ചോല

Mail This Article
വി. ഷിനിലാൽ
ഡി സി ബുക്സ്
വില: 199 രൂപ
വി. ഷിനിലാലിന്റെ കഥകൾ ഞാൻ താൽപര്യപൂർവം വായിക്കാറുള്ളവയാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘ചോല’ എന്ന കഥയും അങ്ങനെതന്നെ വായിച്ചു. ആദിവാസികളെ, ആദിവാസികളല്ലാത്തവരുടെ ജീവിതശൈലി സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നത് തെറ്റല്ലേ? വടക്കുകിഴക്കൻ ഇന്ത്യയിലെ ആദിവാസികളെ അവരുടെ പരമ്പരാഗത തൊഴിലുകൾ ചെയ്ത്, പരമ്പരാഗത സംസ്കാരം അതേപടി കാത്തുസൂക്ഷിച്ച് ജീവിക്കാന്‍ അനുവദിക്കമെന്നും മറ്റുള്ളവരെ കടന്നുകയറാൻ അനുവദിക്കാത്ത വിധം അവരുടെ വാസസ്ഥലങ്ങൾ സംരക്ഷിതമേഖലയായി സൂക്ഷിക്കണമെന്നുമുള്ള നിർദ്ദേശം വിഖ്യാത നരവംശശാസ്ത്രകാരനായ വെരിയർ എൽവിൻ നെഹ്റുവിന് മുന്നിൽ വെച്ചിരുന്നതായി വായിച്ചിട്ടുണ്ട്. ആ നിർദ്ദേശം സ്വീകരിച്ചിരുന്നുവെങ്കിൽ ഇന്ത്യയിലെ ആദിവാസികളുടെ ജീവിതം ഇന്നത്തേതിനെക്കാൾ വളരെ മെച്ചപ്പെട്ടതാകുമായിരുന്നോ? അതോ അത് ഇപ്പോൾ അങ്ങേയറ്റം പരിതാപകരമായ അവസ്ഥയിൽ എത്തിച്ചേർന്നിട്ടുണ്ടാവുമോ? ഈ കാര്യങ്ങളിലേക്കും അവയോട് ചേർന്നുപോവുന്ന പല ഓർമ്മകളിലേക്കും അവ്യാഖ്യേയമായ ഏതൊക്കെയോ വികാരങ്ങളുമായി നടന്നും ഓടിയും ഇടയ്ക്ക് പലതും സംശയിച്ചുനിന്നും പിന്നെയും നടന്നും ചെന്നുചേർന്നു ഷിനിലാലിന്റെ കഥ വായിച്ചപ്പോൾ എന്റെ മനസ്സ്.