‘എംപുരാൻ’; ഉത്തരേന്ത്യയിൽ നിന്നും വിദേശത്തേക്ക് പൃഥ്വി; വിഡിയോ

Mail This Article
മോഹൻലാൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘എംപുരാൻ’ അതിന്റെ അവസാനഘട്ട പണിപ്പുരയിലാണ്. പൃഥ്വിയും സംഘവും ചിത്രത്തിന്‍റെ ലൊക്കേഷന്‍ ഹണ്ടിങിനായി വിദേശ രാജ്യങ്ങളിലുള്‍പ്പെടെയുള്ള യാത്രകളിലാണ്. നിർമാതാവ് ആന്‍റണി പെരുമ്പാവൂര്‍ ആണ് റീൽ വിഡിയോയിലൂടെ ഈ വിശേഷം ആരാധകർക്കായി പങ്കുവച്ചത്.

അതേസമയം കഴിഞ്ഞ വര്‍ഷാവസാനം തന്നെ ചിത്രത്തിനുവേണ്ടിയുള്ള ലൊക്കേഷന്‍ ഹണ്ടിങ് ആരംഭിച്ചിരുന്നു. ഇന്ത്യയിൽ ചിത്രീകരണം തുടങ്ങുന്ന ചിത്രം 6 രാജ്യങ്ങളിലൂടെ യാത്ര ചെയ്താണു പൂർത്തിയാകുന്നത്. ലൊക്കേഷനുകൾക്കുവേണ്ടി സംവിധായകൻ പൃഥിരാജും സംഘവും ആറുമാസത്തോളമായി നടത്തിയ യാത്രകൾ ഉത്തരേന്ത്യയിൽ അവസാനിച്ചത് ഈ വർഷം ഫെബ്രുവരിയിലാണ്. പിന്നീടാണ് വിദേശ ലൊക്കേഷനുകൾ തേടി ടീം വീണ്ടും യാത്ര തിരിച്ചത്.
കേരളത്തിൽ ചിത്രീകരണമുണ്ടാകുമോ എന്നു വ്യക്തമല്ല. ഉത്തരേന്ത്യൻ യാത്രയിൽ പൃഥിരാജിനൊപ്പം ക്യാമറമാൻ സുജിത് വാസുദേവ്, കലാ സംവിധായകൻ മോഹൻദാസ്, അസോഷ്യേറ്റ് ഡയറക്ടർ വാവ കൊട്ടാരക്കര തുടങ്ങിയവരുമുണ്ട്. മുരളി ഗോപിയാണു കഥയും തിരക്കഥയും. ആശിർവാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണു നിർമിക്കുന്നത്. സുരേഷ് ബാലാജിയും ജോർജിപയനും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാകും ലൈൻ പ്രൊഡക്‌ഷൻ. ബജറ്റോ, റിലീസ് തിയതിയോ തീരുമാനിക്കാതെയാണ് ചിത്രീകരണം തുടങ്ങുന്നത്.
മലയാള സിനിമയെന്ന നിലയിൽ മാത്രമാകില്ല എംപുരാൻ ആസൂത്രണം ചെയ്യുന്നത്. തിയറ്ററിലും, ഇന്ത്യൻ സിനിമ എന്ന നിലയിൽ ഒടിടിയിലും വൻ ബിസിനസ് നടന്ന ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്. ഹോളിവുഡ് ചിത്രത്തിനു സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നത്.