പല അഭിപ്രായങ്ങൾ വരും, ഉൾക്കൊള്ളാനായില്ലെങ്കിൽ ഒതുങ്ങി ജീവിക്കുക: ഒമർ ലുലു

Mail This Article
യൂട്യൂബറെ വീട്ടിൽ കയറി ബാല ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ ഒമർ ലുലു. സിനിമാ താരങ്ങളെപ്പോലെ പബ്ലിക് ഫിഗർ ആകുമ്പോൾ വിമർശനങ്ങൾ ഉണ്ടാകുമെന്നും അത് ഉൾക്കൊള്ളാനുള്ള മാനസിക കരുത്ത് ഇല്ലെങ്കിൽ പൊതുവേദികളിൽ ഇറങ്ങാതെ ഒതുങ്ങി ജീവിക്കണമെന്നും ഒമർ ലുലു പറയുന്നു.
ബാലയുടെ പേരെടുത്ത് പറയാതെയായിരുന്നു ഈ വിഷയത്തില്‍ ഒമറിന്റെ പ്രതികരണം. ‘‘നമ്മൾ ഒരു പബ്ലിക് ഫിഗർ ആകുമ്പോൾ പലരും പല അഭിപ്രായങ്ങൾ പറയും. ഇതൊന്നും ഉൾക്കൊള്ളാനുള്ള മാനസിക കരുത്ത് ഇല്ലെങ്കിൽ പൊതുവേദികളിൽ ഇറങ്ങാതെ ഒതുങ്ങി ജീവിക്കുക.’’–ഒമർലുലു കുറിച്ചു.
അതേസമയം വീട്ടില്‍ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന യൂട്യൂബറുടെ പരാതിയില്‍ ബാലയ്ക്കെതിരെ പൊലീസ് കേസെടുത്തു. ചെകുത്താന്‍ എന്നറിയപ്പെടുന്ന അജു അലക്സിന്‍റെ പരാതിയില്‍ തൃക്കാക്കര പൊലീസിന്‍റേതാണ് നടപടി.
ബാലയ്ക്കെതിരായി വിഡിയോ ചെയ്തതിന്‍റെ വൈരാഗ്യത്തില്‍ വീട് അടിച്ചു തകര്‍ത്തുവെന്നാണ് അജു അലക്സിന്‍റെ ആരോപണം. വെള്ളിയാഴ്ച വൈകീട്ട് ബാലയും സുഹൃത്തുക്കളും വീട്ടിലെത്തിയ ദൃശ്യങ്ങളും അജു അലക്സ് പുറത്തുവിട്ടു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. അജുവിന്‍റെ സുഹൃത്ത് മുഹമ്മദ് അബ്ദുല്‍ ഖാദറിന്‍റെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. പൊലീസ് രാത്രി വീട്ടിലെത്തി പരിശോധന നടത്തി. ആരോപണങ്ങള്‍ നിഷേധിച്ച ബാല അജുവിന്‍റെ വീട്ടിലെത്തിയതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു.