ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

തൃശൂരിലെ തിയറ്റർ ഉടമയായ ഡോ. ഗിരിജ കെ.പി.യ്ക്കുണ്ടായ കടുത്ത ആക്രമണങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തൽ സമൂഹമാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന അവർ അതിരൂക്ഷമായ സൈബർ ആക്രമണത്തിൽ മനംനൊന്താണ് കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുൻപിലെത്തിയത്. ഇപ്പോഴിതാ ഇവരുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് രാജ്കീർത്തി നായർ എന്ന യുവതി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. സിനിമാ സംഘടനകൾ ചർച്ചയ്ക്കു വിളിച്ചിട്ടുണ്ടെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉള്ളതുകൊണ്ട് ഗിരിജയ്ക്കു പോകാനാകില്ലെന്നും അവരുടെ ആരോഗ്യ പ്രശ്നത്തിന്റെ വ്യാപ്തി മനസ്സിലാക്കുവാൻ വേണ്ടിയാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതുന്നതെന്നും രാജ്കീർത്തി നായർ പറയുന്നു.

 

രാജ്കീർത്തി നായർ പങ്കുവച്ച കുറിപ്പ് താഴെ കൊടുക്കുന്നു:

 

dr-girija-e

‘‘ഇതാണ് തൃശൂർ ഗിരിജ തിയറ്റർ ഉടമ, ഡോ. ഗിരിജ കെ.പി.യുടെ ആരോഗ്യ അവസ്ഥ.... രണ്ടടി ചുവടു വയ്ക്കാനോ , ഒരു പിടി ചോറുണ്ണാനോ പോലും പാട് പെടുകയാണ്. സ്ട്രെസ് അവരുടെ ആരോഗ്യ സ്ഥിതി കൂടുതൽ മോശമാക്കും. ഒരു സ്ത്രീക്ക് സ്വന്തം ബിസിനസ്‌ നടത്തുക എന്നത് വലിയ ഒരു വെല്ലുവിളി തന്നെയാണ്. വളരെ കുപ്രസിദ്ധി ഉണ്ടായിരുന്നതും ഒരു കാലത്ത് എ പടം മാത്രം കളിച്ചിരുന്ന ഗിരിജ തിയറ്ററിന്റെ ചുക്കാൻ പിടിച്ച് ഇന്നത്തെ നിലയിൽ നല്ല പേരുള്ള, കുടുംബ ചിത്രങ്ങൾ വരാറുള്ള ഗിരിജ തിയറ്റർ ആക്കി മാറ്റി എടുത്തത് വളരെ കഷ്ടപ്പെട്ടാണ്. ഡിഗ്രിക്കും, നാലാം ക്‌ളാസിലും പഠിക്കുന്ന രണ്ടു കുട്ടികളുടെ അമ്മ കൂടിയായ  ഡോ. ഗിരിജയുടെ വരുമാന മാർഗം പോലും ഈ തിയറ്റർ ആണ്. അവരുടെ ആരോഗ്യ സ്ഥിതി വെച്ച് ഡോക്ടർ ആയി പ്രാക്ടീസ് ചെയ്യാൻ പോലും കഴിയില്ലാന്ന് മനസ്സിലായി കാണുമല്ലോ....

 

ഓരോ ജീവജാലങ്ങൾക്കുമുള്ളത് ഈ പ്രപഞ്ചത്തിൽ തന്നെ ലഭ്യമാണ്.... ഹിന്ദിയിൽ ഒരു ചൊല്ലുണ്ട്... ഓരോ അരിമണിയിലും, അത് ഭക്ഷിക്കേണ്ടത് ആരെന്നു മുൻ കൂട്ടി എഴുതി വച്ചിട്ടുണ്ട് എന്ന്. ഒരാളും മറ്റൊരാൾക്ക്‌ ഭീഷണിയാകുന്നില്ല എന്നതാണ് ശാശ്വതമായ സത്യം. ഓരോരുത്തർക്കും വിധിച്ചത് കിട്ടുക തന്നെ ചെയ്യും...എന്ത് കൊണ്ടാണ് മനുഷ്യർ, മറ്റൊരാളെ വെറുതെ ദ്രോഹിക്കുന്നത് എന്നതിനെ കുറിച്ച് ഇനിയുമൊരു പഠന റിപ്പോർട്ട്‌ പൂർണമായി ലഭിച്ചിട്ടില്ല...സഹായിച്ചില്ലെങ്കിലും പരസ്പരം ദ്രോഹിക്കാനോ , പിടിച്ചു വലിച്ചു താഴത്തിടാനോ മനുഷ്യജാതിയോളം ഒരു ജീവിയും മുമ്പിലല്ല.

