ഫിലോമിനചേച്ചിയുടെ ഫിലോസഫി

Mail This Article
ഒരു കാലത്ത് മലയാള സിനിമയിൽ മികച്ച ക്യാരക്ടർ റോളുകൾ ചെയ്തിരുന്ന ഒത്തിരി മികച്ച ആർട്ടിസ്റ്റുകളുടെ ഒരു ചാകരക്കാലമുണ്ടായിരുന്നു. മലയാള സിനിമയെന്ന കൂട്ടുകുടുംബത്തിലെ ആദരണീയരായ വ്യക്തിത്വങ്ങളുടേ അഭിജാതമായ ഒരു കാലഘട്ടമായിരുന്നു അത്. അന്നത്തെ പെൺതാരങ്ങളിൽ നല്ലൊരു മുത്തശ്ശിയാകാനും, അമ്മയാകാനും, അമ്മാവിയാകാനും, അമ്മായിയമ്മയാകാനും, വില്ലത്തിയാവാനും പറ്റിയ ഒത്തിരി കറതീർന്ന അഭിനേത്രികൾ നമുക്കുണ്ടായിരുന്നു.

വില്ലത്തിയായി കളംനിറഞ്ഞാടുമ്പോഴും അവരെ നമ്മൾ ഇഷ്ടപ്പെട്ടു പോകുന്നത് സ്വാഭാവികമായ പരിചരണ രീതിയിലുള്ള ബിഹേവിങ് ആക്റ്റിങ് കൊണ്ടാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അക്കൂട്ടത്തിൽ പ്രധാനികളായ ആറന്മുള പൊന്നമ്മ, കവിയൂർ പൊന്നമ്മ, ഫിലോമിന, അടൂർ ഭവാനി, മീനാമ്മച്ചി, ടി.ആർ. ഓമന, കെപിഎസി ലളിത തുടങ്ങിയവരുടെ പേരുകളാണ് എന്റെ മനസ്സിലേക്ക് ആദ്യം കടന്നു വരുന്നത്. അതിൽ മുസ്‌ലിം വിഭാഗത്തിലെ ചില പ്രധാന കഥാപാത്രങ്ങൾ സ്പെഷ്യലൈസ് ചെയ്തു സിനിമയിലേക്ക് വന്നിട്ടുള്ള ഫിലോമിന ചേച്ചിയെക്കുറിച്ച് ഞാൻ ആദ്യം പറയാം.
ഒരുപക്ഷേ ഇന്നത്തെ പുതിയ തലമുറയിൽപെട്ട ചെറുപ്പക്കാർക്ക് ഫിലോമിന ചേച്ചി എന്നു കേട്ടാൽ പെട്ടെന്ന് അവരുടെ ഓർമയുടെ പരിസരത്തു പോലും ആ പേരു കടന്നു വരുമെന്നു തോന്നുന്നില്ല. അവർ മരിച്ചിട്ട് തന്നെ നീണ്ട പതിനാറു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നാൽ പെട്ടെന്ന് എല്ലാവരും അവരെ ഓർക്കുന്ന ശക്തമായ ഒരു കഥാപാത്രമുണ്ട്. ഗോഡ്ഫാദർ എന്ന ചിത്രത്തിൽ എൻ.എൻ. പിള്ളയോടൊപ്പം കളംനിറഞ്ഞാടിയ ആനക്കാട്ടിൽ അച്ചാമ്മ. ആ ചിത്രം മിനിസ്ക്രീനിൽ മിന്നി മറയുമ്പോഴെങ്കിലും ഒരു നോക്ക് കാണാത്ത പുതിയ തലമുറിയിൽപെട്ട ആരുംതന്നെ ഉണ്ടാവുമെന്നു തോന്നുന്നില്ല.

ഫിലോമിന ചേച്ചി മുസ്‌ലിം കഥാപാത്രമായി വന്നാണ് ജനമനസ്സുകളിൽ കയറിക്കൂടിയതെങ്കിലും, പഴയ നായർ തറവാടുകളിലെ അമ്മയായും മുത്തശ്ശിയായും കിരീടത്തിലും വെങ്കലത്തിലും ചെയ്ത ഹിന്ദു കഥാപാത്രങ്ങളും ഉപ്പുകണ്ടം ബ്രദേഴ്സിലും കമ്പോളത്തിലും ചെയ്ത ക്രിസ്ത്യൻ കഥാപാത്രങ്ങളും ചേച്ചിയുടെ കൈകളിൽ മാത്രം ഒതുങ്ങുന്ന പാത്രസൃഷ്ടിയായിട്ടാണ് എനിക്കു പലപ്പോഴും തോന്നിയിട്ടുള്ളത്. വെറ്റിലക്കൊതുങ്ങാത്ത ഒരു അടക്കയും ഉണ്ടാവില്ലെന്നു പറഞ്ഞതുപോലെ ഫിലോമിനചേച്ചിയിൽ ഒതുങ്ങാത്ത ഒരു ക്യാരക്ടർ റോളുകളും ഉണ്ടാവാൻ സാധ്യതയില്ല.
1963 ലാണ് ഫിലോമിന ചേച്ചി സിനിമ എന്ന മായാലോകത്തിലേക്ക് കടന്നു വരുന്നത്. അന്നൊക്കെ ചെറുതും വലുതുമായ വളരെയധികം വേഷങ്ങൾ ചെയ്തെങ്കിലും ഞാൻ അവരെ ശ്രദ്ധിക്കാൻ തുടങ്ങിയത് 1971 ൽ പുറത്തിറങ്ങിയ പി. എൻ. മേനോന്റെ ‘ഓളവും തീരവും’ എന്ന നാച്വറൽ ഫിലിം കണ്ടപ്പോഴാണ്. അതിലെ ഉഷനന്ദിനിയുടെ ഉമ്മയായിട്ടാണ് അവർ വരുന്നത്. വടക്കൻ മലബാറിലുള്ള പാവപ്പെട്ട ഒരു മുസ്‌ലിം കുടുംബത്തിലെ അഭിമാനിയായ ഉമ്മയുടെ സംസാരവും, ഭാവപകർച്ചയുമൊക്കെ കണ്ടപ്പോൾ ചേച്ചി ശരിക്കും ഒരു മുസ്ലിമാണെന്നാണ് ഞാൻ ആദ്യം കരുതിയത്. പിന്നീട് ഞങ്ങൾ ചിത്രപൗർണമി വാരിക തുടങ്ങിയപ്പോഴാണ് സിനിമാ താരങ്ങളുടെയും ടെക്നീഷ്യൻസിന്റെയുമൊക്കെ ജീവിതരേഖ മനസ്സിലാക്കാൻ കഴിഞ്ഞത്.
1980ൽ ഞാൻ സിനിമാ തിരക്കഥകാരനായി രംഗത്തു വന്നപ്പോഴാണ് ഫിലോമിനചേച്ചിയെ എന്റെ ഏതെങ്കിലും ഒരു സിനിമയിൽ അഭിനയിപ്പിക്കണമെന്നുള്ള ഒരാശയം എന്നിൽ ഉദിച്ചത്. പക്ഷേ എന്റെ ആ മോഹം പൂവണിഞ്ഞത് ഒമ്പതു വർഷം കഴിഞ്ഞ് 1989 ലാണ്. ഞാൻ എഴുതി പി. ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ‘ഗജകേസരിയോഗ’ത്തിൽ അത്ര വലുതല്ലാത്ത ഒരു വേഷം നൽകിയാണ് ഫിലോമിനചേച്ചിയെ ഞങ്ങളുടെ വട്ടാരത്തിലേക്ക് കൊണ്ടു വന്നത്.
'ഗജകേസരിയോഗ'ത്തിന്റെ ഷൂട്ടിങ് ഷൊർണൂരിലായിരുന്നു. അവിടെ വച്ചാണ് ഞങ്ങൾ ആദ്യമായി പരിചയപ്പെടുന്നത്. തൃശൂർഭാഷയിലുള്ള ആ സംസാരവും പ്രത്യേക സ്റ്റൈലിലുള്ള ചിരിയും അവരുടെ പ്രത്യേകതയായിരുന്നു. ഞങ്ങള്‍ പരിചയപ്പെട്ടതിനുശേഷം ഒരു ദിവസം ബ്രേക്ക് ടൈമിൽ അവർ വളരെ സീരിയസ്സായിട്ട് ഒരു ചോദ്യം എന്റെ മുന്നിലേക്ക് എടുത്തിട്ടു.
"എടാ ഡെന്നീേസ.... നിന്റെ ഈ പേര് ആരാടാ ഇട്ടത്? ഇങ്ങനെ ഒരു പേര് ഞാൻ ആദ്യം കേൾക്കുവാ." തൃശൂരുകാരുടെ ഒരു പ്രത്യേക സ്വഭാവമാണ് ഒന്നു പരിചയമായിക്കഴിഞ്ഞാൽ ഉടനെ തന്നെ എടാ പോടാ ചെക്കാ എന്നൊക്കെയുള്ള ഡയലോഗുകൾ. അതിന്റെ തനിയാവർത്തനം പോലെയാണ് ഫിലോമിന ചേച്ചിയിൽ നിന്ന് ഉണ്ടായതെന്നും എനിക്ക് മനസ്സിലായി.
ചോദ്യം കേട്ടപ്പോൾ എനിക്കും കൗതുകം തോന്നി. ഞാൻ വളരെ കൂളായിട്ട് പേരിന്റെ പിതൃത്വത്തെക്കുറിച്ച് പറയാൻ തുടങ്ങി.

‘‘അതേ ചേച്ചി, എന്റെ അപ്പന് ഇളയ ഒരു അനുജനുണ്ടായിരുന്നു. പോൾ മാഷെന്നാണ് എല്ലാവരും വിളിച്ചിരുന്നത്. അക്കാലത്ത് ഞങ്ങളുടെ കലൂരിൽ നല്ല വിദ്യാഭ്യാസമുള്ള ആളുകൾ വളരെ കുറവായിരുന്നു. എറണാകുളം സെന്റ് ആൽബർട്ട്സ് ഹൈസ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്നു ചിറ്റപ്പൻ. ഞങ്ങളുടെ കുടുംബങ്ങളിലെ മക്കളുടെയെല്ലാം പേരിട്ടത് ചിറ്റപ്പൻ ഇംഗ്ലിഷ് പുസ്തകത്തിൽ നിന്നാണ്. ഡെന്നിസ് എന്നുള്ള എന്റെ പേരടക്കം പ്ലാസിറ്റ്, അഡോൾഫ്, ഡെൽഫി, റൂഫി, ഫാക്സി, റിച്ചാർഡ്, ഈഡിപ്പക്സ് തുടങ്ങിയ പേരുകളെല്ലാം ഇട്ടത് ചിറ്റപ്പനാണ്. കലൂരുള്ള പലർക്കും മക്കൾ ജനിക്കുമ്പോൾ നല്ല പേര് കണ്ടെത്താനായി എല്ലാവരും ചിറ്റപ്പന്റെ അടുത്താണ് വരുന്നത്.
അതുകേട്ടപ്പോൾ ഉടനെ തന്നെ വന്നു ഫിലോമിനചേച്ചിയുടെ മറുപടി.
"നീ പറഞ്ഞ പേരുകൾ കേൾക്കാൻ രസമുണ്ടെങ്കിലും പറയാൻ അല്‍പം ബുദ്ധിമുട്ടാണ്. എന്റെ ഈ ഫിലോമിന വളരെ മോശം പേരാ., ഒരു കാശിനും കൊള്ളത്തില്ല. ഞാൻ ജനിച്ചപ്പോൾ നിന്റെ ചിറ്റപ്പനെ കൊണ്ട് പുതിയ ഒരു പേരിടീച്ചാല്‍ മതിയായിരുന്നു’’. അതു പറഞ്ഞുകൊണ്ട് അവർ ചിരിച്ചു മറിഞ്ഞു.
