നീയെന്തിനാ ഇപ്പോൾ ഓടിപ്പിടിച്ചു നാട്ടിൽ വന്നതെന്ന് ബന്ധുക്കൾ, അച്ഛന്റെ പണിപോയോയെന്ന് മക്കൾ; കൊറോണയെപ്പേടിച്ച് നാട്ടിൽ വന്നപ്പോൾ...
Mail This Article
ഓടിക്കോ, പ്രവാസി വരുന്നുണ്ട് (കുറിപ്പ്)
പണ്ട്, തെക്കനെയും പാമ്പിനെയും ഒരുമിച്ചു കണ്ടാല്‍ ആദ്യം തെക്കനെ വേണം തല്ലിക്കൊല്ലാന്‍ എന്ന് ഗൾഫിൽ ഒരു പറച്ചിൽ ഉണ്ടായിരുന്നു. ഇപ്പോൾ നാട്ടിൽ ഗൾഫുകാരുടെ സ്ഥിതി മൊത്തത്തിൽ അങ്ങനെ ആയി. കൊറോണയെക്കാളും പേടി നാട്ടാർക്ക് അവരെ ആണ്. നാട്ടിൽ കോവിഡ് കാലം തുടങ്ങിയതിനു മുമ്പു നാട്ടിൽ എത്തിയ ഗൾഫുകാരനു പോലും ഇപ്പോൾ വീടിനുപുറത്ത് തല കാണിക്കാൻ മടിയാണ്. അമേരിക്കയിലോ യൂറോപ്പിലോ നിന്ന് അവധിക്കു വന്ന പ്രവാസിയുടെ കാര്യം പറയുകയേ വേണ്ട, അവരെ ടെലിഫോൺ വിളിക്കാൻ കൂടി നാട്ടുകാർക്ക് പേടി ആണ്. ടെലിഫോണിൽ കൂടിയെങ്ങാനും കൊറോണ പകർന്നാലോ ?
പണ്ടൊക്കെ നാട്ടിൽ എത്തിയാൽ ബർമുഡയും കൂളിങ് ഗ്ലാസ്സും വെച്ച് ഇന്നോവക്കാറിൽ നഗരത്തിൽ ചുറ്റിയടിക്കാനും പരിചയക്കാരെ കാണാനും പോയിരുന്ന പ്രവാസികൾ ഇപ്പോൾ വീടിന് പുറത്ത് ഇറങ്ങിയാൽ അയൽപക്കകാർ ചാടി വീടിനുള്ളിൽ കയറും. പിന്നെ ജനാലയുടെ കർട്ടൻ വിടവിലൂടെ നീണ്ടുവരുന്ന കാകദൃഷ്ടികൾ.. പ്രവാസികളുടെ മുറ്റത്തുകൂടെ ഉള്ള നടപ്പും ഇരുപ്പും നോക്കി സിഐഡി മൂസയെപ്പോലെ ഇരിപ്പുണ്ട്. എങ്ങാനും ഗേറ്റ് തുറന്നു പുറത്ത് ഇറങ്ങിയാൽ പൊലീസിൽ വിളിച്ചു പറയാൻ നമ്പറും ഡയൽ ചെയ്തുകൊണ്ടാണ് പലരുടെയും ഇരിപ്പ്.
നാട്ടിൽ എത്തിയാൽ ചന്തയിൽ പോയി മുന്തിയ അയക്കൂറയും ആവോലിയും ഫ്രഷ് ചിക്കനും പോത്തും വാങ്ങാൻ ഇറങ്ങിയിരുന്ന ഗൾഫുകാരെ ഇപ്പോൾ മരുന്നിനുപോലും കാണാൻ ഇല്ല. മത്തി, ചാള, നെത്തോലി തുടങ്ങിയ വമ്പൻ മീനുകൾ വീട്ടുകാർ ആരെയെങ്കിലും വിട്ടു ഫിഷ് സ്റ്റാളിൽനിന്ന് നിന്ന് വാങ്ങി കറിവെച്ചാൽ പഞ്ചാമൃതം പോലെ ശാപ്പിടാൻ അവർ റെഡി. നാട്ടിൽ ചക്കയുടെ സീസൺ ആയതിനാൽ ലോക്ഡൗൺ കാലത്ത് പ്രവാസിക്കു ജീവിതത്തിൽ ഇന്നേവരെ കഴിച്ചിട്ടില്ലാത്ത ചക്ക വിഭവങ്ങൾ തിന്നാൻ ഒരു അവസരം ആയി.
