെ സാമൂഹിക പ്രവർത്തനങ്ങളിൽ നിന്ന് ഒരിക്കലും പിന്മാറിയിരുന്നില്ല. സ്വന്തം ജീവിതം സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടിയുള്ള ഒരു പോരാട്ടമായി മാറ്റി അദ്ദേഹം.
കെ.കെ.കൊച്ച്, മലയാള സാഹിത്യത്തിനും സാമൂഹിക പ്രസ്ഥാനങ്ങൾക്കും നൽകിയ സംഭാവനകൾ അമൂല്യമാണ്. അദ്ദേഹത്തിന്റെ രചനകളും പ്രവർത്തനങ്ങളും കേരളത്തിന്റെ ചരിത്രത്തിന്റെയും സാംസ്കാരിക പരിണാമത്തിന്റെയും ഭാഗമായി തുടരും.