ജീവിതത്തില്‍ കിട്ടിയ ഏറ്റവും വിലപ്പെട്ട സമ്മാനം: മകന്‍ ആശംസയുമായി സുമലത
Mail This Article
മകന്‍ അഭിഷേക് അംബരീഷിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നടിയും മാണ്ഡ്യ എംപിയുമായ സുമലത പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമാകുന്നു. മകന്‍ കുഞ്ഞായിരുന്നപ്പോഴുള്ള ഒരു ഫോട്ടോയും, ഇന്നത്തെ ഫോട്ടോയും ചേര്‍ത്ത് വച്ചാണ് പോസ്റ്റ്. തന്റെ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് മകനെന്ന് സുമലത പറയുന്നു.
‘‘എന്റെ പ്രിയപ്പെട്ട അഭി, ജീവിതം എനിക്ക് തന്ന ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നീ. നിന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഘട്ടവും ഞാന്‍ വിലമതിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. നിന്റെ ജന്മദിനത്തില്‍, നിനക്ക് ഒരിക്കലും അവസാനിക്കാത്ത സന്തോഷം ഞാന്‍ നേരുന്നു. നീ എന്നും അന്വേഷിക്കേണ്ടതും നേടേണ്ടതും അതാണ്, എപ്പോഴും സന്തോഷം.’’ സുമലത കുറിച്ചു
1991 ല്‍ ആണ് കന്നട നടനും രാഷ്ട്രീയക്കാരനുമായ അംബരീഷുമായുള്ള സുമലതയുടെ വിവാഹം കഴിഞ്ഞത്. 1993 ല്‍ മകന്‍ അഭിഷേകിന് ജന്മം നല്‍കി. ഈ വർഷം ജൂണിലായിരുന്നു അഭിഷേകിന്റെ വിവാഹം.
മാതാപിതാക്കളുടെ വഴിയേ അഭിഷേകും സിനിമയിൽ സാന്നിധ്യമറിയിച്ചിരുന്നു. ‘അമർ’ എന്ന ചിത്രത്തിലൂടെയാണ് അഭിഷേക് സിനിമയിലെത്തിയത്. വധു അവിവ അറിയപ്പെടുന്ന മോഡലും ഫാഷൻ ഡിസൈനറുമാണ്.