ADVERTISEMENT

തിരുവനന്തപുരം ∙ അൻപത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ‘വെള്ളം’ എന്ന സിനിമയിലെ അഭിനയത്തിന് ജയസൂര്യയെ മികച്ച നടനായും ‘കപ്പേള’യിലെ അഭിനയത്തിന് അന്ന ബെന്നിനെ മികച്ച നടിയായും തിരഞ്ഞെടുത്തു. ‘എന്നിവർ’ എന്ന ചിത്രത്തിലൂടെ സിദ്ധാർഥ് ശിവ മികച്ച സംവിധായകനായി. ജിയോ ബേബി സംവിധാനം ചെയ്ത ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ച’നാണ് മികച്ച സിനിമ. മികച്ച രണ്ടാമത്തെ ചിത്രം സെന്ന ഹെഗ്ഡേ സംവിധാനം ചെയ്ത ‘തിങ്കളാഴ്ച നിശ്ചയം’. സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ ജനപ്രിയ ചിത്രമായി. മികച്ച സ്വഭാവനടൻ – സുധീഷ്(ചിത്രങ്ങൾ – ‘എന്നിവർ’, ഭൂമിയിലെ മനോഹര സ്വകാര്യം’), മികച്ച സ്വഭാവനടി – ശ്രീരേഖ(ചിത്രം – വെയിൽ). ജിയോ ബേബിയാണ് മികച്ച തിരക്കഥാകൃത്ത്. രചനാ വിഭാഗത്തിൽ മികച്ച ചലച്ചിത്ര ഗ്രന്ഥമായി പി.കെ.സുരേന്ദ്രന്റെ ‘ആഖ്യാനത്തിന്റെ പിരിയൻ കോവണികൾ’, മികച്ച ചലച്ചിത്ര ലേഖനമായി ജോണ്‍ സാമുവലിന്‍റെ ‘അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ’ എന്നിവ തിരഞ്ഞെടുക്കപ്പെട്ടു.

 

ഹലാൽ ലവ് സ്റ്റോറി, വെള്ളം എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ ഷഹബാസ് അമൻ മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടു. സൂഫിയും സൂജാതയും ചിത്രത്തിലെ വാതുക്കല് വെള്ളരിപ്രാവ് എന്ന ഗാനത്തിലൂടെ നിത്യ മാമ്മൻ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ സംഗീതസംവിധാനത്തിനും പശ്ചാത്തല സംഗീതത്തിനുമുള്ള പുരസ്കാരങ്ങൾ എം.ജയചന്ദ്രന്‍ നേടി. അൻവർ അലി മികച്ച ഗാനരചയിതാവായി തിരഞ്ഞെടുക്കപ്പെട്ടു. ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രത്തിലെ ‘സ്മരണകൾ കാടായി, മാലിക്കിലെ ‘തീരമേ തീരമേ’ എന്നീ ഗാനങ്ങളിലൂടെയാണ് പുരസ്കാര നേട്ടം.  

മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ചന്ദ്രു ശെൽവരാജ് നേടി. കയറ്റം ആണ് ചിത്രം. സെന്ന ഹെഗ്‌ഡേ ആണ് മികച്ച കഥാകൃത്ത്. ചിത്രം - തിങ്കളാഴ്ച്ച നിശ്ചയം.

 

‘കോവിഡ് മഹാമാരിയുടെ പ്രതിസന്ധി കാലത്തും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനായി 80 സിനിമകള്‍ സമര്‍പ്പിക്കപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്. പ്രാഥമിക വിധിനിര്‍ണയ സമിതിയുടെ സൂക്ഷ്മമായ വിലയിരുത്തലുകള്‍ക്കു ശേഷം 24 ചിത്രങ്ങളാണ് അന്തിമ വിധിനിര്‍ണയ സമിതിയ്ക്ക് മുന്നിലെത്തിയത്. ഇതുകൂടാതെ, വിവിധ വിഭാഗം പുരസ്‌കാരങ്ങളുടെ പരിഗണനയ്ക്കായി 10 ചിത്രങ്ങള്‍കൂടി അന്തിമ വിധിനിര്‍ണയ സമിതി കണ്ടു. 38 ഓളം വരുന്ന നവാഗത സംവിധായകരുടെ ശക്തമായ സാന്നിധ്യവും ഒന്നിനൊന്ന് വ്യത്യസ്തമായ പ്രമേയങ്ങളും ആവിഷ്‌കാരങ്ങളും മലയാള സിനിമയുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകരുമെന്നതില്‍ സംശയമില്ല.’- ജൂറി അഭിപ്രായപ്പെട്ടു.

