ADVERTISEMENT

‘ആർഡിഎക്‌സി’ലെ അഭിനയം ആദ്യ സിനിമയായ ‘ചിലമ്പി’ന്റെ ഓർമകളിലേക്ക് തന്നെ കൂട്ടിക്കൊണ്ടുപോയെന്ന് ബാബു ആന്റണി. കരാട്ടെയും നഞ്ചാക്ക്‌ ഉപയോഗിച്ചുള്ള ഫൈറ്റ് സീനുകളും ചെയ്തപ്പോൾ ചിലമ്പിലെ ഫൈറ്റ് സീനുകൾ ഓർമ വന്നു. ആദ്യമായി മലയാള സിനിമയിൽ സിങ്കിൾ, ഡബിൾ നഞ്ചാക്ക് ഉപയോഗിച്ച് ഫൈറ്റ് ചെയ്തത് താനായിരുന്നുവെന്നും ബാബു ആന്റണി ഓർമിക്കുന്നു. ‘ആർഡിഎക്‌സി’ലെ യുവതാരങ്ങളെല്ലാം വളരെ എളുപ്പം ഫൈറ്റ് സീനുകൾ പഠിച്ചു ചെയ്തു. സോഫിയ പോൾ ആക്‌ഷൻ ഇഷ്ടപ്പെടുന്ന നിർമാതാവാണ്. നഹാസ് വളരെ കഴിവുറ്റ സംവിധായകനാണെണെന്നും ആർഡിഎക്സ് പോലെയുള്ള സിനിമകൾക്കു വേണ്ടി കാത്തിരിക്കുന്നുവെന്നും ബാബു ആന്റണി മനോരമ ഓൺലൈനിനോടു പറഞ്ഞു.

‘‘ചിലമ്പ് റിലീസ്‌ ചെയ്തിട്ട് 35 വർഷം ആയിട്ടുണ്ടാകും. എന്റെ ആദ്യകാല സിനിമകളെയാണ് ആർഡിഎക്‌സിലെ ഫൈറ്റ് സീനുകൾ എന്നെ ഓർമിപ്പിച്ചത്. ചിലമ്പ് ഒരു വലിയ അനുഭവം ആയിരുന്നു. കളരിയും കരാട്ടെയും തമ്മിലുള്ള ഒരു ശീതയുദ്ധം ആ പടത്തിൽ അന്തർലീനമായി കിടപ്പുണ്ട്. അന്നാണ് മലയാള സിനിമയിൽ ആദ്യമായി നഞ്ചാക്ക്‌ ഉപയോഗിക്കുന്നത്. അന്ന് സിങ്കിൾ നഞ്ചാക്കും ഡബിൾ നഞ്ചാക്കും ഞാൻ ഉപയോഗിച്ചിരുന്നു. അന്ന് ഇന്നത്തെ പോലെ റബർ കൊണ്ട് ഉണ്ടാക്കിയ ബോൾ ബെയറിന്റെ സംഭവമല്ല. ഒറിജിനൽ നഞ്ചാക്ക് ആണ്. എന്റെ കയ്യിൽ ഇരിക്കുന്ന ഒറിജിനൽ നഞ്ചാക്ക് 45 വർഷം പഴക്കമുള്ളതാണ്. അത് ഇപ്പോഴും ഹൂസ്റ്റണിലെ എന്റെ വീട്ടിലുണ്ട്. അതുവച്ചാണ് ഞാൻ ആദ്യമായി പ്രാക്ടീസ് ചെയ്തത്.

