25 ദിവസത്തെ ഷൂട്ട് ബാക്കി, സിനിമയ്ക്ക് പേരിട്ടിട്ടുണ്ട്: തരുൺ മൂർത്തി അഭിമുഖം
Mail This Article
വർഷങ്ങൾക്കു ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്ന എൽ360 സിനിമയുടെ യഥാർഥ പേര് ഉചിതമായ സമയത്തു വെളിപ്പെടുത്തുമെന്ന് വ്യക്തമാക്കി സംവിധായകൻ തരുൺ മൂർത്തി. ഇതുവരെ സിനിമയുടെ പേരു പുറത്തുവിടാത്തതിൽ ആരാധകർ പരിഭവിക്കരുതെന്നും ആദ്യം സിനിമയുടെ ഷൂട്ട് പൂർത്തിയാകട്ടെയെന്നും സംവിധായകൻ പറഞ്ഞു. സിനിമയുടെ പേര് എന്തായിരിക്കുമെന്ന ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നതിന് ഇടയിലാണ് തരുണിന്റെ പ്രതികരണം. മോഹൻലാലിന്റെ ജന്മദിനത്തിൽ സിനിമയുടെ പേരു വെളിപ്പെടുത്താൻ ഒരുങ്ങിയതായിരുന്നെങ്കിലും മറ്റു ചില കാരണങ്ങളാൽ അതു നടക്കാതെ പോയതാണെന്ന് തരുൺമൂർത്തി മനോരമ ഓൺലൈനോടു പറഞ്ഞു.
പേരുണ്ട്, സമയം ആകുമ്പോൾ വെളിപ്പെടുത്തും
തിരക്കഥ എഴുതി ലാൽ സാറിന്റെ മുമ്പിൽ അവതരിപ്പിച്ച സമയത്തു തന്നെ സിനിമയ്ക്ക് കൃത്യമായൊരു പേരുണ്ട്. ഈ സിനിമ പ്രഖ്യാപിച്ച സമയം മുതൽ സിനിമയുടെ പേരിനെക്കുറിച്ച് ഒരുപാട് ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഞാൻ അവ കാണാറുണ്ട്. തൽക്കാലം പേര് പ്രഖ്യാപിക്കണ്ട എന്നത് ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു. അദ്ദേഹത്തിന്റെ ഒന്നിലധികം സിനിമകളുടെ ജോലികൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. എംപുരാൻ, ബാറോസ്, ഋഷഭ എന്നിങ്ങനെ കുറച്ചു പ്രോജക്ടുകൾ റിലീസിനായി തയാറെടുക്കുന്നു. അതിനിടയിൽ ഒരു സിനിമ ചെയ്യുമ്പോൾ, തൽക്കാലം ആ സിനിമയെ എൽ360 എന്ന പേരിൽ ഒരു പ്രോജക്ടായി അവതരിപ്പിക്കാം എന്നു തോന്നി.
ലാൽ സാറിനും അതിലൊരു കൗതുകം തോന്നി. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. അങ്ങനെയൊരു പതിവ് ലാൽ സാറിന്റെ സിനിമകളിൽ ഇതുവരെ സംഭവിച്ചിട്ടില്ല. 360 എന്നത് ഒരു മാന്ത്രികസംഖ്യയാണ്. അതൊരു പൂർണസംഖ്യയാണ്. ഒരു പോസിറ്റിവിറ്റിയുള്ള പേരെന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയാണ് സിനിമ അനൗൺസ് ചെയ്തത്. സിനിമ പ്രഖ്യാപിച്ച സമയത്ത് അതു എക്സ് പ്ലാറ്റ്ഫോമിൽ ട്രെൻഡിങ്ങായിരുന്നു.
അന്ന് നടക്കാതെ പോയതിനു പിന്നിൽ
ലാൽ സാറിന്റെ ജന്മദിനത്തിന് പേരു പുറത്തുവിടാമെന്നായിരുന്നു ആദ്യം കരുതിയത്. അതിനായി പോസ്റ്റർ വരെ ഒരുക്കി. പക്ഷേ, ആ ദിവസം തന്നെ എംപുരാന്റെ അപ്ഡേറ്റ് ഉണ്ടായിരുന്നു. അതുകൊണ്ട്, ഈ പ്രോജക്ടിന്റെ ടൈറ്റിൽ ലോഞ്ച് മറ്റൊരു ദിവസം നടത്താമെന്നു തീരുമാനിച്ചു. മലയാളത്തിനു പുറത്തുള്ള ഇൻഡസ്ട്രികളിൽ സൂപ്പർതാരത്തിന്റെ പിറന്നാൾ ദിവസം അവരുടെ ഒന്നിലധികം സിനിമകളുടെ അപ്ഡേറ്റുകൾ വരാറുണ്ട്. ഒരു ദിവസം ഒന്നിലധികം അപ്ഡേറ്റുകൾ വരുമ്പോൾ ഓരോന്നിനും ലഭിക്കുന്ന പ്രാധാന്യം കുറഞ്ഞേക്കാം. അതുകൊണ്ട്, ഈ സിനിമയുടെ പേര് പ്രഖ്യാപിക്കുന്നത് മാറ്റി.