 

നടിയും സംവിധായികയുമായി സുഹാസിനി മണിരത്നം അധ്യക്ഷയായ അന്തിമജൂറിയാണ് അവാർഡ് പ്രഖ്യാപിച്ചത്. ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിന് ചലച്ചിത്ര അക്കാദമി ദ്വിതല സംവിധാനം ഏര്‍പ്പെടുത്തിയ ശേഷമുള്ള ആദ്യ പുരസ്കാര പ്രഖ്യാപനമാണിത്. കോവിഡ് വരുന്നതിന് മുമ്പ് തീയറ്ററുകളിലും അതിനുശേഷം ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലും പ്രേക്ഷകര്‍ കണ്ടതും കാണാത്തതുമായ ഇരുപതിലേറെ ചിത്രങ്ങളാണ് അന്തിമജൂറിയുടെ പരിഗണനയില്‍ വന്നത്.

 

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ബിജു മേനോൻ മാലിക്, ട്രാന്‍സ് എന്ന ചിത്രത്തിലെ പ്രകടനത്തിന്  ഫഹദ് ഫാസില്‍,വെള്ളം. സണ്ണി എന്നിവയിലൂടെ  ജയസൂര്യ, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ,ഫോറൻസിക് എന്നിവയിലൂടെ ടൊവിനോ തോമസ്, ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചലൂടെ സുരാജ് വെഞ്ഞാറമൂട്, എന്നിവര്‍ കടുത്തമല്‍സരം കാഴ്ചവച്ചിരുന്നു. 

 

കന്ന‍ഡ സംവിധായകന്‍ പി.ശേഷാദ്രിയും പ്രമുഖ സംവിധായകന്‍ ഭദ്രനും അധ്യക്ഷന്മാരായ രണ്ട് പ്രാഥമിക വിധിനിര്‍ണയ സമിതിയിൽ അംഗങ്ങളായിരുന്നു. എണ്‍പതുചിത്രങ്ങള്‍ കണ്ട് രണ്ടാംറൗണ്ടിലേക്കു നിർദേശിച്ച ചിത്രങ്ങളിൽ നിന്നാണ് അവാര്‍ഡ് പ്രഖ്യാപനം.

 

ശേഷാദ്രിക്കും ഭദ്രനും പുറമേ ഛായാഗ്രാഹകൻ സി.കെ.മുരളീധരൻ,സംഗീത സംവിധായകൻ മോഹൻ സിത്താര, സൗണ്ട് ഡിസൈനർ എം.ഹരികുമാർ, നിരൂപകനും തിരക്കഥാകൃത്തുമായ എൻ.ശശിധരൻ എന്നിവരും അന്തിമ ജൂറിയിൽ അംഗങ്ങൾ ആണ്.

 

എഡിറ്റർ സുരേഷ് പൈ, ഗാനരചയിതാവ് ഡോ.മധു വാസുദേവൻ,നിരൂപകൻ ഇ.പി.രാജഗോപാലൻ എന്നിവരായിരുന്നു ശേഷാദ്രി അധ്യക്ഷനായ പ്രാഥമിക ജൂറിയിലെ അംഗങ്ങൾ. ഛായാഗ്രാഹകൻ ഷഹ്നാദ്  ജലാൽ, എഴുത്തുകാരി ഡോ.രേഖ രാജ്, തിരക്കഥാകൃത്തും ഗാനരചയിതാവും ആയ ഷിബു ചക്രവർത്തി എന്നിവരാണു ഭദ്രന്റെ നേതൃത്വത്തിലുള്ള പ്രാഥമിക ജൂറിയിൽ ഉണ്ടായിരുന്നത്. രചനാ വിഭാഗം അവാർഡുകൾ നിശ്ചയിക്കുന്നതിനു നിരൂപകൻ ഡോ.പി.കെ.രാജശേഖരന്റെ അധ്യക്ഷതയിൽ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് ആണ് എല്ലാ ജൂറികളുടെയും  മെംബർ സെക്രട്ടറി.

 

English Summary: Anna Ben, Jayasurya, Sidharth Siva win big at the Kerala State Film Awards 2020; List of all winners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com