സണ്ണി ഹീറോയാടാ, ഷമ്മിയും; പപ്പയുടെ സ്വന്തം ‘ഫാഫ’
Mail This Article
സൂപ്പർ താരങ്ങളും യുവനായകന്മാരും ഒരുപാടുള്ള മലയാളത്തിൽ ഫാഫ എന്നു വിളിപ്പേരുള്ള ഫഹദ് ഫാസിലിന് മാത്രം അവകാശപ്പെടാനാകുന്ന ഒരു പ്രത്യേകതയുണ്ട്. മറ്റൊരാളുടെയും സ്ഥാനത്തേക്ക് സ്വയം അവരോധിക്കപ്പെടാൻ ശ്രമിക്കാതെ തന്റേതായ സ്ഥാനം കണ്ടെത്തി നാൾക്കുനാൾ അതിനെ അഭിവൃദ്ധിപ്പെടുത്തിയ അഭിനേതാവ്. സാമ്പ്രദായികമായ പാതകളിലൂടെ സഞ്ചരിക്കാതെ സ്വയം വഴി വെട്ടി മുന്നേറിയ നടൻ. ഫഹദിന്റെ പല കഥാപാത്രങ്ങളും പെർഫോമൻസും കാണുമ്പോൾ മലയാള സിനിമയെ സസൂക്ഷ്മം നിരീക്ഷിക്കുന്നവർക്ക് ഫാസിൽ എന്ന സംവിധായകന്റെ ചില സിനിമകളെയും അതിലെ കഥാപാത്രങ്ങളെയും ഓർമ വന്നേക്കാം.
എക്സെൻട്രിക്, എക്സോട്ടിക് !
‘അടുത്ത വീട്ടിലെ’ കുട്ടി റോളുകൾക്കും സിനിമകൾക്കും ഡിമാൻഡ് ഏറെയുള്ള മലയാളത്തിൽ ആ പാത പിന്തുടരാത്തവരാണ് ഫഹദും അദ്ദേഹത്തിന്റെ പിതാവ് ഫാസിലും. ഫഹദിന്റെ പല കഥാപാത്രങ്ങളും പ്രേക്ഷകനെ സംബന്ധിച്ച് എക്സെൻട്രിക്കും എക്സോട്ടിക്കുമാണ്. അങ്ങനെയൊരു കഥാപാത്രത്തെ ജീവിതത്തിൽ നമ്മളെവിടെയും കണ്ടിട്ടുണ്ടാവില്ല. ഒട്ടും റിലേറ്റ് ചെയ്യാനുമാകില്ല. ആ കഥയും കഥാപാത്രവും ഒരു ഉട്ടോപ്യൻ സൃഷ്ടി പോലെ തോന്നിപ്പിക്കും! ആവേശത്തിലെ രംഗൻ ചേട്ടനും ട്രാൻസിലെ ജോഷ്വാ കാൾട്ടണും ഒരു സാദാപ്രേക്ഷകന് കയ്യെത്താ ദൂരത്തെ കഥാപാത്രങ്ങളാണ്. വിസ്മയത്തുമ്പത്തിലെ ശ്രീകുമാറും മാനത്തെ വെള്ളിത്തേരിലെ രമേഷും അപൂർവങ്ങളിൽ അപൂർവമായി കാണപ്പെടുന്നവരായി നമുക്കനുഭവപ്പെടാറുണ്ട്. സാധാരണക്കാ രനു പിടികൊടുക്കാത്ത അർഥ–അനുഭവ തലങ്ങൾ ഏറെയുള്ള ഇത്തരം ഒരുപാട് കഥാപാത്രങ്ങളെ ഫഹദ് അഭിനയിച്ചു പ്രതിഫലിപ്പിച്ചു, ഫാസിൽ മുൻപേ സൃഷ്ടിക്കുകയും ചെയ്തു.