അതു വച്ച് അടി കിട്ടിയാൽ നല്ല വേദനയായിരുന്നു. നഞ്ചാക്ക് കറക്കാൻ മാർഷ്യൽ ആർട്സ് പഠിക്കണമെന്നില്ല, ആർക്കും കറക്കാം. മാർഷ്യൽ ആർട്സിന്റെ കൂടെ ഉപയോഗിക്കുമ്പോൾ ഡിഫൻസിനും അറ്റാക്കിനുമൊക്കെ ഉപയോഗിക്കാൻ പറ്റും. ഇതിങ്ങനെ കറക്കുന്നത് വെറുതെയല്ല. ഇത് ഒരു ടാർഗറ്റിൽ അടിക്കുമ്പോൾ ഒന്ന് കുലുങ്ങും. ആ കുലുക്കം മാറ്റിയിട്ട് കക്ഷത്തിലോട്ട് പിടിക്കാൻ വേണ്ടിയാണ് ഇതൊന്ന് കറക്കുന്നത്. പിന്നെ അടുത്ത കയ്യിലേക്ക് മാറ്റി വീണ്ടും ബ്ലോക്ക് ചെയ്യാനും ഒക്കെയാണ് ഉപയോഗിക്കുന്നത്. ചിലരിങ്ങനെ ഇത് വെറുതെ കറക്കി കാണിക്കുന്നത് റീൽസിൽ ഒക്കെ കണ്ടിട്ടുണ്ട്. പക്ഷേ മാർഷ്യൽ ആർട്സില്‍ ഇതൊരു ആയുധമായി ഉപയോഗിക്കാൻ പറ്റും. ഇത് ചൈനീസ് ജാപ്പനീസ് ആളുകളൊക്കെ നെല്ല് മെതിക്കാൻ ഉപയോഗിച്ചിരുന്ന കൃഷി ആയുധമാണ്.

babu-antony-nahas
സംഗീത സംവിധായകൻ സാം സി.എസിനും നഹാസിനുമൊപ്പം ബാബു ആന്റണി

വർഷങ്ങൾക്കു ശേഷം നഞ്ചാക്ക് വീണ്ടും ഉപയോഗിച്ചപ്പോൾ സന്തോഷം തോന്നി. എല്ലാ സിനിമയിലും ഇത് ഉപയോഗിച്ച് അധികം എക്സ്പോസ് ചെയ്യാതെ, ഒരു വലിയ, വിശേഷപ്പെട്ട ബജറ്റ് സിനിമയിൽ ഉപയോഗിക്കാൻ വേണ്ടി കരുതി വച്ചിരുന്നതാണ്. അങ്ങനെയിരിക്കുമ്പോഴാണ് ആർഡിഎക്സിൽ അവസരം ലഭിക്കുന്നത്. ഇപ്പോൾ പാൻ ഇന്ത്യൻ സിനിമകളുടെ കാലമാണല്ലോ. ഇപ്പോൾ എന്നെ വച്ച് ഒരു വലിയ സിനിമ പ്ലാൻ ചെയ്യുന്നുണ്ട്. ഇത്രനാളും ചന്ത, കടൽ എന്നൊക്കെയുള്ള ചെറിയ ബജറ്റ് സിനിമകളാണ് ചെയ്തുകൊണ്ടിരുന്നത്. അതിലൊക്കെ ലോ ലെവലുള്ള ക്യാമറകളും ടെക്നിക്കുകളും ഒക്കെയാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ അങ്ങനെയല്ല. സാങ്കേതികതകൾ ഒരുപാട് മാറി. ബോട്ട് ചേസ്, ഹെലികോപ്റ്റർ ചേസുകൾ തുടങ്ങി ഗ്രാഫിക്സിലൂടെ ചെയ്യുന്ന പല സംഗതിയും ഇന്നുണ്ട്. അത്തരം സിനിമകൾ കാത്തിരിക്കുകയാണ്. ഇത്രനാളും ഞാൻ ആഗ്രഹിക്കുന്ന രീതിയിലുള്ള ആക്‌ഷൻ സിനിമ ചെയ്യാൻ കഴിഞ്ഞിട്ടില്ല. അതുപോലെയുള്ള അവസരങ്ങൾ ഇനി ഉണ്ടാകുമെന്ന് കരുതുന്നു.

