ADVERTISEMENT

‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രവും മികച്ച ഒരുപിടി കലാകാരൻമാരും പിറന്നു വീണിട്ട് വർഷം പത്താകുന്നു.

ആ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയവർ ഇന്നു മലയാള സിനിമയിൽ മിന്നുംതാരങ്ങളാണ്. വളരെ നാളത്തെ ഇടവേളയ്ക്കു ശേഷം ഇവരെല്ലാം വെർച്വൽ ലോകത്ത് മലയാള മനോരമയ്ക്കായി ഒത്തുചേരുന്നു. ഒട്ടേറെ വിശേഷങ്ങളുമായി... 

 

വിനീത് ശ്രീനിവാസൻ – എത്ര നാളായല്ലേ 

ഇങ്ങനെ നമ്മളൊന്നിരുന്നിട്ട്? എനിക്കു 

ഭയങ്കര സന്തോഷം...

ഗീവർഗീസ് – നമ്മൾ എല്ലാവരും 

ഒരുമിച്ചിരുന്നിട്ട് 5 വർഷമായി.

ഷാൻ റഹ്മാൻ – ഇതെന്താ അജുവും നിവിനും തൊപ്പി വച്ചോണ്ടിരിക്കുന്നത്? അതു പറ്റില്ല... 

നിവിൻ പോളി – മുടി വേറെ സ്റ്റൈലാ... 

അതു പുറത്തുകാണിക്കാൻ പറ്റില്ല. 

അജു വർഗീസ് – എന്റേം.. അങ്ങനാ! 

ഷാനിക്കാ... നിങ്ങടെ തല കാണുന്നില്ല...

ഷാൻ – അത്രേം കണ്ടാ മതി...ഇങ്ങനെ 

ഒന്നിരിക്കാൻ പെടുന്ന പാട്...(കൂട്ടച്ചിരി)...

 

(ചിരിക്കിടയിലേക്ക് വിനീതിനോട് ആദ്യ ചോദ്യമെത്തി)

 

വിനീത് പുതിയൊരു ചിത്രത്തിന്റെ പണികൾ തുടങ്ങുന്നെന്ന് അറിഞ്ഞാൽ ഇവരിൽ ആരാണ് ആദ്യം ചാൻസ് ചോദിച്ചു വിളിക്കുക?

 

∙ എല്ലാവരും ചേർന്ന് – അജു...അജു... 

∙ അജു – നിവിൻ നേരിട്ടു ചോദിക്കില്ല...പല വഴി പലരെക്കൊണ്ടു വിളിപ്പിക്കും. 

∙ വിനീത് – ഇതൊക്കെ തമാശയാണു കേട്ടോ. കഥാപാത്രങ്ങൾക്ക് അനുയോജ്യമായവരാണു പ്രധാനം. എല്ലാവരും എപ്പോഴും കൂടെ വേണമെന്നാണ് ആഗ്രഹം. അത് എപ്പോഴും നടക്കണമെന്നില്ല.

 

10 വർഷമായിട്ടും ഇതുവരെ സിനിമയിൽ നിന്നു പഠിച്ചെടുക്കാൻ പറ്റാത്ത എന്തെങ്കിലും കാര്യമുണ്ടോ?

 

∙ വിനീത് – ആളുകളുടെ ഇഷ്ടം, ഒരു സിനിമയുടെ വിധി ഇതൊന്നും നമുക്കു പ്രവചിക്കാൻ പറ്റാറില്ല. നമ്മുടെ കണക്കുകൂട്ടലിന് അപ്പുറത്താണു പലപ്പോഴും അത്.

∙ ഷാൻ – സത്യം. നമ്മൾ കൂടുതൽ സമയമെടുത്ത് കഷ്ടപ്പെട്ടു ചെയ്യുന്ന ചില വർക്കുകൾ ആളുകൾ ശ്രദ്ധിച്ചെന്നേ വരില്ല. എന്നാൽ, ചില സിംപിൾ സാധനങ്ങളാണു ചിലപ്പോ ഹിറ്റാകുന്നത്. 

∙ നിവിൻ – ഹിറ്റായ മുൻ ചിത്രങ്ങളിലെ അനുഭവം വച്ച് അതായിരിക്കും പ്രേക്ഷകർക്ക് ഇഷ്ടമെന്ന് ഉറപ്പിക്കാൻ ഇപ്പോഴും കോൺഫിഡൻസായിട്ടില്ല.

∙ അജു – ഭഗത്തേ, അളിയാ... നീയെന്താ മിണ്ടാതിരിക്കുന്നേ? എന്തേലും പറ അളിയാ.

∙ ഭഗത്ത് – നീ എന്തെങ്കിലും പറയാൻ സമ്മതിക്കണ്ടേ അളിയാ...

 

നിങ്ങൾ തമ്മിൽ‌ മത്സരമുണ്ടോ?

∙ ഷാൻ – ഇൗ ചോദ്യം എനിക്കു ബാധമകല്ല. ഞാൻ മാത്രമാണല്ലോ സംഗീത സംവിധായകൻ! 

∙ വിനീത് – നമ്മുടെ കൂട്ടത്തിൽ നന്നായി നാടൻപാട്ടു പാടുന്ന ആളാണു ഹരി. മലർവാടിയുടെ സെറ്റിലൊക്കെ മുഴുവൻ പാട്ടായിരുന്നു.

∙ അജു – ഷാനിക്കാ... നിങ്ങളോടു മത്സരിക്കാനാളെത്തി.

∙ വിനീത് – ഭഗത്തും പാട്ടിൽ മിടുക്കനാണ്. പിന്നെ മത്സരം... വെറുതേ പരസ്പരം മത്സരിക്കേണ്ട കാര്യമുണ്ടോ? എല്ലാവർക്കും അവരുടെ കഴിവുകൾ അറിയാം. അതു മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്.

 

‘അഞ്ചാം പാതിര’യിൽ ഹരികൃഷ്ണന്റെ രൂപ – ഭാവ മാറ്റത്തെപ്പറ്റി എന്തു പറയുന്നു? 

 

∙ അജു – അയ്യേ... അതു ഭാവമാറ്റമൊന്നുമല്ല. അതവന്റെ ജാഡ സ്വഭാവമാ... അവന്റെ ശരിക്കുമുള്ള സ്വഭാവം ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന സിനിമയിൽ കാണാം. അതിലെ മണ്ടൻ കഥാപാത്രം. അവന് അഭിനയിക്കേണ്ടിയേ വന്നില്ല. അവിടെയാണ് അവന്റെ ട്രാൻസ്ഫർമേഷൻ തുടങ്ങിയത്. അതാണു സത്യം... 

(കൂട്ടച്ചിരിയിൽ മറ്റൊന്നും കേൾക്കാൻ പറ്റാതെയായി)

∙ ഹരികൃഷ്ണൻ – അഞ്ചാംപാതിരയിലെ കഥാപാത്രം അത്രയേറെ ആസ്വദിച്ചു ചെയ്തൊരു വർക്കാണ്. ഒട്ടേറെപ്പേർ അഭിനന്ദിച്ചു. ‘ആട്’ വേറൊരു ഇഷ്ട കഥാപാത്രം.

 

ഏതെങ്കിലുമൊരു സിനിമ ചെയ്ത ശേഷം അതു വേണ്ടായിരുന്നു എന്നു തോന്നിയിട്ടുണ്ടോ?

(എല്ലാവരും കോറസായി പറ‍ഞ്ഞു– ഉണ്ടല്ലോ, പലതവണ)

∙ അജു – ഞാൻ തന്നെ എന്നോടു കണ്ണാടിയിൽ നോക്കി പറഞ്ഞിട്ടുണ്ട്. അതു വേണ്ടായിരുന്നളിയാ എന്ന്. ഞാനും ഭഗത്തും ഒരു സിനിമയുടെ സെറ്റിലിരുന്നു മുഖത്തോടു മുഖം നോക്കിയിരുന്ന് കുറെ നെടുവീർപ്പിട്ടിട്ടുണ്ട്. 

∙ ഷാൻ – അങ്ങനെ തോന്നിയിട്ടുള്ള പല സിനിമകളുണ്ട്. ചിലതിനു കൃത്യമായ പ്ലാനിങ്ങൊന്നും ഉണ്ടാവില്ല. അതു നമ്മുടെ ജോലിയെയും ബാധിക്കും.

 

മലർവാടിക്കൊരു രണ്ടാം ഭാഗം?

∙ വിനീത് – അവരെല്ലാം കൂടി ജീപ്പിൽ ഗോവയ്ക്കു പോയതാണ് നമ്മൾ അവസാനം കണ്ടത്. അതൊരു നല്ല ഓർമയായി നിൽക്കുകയാണ്. രണ്ടാം ഭാഗത്തിനുവേണ്ടി അങ്ങനൊന്നു ചെയ്യില്ല. പക്ഷേ, അതിനൊരു സാധ്യത എപ്പോഴെങ്കിലും വന്നാൽ ആലോചിക്കാവുന്ന കാര്യവുമാണ്.

∙ ഭഗത്ത് – നമ്മൾക്കും ഗോവയ്ക്കു പോകാമായിരുന്നു. 

 

മലർവാടി ഒരിക്കൽക്കൂടി ചെയ്യാൻ അവസരം കിട്ടിയാൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തും?

 

∙ ഷാൻ (ഉടൻ മറുപടി) – ഇവന്മാരെ ആരെയും അടുപ്പിക്കില്ല! 

