ADVERTISEMENT

ഉണ്ണി മുകുന്ദന്റെ മസിൽ ഒരൽപം കുറഞ്ഞിട്ടുണ്ട്. ‘ഉണ്ണിക്കുടവയർ’ വച്ചു. ശരീരഭാരവും കൂടി. ഒറ്റനോട്ടത്തിൽത്തന്നെ മാറ്റം വ്യക്തം. മലയാളികളുടെ പ്രിയപ്പെട്ട ‘മസിലളിയൻ’ സിക്സ് പാക്ക് വേണ്ടെന്നു വയ്ക്കുകയാണോ? കൊച്ചിയിൽ നേരിട്ടു കണ്ടപ്പോൾ ആദ്യത്തെ ചോദ്യത്തിന് ഉണ്ണിയുടെ മറുപടി ഇങ്ങനെ...

 

unni-horse

‘‘ ശരീരം തികച്ചും വ്യക്തിപരമായ കാര്യമാണ്. ഓരോരുത്തരുടെയും ജീവിതശൈലിക്കനുസരിച്ചാണ് ശരീരം രൂപപ്പെടുക. എനിക്കു ശരീരകാര്യത്തിൽ താൽപര്യമുള്ളതിനാൽ അതിനെ ഒരുക്കി എടുക്കാൻ ഞാൻ പരിശ്രമിച്ചു എന്നേയുള്ളൂ. എന്നാൽ ഒരു നടനു തന്റെ കഥാപാത്രം ആവശ്യപ്പെടുന്ന രീതിയിൽ ശരീരത്തെ മാറ്റിയെടുക്കാൻ കൂടി കഴിയണം. അത് അവന്റെ തൊഴിലിനോടും അതിലുപരി കലയോടുമുള്ള പ്രതിബന്ധതയാണ്. മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കർ അഭ്യാസിയാണ്. വഴക്കവും കരുത്തുമുള്ള യോദ്ധാവിന്റെ ശരീരം ആവശ്യപ്പെടുന്ന കഥാപാത്രം.   എന്നാൽ, ‘മേപ്പടിയാൻ’ എന്ന എന്റെ പുതിയ ചിത്രത്തിലെ നായകൻ ‘ജയകൃഷ്ണന്‍’ ഇതിനു നേരെ വിപരീതമാണ്. ആ കഥാപാത്രത്തിനായുള്ള തയാറെടുപ്പാണു ശരീരത്തിലെ ഈ മാറ്റം. ഷർട്ടൂരിയാൽ കുടവയർ പുറത്തു ചാടും! പുറത്തിറങ്ങുന്ന സമയത്തൊക്കെ ശ്വാസം പിടിച്ചു കുടവയർ ഉള്ളിലേക്കു പിടിക്കേണ്ടി വരുന്നു. എങ്കിലും ഞാൻ അത് ആസ്വദിക്കുന്നു’’. 

 

‘മാമാങ്കം’ തിയറ്ററുകൾ നിറഞ്ഞോടുമ്പോൾ ഏറെ അഭിനന്ദനങ്ങൾ നേടിയ ‘ചന്ദ്രോത്ത് പണിക്കരെ’ യാഥാർഥ്യമാക്കിയ ഉണ്ണി തന്റെ പുതുവർഷ പ്രതീക്ഷകളും അനുഭവങ്ങളും മെട്രോ കൊട്ടകയോടു പങ്കുവയ്ക്കുന്നു...

 

മേപ്പടിയാൻ?

 

വിഷ്ണു മോഹനാണു സംവിധായകൻ. നടന്‍ ശ്രീനിവാസൻ ഒരു ഇടവേളയ്ക്കു ശേഷം പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണിത്. ആദ്യമായാണു ഞാൻ അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ ഒന്നിക്കുന്നത്. മേപ്പടിയാൻ ഒരു ചെറിയ ചിത്രമാണ്. മാമാങ്കവുമായുള്ള ഒരു താരതമ്യത്തിനു പ്രേക്ഷകർ മുതിരും എന്നറിയാവുന്നതു കൊണ്ടാണു ചെറിയ ചിത്രം എന്നെടുത്തു പറഞ്ഞത്. എന്നാൽ, എന്റെ മികച്ച കഥാപാത്രങ്ങളിലൊന്നാകും ജയകൃഷ്ണൻ. 

