ഫഹദിന്റെ വിലക്ക്; ഫിയോക്കിന്റെ വിശദീകരണം
Mail This Article
ഒടിടി സിനിമകളുമായി സഹകരിച്ചാൽ നടൻ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് തിയറ്റർ സംഘടനയായ ഫിയോക്ക്. കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ട് ചിത്രങ്ങൾ ഫഹദ് ഫാസിലിന്റേതായി ഒടിടിയിൽ റിലീസ് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഇതിന്റെ വിശദീകരണം അറിയുന്നതിനായി ഫഹദിനെ ഫോണിൽ ബന്ധപ്പെട്ടിരിന്നുവെന്നും രണ്ട് ചിത്രങ്ങളും ലോക്ഡൗണ്‍ സമയത്ത് ഒടിടിക്കു വേണ്ടി മാത്രം ഷൂട്ട് ചെയ്തതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞതായി ഫിയോക് അംഗങ്ങൾ മനോരമ ഓൺലൈനിനോടു പറഞ്ഞു. മാത്രമല്ല ഒടിടി സിനിമകളുമായി ഉടന്‍ സഹകരിക്കുന്നില്ലെന്ന ഉറപ്പും ഫഹദ് നൽകിയതായും ഇവർ അറിയിച്ചു.
ഫഹദിന്റെ ബിഗ് ബജറ്റ് ചിത്രമായ മാലിക് മെയ് മാസത്തിൽ തിയറ്റർ റിലീസ് ആയി പ്രദർശനത്തിനൊരുങ്ങുകയാണ്. ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രം മഹേഷ് നാരായണനാണ് സംവിധാനം ചെയ്യുന്നത്. സീ യു സൂൺ, ടേക്ക് ഓഫ് എന്നീ ചിത്രങ്ങൾക്കും ശേഷം മഹേഷും ഫഹദും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.
കഴിഞ്ഞ ദിവസങ്ങളിലായി ഇരുൾ, ജോജി എന്നീ ചിത്രങ്ങൾ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നീ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്തിരുന്നു. ഇരുളിന് സമ്മിശ്ര അഭിപ്രായം ലഭിച്ചപ്പോൾ ജോജിയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.