∙ വിനീത് – അങ്ങനെ പെട്ടെന്നു പൊളിച്ചെഴുതാൻ പറ്റിയൊരു സിനിമയല്ലത്. അത്രയേറെ കഷ്ടപ്പെട്ടിട്ടുണ്ട്. ചിലപ്പോൾ 24 മണിക്കൂറും പണിയെടുക്കേണ്ടി വന്നു. അതുപോലെ ഞങ്ങളെല്ലാം കഷ്ടപ്പെട്ട വേറൊരു ചിത്രമില്ല.

∙ നിവിൻ – രാത്രിയും പകലും കടന്നുപോകുന്നത് ഞങ്ങളിങ്ങനെ നോക്കി നിന്നിട്ടുണ്ട്. ശരിക്കും രാത്രി മുഴുവൻ നീളുന്ന ഷൂട്ടിങ്ങെന്നു പറഞ്ഞു കേട്ടിട്ടുള്ളത് എന്താണെന്നും അതിൽ എത്രപേരുടെ കഷ്ടപ്പാടുണ്ടെന്നും മനസ്സിലാക്കിത്തന്നതും ‘മലർവാടി’യുടെ ഷൂട്ടിങ് സമയത്താണ്..

∙ അജു – ഇപ്പോ. രാത്രിയിലും ഷൂട്ടിങ് ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാലും ഒരു കുഴപ്പവുമില്ല. അത്രയും നല്ല പാഠപുസ്തകമായിരുന്നു മലർവാടി.. 

 

ഇനി എന്നാണു മലർവാടിയിലെ ഇൗ സംഘം മറ്റൊരു സിനിമയിൽ ഒത്തുചേരുന്നത്?

∙ നിവിൻ  – ‘ലവ് ആക്‌ഷൻ ഡ്രാമ’യിൽ ഇതിൽ മിക്കവരും ഉണ്ടായിരുന്നു. ഇനിയും പുതിയ പദ്ധതികൾ വരുമ്പോൾ ഞങ്ങൾ ഒന്നിക്കും... 

∙ വിനീത് – ‘തിര’യുടെ രണ്ടാം ഭാഗം ചെയ്യണമെന്നുണ്ടായിരുന്നു. ചില കാര്യങ്ങൾ ശരിയായില്ല. എല്ലാവർക്കും ഉടൻ ഒത്തുചേരാൻ പറ്റുമെന്നാണു പ്രതീക്ഷിക്കുന്നത്.

 

ഇക്കഴിഞ്ഞ നാളുകളിൽ ഇതേ സംഘത്തിനൊപ്പം ചേർന്നൊരുക്കിയതിൽ  ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങൾ ഏതു സിനിമയിലായിരുന്നു?

 

ഷാൻ – ‘തട്ടത്തിൻ മറയത്ത്’ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട വർക്കുകളിൽ ഒന്നാണ്. പിന്നെ ‘ഒരു വടക്കൻ സെൽഫി’ – വ്യത്യസ്തമായ ശൈലിയിലാണ് ഓരോ പാട്ടും. പിന്നെ ‘കുടുക്കു പൊട്ടിയ കുപ്പായം..’ (അജുവിനെ ലക്ഷ്യമാക്കി) ‘ഉത്തരവാദിത്തമുള്ള’ ഒരു നിർമാതാവായിരുന്നു ‘ലവ് ആക്‌ഷൻ ഡ്രാമ’ നിർമിച്ചത്. ആദ്യം ‘മലരമ്പൻ തഴുകുന്ന കിളിമകളേ’ എന്ന പാട്ട് റീമിക്സ് ചെയ്ത് ഇൗ സിനിമയിൽ ഉപയോഗിക്കാനായിരുന്നു പ്ലാൻ. നിർമാതാവിനോട് ഞാൻ ഇക്കാര്യം പറഞ്ഞു. ഇൗ പാട്ടിന്റെ റൈറ്റ്സ് വാങ്ങണമെന്നും ഓർമിപ്പിച്ചു. ഞാൻ മുൻപു പറഞ്ഞ ‘ഉത്തരവാദിത്തം’ കാരണം ഒന്നും നടന്നില്ല... ഒടുവിൽ ഒറ്റ ആഴ്ചയ്ക്കുള്ളിൽ തയാറാക്കിയ പാട്ടാണ് ‘കുടുക്ക് പൊട്ടിയ കുപ്പായം’ എന്തായാലും നിർമാതാവ് കാരണം എനിക്കൊരു ഹിറ്റ് പാട്ടു കിട്ടി.

 

പത്തു വർഷം കൊണ്ട് കൂടുതൽ മാറ്റമുണ്ടായത് ആർക്കായിരിക്കും?

 

∙ വിനീത് – എല്ലാവരും തടിച്ചെന്നതു മാറ്റി നിർത്തിയാൽ വലിയ മാറ്റമൊന്നുമില്ല.

∙ ഷാൻ – പക്ഷേ, ഞാനൊരു നിത്യവസന്തമാണ്... 

എല്ലാവരും (അയ്യടാ...)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com