‘ഗജകേസരിയോഗം’ കഴിഞ്ഞു ചേച്ചി പോയെങ്കിലും ഇടക്കിടെ എന്നെ വിളിക്കുമായിരുന്നു. ഞാൻ അപ്പോൾ ജഗദീഷ്-സിദ്ദീഖ് ടീമിനെ വച്ച് ചെറിയ സിനിമകളുണ്ടാക്കി വലിയ ഹിറ്റുകൾ കൊയ്ത് നടക്കുന്ന സമയമായതുകൊണ്ടും ഫിലോമിനചേച്ചിയോടുള്ള സ്നേഹം കൊണ്ടും എന്റെ ഒട്ടുമിക്ക സിനിമകളിലും ഞാൻ അവർക്കു നല്ല വേഷം കൊടുത്തിരുന്നു. ഇന്നത്തെ പ്രോഗ്രാം, മിമിക്സ് പരേഡ്, കാസർകോട് കാദർഭായി, കുണുക്കിട്ട കോഴി, സ്ത്രീധനം, കൺഗ്രാജുലേഷൻ മിസ് അനിതാ മേനോൻ, കൂടിക്കാഴ്ച, ഉപ്പുകണ്ടം ബ്രദേഴ്സ്, ഭാര്യ, കടൽ, സ്ട്രീറ്റ്, കമ്പോളം, തുമ്പോളിക്കടപ്പുറം, കല്യാൺജി ആനന്ദ്ജി, ബോക്സർ, ജെയിംസ് ബോണ്ട് തുടങ്ങിയ എന്റെ വളരെയധികം ചിത്രങ്ങളിൽ ഫിലോമിന ചേച്ചിയുടെ സാന്നിധ്യമുണ്ടായിരുന്നു.
ഓരോ ലൊക്കേഷനിൽ വച്ച് ഞാൻ ചേച്ചിയെ കാണുമ്പോൾ അവർ ചിരിച്ചും നർമം വിതറിയുമൊക്കെ സംസാരിക്കുമ്പോഴും ഉള്ളിൽ നൊമ്പരങ്ങളുടെ നെരിപ്പോടുമായാണ് കഴിഞ്ഞിരുന്നതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു മകൻ മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ. അവന്‍ വിവാഹം കഴിച്ചു പോയി. അമ്മയും മകനും തമ്മിലുണ്ടായ മാനസികമായ അകലം കൊണ്ട് ചേച്ചി 1999 ആയപ്പോഴേക്കും എറണാകുളത്തേക്കു താമസം മാറ്റി കലൂരില്‍ ഒരു ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
എന്റെ വീട്ടിൽ നിന്നും കഷ്ടിച്ച് രണ്ടു കിലോമീറ്റർ അകലെയാണ് ഫിലോമിന ചേച്ചി താമസിച്ചിരുന്നത്. എന്റെ സിനിമകളിൽ സജീവമായിരുന്നെങ്കിലും അവരുടെ ഫ്ലാറ്റിൽ ഞാൻ ആദ്യമായിട്ടാണ് പോകുന്നത്. എന്നോടിതുവരെയും വ്യക്തിപരമായ കാര്യങ്ങളൊന്നും തുറന്നു പറഞ്ഞിട്ടില്ലെങ്കിലും ആദ്യമായാണ് ചേച്ചി എന്റെ മുന്നിൽ മനസ്സ് തുറന്നത്. ഓരോ അസുഖങ്ങളുടെ പിടിയിലകപ്പെട്ടതും ജീവിത പ്രാരാബ്ധങ്ങളും, താനിപ്പോൾ ജീവിതത്തിന്റെ അവസാന റീലിലാണ് ഓടിക്കൊണ്ടിരിക്കുന്നതെന്നുമുള്ള സങ്കടവും ചിരിയും ഇഴചേർത്തുള്ള ചേച്ചിയുടെ വാക്കുകൾ കേട്ടപ്പോൾ ഞാൻ ആകെ വല്ലാതായി. അതുകണ്ട് അവർ അപ്പോൾ തന്നെ മനഃപൂർവം പ്രസരിപ്പും കുസൃതിയും പുറത്തു പ്രകടിപ്പിക്കാൻ തുടങ്ങിയപ്പോൾ എന്റെ മനസ്സ് അറിയാതെ പറഞ്ഞുപോയി;.
