മലയാള സിനിമ 2019; 192 പടം, 800 കോടി നിക്ഷേപം, 550 കോടിയിലേറെ നഷ്ടം
Mail This Article
കൊച്ചി∙ മലയാള സിനിമയിൽ എണ്ണപ്പെരുപ്പവും വൻ നഷ്ടങ്ങളും അപൂർവം ഹിറ്റുകളും നിറഞ്ഞ വർഷം. 192 സിനിമകൾ തിയറ്ററിൽ റിലീസ് ചെയ്തതിൽ 23 എണ്ണത്തിനു മാത്രമാണു മുടക്കുമുതൽ തിരിച്ചു കിട്ടിയത്. 12% മാത്രം. 800 കോടിയിലേറെ ഈ സിനിമകളിലായി നിക്ഷേപം നടന്നിട്ടുണ്ടെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കണക്കാക്കുന്നു. അതിൽ 550 കോടിയിലേറെ നഷ്ടം.
മാമാങ്കം ഉൾപ്പടെ കഴിഞ്ഞ ആഴ്ചകളിൽ റിലീസ് ചെയ്ത ഏതാനും പടങ്ങളുടെ കലക്ഷനും റൈറ്റ്സ് വരുമാനവും ഇനിയും വരാനിരിക്കുന്നതിനാൽ അതു പരിഗണിക്കാതെയുള്ള കണക്കാണിത്.
കഴിഞ്ഞ വർഷം (2018) ആകെ 152 സിനിമകൾ റിലീസ് ചെയ്ത സ്ഥാനത്താണ് ഇക്കൊല്ലം എണ്ണം 192ലെത്തിയത്. മുൻ വർഷത്തേക്കാൾ 40 എണ്ണം കൂടുതൽ. മറ്റു ഭാഷകളിൽ നിന്നു ഡബ്ബ് ചെയ്തുവന്ന പടങ്ങളുടെ കണക്കു കൂടാതെയാണിത്. വെള്ളിയാഴ്ചകളിൽ ശരാശരി നാലു പടങ്ങളോളം റിലീസ് ചെയ്ത വർഷവുമാണിത്.
മുടക്കുമുതൽ തിരിച്ചുകിട്ടിയ 23 പടങ്ങളിൽ 7 എണ്ണം മാത്രമാണ് തിയറ്ററിലെ കലക്‌ഷൻകൊണ്ടു തന്നെ അതു നേടിയത്. ബാക്കിയുള്ളവ സാറ്റലൈറ്റ്,ഡിജിറ്റൽ അവകാശങ്ങളെൽ നിന്നെല്ലാമുള്ള വരുമാനം കൊണ്ടാണ് രക്ഷപെട്ടത്. 192 പടങ്ങളിൽ 10 കോടിയിലേറെ മുതൽമുടക്ക് 12 എണ്ണത്തിനാണ്. മാമാങ്കത്തിനും (56 കോടി) ലൂസിഫറിനും (36 കോടി) ജാക്ക് ഡാനിയേലിനും (16 കോടി) കൂടി മാത്രം 100 കോടിയിലേറെ മുതൽ മുടക്കുണ്ട്. ശരാശരി 5 കോടി മുതൽമുടക്കുള്ള 40 പടങ്ങളുണ്ട്. ശരാശരി 2 കോടി മുടക്കുള്ള പടങ്ങൾ 80 എണ്ണമെങ്കിലുമുണ്ട്.
പടങ്ങളുടെ ജയാപജയങ്ങളിലുപരി ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ നൽകുന്നുവെന്നതാണ് ഇത്രയും പടങ്ങളുടെ റിലീസ് സൂചിപ്പിക്കുന്നത്. ഒരു സാധാരണ പടത്തിന്റെ ഷൂട്ടിങ്ങിനു പോലും 110–125 പേരുടെ അധ്വാനം കാണും. ആർട്ടിസ്റ്റുകളും ടെക്നിഷ്യൻമാരും വിതരണക്കാരും തിയറ്ററുകാരുമെല്ലാം ചേർന്ന് സിനിമാ വ്യവസായം ആയിരക്കണക്കിനു കുടുംബങ്ങളെ താങ്ങി നിർത്തുന്നതും സർക്കാരിനു കോടികളുടെ നികുതി നൽകുന്നതുമാണ്. ഇക്കൊല്ലം ഈ സിനിമകളിൽ നിന്നു നികുതിയായി 150 കോടിയിലേറെ സർക്കാരിനു ലഭിച്ചിട്ടുണ്ട്. ആർട്ടിസ്റ്റുകളുടേയും സാങ്കേതികവിദഗ്ധരുടേയും പ്രതിഫലത്തിനും 18% ജിഎസ്ടിയുണ്ട്.
എം.രഞ്ജിത് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് : ജിഎസ്ടിയും വിനോദ നികുതിയും ഉൾപ്പടെ 23% നികുതി വന്നത് തിയറ്ററുകളിൽനിന്നു ജനത്തെ അകറ്റി. നേരത്തേ 113 രൂപയുണ്ടായിരുന്ന ടിക്കറ്റിന് 130 രൂപയായി. ജനം വീട്ടിലിരുന്ന് ചാനലുകളിലും ആമസോൺ പ്രൈമിലും സിനിമ കാണുന്നതിലേക്കു മാറി. അമിത നികുതി സിനിമാ വ്യവസായത്തെ തകർക്കും.
ബോക്സ് ഓഫിസ് ഹിറ്റ്
കഴിഞ്ഞ വർഷത്തെ ആദ്യ തിയറ്റർ ബോക്സ് ഓഫിസ് ഹിറ്റ് വിജയ് സൂപ്പറും പൗർണമിയുമായിരുന്നു. കെട്യോളാണെന്റെ മാലാഖ അവസാനം ഹിറ്റായി. ലാഭത്തിൽ മുന്നിൽ തണ്ണീർമത്തൻ ദിനങ്ങളാണ്. 2 കോടിയിൽ താഴെ മുതൽമുടക്കിൽ 15 കോടി കലക്‌ഷൻ നേടി.
തിയറ്ററിൽ ഹിറ്റായ പടങ്ങൾ.
1. വിജയ് സൂപ്പറും പൗർണമിയും. 2. കുമ്പളങ്ങി നൈറ്റ്സ്. 3. ലൂസിഫർ. 4. ഉയരെ. 5. തണ്ണീർമത്തൻ ദിനങ്ങൾ. 6.ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. 7.കെട്ട്യോളാണെന്റെ മാലാഖ.
സാറ്റലൈറ്റ്,ഡിജിറ്റൽ റൈറ്റ്സിലൂടെ മുടക്കുമുതൽ തിരിച്ചു പിടിച്ചവ.
1.അള്ള് രാമചന്ദ്രൻ. 2.അഡാറ് ലൗ. 3.ജൂൺ. 4.കോടതി സമക്ഷം ബാലൻ വക്കീൽ. 5.മേരാ നാം ഷാജി. 6.അതിരൻ. 7.ഒരു യമണ്ടൻ പ്രണയകഥ. 8.ഇഷ്ക്ക്. 9.വൈറസ്. 10.ഉണ്ട. 11. പതിനെട്ടാംപടി. 12.പൊറിഞ്ചു മറിയം ജോസ്. 13.ലൗ ആക്‌ഷൻ ഡ്രാമ. 14.ഇട്ടിമാണി. 15.ബ്രദേഴ്സ് ഡേ.16.ഹെലൻ.