ഉണ്ട; എന്തുകൊണ്ട് ഇങ്ങനെയൊരു പേര്; ഖാലിദ് റഹ്മാൻ അഭിമുഖം
Mail This Article
പേരുകൾ കൊണ്ട് ഒരു സിനിമയും ശ്രദ്ധിക്കപ്പെടണം എന്ന അഭിപ്രായക്കാരനല്ല ഖാലിദ് റഹ്മാൻ. നല്ല സിനിമ പോലെ തന്നെയാണ് നല്ല പേരുകളും. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടാൽ അവർ അത് ആഘോഷിക്കും. അനുരാഗ കരിക്കിൻ വെള്ളവും ഉണ്ടയുമെല്ലാം അങ്ങനെ ആഘോഷിക്കപ്പെട്ടതാണ്.അല്ലാതെ ഒരു ഗിമ്മിക്കുകളും അതിന്റെ പുറകിൽ ഉണ്ടായിട്ടില്ല. അനുരാഗ കരിക്കിൻ വെള്ളം എന്ന തികച്ചും ഫീൽ ഗുഡായ ഒരു ചിത്രത്തിനു ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന സൂപ്പർതാര ചിത്രമാണ് ഉണ്ട. എന്നാൽ താര പരിവേഷത്തോടെ ഈ സിനിമയെ കാണരുതെന്നാണ് സംവിധായകൻ തന്നെ ആവശ്യപ്പെടുന്നത്. ഇത് അത്തരമൊരു സിനിമയേ അല്ലെന്ന് അദ്ദേഹം പറയുന്നു.
‘ഉണ്ട’ റിലീസിനൊരുങ്ങുമ്പോൾ ചിത്രത്തിന്റെ ബജറ്റ് വിവരങ്ങളും സംവിധായകൻ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നു. 57 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ ബജറ്റ് എട്ടുകോടിക്ക് മുകളിലാണ്. സിനിമയുടെ ദൈർഘ്യം 137 മിനിറ്റ് 45 സെക്കൻഡ്.
ഛത്തീസ്ഗഡിലും കര്‍ണാടകയിലും കേരളത്തിലുമാണ് ചിത്രീകരിച്ചത്. മുവീ മില്ലും ജെമിനി സ്റ്റുഡിയോസും ചേര്‍ന്നാണ് നിർമാണം. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
ഉണ്ട എന്ന പേര്
കഥ പോലെ തന്നെ ഒരു സിനിമയെ സംബന്ധിച്ച് പ്രധാനമാണ് പേരുകളും. ‘ഉണ്ട’ എന്ന പേരിന് സിനിമയുടെ ഇതിവൃത്തവുമായി നല്ല ബന്ധമുണ്ട്. അത് സിനിമ കണ്ടാൽ മാത്രമേ മനസ്സിലാവുകയുള്ളു. പേരിനെച്ചൊല്ലിയുണ്ടായ ട്രോളുകളും മറ്റും ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിൽ പലതും നന്നായി ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. ഒരുപരിധി വരെ സിനിമയെ പ്രേക്ഷകരിലെത്താൻ ഈ പേരു കാരണമായിട്ടുണ്ടെന്ന് തോന്നുന്നു.
പൊലീസ് പടം
ഇഷ്ടപ്പെട്ട കഥകൾ സിനിമയാക്കുക എന്ന രീതിയാണ് പിന്തുടരുന്നത്. നമ്മൾ മുൻപ് കണ്ട പൊലീസ് പടങ്ങളുടെ ഗണത്തിൽ ഇതിനെ ഉൾപ്പെടുത്താൻ പറ്റുമോ എന്ന് സംശയം ഉണ്ട്. ഒരു ആക്‌ഷൻ ത്രില്ലർ എന്നാണ് പൊലീസ് പടം എന്നു പറയുമ്പോൾ പൊതുവേയുള്ള ധാരണ. ആ ഗണത്തിൽ ഈ സിനിമ ഒരിക്കലും വരില്ല. ഒരു പാൻ ഇന്ത്യൻ സിനിമയാണിത്.
ക്യാരക്ടർ പോസ്റ്റർ
പോസ്റ്ററിൽ പുതുമയുണ്ടാക്കണം എന്നു മനഃപൂർവം ചിന്തിച്ചിട്ടില്ല. നായകനെ മാത്രം ഫോക്കസ് ചെയ്ത് മുന്നോട്ട് പോകുന്ന ഒരു സിനിമയില്ല ഇത്. സിനിമയിൽ ഒരുപാട് കഥാപാത്രങ്ങൾ ഉണ്ട്. അവർക്കോരോരുത്തർക്കും അവരുടേതായ പ്രധാന്യവുമുണ്ട്. ആ കഥാപാത്രങ്ങളെ പ്രേക്ഷകർ അറിയണമെന്ന് തോന്നിയതു കൊണ്ടാണ് ഓരോ ക്യാരക്ടർ പോസ്റ്റുകൾ അവതരിപ്പിച്ചത്.
നായിക ഇല്ല!
നായിക കഥാപാത്രം ഇല്ലാത്ത സിനിമയാണ്. കഥയ്ക്ക് അതിന്റെ ആവശ്യം ഇല്ലായിരുന്നു. അല്ലാതെ വ്യത്യസ്തത ഉണ്ടാക്കാൻ ശ്രമിച്ചതൊന്നും അല്ല. പക്ഷേ അതൊരു പോരായ്മായി സിനിമ കാണുന്നവർക്ക് അനുഭവപ്പെടില്ലെന്നാണ് വിശ്വാസം.
താരങ്ങൾ
ആദ്യ ചിത്രമായ അനുരാഗ കരിക്കിൻ വെള്ളത്തിൽ ആസിഫും ബിജു മേനോനുമായിരുന്നു താരങ്ങൾ. അതിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ച രജീഷ വിജയന് സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. ഉണ്ടയിൽ മമ്മൂക്കയാണ് പ്രധാന കഥാപാത്രം. കഥയ്ക്ക് യോജിച്ച താരങ്ങളെയാണ് സിനിമയ്ക്ക് ഉപയോഗിച്ചിട്ടുള്ളത്. അവരുടെ എക്സ്പീരിയൻസ് സിനിമയ്ക്ക് ഗുണം ചെയ്യാറുണ്ടെന്നാണ് വിശ്വാസം.