മകൾ ഉത്തരയുടെ വിവാഹനിശ്ചയ വിഡിയോ പങ്കുവച്ച് ആശ ശരത്

Mail This Article
ആശ ശരത്തിന്റെ മകളും നടിയുമായ ഉത്തര ശരത്തിന്റെ വിവാഹനിശ്ചയ വിഡിയോ റിലീസ് ചെയ്തു. ആശ ശരത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്തിറക്കിയത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഉത്തരയുടെ വിവാഹനിശ്ചയം. ആദിത്യയാണ് വരൻ. മാർച്ച് 18നാണ് ഇരുവരുടെയും വിവാഹം.
കൊച്ചിയിലെ സ്വകാര്യഹോട്ടലിൽ വച്ച് നടന്ന നിശ്ചയ ചടങ്ങിൽ ആശ ശരത്തിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമടക്കം നിരവധി പേർ പങ്കെടുത്തു. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, മനോജ് കെ. ജയൻ തുടങ്ങി നിരവധി താരങ്ങളും ചടങ്ങിനെത്തിയിരുന്നു.
ഉത്തര അമ്മയ്ക്കൊപ്പം നൃത്തവേദികളിൽ സജീവമാണ്. മെക്കാനിക്കൽ എൻജിനീയറായ ഉത്തര ഖെദ്ദ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. ആശ ശരത്തും ഈ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. 2021ലെ മിസ് കേരള റണ്ണർഅപ്പ് കൂടിയായിരുന്നു ഉത്തര. ബിസിനസ് അനലിറ്റിക്‌സിൽ ബിരുദാനന്തര ബിരുദം നേടിയിരുന്നു.
കീർത്തനയാണ് ആശ ശരത്തിന്റെ രണ്ടാമത്തെ മകൾ. കാനഡയിലെ വെസ്റ്റേൺ സർവകലാശാലയിൽ നിന്നും സിന്തറ്റിക് ബയോളജിയിലാണ് കീർത്തന ബിരുദം നേടിയിരിക്കുന്നത്