കൂടുതൽ അനുഭവങ്ങളുടെ തീച്ചൂളയിൽ കഴിഞ്ഞവർക്കേ വലിയ അഭിനേതാക്കളാകാൻ കഴിയൂ. നിമിഷാർദ്ധം കൊണ്ട് മുഖത്തു മാറി മാറി വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിയുന്നത് അതുകൊണ്ടാണെന്ന് ഞാൻ പാതി തമാശയും പാതി കാര്യവുമായി പറഞ്ഞപ്പോൾ അവർ സാധാരണ ഉപയോഗിക്കുന്ന സ്ഥിരം ഒരു വാക്ക് പുറത്തേക്കു വന്നു.
‘‘ഒന്നു പോടാ ചെക്കാ’’ .
2001ലാണ് എനിക്ക് ഗൾഫിൽ ഒരു പ്രോഗ്രാമിന് പോകുവാനുള്ള അവസരം വന്നുചേരുന്നത്. ‘സ്ത്രീധനം’ എന്ന ചിത്രം നിര്‍മിച്ച പെരുന്തൽമണ്ണക്കാരൻ മുഹമ്മദ് ആണ് ആ കലാവിരുന്ന് സംഘടിപ്പിച്ചത്. സ്കിറ്റ്, ഗാനമേള തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിക്കാനായി നടൻ അശോകൻ, കോട്ടയം നസീർ, ഷിയാസ്, ഗായകൻ വേണുഗോപാൽ, ഭീമൻ രഘു, നായികാതാരം കാവേരി തുടങ്ങിയവരെയെല്ലാം പങ്കെടുത്തുകൊണ്ടുള്ള ഒരു കലാസന്ധ്യയായിരുന്നു ഞങ്ങൾ പ്ലാൻ ചെയ്തിരുന്നത്. ബൈജു കൊട്ടാരക്കരയായിരുന്നു പ്രോഗ്രാം ഡയറക്ടർ. ഞാൻ ഫിലോമിന ചേച്ചിയോട് ഇതേക്കുറിച്ച് പറഞ്ഞപ്പോൾ അവര്‍ക്ക് വലിയൊരാഗ്രഹം ഈ പരിപാടിയിൽ പങ്കെടുക്കണമെന്ന്. ഞാൻ മുഹമ്മദിനോട് പറഞ്ഞപ്പോൾ അയാൾക്കും വലിയ സന്തോഷമായി. ഫിലോമിന ചേച്ചിയും കൂടി വരുമ്പോൾ ഒത്തിരി കോമഡി നമ്പറുകൾ ചേർക്കാമല്ലോ.
അങ്ങനെ 2001ലാണ് ഞങ്ങൾ ദുബായിലേക്ക് തിരിച്ചത്. നല്ല ട്രിപ്പായിരുന്നു. ദുബായിലെ പരിപാടി കഴിഞ്ഞിട്ട് രണ്ടു ദിവസം കഴിഞ്ഞാണ് അടുത്ത പ്രോഗ്രാം. അവിടത്തെ വലിയൊരു ഹോട്ടലിലാണ് ഞങ്ങൾക്ക് താമസം ഒരുക്കിയിരുന്നത്. നല്ല രുചിയുള്ള അറേബ്യൻ സ്റ്റൈലിലുള്ള ഭക്ഷണം കിട്ടിയപ്പോൾ ഫിലോമിനചേച്ചിക്ക് വലിയ സന്തോഷമായി. നല്ല ഭക്ഷണത്തോടൊക്കെ അവർക്കു വലിയ താൽപര്യമാണ്. നര്‍മവും കുസൃതിയും നേരമ്പോക്കും പറയുന്നതുപോലെ ഭക്ഷണം കഴിക്കുന്നതും ഫിലോമിനചേച്ചിക്ക് ഒരു നേരമ്പോക്കായിരുന്നു.
പ്രോഗ്രാമില്ലാത്ത ഒരു ദിവസം ഞാൻ അൽഐനിൽ എന്റെ ഭാര്യയുടെ ബന്ധുവായ ഫാക്സിയുടെ വീട്ടിൽ പോയപ്പോൾ ഞാൻ കൂട്ടിനായി ഫിലോമിനചേച്ചിയെയും കൂടി കൂട്ടി. ഫാക്സിക്ക് അവിടെ മെഡിക്കൽ ഷോപ്പും ഡിസ്പെൻസറിയുമൊക്കെയുണ്ട്.
