ഓർമകളുടെ കോളിളക്കം

Mail This Article
കല്ലിൽ കൊത്തിവച്ച ശിൽപം പോലെ, കാലത്തിനു പോലും തൊടാനാവാത്ത ചില ഓർമകളുണ്ട്. അനുവാദം ചോദിക്കാതെ തീരത്തെ തൊടുന്ന തിര പോലെ അവ ഇടയ്ക്കിടെ മനസ്സിലേക്കു കയറിവരും. കൃഷ്ണൻ നായർ എന്ന ജയൻ മലയാളിക്കു അത്തരമൊരു ഓർമയാണ്. പ്രണയ സ്മാരകമെന്നു കേൾക്കുമ്പോൾ മനസ്സിൽ തെളിയുന്ന താജ്മഹൽ പോലെ, സ്ക്രീനിലെ പൗരുഷമെന്ന ചിന്തയ്ക്കൊപ്പം ആഴമുള്ള ശബ്ദവും കരുത്തിൽ വാർത്തെടുത്ത രൂപവുമായി ജയൻ മുന്നിൽ വന്നു നിൽക്കും. നാൽപത്തിയൊന്നാമത്തെ വയസ്സിൽ ജയൻ ജീവിതത്തിന്റെ തിരശ്ശീലയ്ക്കപ്പുറത്തേയ്ക്കു മറഞ്ഞിട്ടു 40 വർഷം പൂർത്തിയാകുന്നു.
ജയനില്ലാത്ത കാലം പോലും മധ്യവയസ്സിലേക്കു കടന്നു. ആകാരം ഭംഗി കൊണ്ടും നിഗൂഢതയൊളിപ്പിച്ച ചിരികൊണ്ടും ജയൻ മലയാളത്തിന്റെ വെള്ളത്തിരയിൽ കുറിച്ചിട്ട കഥാപാത്രങ്ങൾക്ക് ഇപ്പോഴും നിറ യൗവ്വനം. രണ്ടാം ലോക മഹായുദ്ധത്തിന്റെ ഓർമകളുറങ്ങുന്ന ഷോളാവരത്തെ എയർ സ്ട്രിപ്പിൽ, ഹെലികോപ്റ്ററിലെ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തെത്തുടർന്നു 1980 നവംബർ 16നാണു ജയൻ നിത്യതയിൽ ലയിച്ചത്.
കോളിളക്കമെന്ന സിനിമയുടെ ക്ലൈമാക്സ് രംഗത്തിന്റെ ചിത്രീകരണം, മലയാളത്തിലെ ആദ്യത്തെ ആക്ഷൻ ഹീറോയുടെ ജീവിതത്തിന്റെ ക്ലൈമാക്സായി മാറിയതങ്ങിനെ? അന്ന് എന്താണു സംഭവിച്ചത്? പാംഗ്രോവ് ഹോട്ടൽ മുതൽ ഷോളാവരം എയർ സ്ട്രിപ്പ് വരെ, അവിടെ നിന്നു രാജീവ് ഗാന്ധി ജനറൽ ആശുപത്രിവരെ...
∙പാംഗ്രോവ് ഹോട്ടൽ , മെമ്മറീസ് റീലോഡഡ്
മദിരാശി ദക്ഷിണേന്ത്യൻ സിനിമയുടെ തലസ്ഥാനമായിരുന്ന കാലത്ത് നക്ഷത്രങ്ങളുടെ വാസസ്ഥലമായിരുന്നു പാംഗ്രോവ് ഹോട്ടൽ. സിനിമയിൽ സജീവമായി മദ്രാസിലെത്തിയ നാൾ മുതൽ പാംഗ്രോവ് ഹോട്ടലായിരുന്നു താരത്തിന്റെ സങ്കേതം. ജീവിതത്തിന്റെ ക്ലൈമാക്സിലേക്കു ജയൻ ഇറങ്ങിപ്പോയതും ഇവിടുത്തെ 407-ാം നമ്പർ മുറിയിൽ നിന്നാണ്. അറിയപ്പെടാത്ത രഹസ്യം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പീരുമേട്ടിലായിരുന്നു ജയൻ. കോളിളക്കത്തിന്റെ ക്ലൈമാക്സ് ചിത്രീകരണത്തിനായി മുംബൈയിൽ നിന്നു ഹെലികോപ്റ്ററെത്തിയെന്ന സന്ദേശം ലഭിച്ചതോടെയാണു തിരക്കിട്ടു മദിരാശിയിലേക്കു വന്നത്. ക്ലൈമാക്സ് ചിത്രീകരിച്ചു ഉടൻ മടങ്ങാനായിരുന്നു പദ്ധതി. കൊച്ചിയിൽ നിന്നു വിമാന മാർഗമെതതി 15നു വൈകിട്ടോടെ 407-ാം നമ്പർ മുറിയിൽ ചെക്ക് ഇൻ ചെയ്തു.
ഹോട്ടലിൽ ജയൻ ആദ്യം താമസിച്ചതു രണ്ടാം നിലയിലെ 305-ാം മുറിയിലായിരുന്നു. എസി പോലുമില്ലാത്ത സാധാരണ മുറി. മാസങ്ങൾക്കു മുൻപാണു മൂന്നാം നിലയിൽ കൂടുതൽ സൗകര്യങ്ങളുള്ള 407-ാം നമ്പർ മുറിയിലേക്കു മാറിയത്. ഹോട്ടൽ മുറ്റത്തു പ്രഭാത സവാരിക്കിറങ്ങുന്ന, മുറിക്കു പുറത്തെ വിശാലമായ വരാന്തയിൽ കാറ്റുകൊണ്ടിരിക്കുന്ന, വലിപ്പച്ചെറുപ്പമില്ലാതെ കുശലാന്വേഷണം നടത്തുന്ന ജയനെയാണു ഹോട്ടലിലെ പഴയ ജീവനക്കാരുടെ ഓർമയിലുള്ളത്.