ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

ദുബായ്: കഴിഞ്ഞ ദിവസം ദുബായിലെത്തിയ ഉടൻ അന്ന രേഷ്മ രാജൻ എന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട ലിച്ചി അന്വേഷിച്ചത് ഇവിടെ ഏറ്റവും സ്വദേശി ഭക്ഷണം കിട്ടുന്ന നല്ല റസ്റ്ററൻ്റ് എവിടെ എന്ന്. ‘ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നയാളാണ് ഞാൻ. ഒരു നാട്ടിൽ ചെന്നാൽ ആ നാട്ടിലെ ഭക്ഷണം കഴിക്കണമെന്നാണ് എന്റെ അഭിപ്രായം. ലോകത്തെ എല്ലായിടത്തേയും ഭക്ഷണം കിട്ടുന്ന ഏക കേന്ദ്രം ദുബായിയാണെന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ട് ഇങ്ങോട്ട് വരുമ്പോൾ ആദ്യമെടുത്ത തീരുമാനം അത് കഴിയും വിധം ആസ്വദിക്കണമെന്നാണ്.’ –അന്ന പറഞ്ഞു. നാട്ടിൽ ഹിറ്റായി ഒാടിക്കൊണ്ടിരിക്കുന്ന പുതിയ ചിത്രം ലോനപ്പന്റെ മാമ്മോദിസ ഇൗ മാസം 28ന് യുഎഇയിൽ അടക്കം ഗൾഫിൽ റിലീസാകുന്നതിന്റെ ഭാഗമായാണ് താരം പ്രിയപ്പെട്ട നഗരമായ ദുബായിൽ എത്തിയത്.

I ME MYSELF ft. Anna Rajan

 

‘ഇന്ത്യൻ ചലച്ചിത്ര താരങ്ങള്‍ക്കും ഇതര കലാകാരന്മാർക്കുമെന്ന പോലെ, പലകാരണങ്ങൾ കൊണ്ട് ദുബായിയെ എനിക്കിഷ്ടമാണ്; ഒരുപാടൊരുപാടിഷ്ടമാണ്. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ഞാൻ ദുബായിലെത്തുന്നത്. ഇവിടെ ഇപ്പോഴുള്ളത് അടിപൊളി കാലാവസ്ഥയാണല്ലോ. കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ ഭയങ്കര ചൂടായിരുന്നു. എങ്ങനെയെങ്കിലും വീട്ടിൽ തിരിച്ചുപോയാ മതി എന്ന് തോന്നിയിരുന്നു. എന്നാലിപ്പോൾ നാട്ടിലും ചൂടായതിനാൽ ദുബായിലെ ഇൗ കാലാവസ്ഥയിലേയ്ക്കെത്തിയപ്പോൾ എന്തോ ഒരു സുഖം–ലിച്ചി പറഞ്ഞു. ദുബായുടെ എല്ലാ പ്രദേശവും ഇഷ്ടമാണ്. കഴിഞ്ഞ ദിവസം ദുബായ് മാളിൽ ചെന്നു. കുറേ കറങ്ങി. മധുരം എനിക്ക് ഒരുപാടിഷ്ടമായതിനാൽ സവിശേഷമായ ബെൻസ് കുക്കീസ് കഴിച്ചു. മാർച്ച് രണ്ടിനാണ് തിരിച്ചുപോവുക. അതുവരെ എല്ലായിടത്തും കറങ്ങി ഭക്ഷണം രുചിക്കണം.’  

lichy-anna-1

 

ലോനപ്പന്റെ മാമ്മോദിസയിൽ വളരെ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അന്നാ രേഷ്മ രാജൻ അവതരിപ്പിച്ചത്–ലീന. എപ്പോഴും ഒാടിച്ചാടി നടക്കുകയും എല്ലാവരിൽ ഒരു പോസിറ്റീവ് എനർജി പകരുകയും ചെയ്യുന്ന ബോൾഡായ കഥാപാത്രം. ഏതു ജോലിയും ചെയ്യാൻ തയ്യറാളുള്ള പെൺകുട്ടി. നായകനായ ജയറാമേട്ടൻ അവതരിപ്പിക്കുന്ന ലോനപ്പനെ ഒരു ആശുപത്രിയിൽ വച്ച് കാണുന്നതോടെ, അദ്ദേഹത്തിലുണ്ടാകുന്ന മാറ്റമാണ് ചിത്രത്തിൽ പറയുന്നത്. 

