എന്റെ യാത്ര അവസാനിക്കുകയാണ്: ഇർഫാൻ ഖാന്റെ അവസാന കത്ത്

Mail This Article
ഇർഫാൻ ഖാന്റെ അവസാന വാക്കുകൾ അടങ്ങിയ കത്ത് ആണ് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച. 2018–ൽ കാൻസർ ചികിത്സ തുടങ്ങുന്നതിനു മുമ്പെ ദേശീയ മാധ്യമത്തിലൂടെയാണ് അദ്ദേഹം കത്ത് പങ്കുവച്ചത്. നിഷ മഞ്ചേഷ് മലയാളത്തിൽ പരിഭാഷപ്പെടുത്തിയ കുറിപ്പ് നടൻ സലിം കുമാർ അടക്കം പങ്കുവച്ചിരുന്നു.
കത്തിന്റെ പൂർണരൂപം വായിക്കാം:
" എന്റെ യാത്ര അവസാനിക്കുകയാണ്"
ലോകത്തിന് ഇർഫാൻ ഖാന്റെ അവസാന കത്ത് ( 2018 ൽ തന്റെ കാൻസർ ചികിത്സ തുടങ്ങുന്നതിനു മുൻപായി ദേശീയ മാധ്യമത്തിൽ എഴുതിയ തുറന്ന കത്ത്, നിഷ മഞ്ചേഷിൻറെ സ്വതന്ത്ര പരിഭാഷ)
എനിക്കറിയാവുന്ന വാക്കുകളുടെ കൂട്ടത്തിലേക്ക് ഒരു രോഗത്തിന്റെ പേര് കൂടി കടന്നുകൂടിയിട്ടുണ്ട്. എന്തൊരു ഭാരമുള്ള പേരാണത്. മുൻപൊന്നും ഞാൻ പറഞ്ഞു പരിശീലിച്ച് ഇല്ലാത്ത ഒന്ന്, ഞാൻ കേട്ട് ശീലിച്ചിട്ടില്ലാത്ത ഒന്ന്, ഞാൻ പരിചയപ്പെട്ടിട്ടുള്ളവയിൽ ഏറ്റവും അപരിചിതമായ ഒന്ന്, ന്യൂറോ എൻഡോക്രൈൻ ക്യാൻസർ.... ഒരു ചൂതാട്ട കളിയുടെ ഭാഗമാകുന്നത് പോലെ, ഞാനിപ്പോൾ അതിന്റെ ചികിത്സയുടെ ഭാഗമാകുന്നു....
സ്വപ്നംപോലെ കുതിച്ചുപായുന്ന ഒരു തീവണ്ടി യാത്രയുടെ ആലസ്യത്തിന്റെ അഴക് ആസ്വദിക്കുകയായിരുന്നു ഇതുവരെ ഞാൻ. എന്റെ ഒപ്പം യാത്രക്കാരായി എണ്ണിയാലൊടുങ്ങാത്ത മോഹങ്ങളും ലക്ഷ്യങ്ങളും പ്രതീക്ഷകളും ആകാശത്ത് ഒഴുകുന്ന മേഘങ്ങളെ പോലെ കൂട്ടിനുണ്ടായിരുന്നു.
സമാധാനം കൊണ്ടു പൊതിഞ്ഞു പിടിച്ചു നിന്ന് അത്ര സുന്ദരമായ ഒരു നിമിഷത്തിലാണ് പിന്നിൽ നിന്നും ഒരാൾ പെട്ടെന്ന് എന്നെ തൊട്ടു വിളിച്ചത് സഹയാത്രികൻ എന്ന് കരുതി ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അയാൾ അപരിചിതനായ ഏതോ ഉദ്യോഗസ്ഥനെ പോലെ എന്നോട് ഇറങ്ങാൻ തയ്യാറെടുക്കാൻ പറഞ്ഞു. എന്റെ യാത്ര അവസാനിക്കുകയാണെന്ന്, എന്റെ ലക്ഷ്യസ്ഥാനം എത്തിയിരിക്കുന്നു എന്ന് അയാൾ പറഞ്ഞു, ഇയാൾ എന്തിന് എന്നോട് നുണ പറയുന്നു എന്ന് എനിക്ക് ആശ്ചര്യം തോന്നി ഇത് എനിക്ക് ഇറങ്ങേണ്ട സ്ഥലം അല്ലെന്ന് ഞാൻ അയാളോട് തർക്കിച്ചു. പക്ഷേ അയാൾ അതിനെ നിസ്സംഗത നിറഞ്ഞ ഒരു ചിരിയിൽ അവഗണിച്ചു. ചില യാത്രകൾ ഇങ്ങനെയാണ് അവസാനിക്കുന്നത്, ചിലപ്പോൾ അവസാന സ്റ്റേഷനുകൾ ഇങ്ങനെയും കാണപ്പെടുന്നുവെന്ന് തീർത്തും പറഞ്ഞുകൊണ്ട് അയാൾ നടന്നു പോയി.