 

unni-mamangam-2

വലിയ സംഘട്ടനങ്ങൾക്കൊന്നും സാധ്യതയില്ലാത്ത, ചെറിയ ജീവിതം നയിക്കുന്ന ഒരു നാട്ടിൻപുറത്തുകാരൻ പയ്യനാണു ജയകൃഷ്ണൻ. നാട്ടിൻപുറത്തുകാരനു സിക്സ് പാക്ക് ഉണ്ടായിക്കൂടാ എന്നല്ല. ജയകൃഷ്ണൻ എന്ന കഥാപാത്രത്തിന് അതാവശ്യമില്ല. എന്റെ ശരീരം ജയകൃഷ്ണൻ എന്ന കഥാപാത്രത്തിന് ഒരു ഭാരമാകരുത് എന്നുള്ളതു കൊണ്ടാണ് മാറാൻ ശ്രമിക്കുന്നത്. സിക്സ്പാക്ക് ആക്കുന്നതിനേക്കാൾ കഠിനമാണു തിരിച്ചുള്ള മാറ്റമെന്നുള്ള തിരിച്ചറിവു കൂടിയാണ് എനിക്ക് ഈ കഥാപാത്രം. 

 

∙ ഉണ്ണിയുടെ കാര്യത്തിൽ ശരീരം അനാവശ്യ ചർച്ചയാകുന്നുണ്ടോ?

 

ഉണ്ണി മുകുന്ദൻ എന്ന നടന്റെ കഥാപാത്രങ്ങളേക്കാൾ  ശരീരത്തിന് അനാവശ്യ ശ്രദ്ധ ലഭിക്കുന്ന ഒരു സ്ഥിതിയുണ്ടെന്നു തോന്നിയിട്ടുണ്ട്. മലയാള സിനിമയിലെ നായകന് അങ്ങനെയൊരു ശരീരം ആവശ്യമില്ലെന്ന പൊതുധാരണയുണ്ട്. എന്നാൽ, നായകന്റെ ഇടി വാങ്ങുന്ന വില്ലനും മണ്ടനായ ഗുണ്ടയ്ക്കുമൊക്കെ സിക്സ്പാക്ക് ശരീരമാണു താനും. ‘ജിമ്മനായി’ വരുന്നവർ മണ്ടൻമാരാണെന്ന ഒരു ധാരണ രൂപപ്പെടാൻ ഇത്തരം ടൈപ്പ് കാസ്റ്റിങ് ഇടയാക്കിയിട്ടുണ്ട്.        

 

∙ചന്ദ്രോത്ത് പണിക്കർ?

 

ഏറെ വെല്ലുവിളികളുള്ള അതിലേറെ പ്രയത്നം വേണ്ടിയിരുന്ന കഥാപാത്രമായിരുന്നു ചന്ത്രോത്ത് പണിക്കർ. എല്ലായ്പോഴും ലഭിക്കുന്ന വേഷമല്ല അത്. പീരിയഡ് സിനിമകൾ മലയാളത്തിൽ അപൂർവമാണ്. അത്തരമൊരു ചിത്രത്തിൽ അത്രയേറെ പ്രാധാന്യമുള്ള ഒരു വേഷം ലഭിക്കുമ്പോൾ അത് ചർച്ച ചെയ്യപ്പെടണം എന്നും അതിനായി കഴിവിന്റെ പരമാവധി നൽകണമെന്നും ആഗ്രഹിച്ചിരുന്നു. തീവ്രമായ വർക്കൗട്ടും കളരിപ്പയറ്റുൾപ്പെടെ ആയോധനകലാ പരിശീലനവും വേണ്ടി വന്നു. കളരി പഠിച്ചോ എന്നു ചോദിച്ചാൽ ഇല്ല. ഏതു കലയായാലും ‘പഠിച്ചു’ എന്നു പറയുന്നത് വളരെ വലിയൊരു വാക്കാണ്. എന്നാൽ എന്റെ കഥാപാത്രത്തിലേക്കു പ്രേക്ഷകരെ വലിച്ചടുപ്പിക്കാൻ പര്യാപ്തമാകും വിധത്തിൽ പരിശീലനം നേടി. എന്നാലിപ്പോൾ, അഭിനന്ദനങ്ങൾ ഏറെ ലഭിക്കുമ്പോൾ ആ പ്രയത്നം വെറുതെയായില്ല എന്നാണു വിലയിരുത്തൽ.  