ലാൽ സർ എന്ന വലിയൊരു ബ്രാൻഡ് ഈ സിനിമയ്ക്കൊപ്പമുണ്ട്. കൂടാതെ ശോഭനയെപ്പോലൊരു അഭിനേത്രി, രജപുത്ര എന്ന പ്രൊഡക്ഷൻ ഹൗസ്! ഈ സിനിമയ്ക്ക് അതിന്റേതായ ഒരു ഇടം എപ്പോഴുമുണ്ട്. ബറോസ് വൈകാതെ റിലീസ് ആകും. ബാക്കി സിനിമകളുടെ അപ്ഡേറ്റുകൾ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നു. ഈ സിനിമകൾക്കിടയിൽ എൽ360 വേറിട്ടു തന്നെ നിൽക്കട്ടെ എന്നു തോന്നി.
ധൃതി ഇല്ല, ഇതൊരിക്കൽ മാത്രം സംഭവിക്കുന്നത്
ആരാധകരുടെ വികാരം എനിക്കു മനസിലാകും. ലാൽ സാറിനോടുള്ള സ്നേഹം ആണ് അവരെ അക്ഷമരാക്കുന്നത്. ആവേശം കൊണ്ടാണ് അവർ സിനിമയുടെ പേരു ചോദിക്കുന്നത്! ആ ആവേശം ചോരാതെ കൊണ്ടുപോവുക എന്നതാണ് എന്റെ വെല്ലുവിളി. ആദ്യം ഷൂട്ട് തീരണം. അതു കഴിഞ്ഞ് ഡിസൈനുകൾ ഒന്നു കൂടി നോക്കി ഉറപ്പാക്കി വേണം പുറത്തു വിടാൻ! ധൃതി വയ്ക്കുന്നില്ല. ഇതെല്ലാം ഒരിക്കൽ മാത്രം സംഭവിക്കുന്ന കാര്യങ്ങളല്ലേ! പോസ്റ്റർ ആയാലും ഫസ്റ്റ് ലുക്ക് ആയാലും ടീസർ ആയാലും ഒരിക്കൽ അല്ലേ വിടാൻ പറ്റൂ. ഏറെ ശ്രദ്ധ കൊടുത്ത് ഏറ്റവും മികച്ചത് ഒരുക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ വലിയൊരു ഉത്തരവാദിത്തം എനിക്കുണ്ട്. സിനിമ നല്ലതാവുകയാണെങ്കിൽ എനിക്കു ലഭിക്കുന്ന സ്വീകാര്യതയെക്കുറിച്ചും മറിച്ചു സംഭവിച്ചാൽ നേരിടേണ്ടി വരുന്ന അവഗണനയെക്കുറിച്ചും ഞാൻ ബോധവാനാണ്. അപ്പോൾ ഞാൻ ആ സ്വീകാര്യത നേടിയെടുക്കാൻ അല്ലേ ശ്രമിക്കൂ.
ആരാധകരാണ് കരുത്ത്
സിനിമയുടെ പേരു പോലും ഇത്രയേറെ ആവേശത്തോടെ കാത്തിരിക്കുന്ന ആരാധകരാണ് നമ്മുടെ കരുത്ത്. അവരോടു പറയാനുള്ളത് ഒന്നു മാത്രം, നിങ്ങൾ ഇപ്പോൾ ഒന്നും പ്രതീക്ഷിക്കണ്ട. നിങ്ങൾ പ്രതീക്ഷിക്കുന്നത് എന്താണെന്ന് അറിയില്ല. എന്റെ കയ്യിലുള്ള തിരക്കഥ അനുസരിച്ചാണ് ഞാൻ വർക്ക് ചെയ്തിരിക്കുന്നത്. ആരാധകരുടെ പ്രതീക്ഷ എന്താണെന്ന് എനിക്കറിയില്ല. അതൊരിക്കലും അറിയാനും കഴിയില്ല. പക്ഷേ, ഒരോ സീൻ വർക്ക് ചെയ്യുമ്പോഴും പ്രേക്ഷകരാണ് എന്റെ മാനദണ്ഡം.
എങ്ങനെയെങ്കിലും ഒരു സിനിമ എടുക്കുക എന്നതല്ല എന്റെ ലക്ഷ്യം. എന്റെ കരിയറിൽ കിട്ടിയ വലിയ അവസരമാണ് ഇത്. ഇനി ഇങ്ങനെയൊന്നു സംഭവിക്കുമോ എന്ന് അറിയില്ല. അങ്ങനെ സംഭവിക്കട്ടെ എന്നാണ് ആഗ്രഹവും പ്രാർഥനയും. എന്തായാലും, ലഭിച്ച അവസരം ഏറ്റവും മികച്ച രീതിയിൽ വിനിയോഗിക്കുക എന്നതാണ് എന്റെ ലക്ഷ്യം. 70 ദിവസത്തെ ഷൂട്ട് കഴിഞ്ഞുള്ള ഷെഡ്യൂൾ ബ്രേക്കിലാണ് ഇപ്പോൾ. 20–25 ദിവസത്തെ ഷൂട്ട് ഇനിയും ഉണ്ട്. ലാൽ സർ എംപുരാന്റെ ഷൂട്ടിലാണ്. അദ്ദേഹം തിരിച്ചെത്തിയാൽ ഷൂട്ട് വീണ്ടും തുടങ്ങും.