nahas-babu
ആർഡിഎക്സ് സംവിധായകൻ നഹാസ് ഹിദായത്തിനൊപ്പം ബാബു ആന്റണി

ആർഡിഎക്സിൽ അഭിനയിച്ചത് വളരെ നല്ല അനുഭവമായിരുന്നു. പുതിയ തലമുറയിലെ കുട്ടികൾ നന്നായി അഭിനയിച്ചു. അവർക്ക് മാർഷ്യൽ ആർട്സ് അറിയില്ലെങ്കിലും വളരെ കുറഞ്ഞ സമയം കൊണ്ട് അതെല്ലാം പഠിച്ച്, അറിയാവുന്നവരെപ്പോലെ തന്നെയാണ് ചെയ്തത്. സോഫിയ പോൾ ആക്‌ഷൻ ഇഷ്ടപ്പെടുന്ന പ്രൊഡ്യൂസറാണ്. നഹാസ് വളരെ നല്ല രീതിയിൽ സംവിധാനം ചെയ്തു. നല്ല ഷോർട്സ് ആണ് അദ്ദേഹം എടുത്തത്. എഴുത്തുകാർ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് എഴുതിയിരുന്നത്. അൻപറിവിന്റെ സംഘട്ടന കോറിയോഗ്രാഫി ആണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. നഹാസ് തന്നെ പറഞ്ഞിട്ടുണ്ട് അദ്ദേഹത്തിനു വേണ്ടത് എന്താണെന്ന് പറഞ്ഞുകൊടുത്താൽ അതിന്റെ പത്തിരട്ടിയാണ് കൊറിയോഗ്രാഫി ചെയ്തു വയ്ക്കുന്നതെന്ന്. ക്ലൈമാക്സിലെ സീൻ ചെയ്യുമ്പോൾ എനിക്ക് ഒരു ചെറിയ ടെൻഷൻ ഉണ്ടായിരുന്നു. കാരണം അത് വളരെ കുറച്ചേ ഉള്ളൂ, അതുകൊണ്ടുതന്നെ അത് ബാക്ക് ഫയർ ചെയ്യുമോ എന്ന് പേടിയുണ്ടായിരുന്നു. എന്തായാലും അത് എല്ലാവർക്കും ഇഷ്ടപ്പെട്ടു. കുറച്ചു കൂടി ചെയ്യാൻ പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ കഴിഞ്ഞില്ല. ‘ഇത്രയും മതി, ബാബുച്ചേട്ടൻ കൂടുതൽ ചെയ്താൽ പിള്ളേരുടെ കാര്യം കഷ്ടത്തിലാകും’ എന്ന് നഹാസ് ഒക്കെ പറഞ്ഞു.

ഇനിയും ആർഡിഎക്സ് പോലെ ഒരു സിനിമ കിട്ടിയാൽ വളരെ നല്ല രീതിയിൽ മാർഷ്യൽ ആർട്സ് ഒക്കെ ചെയ്യാൻ ചെയ്യാമെന്ന് കരുതുന്നു. അതുപോലെ കൂടുതൽ ഉണ്ടാകുമെന്നും കരുതുന്നു. കാരണം എനിക്ക് ആക്‌ഷൻ ചെയ്യാൻ അധികം സമയം വേണ്ട. ക്ലൈമാക്‌സിൽ ചെയ്ത ഫൈറ്റ് ഒക്കെ അര മണിക്കൂർ കൊണ്ടാണ് ചെയ്തത്. ആക്‌ഷനെക്കുറിച്ച് ബോധം ഉള്ളതുകൊണ്ട് അധികം സമയം എടുക്കാതെ ഫൈറ്റ് സീക്വൻസ് ഒക്കെ ചെയ്യാൻ കഴിയും. അറിയാത്തവർക്ക് ടേക്ക് എടുക്കാൻ ഒരുപാട് സമയം വേണ്ടിവരും. ആർഡിഎക്സ് നല്ല ഒരനുഭവം ആയിരുന്നു. ഇനിയും ഇതുപോലെയുള്ള സിനിമകൾ എന്നെ തേടി എത്തുമെന്ന് പ്രതീക്ഷിക്കുന്നു.’’–ബാബു ആന്റണി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com