 

lichy-anna-3
സംവിധായകൻ ലിയോ തദേവൂസിനോടൊപ്പം അന്ന

‘അങ്കമാലി ഡയറീസിൽ എന്റെ ആദ്യത്തെ രംഗം പള്ളിയിലായിരുന്നു. ഞാനും പെപ്പെയും പ്രാർഥിക്കുന്ന രംഗം. ലോനപ്പന്റെ മാമ്മോദിസയിലും അത്തരമൊരു രംഗത്തോടെ തുടങ്ങിയപ്പോൾ വളരെ സന്തോഷവും ആശ്വാസവും തോന്നി. ഒരു കുടുംബത്തെ പോലെയായിരുന്നു സെറ്റിലുള്ള എല്ലാവരും. കാരവനിൽ കയറാതെ എല്ലാവരും മാവിൻ ചുവ‌ട്ടിലിലിരുന്നാണ് ഭക്ഷണം കഴിച്ചത്. ചിത്രീകരണം കഴിഞ്ഞപ്പോൾ പിരിയണമെന്നോർത്ത് വിഷമം തോന്നി. എങ്കിലും ഇപ്പോഴും എല്ലാവരും തമ്മിൽ നല്ല ബന്ധം സൂക്ഷിക്കുന്നു.

 

‘ഞാൻ മുൻപ് അഭിനയിച്ച രണ്ട് ചിത്രങ്ങളുടെയും ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ലോനപ്പന്റെ മാമ്മോദിസ  എന്ന ചിത്രത്തിന്റെയും സംവിധായകരുടെ പേരുകൾ തുടങ്ങുന്നത് എൽ എന്ന അക്ഷരത്തിലാണ്. ലിജോ ജോസ് പെല്ലിശ്ശേരി (അങ്കമാലി ഡയറീസ്), ലാൽ ജോസ്(വെളിപാടിന്റെ പുസ്തകം), ഇപ്പോൾ ലിയോ തദേവൂസ്(ലോനപ്പന്റെ മാമ്മോദിസ). ലിയോ ചേട്ടനെ കുറിച്ച് വളരെയേറെ പറയാനുണ്ട്. വളരെ കുറഞ്ഞ സമയം കൊണ്ട് ഉള്ളിൽ തട്ടും വിധമാണ് ലിയോ ചേട്ടൻ ലോനപ്പന്റെ കഥ എന്നോട് പറഞ്ഞത്. അപ്പോൾ തന്നെ ഞാൻ കഥാപാത്രമായി മാറുകയായിരുന്നു. ചിത്രീകരണ വേളയിലും സംവിധായകന്റെ കൈയൊപ്പ് എല്ലായിടത്തും പതിഞ്ഞു. അതാണ് ചിത്രം ഇത്ര വലിയ വിജയമാകാൻ കാരണം. 

മോഹൻലാലിന്റെ കൂടെയും ഇപ്പോൾ മധുരരാജയിൽ മമ്മൂട്ടിയുടെ കൂടെയും അഭിനയിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. ഒരു കുഞ്ഞു കഥാപാത്രത്തെയാണ് മധുരരാജയിൽ അവതരിപ്പിച്ചത്.’ 

 

ധ്യാൻ ശ്രീനിവാസന്റെ നായികയായി അഭിനയിച്ച സച്ചിൻ ആണ് പുറത്തിറങ്ങാനുള്ള ചിത്രം. കോമഡി–കുടുംബ ചിത്രമാണിത്. എഡിറ്റർ സംജത് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന തലനാരിഴയാണ് ഇനി അഭിനയിക്കുന്ന ചിത്രം. സുരാജ് വെഞ്ഞാറമൂടിന്റെ സഹോദരി വേഷമാണിതിൽ. നെഗറ്റീവ് റോളുകളടക്കം എല്ലാത്തരം കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ ഇഷ്ടമാണ്. എങ്കിലും കുറേ പ്രണയ സിനിമകളിലഭനയിക്കാനാണ് ഏറെ താത്പര്യമെന്ന് മലയാളത്തിലെ യുവ പ്രേക്ഷകരുടെ ഹരമായ അന്ന രേഷ്മ രാജൻ പറയുന്നു. ആലുവയിലെ പരേതനായ കെ.സി.രാജൻ–ഷീബാ രാജൻ ദമ്പതികളുടെ മകളാണ്. ഐ.ടി എൻജിനീയറായ ഷോൺ രാജൻ സഹോദരൻ.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com