പഴുത്ത ചക്ക, പച്ച ചക്ക വേവിച്ചത്, ചക്കപ്പുഴുക്ക്, ഇടിച്ചക്ക തോരൻ, ചക്കചിപ്സ്, ചക്ക എരിശ്ശേരി, ചക്ക അട, ചക്കപ്രഥമൻ, ചക്ക ചമ്മന്തി, ചക്കക്കുരു മെഴുക്കുപുരട്ടി, ചക്കക്കുരു ചെമ്മീൻ കറി, ചക്കബജി, ചക്കഷേക്ക്, ചക്കപപ്പടം ഒടുവിൽ ചക്ക ചവിണി തോരൻ വരെ ആയി. അങ്ങനെ ഒരുപാട് ചക്ക ഐറ്റംസ്. എല്ലാ ഭക്ഷണത്തിനുമിപ്പോൾ നല്ല രുചി. ചേനത്തണ്ട്, ചേമ്പില താള്, മുരിങ്ങയില എന്നു വേണ്ട ചൊറിയിണത്തിന്റെ ഇല കൊണ്ട് വരെ തോരനും വറവലും ഉണ്ടാക്കാം എന്ന് മലയാളി പഠിച്ചു.
മാങ്ങ, മുരിങ്ങക്കായ, കോവയ്ക്ക എന്നിവയ്ക്ക് എന്നാ ഡിമാൻഡ്. ഉണക്കമീൻ വറുത്താലും ബഹുകേമം. ഇതിനൊപ്പം ചമ്മന്തി മാത്രമുണ്ടെങ്കിൽ ചോറുണ്ണുന്നത് അറിയില്ലെന്നു കോട്ടിലും സൂട്ടിലും കറങ്ങി നടന്ന അമേരിക്കൻ പുലികൾ പോലും സമ്മതിച്ചു തുടങ്ങി. കേരളം കണികണ്ടുണരുന്ന നന്മ ഇപ്പോൾ മിക്കയിടത്തും കിട്ടാക്കനി ആയി മാറി. മിൽമ പാലൊക്കെ ഇപ്പോൾ ആർഭാടം .രാവിലെ ചായ നിർബന്ധമാക്കിയ പലർക്കുമിപ്പോൾ കട്ടനാണു പ്രിയം. കട്ടനായാൽ കടുപ്പം അല്പം കൂട്ടിക്കോ എന്നാണ് അടുക്കളയിലേക്കുള്ള ഓർഡർ.
പണ്ടൊക്കെ ചോക്കലേറ്റും ബദാമും പിസ്തയും ഒക്കെ അയൽവീട്ടിൽ കൊടുത്താൽ ചാടിപ്പിടിച്ചു വാങ്ങി തിന്നുന്ന അയൽവാസികൾ ഇപ്പോൾ അതൊക്കെ കൊടുത്താൽ കയ്യോടെ എടുത്തു കച്ചട ഡ്രമ്മിൽ ഇടുക ആണ്. അതിനോടൊപ്പം വല്ല കൊറോണ വൈറസിനെയും ഇമ്പോർട്ട് ചെയ്തു കൊണ്ടുവന്നുകാണും എന്ന പേടി ആണ് കാരണം. വെറുതെ വേലിക്ക് കിടന്നതിനെ എടുത്തു വേഷ്ടിയിൽ വയ്ക്കണ്ട എന്നതാണ് അയൽക്കാരുടെ മനോഗതം. മിക്കവീടുകളിലും ഗൾഫിൽ നിന്ന് കൊണ്ടുവന്ന പെട്ടികൾ അനാഥ പ്രേതങ്ങളെ പ്പോലെ വീടിന്റെ മൂലയിൽ കിടക്കുക ആണ്. പ്ലെയിൻ കേറി വന്നതല്ലേ തൊട്ടാൽ ഇനി കൊറോണ എങ്ങാനും പകർന്നാലോ?
