മമ്മൂട്ടി പറഞ്ഞു, ‘അത് അവൻ ചെയ്യട്ടെ’; ശരിയാകില്ലെന്ന് കലൂർ ഡെന്നിസ്, ഒടുവിൽ! ബസൂക്കയുടെ വിശേഷം പങ്കിട്ട് സംവിധായകൻ

Mail This Article
കൊച്ചിക്കായലിലെ കാറ്റേറ്റ തണുത്ത സായാഹ്നം. മറൈൻഡ്രൈവിലെ അശോക അപ്പാർട്മെന്റിലിരുന്ന് കലൂർ ഡെന്നീസ് കഥകളുടെ റീലുകളിലൂടെ കാലങ്ങൾ മാറിമാറി സഞ്ചരിക്കുകയാണ്. മകനും സംവിധായകനുമായ ഡീനോ ഡെന്നീസ് ഒപ്പമുണ്ട്. ഒരുകാലത്ത് മലയാള സിനിമയിലെ ഫ്രെയിമുകളിൽ ‘സ്ഥിരം താര’മായി നിറഞ്ഞതാണ് അശോക അപ്പാർട്മെന്റ് കെട്ടിടം. കൂളിങ് ഗ്ലാസ് ധരിച്ച മമ്മൂട്ടിയും ഓയിൽ സാരിയുടത്ത സുമലതയും നിറക്കൂട്ടിലെ ‘പൂമാനമേ ’ എന്ന പാട്ട് സീനിൽ പ്രത്യക്ഷപ്പെടുമ്പോൾ പല വട്ടം ഈ ഫ്ലാറ്റ് സ്ക്രീനിൽ വരുന്നുണ്ട്.
സൂപ്പർ ഹിറ്റ് സിനിമകൾ പലതും എഴുതിയ തിരക്കഥാകൃത്ത് കലൂർ ഡെന്നീസും അന്നു താരം. സിനിമകളിൽ നിന്നു സിനിമകളിലേക്ക് ഓടിക്കൊണ്ടിരുന്ന കാലം. ഒരു വർഷം 12 സിനിമകൾ വരെ കലൂർ ഡെന്നീസിന്റെ തിരക്കഥയിലൊരുങ്ങിയ കാലമുണ്ടായിരുന്നു. മമ്മൂട്ടി നായകനായ ഒട്ടേറെ സിനിമകളുടെ തിരക്കഥ കലൂർ ഡെന്നീസായിരുന്നു. എഴുതിയ സിനിമകൾ പലതും വിഷു റിലീസായെത്തി ഹിറ്റ് ചാർട്ടിൽ ഇടം നേടിയതു കണ്ടിട്ടുള്ള ഡെന്നീസിന്റെ വീട്ടിൽ നിന്നാണ് ഇത്തവണത്തെ വിഷു റിലീസ് ചിത്രങ്ങളിലൊന്ന്. മമ്മൂട്ടി നായകനായ ‘ബസൂക്ക’യുടെ സംവിധാനവും തിരക്കഥയും കലൂർ ഡെന്നീസിന്റെ മകൻ ഡീനോ ഡെന്നീസാണ്. സിനിമയിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചും സിനിമകളെക്കുറിച്ചും രണ്ടു തലമുറയ്ക്കും പറയാനേറെ.
ഡീനോ തിരക്കഥാകൃത്തും സംവിധായകനായും സിനിമയിൽ എത്തിയതിനെക്കുറിച്ച്?
കലൂർ ഡെന്നീസ്: ഞാൻ എഴുതി, മൂന്നു സംവിധായകർ ഒരുക്കിയ മമ്മൂട്ടി സിനിമകൾ ഒരു വിഷുക്കാലത്ത് അടുത്തടുത്തായി റിലീസ് ചെയ്തിട്ടുണ്ട്, 1986ൽ. ജോഷിയുടെ ‘ക്ഷമിച്ചു എന്നൊരു വാക്ക്’, കെ.മധുവിന്റെ ‘മലരും കിളിയും’, പി.ജി.വിശ്വംഭരന്റെ ‘പ്രത്യേകം ശ്രദ്ധിക്കുക’ എന്നിവയായിരുന്നു ചിത്രങ്ങൾ. അത്തരമൊരു നേട്ടം മലയാള സിനിമയിൽ മറ്റൊരു തിരക്കഥാകൃത്തിനുമുണ്ടെന്നു തോന്നുന്നില്ല. ഈ വിഷു റിലീസിന് മകൻ എഴുതി, സംവിധാനം ചെയ്ത ബസൂക്ക തിയറ്ററിലെത്തിയതു സന്തോഷമുള്ള കാര്യമാണ്; അതും മമ്മൂട്ടി നായകനായ സിനിമ.
