19 ദിവസം, 72 കോടി കലക്‌ഷൻ; തൂത്തുവാരാൻ ‘പ്രേമലു’ തെലുങ്കും
Mail This Article
മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്കു കുതിക്കുകയാണ് ‘പ്രേമലു’. 19 ദിവസം കൊണ്ട് 72 കോടിയോളമാണ് ബോക്സ്ഓഫിസിൽ നിന്നും വാരിയത്. 12.50 കോടി ബജറ്റിലൊരുങ്ങിയ സിനിമ റെക്കോർഡ് നേട്ടത്തിലാണ് മുൻപോട്ടുപോകുന്നത്. ആദ്യ ദിനം 90 ലക്ഷമായിരുന്നു പ്രേമലുവിന്റെ കലക്‌ഷൻ. പിന്നീടുള്ള ദിവസങ്ങളിൽ അത് രണ്ട് കോടിയിലേക്കും മൂന്നുകോടിയിലേക്കും മാറുന്ന കാഴ്ചയാണ് കണ്ടത്. മമ്മൂട്ടി ചിത്രം ഭ്രമയുഗം, ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്നിവ തിയറ്ററുകളിൽ എത്തിയിട്ടും പ്രേമലുവിന്റെ കലക‌്‌ഷനെ അവയൊന്നും ബാധിച്ചില്ല.
കേരളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ചിത്രം തരംഗമായി മാറി. മാർച്ച് എട്ടിന് സിനിമയുടെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് റിലീസിനെത്തും. സംവിധായകൻ എസ്.എസ്. രാജമൗലിയുടെ മകൻ കാർത്തികേയയാണ് തെലുങ്ക് പതിപ്പ് വിതരണത്തിനെത്തിക്കുന്നത്. കാർത്തികേയ ആദ്യമായി വിതരണം ചെയ്യുന്ന സിനിമ കൂടിയാണ് പ്രേമലു. വമ്പൻ തുകയ്ക്കാണ് സിനിമയുടെ മൊഴിമാറ്റ അവകാശം കാർത്തികേയ നേടിയതെന്നും റിപ്പോർട്ടുകളുണ്ട്. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രമാണ് പ്രേമലു. ഇതിനകം ഹൈദരാബാദില്‍ പ്രേക്ഷകരുടെ ഇഷ്‍ട സിനിമയായി മാറാൻ പ്രേമലുവിന് കഴിഞ്ഞു. ഇനി തെലുങ്ക് പതിപ്പും എത്തുന്നതോടെ കലക്‌ഷനിൽ വലിയ മാറ്റം ഉണ്ടായേക്കാം.
കേരളത്തിനു പുറത്തും ചിത്രം നിറഞ്ഞോടുകയാണ്. വിദേശരാജ്യങ്ങളിലും ചിത്രം കോടികൾ വാരുകയാണ്. വെറും പത്തുദിവസം കൊണ്ട് യുകെയിലും അയര്‍ലന്‍ഡിലും ഏറ്റവും ഉയർന്ന കലക്‌ഷന്‍ നേടിയ രണ്ടാമത്തെ മലയാള ചിത്രമായി പ്രേമലു മാറി. മൂന്നു ലക്ഷത്തോളം യൂറോ ആണ് പത്തു ദിവസം കൊണ്ട് പ്രേമലു കലക്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ '2018' മാത്രമാണ് ഈ മാര്‍ക്കറ്റുകളില്‍ ഇപ്പോള്‍ പ്രേമലുവിനെക്കാള്‍ കലക്‌ഷന്‍ നേടിയ ഏക മലയാള ചിത്രം.
അതേസമയം സിനിമയുടെ ഒടിടി അവകാശം വിറ്റുപോയെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് സിനിമയുടെ നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ് പറയുന്നു. പരമാവധി തിയറ്ററുകളിൽ പ്രദർശിപ്പിച്ച ശേഷം മാത്രമാകും ഒടിടി ധാരണകളിലേക്ക് കടക്കൂ എന്ന് ഇവർ പറയുന്നു. തെലുങ്ക് പതിപ്പിന്റെ പ്രതികരണം കൂടി അറിഞ്ഞ ശേഷം മാത്രമാകും ഒടിടി ചർച്ചകൾ ആരംഭിക്കൂ.
നസ്‌ലിന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രേമലു ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്.. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് 'പ്രേമലു' നിർമിമച്ചിരിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരും അണിനിരക്കുന്നു. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്‌ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്‌ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ്, വിഎഫ്എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.