കൊറോണക്കാലത്തെ ക്ഷമയോടെ നേരിടുക ആണ് നാട്ടിൽ എത്തിയ ഓരോ പ്രവാസിയും നേരിടുന്നത്. കോവിഡ് കാലത്ത് നാട്ടിൽ എത്തിയ പ്രവാസികളിൽ മിക്കവാറും എല്ലാവരും അക്ഷരാർത്ഥത്തിൽ പെട്ടുപോയി. ‘നീയെന്താടാ ഇപ്പോൾ ഓടിപ്പിടിച്ചു നാട്ടിൽ എത്തിയത്’ എന്ന് ബന്ധുക്കളും ‘ചേട്ടൻ ഇപ്പോ എന്തിനാ നാട്ടിലേക്ക് കെട്ടിഎടുത്തത്’ എന്ന് ഭാര്യയും ‘അച്ഛന്റെ പണി പോയോ’ എന്ന് മക്കളും ചോദിക്കുമ്പോൾ കുനിഞ്ഞിരുന്നു കാൽകൊണ്ട് നക്ഷത്രം വരയ്ക്കുക ആണ് മിക്ക പ്രവാസികളും. റോഡിലിറങ്ങി നടക്കാൻ പറ്റാത്തതിനാൽ ‘എപ്പ വന്നു, എപ്പോഴാ തിരിച്ചു പോകുന്നത്’ എന്ന നാട്ടാരുടെ ക്ളീഷേ ചോദ്യത്തിൽ നിന്ന് കഴിച്ചിലായി.
ഗൾഫുകാരോടുള്ള നാട്ടുകാരുടെ സമീപനത്തിലെ മാറ്റം കണ്ട് ഞെട്ടിയിരിക്കുകയാണ് മിക്ക പ്രവാസികളും. നാട്ടിൽ അവധിക്ക് എത്തിയാൽ ഗൾഫുകാരന്റെ വീട്ടിലേക്കു ഇരച്ചെത്തുന്ന പതിവുകൂടലുകാരായ ചങ്കു ചങ്ങാതിമാരെ ആരെയും കാണാനില്ല. പിരിവുകാരും ഇൻഷുറൻസ് ഏജന്റുമാരും, എന്തിനുപറയാൻ പിച്ചക്കാർ പോലും പടി കയറാതെ ആയി.
കൊറോണ വൈറസിന്റെ മൊത്ത വിതരണക്കാരാണ് ഗൾഫുകാരെന്ന് നാട്ടിൽ മിക്കവരുടെയും ധാരണ. എന്തായാലും ഒരു കൊറോണ വന്നതോടെ പ്രവാസികൾക്ക് കാര്യം മനസ്സിലായി. പ്രവാസിയെ നാട്ടുകാർക്ക് കാശിനു പതിനാറാണ്. പ്രവാസികളെ പുച്ഛിക്കുന്നവരേ, പക്ഷേ നിങ്ങൾ ഒരു കാര്യം മറക്കരുത്, പ്രവാസിയുടെ ചോരയും നീരുമാണ് കേരളത്തെ നമ്പർ വൺ സംസ്ഥാനമാക്കി മാറ്റിയത്. പണ്ട് അക്ബർ ചക്രവർത്തി വീർബലിനോട് പറഞ്ഞു ഒരു വാചകം ഭിത്തിയിൽ എഴുതണം. പക്ഷേ ഒരു നിബന്ധന. ആ വാചകം സന്തോഷമുള്ളവൻ നോക്കിയാലും സങ്കടമുള്ളവൻ നോക്കിയാലും ഒരുപോലെ ആശ്വാസം നൽകണം. വീർബൽ എഴുതി
‘ഈ സമയവും കടന്നുപോകും’
കൊറോണക്കാലം ഇന്നോ നാളെയോ കഴിയും. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണായിരുന്ന പ്രവാസികൾ അവിടെത്തന്നെ കാണും .. ഞങ്ങടെ പുളിഞ്ചിയും പൂക്കും...
English Summary : Odikko Pravasi Varunnund By Samson Mathew