വിചാരിക്കുന്നതിനേക്കാൾ നികൃഷ്ടം: മൻസൂർ അലിഖാനെതിരെ മാളവിക മോഹനൻ
Mail This Article
നടി തൃഷയ്ക്കെതിരെ മൻസൂർ അലിഖാൻ നടത്തിയ അപകീർത്തി പരാമർശങ്ങളിൽ പ്രതികരണവുമായി നടി മാളവിക മോഹനൻ. മൻസൂർ അലി ഖാന്റെ വാക്കുകൾ അത്രമേൽ വെറുപ്പുളവാക്കുന്നതാണെന്ന് പറഞ്ഞുകൊണ്ടാണ് നടി മാളവിക എക്സിലൂടെ തന്റെ പ്രതിഷേധം അറിയിച്ചത്.
‘‘ഇത് പല തലങ്ങളിൽ വെറുപ്പുളവാക്കുന്നതാണ്. ഇയാൾ എങ്ങനെയാണ് സ്ത്രീകളെ കാണുന്നതെന്നും അവരെക്കുറിച്ച് ചിന്തിക്കുന്നതെന്നുമുള്ള കാര്യം വളരെയേറെ ലജ്ജിപ്പിക്കുന്നു. എന്നാൽ അതേക്കുറിച്ച് പരസ്യമായും നിഷ്പക്ഷമായും സംസാരിക്കാനുള്ള ധൈര്യം ഉണ്ടാകുമോ, പ്രത്യാഘാതങ്ങളെക്കുറിച്ച് പോലും ആശങ്കപ്പെടാതെയാണ് അയാൾ സംസാരിക്കുന്നത്. നിങ്ങളെക്കുറിച്ചോർത്ത് ലജ്ജിക്കുന്നു. ഇത് വിചാരിക്കുന്നതിനേക്കാൾ നികൃഷ്ടമാണ്.’’–മാളവിക മോഹനൻ പറഞ്ഞു.
ലിയോ സിനിമയുമായി ബന്ധപ്പെട്ടു നൽകിയ ഒരു അഭിമുഖത്തിലാണ് മൻസൂർ അലിഖാൻ തൃഷയ്ക്കെതിരെ വിവാദ പരാമർശം നടത്തിയത്. ചിത്രത്തിൽ തൃഷയുമായി ‘കിടപ്പുമുറി സീൻ’ പങ്കിടാന്‍ അവസരം ലഭിച്ചില്ലെന്നായിരുന്നു പരാമർശം. മൻസൂർ അലിഖാനൊപ്പം സ്ക്രീൻസ്പേസ് പങ്കിടാത്തതിൽ അഭിമാനിക്കുന്നുവെന്നും ഇനി ഒരിക്കലും അത് സംഭവിക്കില്ലെന്നും തൃഷ ട്വീറ്റ് ചെയ്തു. മൻസൂർ അലി ഖാൻ നടത്തിയ പരാമർശത്തിന്റെ വിഡിയോയും അവർ എക്സിൽ പങ്കുവച്ചു.
‘‘മൻസൂർ അലി ഖാൻ എന്ന നടൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വിഡിയോ കാണുകയുണ്ടായി. ഞാൻ ഇതിനെ ശക്തമായി അപലപിക്കുന്നു. ലൈംഗികച്ചുവയുള്ളതും സ്ത്രീവിരുദ്ധവും വെറുപ്പുളവാക്കുന്നതും സ്ത്രീകളോട് അനാദരവ് പ്രകടമാക്കുന്നതുമാണ് അയാളുടെ കമന്റ്. അയാളെപ്പോലെ മോശം സ്വഭാവമുള്ള ഒരാളുമായി സ്‌ക്രീൻ സ്‌പേസ് പങ്കിടാത്തതിൽ ഞാൻ അഭിമാനിക്കുന്നു. എന്റെ സിനിമാ ജീവിതത്തിൽ ഇത് ഒരിക്കലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പു നൽകുന്നു. ഇയാളെപ്പോലുള്ള ആളുകൾ മനുഷ്യരാശിക്ക് തന്നെ ചീത്തപ്പേരാണ്.’’– തൃഷ കുറിച്ചു.
തൃഷയ്‌ക്കൊപ്പം അഭിനയിക്കുന്നു എന്ന് കേട്ടപ്പോൾ സിനിമയിൽ കിടപ്പുമുറി സീൻ ഉണ്ടാകുമെന്ന് കരുതിയെന്നും ഇവർ തൃഷയെ എന്നെ ഒന്ന് കാണിക്കുകപോലും ചെയ്തില്ല എന്നതരത്തിലാണ് മൻസൂർ പറഞ്ഞത്. ‘‘‘‘തൃഷയ്‌ക്കൊപ്പം അഭിനയിക്കുന്നുവെന്ന് കേട്ടപ്പോൾ, സിനിമയിൽ ഒരു കിടപ്പുമുറി സീൻ ഉണ്ടാകുമെന്ന് ഞാൻ കരുതി. എന്റെ മുൻകാല സിനിമകളില്‍ മറ്റു നടിമാരെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയതുപോലെ അവരെയും കൊണ്ടുപോകുമെന്ന് കരുതി. ഞാൻ ഒരുപാട് ബലാത്സംഗ രംഗങ്ങൾ ചെയ്തിട്ടുണ്ട്. അത് എനിക്ക് പുതിയ കാര്യമല്ല. എന്നാൽ കശ്മീരിലെ ഷൂട്ടിങ്ങിനിടെ സെറ്റിൽവച്ച് അവർ തൃഷയെ കാണിച്ചില്ല’’– മൻസൂറിന്റെ വാക്കുകൾ.