 

ആരുടേയും സഹായമില്ലാതെ, വാട്സ്ആപ്പിലൂടെ ടിക്കറ്റ് വിൽക്കുന്നു എന്നത് വലിയൊരു തെറ്റാണോ. ഓൺലൈൻ ബുക്കിങിനു അധികമായി എടുക്കുന്നത് വെറും 10 രൂപയും. അത് എടുക്കാൻ കഴിവില്ലാത്തവർക്ക്, ഫ്രീ ബുനു വേറെ നമ്പറിൽ വിളിക്കാം. കാണാതെ പോകരുത് ആ നല്ല മനസ്സ്. ഗിരിജ നല്ലൊരു തിയേറ്റർ ആണ്. ജനങ്ങൾ അവരുടെ സൗകര്യത്തിനനുസരിച്ചാണ് തിയറ്ററുകൾ തിരഞ്ഞെടുക്കുക.... ഈ സ്ത്രീയെ പരമാവധി ദ്രോഹിച്ചു, സഹികെട്ടു. അവർ തിയറ്റർ വിൽക്കാൻ തയാറാവുകയും, ഒടുവിൽ ചുളിവ് വിലയിൽ തിയറ്റർ വാങ്ങിച്ചെടുക്കാമെന്നാണോ ആരെങ്കിലും കണക്കു കൂട്ടുന്നത്. കാരണം അത്രയും വലിയ ഒരു പാർക്കിങ് സൗകര്യത്തോട് കൂടി തൃശൂർ ടൗണിൽ വേറെ തിയറ്റർ ഉണ്ടോ എന്ന് എനിക്ക് സംശയമുണ്ട്.

ഒന്നേ പറയാനുള്ളു ഇങ്ങനെ ഒരു സ്ത്രീയെ നിങ്ങൾ ദ്രോഹിച്ചാൽ അതിന്റെ കർമ ഫലം ഭയാനകമായിരിക്കും. സൈബർ കളികളുടെ പിന്നിൽ ഉള്ള ചിലരെ കുറിച്ച് ഗിരിജയ്ക്ക് വ്യക്തമായ ധാരണയുണ്ട്. ഇതിനിടെ ഫിയൊക്ക് ഡോക്ടറിനെ ചർച്ചയ്ക്ക് വിളിച്ചെങ്കിലും, ഡോക്ടറിനെ  ഞാൻ നേരിട്ട് കണ്ടിട്ടാണ് പറയുന്നത്. അവർക്ക് നടക്കാൻ ഒട്ടും വയ്യ.

 

ജീവിക്കാൻ അനുവദിക്കുന്നില്ല; പിന്തുണച്ചത് പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും: ഗിരിജ തിയറ്റർ ഉടമ

 

ഞാൻ അവിടെ കണ്ടത് വലിയ ഒരു തിയറ്റർ മുതലാളിയെ അല്ല... വളരെ സാധാരണ ജീവിതം നയിക്കുന്ന ഒരു പാവം സ്ത്രീയെ ആണ്... കഴിയുമെങ്കിൽ അവരെ സഹായിക്കു. ഈ ആരോഗ്യവസ്ഥയിൽ അവരെ ചർച്ചയ്ക്ക് വിളിച്ചു കഷ്ടപ്പെടുത്താതെ, ഒരു ശാശ്വത പരിഹാരമുണ്ടാക്കുന്നതല്ലേ ശരി. ചർച്ചയ്ക്കു വരാത്തത് അഹങ്കാരം കൊണ്ടല്ല, ആരോഗ്യം തീരെ ഇല്ലാത്തത് കൊണ്ടാണ്. എന്തിനാണ് ഒരു വിധവയെ ദ്രോഹിക്കുന്നത്.