 

∙ മാമാങ്കം മമ്മൂട്ടിച്ചിത്രമല്ല എന്നും ഉണ്ണിയും അച്യുതനുമാണു ചിത്രം മുന്നോട്ടു കൊണ്ടു പോകുന്നത് എന്നും ഒട്ടേറെപ്പേർ പറഞ്ഞു. കേട്ടപ്പോൾ എന്തു തോന്നി?

 

വളരെ സന്തോഷം തോന്നി. പ്രേക്ഷകർ അങ്ങനെ പറഞ്ഞതിനർഥം മമ്മൂക്കയുടെ കഥാപാത്രം മോശമായെന്നല്ല. ചിത്രത്തിൽ മമ്മൂക്കയില്ലാത്ത ഇടങ്ങളിൽ പ്രേക്ഷകരെ പിടിച്ചിരുത്താൻ എന്റെയും അച്യുതന്റെയും കഥാപാത്രങ്ങൾക്കു കഴിഞ്ഞു എന്നു മാത്രമാണ്. താരസമ്പന്നമായ ഇത്ര വലിയ ഒരു ചിത്രത്തിൽ ഒന്നോ രണ്ടോ കഥാപാത്രങ്ങൾക്ക് ഇത്തരം അഭിനന്ദനം ലഭിക്കുന്നതു ചെറിയ കാര്യമല്ല. ‘മാമാങ്കം’ ചന്ദ്രോത്ത് പണിക്കരുടെ കഥയല്ല. ചന്തുണ്ണിയുടെയും മമ്മൂക്കയുടെ കഥാപാത്രമായ ചന്ദ്രോത്തെ വലിയമ്മാവന്റെയും കഥയാണ്. എന്റേത് ഇവർക്കു രണ്ടിനും നടുക്കു നിൽക്കുന്ന ഒരു കഥാപാത്രം മാത്രമാണ്. അതു ശ്രദ്ധേയമായെങ്കിൽ എന്റെ പ്രയത്നം വെറുതെയായില്ല എന്ന ചാരിതാർഥ്യത്തിന് അർഹതയുണ്ട്. 

 

∙ ഒരു വർഷത്തെ ഇടവേള?

 

മേൽപ്പറഞ്ഞ അതേ കാരണം തന്നെ. അത്രയേറെ ശ്രദ്ധയും അർപ്പണവും വേണ്ടിയിരുന്നു മാമാങ്കത്തിന്. മലയാളത്തിൽ വലിയ ഇടവേള വന്നാൽ ‘ഇപ്പോ സിനിമയൊന്നുമില്ലേ?’ എന്നായിരിക്കും എല്ലാവരുടെയും ആദ്യ ചോദ്യം. എനിക്കും ഇക്കാലയളവിനുള്ളിൽ ഒട്ടേറെത്തവണ ആ ചോദ്യം നേരിടേണ്ടി വന്നിട്ടുണ്ട്. അറിയപ്പെടുന്ന ഏതു നടനും രണ്ടോ മൂന്നോ മാസത്തിൽ ഒരു ചിത്രമുണ്ടാകും എന്നൊരു പൊതുധാരണ തന്നെ മലയാള സിനിമാരംഗത്തുണ്ട്. എന്നാൽ, ഈ ഇടവേള കൊണ്ട് ആളുകൾ മറന്നു പോകുമെന്ന പേടി എനിക്കില്ല.   

 

∙ ഉണ്ണി നായകനായ മികച്ച ചിത്രങ്ങളിൽ പലതും ബോക്സ് ഓഫിസിൽ പരാജയപ്പെടുന്നു. എന്താണ് കാരണം?      