പെട്ടെന്ന് സഹയാത്രികരെ എല്ലാം നഷ്ടപ്പെട്ട്, ഞാനൊരു ഭാരമില്ലാത്ത നിസ്സഹായനായി മാറി. ഒരു കടൽ ചുഴിയിൽപ്പെട്ടു വട്ടം ചുറ്റുന്ന കൊച്ചുകുഞ്ഞിനെപ്പോലെ ജീവനേ ചേർത്തു പിടിക്കാൻ ഉള്ള വിഫല ശ്രമങ്ങളാൽ ഞാൻ തളരാൻ തുടങ്ങി. ഭയവും ആശങ്കകളും കൊണ്ട് ഞാൻ കൂടുതൽ കൂടുതൽ അവശനായി വന്നു. ഭയന്നു ചേക്കേറിയ ഏതോ ആശുപത്രി വരാന്തയിലെ സന്ധ്യയിൽ എന്റെ മകനെ ചേർത്ത് പിടിച്ചു ഞാൻ പറഞ്ഞു "ഈ മുറിവ് പറ്റിയ കാലത്തെ എനിക്ക് ധൈര്യത്തോടെ നേരിടാൻ കഴിയണം, അത്രയെങ്കിലും എനിക്ക് വേണം, അത്രമാത്രം ഞാൻ ആഗ്രഹിക്കുന്നു, പതറിപ്പോയ ഒരു ആളായിത്തീരാൻ എനിക്ക് വയ്യ, പിന്നെ എല്ലാ ശ്രമങ്ങളും അതിനായിരുന്നു, എന്റെ ആത്മവിശ്വാസം കൊണ്ട് എന്റെ രോഗത്തെ ഞാൻ നേരിടുന്നു എന്ന് സ്വയം ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ. പക്ഷേ അപ്പോഴേക്കും അസഹനീയമായ വേദന വന്നു എന്റെ എല്ലാ പേടികൾക്കും ആശങ്കകൾക്കും മേൽ ആധിപത്യം സ്ഥാപിച്ചു തുടങ്ങി. അതുവരെ കണ്ട ലോകമെല്ലാം വേദന എന്ന ഒറ്റ ബിന്ദുവായി എന്നിലേക്ക് പൊതിഞ്ഞു കയറി, വേദനയിലും വലുതൊന്നും പ്രപഞ്ചത്തിൽ ഇല്ല എന്ന് ഞാൻ അറിഞ്ഞു.
തളരാൻ പോലും ആവാത്ത വിധം തളർത്തുന്ന വേദനയോടെ ഞാൻ ഈ ആശുപത്രിയിൽ എത്തുമ്പോൾ എനിക്കറിയില്ലായിരുന്നു, ഒരു കാലത്തെ സ്വപ്നലോകത്തിനിപ്പുറമാണ് ഞാൻ ഉള്ളതെന്നു. ലോഡ്സ്, എന്റെ കുട്ടിക്കാല സ്വപ്നങ്ങളുടെ പറുദീസ... അറുത്തു പിടിക്കുന്ന വേദനക്കിടയിലൂടെ ഒരു ജനൽക്കാഴ്ച ദൂരത്തിൽ നിന്നുകൊണ്ട് ഒരു ദിവസം വിവിയൻ റീചാർഡ് ചിരിച്ചു നിൽക്കുന്ന ഒരു ചിത്രം കണ്ടു ഞാനും ചിരിക്കാൻ ശ്രമിച്ചു. എനിക്ക് എത്തിപ്പെടാൻ കഴിയാതെപോയ, എന്റേതല്ലാതെ പോയ ഒരു ലോകത്തിന്റെ സൗരഭ്യ ത്തെ അപ്പോൾ ഞാൻ ആസ്വദിച്ചു. ഓർമ്മകൾക്ക് അപ്പോൾ എന്നെ ചേർത്തു പിടിക്കാൻ കഴിയുന്നുണ്ടായിരുന്നു.
