ബറോസിലെ പ്രധാനതാരങ്ങളെ പ്രഖ്യാപിച്ച് മോഹൻലാൽ
![paz-vega-mohanlal മോഹന്‍ലാൽ, പാസ് വേഗ](https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2019/7/29/paz-vega-mohanlal.jpg?w=1120&h=583)
Mail This Article
ആദ്യമായി സംവിധായക കുപ്പായമണിയുന്ന ‘ബറോസി’ലെ പ്രധാനതാരങ്ങളെ പ്രഖ്യാപിച്ച് മോഹൻലാൽ.സ്പാനിഷ് നടി പാസ് വേഗ, സ്പാനിഷ് നടൻ റഫേൽ അമാർഗോ എന്നിവര്‍ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തും. മോഹൻലാൽ തന്നെയാണ് ഫെയ്സ്ബുക്ക് വിഡിയോയിലൂടെ എത്തി താരങ്ങളെ പ്രഖ്യാപിച്ചത്.
റാംബോ: ലാസ്റ്റ് ബ്ലഡ്, സെക്സ് ആൻഡ് ലൂസിയ, ഓൾ റോഡ്സ് ലീഡ്സ് ടു റോം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയാണ് പാസ് വേഗ. ബറോസിൽ വാസ്കോ ഡ ഗാമയുടെ വേഷത്തിലാകും റഫേൽ അമാർഗോ എത്തുക. വാസ്കോ ഡ ഗാമയുടെ ഭാര്യയായി പാസ് വേഗ അഭിനയിക്കുന്നു.
ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്കോ ഡ ഗാമയുടെ രത്നങ്ങളുടെയും സുവർണ നിധികളുടെയും കാവൽക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കാത്തുസൂക്ഷിക്കാനായി ഗാമ നൽകിയ നിധി, ഗാമയുടെ പിൻഗാമിയെന്നുറപ്പുള്ളയാൾക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ. ഒരുദിവസം തീരത്തേക്കൊരു കുട്ടി ഗാമയെ തേടിവന്നു. ഗാമയുടെ പിൻതുടർച്ചക്കാരൻ താനാണെന്ന് അവൻ പറയുമ്പോൾ ബറോസിന്റെ കഥ തുടങ്ങുകയാണ്. കടലിലൂടെയും കാലത്തിലൂടെയും കുട്ടിയുടെ മുൻഗാമികളെ കണ്ടെത്താൻ ബറോസ് നടത്തുന്ന യാത്രയാണ് പ്രമേയം.
ഒക്ടോബറിൽ ചിത്രീകരണം തുടങ്ങും. നവോദയ ജിജോ തിരക്കഥ എഴുതുന്ന ഈ ചിത്രം ലോക നിലവാരത്തില്‍ ഉള്ള ഒരു ത്രീഡി ചിത്രമായാണ് ഒരുക്കാന്‍ പോകുന്നത്. 40 വർഷം മുൻപു മോഹൻലാൽ എന്ന നടനെ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെ കൈ പിടിച്ചു കൊണ്ടുവന്ന നവോദയ ജിജോ തന്നെ മോഹൻലാലിനെ സംവിധായകനുമാക്കുന്നു.
മോഹൻലാൽതന്നെയാണു ബറോസിന്റെ വേഷത്തിലുമെത്തുന്നത്. പ്രധാന നിർമാതാവായി ആന്റണി പെരുമ്പാവൂരും. ഛായാഗ്രഹണം കെ.യു. മോഹനൻ. വിദേശ താരങ്ങൾ നിറഞ്ഞ ബറോസ് എന്ന സിനിമയിൽ ബോളിവുഡ് താരങ്ങളുമുണ്ടാകും. രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും. ഗോവയിലും പോർച്ചുഗൽ പോലുള്ള വിദേശ ലൊക്കേഷനുകളിലും ഷൂട്ടിങ്ങുണ്ടാവും