ബില്‍ക്കിസ് ബാനോ കേസ് സിനിമയാക്കാൻ ആഗ്രഹം, തിരക്കഥയും തയാർ, പക്ഷേ: കങ്കണ പറയുന്നു
Mail This Article
ബിൽക്കീസ് ബാനോ കേസ് സിനിമയാക്കാൻ ആഗ്രഹമുണ്ടെന്നും അതിനായി മൂന്നു വര്‍ഷത്തോളം ഗവേഷണം നടത്തി തിരക്കഥ വരെ തയാറാക്കി വച്ചിരിക്കുകയാണെന്നും നടി കങ്കണ റണൗട്ട്. എന്നാല്‍ രാഷ്ട്രീയപരമായ വിഷയമായതിനാല്‍ ചിത്രം നിര്‍മിക്കാനായി ആരും മുന്നോട്ട് വരുന്നില്ലെന്നും നടി സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു.
സ്ത്രീശാക്തീകരണത്തോടുള്ള കങ്കണയുടെ അഭിനിവേശം പ്രചോദനം നല്‍കുന്നതാണെന്നും ബിൽക്കീസ് ബാനോ കേസിൽ ശക്തമായ സിനിമയെടുക്കാൻ താൽപര്യമുണ്ടോ എന്ന എക്സ് ഉപഭോക്താവിന്റെ ചോദ്യത്തിനു മറുപടിയായാണ് കങ്കണ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ആ കഥ എനിക്ക് സിനിമയാക്കണം. തിരക്കഥയും തയാറാണ്. വിഷയത്തില്‍ ഞാന്‍ മൂന്ന് വര്‍ഷത്തോളം ഗവേഷണം നടത്തിയിരുന്നു. എന്നാല്‍ നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ തുടങ്ങി പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സിനിമ എടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു.
രാഷ്ട്രീയ വിഷയങ്ങള്‍ സംസാരിക്കുന്ന ചിത്രങ്ങളില്‍ അവര്‍ക്ക് അവരുടേതായ ചില നിബന്ധനകള്‍ ഉണ്ടെന്നാണ് പറയുന്നത്. ഞാനൊരു ബിജെപി അനുഭാവി ആയതിനാല്‍ ജിയോ സിനിമ കങ്കണയ്ക്കൊപ്പം സിനിമ ചെയ്യില്ലെന്നാണ് പറയുന്നത്. സീ കമ്പനിയും ഇപ്പോൾ അവർക്കൊപ്പമാണ്. ഇനി എന്താണ് എനിക്കുള്ള മറ്റ് മാർഗങ്ങൾ.’’
ഒരു സ്ത്രീ നടത്തിയ അസാധാരണ പോരാട്ടമാണ് ബില്‍ക്കീസ് ബാനു കേസ്. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തെ തുടര്‍ന്നാണ് കൂട്ടബലാത്സംഗവും കൂട്ടക്കൊലയും ചെയ്ത പ്രതികള്‍ക്ക് ശിക്ഷ നേടികൊടുക്കാന്‍ ബില്‍ക്കീസിനു സാധിച്ചത്. കേസ് വീണ്ടും ചര്‍ച്ചയായിരിക്കെയാണ് കങ്കണ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.