സിനിമയോടു താൽപര്യം കാണിച്ചിരുന്നെങ്കിലും ഡീനോ സിനിമ എഴുതുമെന്നോ സംവിധാനം ചെയ്യുമെന്നോ ഞാൻ കരുതിയിരുന്നില്ല. ഒരിക്കൽ എന്നോടൊരു കഥയുടെ ആശയം പറഞ്ഞപ്പോൾ അതിൽ പുതുമ തോന്നി. നിർമാതാവ് എവർഷൈൻ മണി വീട്ടിൽ വന്നപ്പോൾ ഞാൻ ഇക്കാര്യം പറഞ്ഞു. മണിയാണ് സംവിധായകൻ ജോഷിയെ വിളിച്ചു പറഞ്ഞത്. ജോഷിക്കു വേണ്ടി ഒരുപാട് സിനിമകൾ ഞാൻ എഴുതിയിട്ടുണ്ട്. അങ്ങനെ ഞങ്ങൾ മൂന്നു പേരും കൂടി ജോഷിയെ പോയി കണ്ടു. ഡീനോ വിശദമായിത്തന്നെ കഥ പറഞ്ഞു. കഥയെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ഡീനോയോട് അതുചെയ്യാൻ ജോഷി തന്നെ പറഞ്ഞു. സംവിധാനം ചെയ്യണമെന്ന ഉദ്ദേശ്യമില്ലാത്തതുകൊണ്ട് അതു കാര്യമായി എടുത്തില്ല. കഥ മമ്മൂട്ടിയോടു പറയാനും പറഞ്ഞു. അങ്ങനെ മമ്മൂട്ടിയോടു കഥ പറഞ്ഞു. ചില സംവിധായകരുടെ പേര് അദ്ദേഹത്തോടും പറഞ്ഞിരുന്നു. അതു കേട്ടിട്ട് വേണമെന്നും വേണ്ടെന്നും മമ്മൂട്ടി പറഞ്ഞില്ല. അങ്ങനെ ഒരു ദിവസം എന്നെ വിളിച്ച് മമ്മൂട്ടി പറഞ്ഞു ‘അത് അവൻ തന്നെ ചെയ്യട്ടെ. അവൻ അതിൽ നന്നായി വർക്ക് ചെയ്തിട്ടുണ്ട്’. അതു കേട്ടപ്പോൾ ഞങ്ങൾ കിടുങ്ങിപ്പോയി. സംവിധാനമെന്നു പറയുന്നത് ചെറിയ കാര്യമല്ലല്ലോ. പുതിയ ആളായതു കാരണം കുറച്ച് സമയമെടുത്താണ് ചെയ്തത്. ഡീനോ നന്നായി ചെയ്യുന്നുണ്ടെന്നു മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. മമ്മൂട്ടി ധൈര്യം കൊടുത്തതുകൊണ്ടാണ് അവൻ സംവിധാനം ചെയ്തത്.
ഡീനോ ഡെന്നീസ്: ചെറുപ്പം മുതൽ സിനിമ താൽപര്യമുള്ള മേഖലയാണ്. എന്റെ ചെറുപ്പത്തിൽ പപ്പ തിരക്കിട്ടുനടന്നു സിനിമ ചെയ്യുന്ന കാലമായിരുന്നു. എങ്ങനെ സിംപിളായി സിനിമയിലെത്താമെന്ന ആലോചനയിലാണ് സ്ക്രിപ്റ്റ് റൈറ്റർ ആകാമെന്നു കരുതിയത്. എംബിഎ കഴിഞ്ഞു മറ്റു ജോലിക്കു പോയെങ്കിലും സിനിമ മനസ്സിൽ കിടന്നു.ഇതിനിടയ്ക്കാണ് മമ്മൂക്കയോടു കഥ പറയാൻ അവസരം കിട്ടിയത്. സംവിധാനം ആരാണെന്നു ചോദിച്ചപ്പോൾ കുറച്ചുപേരുടെ പേരു പറഞ്ഞെങ്കിലും ‘ഞാൻ പറയാം’ എന്നു പറഞ്ഞുവിട്ടു. പപ്പയെ വിളിച്ച്, ഞാൻ സംവിധാനം ചെയ്യണമെന്നു മമ്മൂക്ക പറഞ്ഞപ്പോൾ അതു ശരിയാകില്ലെന്നാണു പപ്പ ആദ്യം പറഞ്ഞത്. സംവിധായകനായി എന്റെ പേരു പറഞ്ഞപ്പോൾ എനിക്കും ടെൻഷനായി. എന്നോടും അദ്ദേഹം അതു പറഞ്ഞപ്പോൾ പിന്നീട് സിനിമയ്ക്കു വേണ്ടിയായി ഓട്ടമെല്ലാം.