ഓർമ്മകളുടെയും മരുന്നുകളുടേയും ലഹരിയിൽ മയങ്ങി കിടന്ന പകലുകൾക്കും രാത്രികൾക്കും ശേഷം ഒരു ദിവസം ബാൽക്കണി കാഴ്ചകളിൽ ജീവിതം കണ്ടുനിൽക്കേയാണ് ഞാൻ അത് അറിഞ്ഞത്, എന്റെ മുറിക്കു മുകളിൽ ആശുപത്രിയുടെ കോമാ വാർഡ് ആണ് ഉള്ളതെന്ന്. എനിക്കിപ്പോൾ മരണത്തിനും ജീവിതത്തിനും ഇടയിലൂടെ ഒഴുകുന്ന ഒരു നീളൻ പാതയാണ് ഞാനെന്ന് തോന്നി. മറുപുറത്തെ ആരവങ്ങളിലേക്ക് എനിക്ക് എത്താൻ കഴിഞ്ഞാൽ ജീവിതമെന്ന അഭൗമ്യ ലോകത്തിലേക്ക് ഞാൻ എത്തും എന്ന തോന്നൽ എന്നെ ആഴത്തിൽ ബാധിച്ചു. അത് എന്റെ കരുത്താവുന്നത് ഞാനറിഞ്ഞു. എന്റെ മുൻപോട്ടുള്ള ദിവസങ്ങൾ എനിക്ക് എന്ത് തരും എന്ന് ആലോചിക്കാതെ എന്നെ സമർപ്പിക്കാൻ എനിക്ക് പ്രേരണ നൽകി, ജീവിതത്തെ ആദ്യമായി രുചിക്കും പോലെ...
അത്ര മാസ്മരികം ആയി മുമ്പ് ഒന്നും രുചിച്ചിട്ടില്ല എന്നപോലെ ഞാൻ എന്നെയും എന്റെ ജീവിതത്തെയും നുകർന്നു തുടങ്ങി, സ്വാതന്ത്ര്യമെന്നത് പൂർണ്ണമായ അർത്ഥത്തിൽ എനിക്കു മുൻപിൽ തെളിഞ്ഞുവന്നു. പ്രപഞ്ചത്തിലെ സൗന്ദര്യവും അനന്തമായ അറിവും എന്റെ ശരീരത്തിലും നിറയുന്നത് ഞാൻ അറിഞ്ഞു.....
എല്ലാ നിരാശയിൽ നിന്നും ഞാൻ ഉയിർന്നു വന്നു
ഇപ്പോൾ എന്നെ തേടിയെത്തുന്ന ആശംസകൾ, പ്രാർത്ഥനകൾ, സ്നേഹങ്ങൾ എല്ലാം ഒന്നായി, ഒറ്റ ശക്തിയായി നാഡീവ്യൂഹങ്ങളിൽ നിറഞ്ഞു എന്നെ കിരീടം അണിയിക്കുന്നു, സ്നേഹത്തിന്റെ ഒരു പൂവായി, ഇലയായി, ചെടിയായി ഞാൻ വിരിയുന്നു ഞാനിപ്പോൾ ചുഴിയിൽ പെട്ട് ഒരു കുഞ്ഞല്ല, സർവ്വലോകങ്ങളും തൊട്ടിലാട്ടുന്ന ഒരു സ്വപ്നമാണ്, മുറിവും വേദനയും തൊടാത്ത മരണം കൊണ്ട് പൊഴിയാത്ത ഒരു സ്വപ്നം.......