 

അതുപോലും ചിലർ മറ്റൊരു തരത്തിൽ പ്രൊപഗാണ്ട നടത്തുന്നു എന്നാണ് ഡോക്ടറുടെ സംസാരത്തിൽ നിന്നും മനസ്സിലായത്. അതു കൊണ്ടാണ് അവരുടെ ആരോഗ്യ പ്രശ്നത്തിന്റെ വ്യാപ്തി മനസ്സിലാക്കാൻ ഞാൻ ഫോട്ടോ എടുത്തിടുന്നതും. ഈ ധീര വനിതയെ സിനിമാ ഇൻഡസ്ട്രി പിന്തുണയ്ക്കണം.

 

പ്രിയരെ ഒരു സാധു സ്ത്രീയെ എന്നാൽ കഴിയുന്ന പോലെ പിന്തുണയ്ക്കണം എന്നു മാത്രമെ ഞാനും കരുതിയുള്ളു. നിങ്ങൾ ഗിരിജയ്ക്കു നൽകി വരുന്ന പിന്തുണയും, ഹൃദയം കൊണ്ട് ഓരോരുത്തരുമായി കടപ്പെട്ടിരിക്കുന്നു. ഡോ. ഗിരിജയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള പോസ്റ്റ്‌, നിങ്ങൾ ഓരോരുത്തരും മുൻ കൈ എടുത്തു, വലിയ രീതിയിൽ പ്രചാരം കൊടുത്ത നിങ്ങളുടെ ഓരോരുത്തരുടെയും നല്ല മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഒറ്റയാൾ പോരാട്ടം നടത്തുന്ന നിരവധി സ്ത്രീകൾ ഉണ്ട് സമൂഹത്തിൽ... ഒരാണിനും സഹിക്കേണ്ടാത്ത ലൈംഗിക ചുവയുള്ള കമന്റുകൾ, നോട്ടങ്ങൾ, വൃത്തികെട്ട സമീപനങ്ങൾ, കുടുംബത്തിൽ നിന്നും, സുഹൃത്ത് വലയങ്ങളിൽ പോലും പിന്തിരിപ്പിക്കലും, എല്ലാം കടന്നാണ് ഒരു സ്ത്രീ ഒരു സംരംഭം കെട്ടിപ്പടുത്തുന്നത്...

 

വെറും ഫെയ്സ്ബുക് പിന്തുണയിൽ മാത്രം ഒതുങ്ങാതെ, കഴിയുമെങ്കിൽ ഞായറാഴ്ച ഉച്ചക്ക് 2.30 ഓട് കൂടി ഗിരിജ തിയറ്ററിൽ എത്തുക... സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമായി ഒരു പ്രത്യേക ഷോ വച്ചിട്ടുണ്ട്. ചിത്രം മധുര മനോഹര മോഹം. വീണു കിടക്കുന്നവർക്കാണ് ഒരു കൈ സഹായം നൽകേണ്ടത്. ടിക്കറ്റ് എടുക്കാൻ +91 94957 78884 എന്ന നമ്പറിൽ ഗൂഗിൾ പേ ചെയ്യുമല്ലോ. ഏതു ഇസത്തേക്കാൾ വലുതാണ്  മനുഷ്യത്വം.... എനിക്കും മനുഷ്യത്തിൽ മാത്രേ വിശ്വാസമുള്ളൂ.... വീണു കിടക്കുന്നവർ  ആരായാലും നമുക്കൊരു പിന്തുണ കൊടുക്കാം.നനന്ദിയുണ്ട് മനുഷ്യത്വം ഉള്ള എല്ലാവരോടും.’’

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com