 

ഒട്ടേറെ കാരണങ്ങളുണ്ട്. സ്റ്റൈൽ, ‘കെഎൽ 10 പത്ത്’ തുടങ്ങിയ ചിത്രങ്ങളൊക്കെ ഉദാഹരണം. ‘സ്റ്റൈൽ’ റിലീസിങ് സമയം പ്രശ്നമായിരുന്നു. ‘കെഎൽ 10 പത്തി’ലെ മലബാർ ഭാഷ മനസ്സിലാകാത്തതു പ്രശ്നമായി എന്നു പലരും പറഞ്ഞു. ‘ഒരു മുറൈ വന്നു പാർത്തായ’ എന്ന ചിത്രം ഞാൻ വായിച്ച തിരക്കഥയേ ആയിരുന്നില്ല ഷൂട്ട് ചെയ്തത്.  ‘ഒറീസ’യിലേതു തോറ്റ നായകനായിരുന്നു. ജനം അത് അംഗീകരിച്ചില്ല. എന്നാൽ ഈ ചിത്രങ്ങളെല്ലാം ടിവിയിൽ കണ്ടപ്പോൾ ഒട്ടേറെപ്പേർ വിളിച്ചു നന്നായി എന്ന് പറയുകയും ചെയ്തു. 

 

∙ ഉണ്ണി ആളൊരു ദേഷ്യക്കാരനാണോ? എന്തും വെട്ടിത്തുറന്നു പറയുന്ന പ്രകൃതം ഒട്ടേറെ ശത്രുക്കളെ സമ്മാനിച്ചിട്ടില്ലേ?

 

ദേഷ്യക്കാരനല്ല, എന്നാൽ തുറന്നു പറയാറുണ്ട്. നാം ബഹുമാനം നൽകുന്നതു തിരികെക്കിട്ടാൻ വേണ്ടിക്കൂടിയാണ്. എന്തും വെട്ടിത്തുറന്നു പറയുന്ന പ്രകൃതമാണു നല്ലത് എന്നു പറയുന്നവരുടെ മുന്നിൽപ്പോലും ആ രീതിയിൽ സംസാരിക്കുമ്പോൾ അവർക്കത് ഉൾക്കൊള്ളാൻ പറ്റാത്തതായി കണ്ടിട്ടുണ്ട്. എന്നാൽ എനിക്കു പ്രായത്തിന്റേതായ പക്വത കൂടിയിട്ടുണ്ട്. എന്നാൽ എന്റെ സ്വഭാവത്തിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. 

 

∙ മലയാളത്തിലേക്കാൾ ശക്തമായ കഥാപാത്രങ്ങൾ തന്നത് അന്യഭാഷകളാണോ?

 

അങ്ങനെ പറയാനാവില്ല, കഥാപാത്രങ്ങളുടെ പേരിൽ അറിയപ്പെടാനുള്ള ഭാഗ്യം കിട്ടിയ നടനാണു ഞാൻ. മല്ലു സിങ്, മസിലളിയൻ, ചന്ദ്രോത്ത് പണിക്കർ എല്ലാം കഥാപാത്രങ്ങളാണ്. പലരും അഭിസംബോധന ചെയ്യുന്നത് തന്നെ ഈ പേരുകൾ വിളിച്ചാണ്. മലയാളത്തിൽ കൂടുതൽ ശക്തമായ കഥാപാത്രങ്ങൾ ഞാൻ ചെയ്യണം എന്നു പ്രേക്ഷകർ ആഗ്രഹിക്കുന്നതു കൊണ്ടാണു മറ്റു ഭാഷകളിലെ വേഷങ്ങളുമായി താരതമ്യം വരുന്നത്. തെലുങ്കിലും തമിഴിലും ചെയ്തതും ശ്രദ്ധേയമായ വേഷങ്ങൾ തന്നെ. നമ്മളിൽനിന്ന് പ്രേക്ഷകർ കൂടുതൽ പ്രതീക്ഷിക്കുമ്പോഴാണു വിമർശനം ഉണ്ടാകുന്നത്. അതു ഗുണകരമാണ്. എന്നിൽ പ്രേക്ഷകർക്കു പ്രതീക്ഷയുണ്ടെന്നതാണ് എനിക്കുള്ള ഏറ്റവും വലിയ അഭിനന്ദനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com