സണ്ണി ഹീറോയാടാ, ഷമ്മിയും
പതികാലത്തിൽ തുടങ്ങി ഇടച്ചിലിൽ അവസാനിക്കുന്ന മേളം പോലെയാണ് ചില കഥാപാത്ര ങ്ങൾ. ഒരു നോട്ടമോ ഭാവമോ കൊണ്ടു പോലും ഉള്ളിലുള്ളത് പുറത്തു കാണിക്കാത്ത കഥാപാത്രങ്ങൾ. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ ഷമ്മിയെ കാണിക്കുന്ന ആദ്യ ഷോട്ട് മുതൽ ഒരു ദുരൂഹത കലർത്തുന്നുണ്ട്. മണിച്ചിത്രത്താഴിലെ സണ്ണിയെ അവതരിപ്പിക്കുന്നതും ഇതേ പോലെ തന്നെ. ഷമ്മിയെ സ്വന്തം ഭാര്യയും ബന്ധുക്കളും സുഹൃത്തുക്കളും പേടിയോടെയും സംശയത്തോടെയും നോക്കുമ്പോൾ അതേ പേടിയോടും സംശയത്തോടുമാണ് സണ്ണിയെയും ചുറ്റുമുള്ളവർ കാണുന്നത്. ഒടുവിൽ സണ്ണി ഹീറോയും ഷമ്മി സീറോയുമായി മാറുന്നുണ്ടെങ്കിലും പാത്രനിർമിതിയിലെയും പ്രകടനത്തിലെയും സാമ്യം കാണാതെ വയ്യ.
അതിഭാവുകത്വമില്ലാത്ത അഴിഞ്ഞാട്ടം
അതിഭാവുകത്വമില്ലാതെ, അതേസമയം ഒരു പാത്രപരിസരത്ത് നിന്നുള്ള അഴിഞ്ഞാട്ടമാണ് ഫഹദിൽ കാണാനാകുന്നത്. രംഗൻ, ജോജി, അലോഷി, ഷമ്മി തുടങ്ങി എത്രയെത്ര കഥാപാത്രങ്ങൾ. ഓരോന്നും ഓരോ രീതിയിൽ ഓരോ കഥയുടെ പശ്ചാത്തലത്തിലും അതിന്റെ കെട്ടുപാടിനുള്ളിലും നിന്നുകൊണ്ട് അവതരിപ്പിച്ചിരിക്കുന്നു. ഒന്നിനൊന്നോടു സാമ്യം ആരോപിക്കാനാകാത്തതും ഇൗ അതിർത്തി ലംഘനം ഇല്ലാത്തതു കൊണ്ടു തന്നെ. പപ്പയുടെ സ്വന്തം അപ്പൂസിലെ ബാലചന്ദ്രനെ നാം കണ്ടില്ലേ ? സ്വന്തം മകൻ നഷ്ടമാകുന്ന വേളയിലും അദ്ദേഹത്തിന്റെ പ്രതികരണം നേരത്തേ പറഞ്ഞ അതിഭാവുകത്വമില്ലായ്മയുടെ മീറ്ററിനുള്ളിലാണ്.
എല്ലാമൊന്നല്ല താനും
അച്ഛന്റെയും മകന്റെയും സിനിമകളിൽ നേരത്തേ പറഞ്ഞ സാമ്യങ്ങൾ കാണാമെങ്കിലും അതതു കാലഘട്ടങ്ങൾ ആവശ്യപ്പെടുന്ന മാറ്റങ്ങളും ഇരുവരുടെയും ചിത്രങ്ങളിലുണ്ട്. ഇന്ത്യൻ പ്രണയകഥയിലെ സിദ്ധാർഥനും ഞാൻ പ്രകാശനിലെ പ്രകാശനും അതിഭാവുകത്വം കലർന്നവരാണ്. അതൊരു പക്ഷേ ആ ചിത്രങ്ങളുടെ സംവിധായകരുടെ ആവശ്യം കൂടിയായിരിക്കാം. എങ്കിലും ആ സിനിമകളുടെ വാണിജ്യവിജയത്തെയും ആസ്വാദനത്തെയും അത് സഹായിച്ചിട്ടുണ്ട്.
മഹേഷിന്റെ പ്രതികാരത്തിലെ മഹേഷ് അതിഭാവുകത്വത്തോടെയോ അല്ലാതെയോ അവതരിപ്പിക്കാവുന്ന ഒന്നാണെങ്കിലും രണ്ടാമത്തെ രീതിയാണ് ഫഹദും ദിലീഷും പിന്തുടർന്നത്. അനിയത്തിപ്രാവും അതിലെ കഥാപാത്രങ്ങളും നാടകീയതയുടെ പര്യായമായാണ് കണക്കാക്കപ്പെടുന്നത്. പക്ഷേ, അന്നത്തെ കാലഘട്ടം അതാവശ്യപ്പെട്ടിരുന്നു. അന്നൊരു പുതുമുഖചിത്രം ഇൻഡസ്ട്രി ഹിറ്റായത് ചുമ്മാതൊന്നുമാവില്ലല്ലോ.