കഥ പറയാൻ വന്നപ്പോൾ വീട്ടിൽ വിറക് കീറിക്കൊണ്ടിരുന്ന ടൊവീനോ: പൊട്ടിച്ചിരിപ്പിക്കും വിഡിയോ

Mail This Article
മലയാളത്തിൽ മറ്റൊരു യുവതാരത്തിനും കിട്ടാത്ത ഭാഗ്യമാണ് ടൊവീനോ തോമസിനെ തേടിയെത്തിയിരിക്കുന്നത്. നാലു മാസത്തിനിടെ സൂപ്പർഹിറ്റായ 4 സിനിമകൾ. അഞ്ചാം സിനിമയായ ലൂക്ക ജൂൺ 28–ന് പുറത്തിറങ്ങുന്നതോടെ തീയറ്ററിൽ 5 സിനിമകൾ ഒരേ സമയം ഒാടുന്ന ഭാഗ്യനായകനെന്ന വിശേഷണം ടൊവീനോയെ തേടിയെത്തിയേക്കും. മനോരമ ഒാൺലൈൻ ഒരുക്കിയ ചാറ്റ് ഷോയിൽ ലൂക്ക ടീമിനൊപ്പം ചേർന്ന താരം ആ സന്തോഷം മറച്ചു വച്ചതുമില്ല.

ലൂക്ക സംവിധായകൻ അരുൺ ബോസ്, സംഗീത സംവിധായകൻ സൂരജ് എസ്. കുറുപ്പ്, നടി വിനീത കോശി എന്നിവർക്കൊപ്പമാണ് ടൊവീനോ ചാറ്റ് ഷോയിൽ പങ്കെടുത്തത്. 2014–ൽ ടൊവീനോയുടെ അടുത്ത് കഥ പറയാൻ ചെന്നതും അപ്പോൾ ടൊവീനോ വീട്ടിൽ പാചകത്തിലേർപ്പെട്ടിരുന്ന കാര്യവുമൊക്കെ അരുൺ ബോസ് പറഞ്ഞു. താൻ അഭിനയിച്ച സിനിമകളൊക്കെ ആദ്യ ദിവസം കണ്ട് അഭിപ്രായം പറയുന്നയാളാണ് അരുണെന്നും അത് പലപ്പോഴും പല രീതിയിലും തന്നെ സഹായിച്ചിട്ടുണ്ടെന്നും ടൊവീനോ ഒാർത്തെടുത്തു.
‘സ്ക്രിപ്റ്റിന്റെ ആദ്യ ഡ്രാഫ്റ്റ് കാണിക്കാനാണ് ഞാൻ വരുന്നത്. കഥാപാത്രത്തിന്റെ കാരക്ടർ സ്കെച്ച് കൈയിലുണ്ടായിരുന്നു. അന്ന് ടൊവീനോയെ നേരിട്ട് പരിചയമില്ല. പക്ഷേ ആദ്യ കാഴ്ചയിൽ തന്നെ വളരെയധികം കഷ്ടപ്പെടുന്ന വ്യക്തിയാണെന്ന് മനസ്സിലായി. ആദ്യം കണ്ടപ്പോൾ വിറകു കീറുകയായിരുന്നു. പിന്നീട് ആയപ്പോൾ വീട്ടിൽ പാചകം ചെയ്യുന്നതും ടൊവീനോയാണെന്ന് മനസ്സിലായി.’–അരുൺ പറഞ്ഞു.
‘സെവൻത് ഡേയിലെ ഇഷ്ടപ്പെട്ട കാര്യങ്ങളും മോശമായ കാര്യങ്ങളും ഞങ്ങൾ സംസാരിച്ചു. അങ്ങനെ അത് സൗഹൃദമായി. ടൊവീനോ എന്ന നടന്റെ ഉയർച്ച വ്യക്തമായി കണ്ടിട്ടുളള ആളാണ് ഞാൻ.’–അരുൺ ബോസ് പറയുന്നു.
എന്തു കൊണ്ടാണ് ഡാൻസ് ചെയ്യാൻ തനിക്ക് മടിയെന്ന് ടൊവീനോ പറഞ്ഞപ്പോൾ ടൊവീനോയുടെ ആദ്യ ചിത്രത്തിൽ ക്ലാപ്പടിച്ച അനുഭവം ലൂക്കയുടെ സംഗീത സംവിധായകൻ സൂരജ് എസ്. കുറുപ്പ് പങ്കു വച്ചു. 2019–ലെ മികച്ച സിനിമകൾ എല്ലാം വിജയിച്ചെന്നും മലയാള സിനിമയെ സംബന്ധിച്ച് വളരെ അനുഗ്രഹപ്രദമായ വർഷമാണിതെന്നും ലൂക്കയുടെ അണിയറക്കാർ പറഞ്ഞു. തന്നെ സംബന്ധിച്ചും ഇക്കൊല്ലം വലിയ ഭാഗ്യമുള്ള വർഷമാണെന്നും ചെറുതും വലുതുമായ 5 സിനിമകൾ ഹിറ്റായതിൽ താനും സന്തോഷവാനാണെന്നു ടൊവീനോയും പറഞ്ഞു.