തിരക്കഥയിൽ ഉപദേശം?
കലൂർ ഡെന്നീസ്: സ്ക്രിപ്റ്റ് എന്നെ കാണിച്ചെങ്കിലും ഞാൻ അതിൽ ഇടപെട്ടിട്ടില്ല. എന്റെ രീതിയിലുള്ള തരം തിരക്കഥയല്ലല്ലോ. ഗെയിം ത്രില്ലർ സ്വഭാവത്തിലുള്ള സിനിമയാണ്. നമുക്ക് അത്തരം കഥയുമായി ബന്ധമില്ല. അധികം ദൈർഘ്യം വരരുത്, ലാഗ് പാടില്ല എന്നതാണ് എപ്പോഴും പറഞ്ഞിട്ടുള്ള കാര്യങ്ങൾ.
ഡീനോ ഡെന്നീസ്: വെറുതെ എഴുതിക്കൂട്ടരുത് എന്നുതന്നെയാണ് പപ്പ തന്ന ഉപദേശം. പപ്പയുടെ സിനിമകളും സീനുകളുമെല്ലാം ഹ്രസ്വമായിരിക്കും. ഞാൻ ആദ്യം എഴുതിയത് അദ്ദേഹത്തെ കാണിച്ചപ്പോൾ സീനുകളുടെ ദൈർഘ്യത്തെക്കുറിച്ച് ദേഷ്യപ്പെടുമായിരുന്നു. ചിത്രീകരണം അടുത്തു വന്നതോടെ അദ്ദേഹം പറഞ്ഞതെല്ലാം കൃത്യമായി തോന്നി.
സിനിമയിലെ മാറ്റങ്ങൾ?
കലൂർ ഡെന്നീസ്: രണ്ടോ മൂന്നോ പടങ്ങൾ ചെയ്തുകഴിഞ്ഞ് ആ സംവിധായകരും എഴുത്തുകാരും എവിടെപ്പോയെന്നു ചിന്തിക്കാറുണ്ട്. പഴയ കാലം അല്ലല്ലോ. പുതിയ ആളുകൾ വന്നു കൊണ്ടേയിരിക്കുന്നു. ഒരു വർഷം ഞാൻ 12 സിനിമകൾ വരെ എഴുതിയ കാലമുണ്ട്. മമ്മൂട്ടിക്കായി തുടർച്ചയായി എഴുതിയിരുന്നു. 22 സിനിമകൾ അക്കാലത്തു മമ്മൂട്ടിക്കു വേണ്ടിയെഴുതി. കുടുംബസമേതവും പൈതൃകവും ഉൾപ്പെടെ അക്കാലത്തു ചെയ്യാനായി.
നായകനായി സിനിമയിൽ തുടങ്ങിയ ഡിനു സഹോദരന്റെ സിനിമയിലൂടെ വീണ്ടുമെത്തിയത്?
കലൂർ ഡെന്നീസ്: ഡിനു ചെയ്ത ആദ്യ രണ്ടു സിനിമകളും ശ്രദ്ധിക്കപ്പെട്ടില്ല. ‘പരിപാടി നിർത്തിക്കോ’ എന്നു ഞാനും പറഞ്ഞു. ഡിനു എൻജിനീയറിങ് കഴിഞ്ഞിരുന്നു. പിന്നീട് ഐടി രംഗത്തേക്കു പ്രഫഷൻ മാറി. ഇപ്പോൾ ബസൂക്കയിൽ ഒരു പൊലീസ് വേഷം ചെയ്തിട്ടുണ്ട്.
ഡീനോ ഡെന്നീസ്: കുറെ നാളുകൾക്കു ശേഷമാണ് ഡിനു ഒരു സിനിമയിൽ അഭിനയിച്ചത്. ആദ്യ രണ്ടു സിനിമയ്ക്കു ശേഷവും സിനിമയിലേക്കു വിളിച്ചിരുന്നെങ്കിലും ജോലിയും കുടുംബവുമായി തിരക്കിലായി. ഡിനുവിന്റെ മനസ്സിൽ എപ്പോഴും സിനിമയുണ്ട്. ഞാൻ ചെയ്ത സിനിമയായതുകൊണ്ട് വീണ്ടും അഭിനയിച്ചതാണ്.