ഞങ്ങള്‍ അവിടെ ചെന്നപ്പോൾ ബ്ലഡ് ഷുഗര്‍ ഒന്നു ചെക്ക് ചെയ്യാമെന്ന് കരുതി ടെസ്റ്റ് ചെയ്തു നോക്കി. എനിക്കും ഫിലോമിനച്ചേച്ചിക്കും നല്ല ഷുഗറുള്ളതാ. ചെക്ക് ചെയ്തു റിസൽട്ട് വന്നപ്പോൾ എനിക്ക് മുന്നൂറ്റിനാൽപതും ചേച്ചിക്ക് നാനൂറ്റിയെൺപതും ബ്ലഡ് ഷുഗർ. കേട്ടപ്പോൾ ഞാൻ വല്ലാതായി. ചേച്ചിക്ക് യാതൊരു കൂസലുമില്ല. അതുകൊണ്ട് ഞാൻ പറഞ്ഞു.
‘‘ചേച്ചി വളരെ സൂക്ഷിക്കണം. എനിക്ക് തന്നെ ഷുഗർ വളരെ കൂടുതലാ. ചേച്ചിക്ക് നാനൂറ്റിയെൺപതുണ്ട്.
‘‘അതു കൂടുതലാണോടാ’’
"ഹേയ് എന്താ അഞ്ഞൂറ് തികക്കണമെന്നുണ്ടോ? സൂക്ഷിച്ചില്ലെങ്കിൽ കോമയായി പോകും കേട്ടോ."
"അത് എന്നാ കോമയാടാ, ഓ ഇനി എന്നാ നോക്കാനാടാ, എന്ത് കോമായെങ്കിലും വരട്ടെ".
ഇതായിരുന്നു ഫിലോമിന ചേച്ചിയുടെ പ്രകൃതം .
നമ്മളോട് മരണത്തെക്കുറിച്ച് വളരെ നിസ്സാരമായി പറയുമെങ്കിലും മരിക്കുന്നതിൽ ചേച്ചിക്ക് വല്ലാത്ത പേടിയായിരുന്നു. ചില സമയങ്ങളിലെ പെരുമാറ്റത്തിൽ നിന്നും എനിക്കത് തോന്നിയിട്ടുണ്ട്. പിന്നെ ഇടക്ക് എവിടെ നിന്നോ പറഞ്ഞു കേൾക്കുന്ന ഫിലോസഫികളും ഉരുവിടാറുണ്ടായിരുന്നു.
"നമ്മൾ ഇത്ര കഷ്ടപ്പെട്ട് ജീവിക്കുന്നത് മരിക്കാൻ വേണ്ടിയാണെങ്കിൽ പിന്നെ എന്തിനാടാ ജീവിക്കുന്നത്."
ഫിലോമിന ചേച്ചിയുടെ മരണം വരെ ഷുഗറിനെയൊന്നും ചേച്ചി പേടിച്ചിട്ടില്ല. എന്നാൽ എനിക്ക് ഷുഗർ ഉള്ളതുകൊണ്ട് ദിവസവും രണ്ടു നേരം വച്ച് കലൂർ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ജോഗ്ഗിങ്ങിനു പോയിരുന്ന ഞാൻ മധുരം കഴിക്കുന്ന എന്റെ സഹനടപ്പുകാരെ ഉപദേശിച്ചിരുന്ന ആളാണ്. ആ എനിക്കാണ് ഷുഗർ കൂടി വലതുകാലിന്റെ പാതി മുറിച്ചുമാറ്റേണ്ടി വന്നത്.
അതുകൊണ്ടാണല്ലോ ബുദ്ധിയുള്ള മനുഷ്യർ പറയുന്നത് "ആർക്കും ഉപദേശിക്കാം, ഉപദേശം ആവണക്കെണ്ണ പോലെയാണല്ലോ."
(തുടരും....)