അന്ന് ആരുമില്ലാതിരുന്ന മോഹൻലാലിനെ ജയന് പരിചയപ്പെടുത്തി, ‘പുതിയ നടനാണ് വില്ലൻ, നന്നായി അഭിനയിക്കും, വളർന്നു വരും’
Mail This Article
ഇന്നലെ മരിച്ചവര്‍ നാളെ തന്നെ വിസ്മൃതിയിലേക്ക് മായുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. ഉപയോഗം കഴിഞ്ഞ വസ്തുക്കള്‍ വലിച്ചെറിയുന്ന ലാഘവത്തോടെ ഒരു മനുഷ്യന്റെ സംഭാവനകളും പ്രസക്തിയും മറക്കാന്‍ കഴിയുന്നു. ഇതൊന്നും ആരുടെയും കുഴപ്പം കൊണ്ട് സംഭവിക്കുന്നതല്ല. മനഃപൂര്‍വവുമല്ല. ഒന്നുകില്‍ കാലത്തിന്റെ സ്വാഭാവിക പരിണതികളാകാം. അല്ലെങ്കില്‍ ജീവിതയാപനത്തിനായി ഓടി നടക്കുന്നതിനിടയില്‍ മരിച്ചുപോയവരെക്കുറിച്ച് ചിന്തിക്കാന്‍ ആര്‍ക്കാണ് സമയം?
രാഷ്ട്രീയക്കാരും സാഹിത്യകാരന്‍മാരും ചലച്ചിത്രപ്രവര്‍ത്തകരും അടങ്ങുന്ന സെലിബ്രറ്റികള്‍ക്കു പോലും ബാധകമായ യാഥാര്‍ഥ്യമാണിത്. എന്നാല്‍ 1980ല്‍ കേവലം 41 -ാം വയസ്സിൽ അകാലചരമമടഞ്ഞ ജയന്റെ വിയോഗം സംഭവിച്ച് 44 വര്‍ഷങ്ങള്‍ക്കു ശേഷവും അദ്ദേഹം ഇന്ന് ജീവിച്ചിരിക്കുന്ന ഒരാളേക്കാള്‍ സജീവമായി ഓര്‍മകളിലും ചര്‍ച്ചകളിലും നിറഞ്ഞു നില്‍ക്കുന്നു. ഇന്റര്‍നെറ്റില്‍ മറ്റൊരു നായകന്റെ പേരിലും ഇത്രയധികം വിഡിയോസും കമന്റുകളും സംവാദങ്ങളുമില്ല.
ജയന്റെ പേരില്‍ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. അനുസ്മരണ സമ്മേളനങ്ങളും ചരമവാര്‍ഷികങ്ങളും കൊണ്ടാടപ്പെടുന്നു. മിമിക്രി താരങ്ങളാണ് ജയനെ പുതുതലമുറയ്ക്ക് ഇത്രമേല്‍ ജനകീയനാക്കിയത്. അദ്ദേഹത്തിന്റെ ആകാരവും ശബ്ദവും ചലനങ്ങളും അഭിനയരീതികളുമെല്ലാം അവര്‍ സ്‌റ്റേജിലും ടിവി ഷോകളിലും സോഷ്യല്‍ മീഡിയയിലും പുനരാവിഷ്‌കരിച്ചു. അങ്ങനെ ദൈനംദിന കാഴ്ചകളില്‍ നിറഞ്ഞ ജയന്റെ സിനിമകള്‍ അന്വേഷിച്ച് യുവതലമുറ പരക്കം പാഞ്ഞു. ജയന്റെ മിക്കവാറും സിനിമകള്‍ യൂട്യൂബില്‍ ലഭ്യമായിരുന്നു. അങ്ങനെ ജയന്‍ മരിച്ച കാലത്ത് ജനിച്ചിട്ടില്ലാത്തവര്‍ പോലും അദ്ദേഹത്തിന്റെ ആരാധകരായി.
സാഹസിക രംഗങ്ങളില്‍ തിളങ്ങിയ, പൗരുഷമുളള സ്വരവും ആകാരവുമുളള ഒരു ഹീറോ എന്നതിനപ്പുറം അസാധ്യ സിദ്ധികളുളള അഭിനേതാവ് ഒന്നുമായിരുന്നില്ല ജയന്‍. സമകാലികരായ സുകുമാരനും മറ്റും ജയനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചവരാണ്. കൊട്ടാരക്കര ശ്രീധരന്‍ നായരും സത്യനും അടക്കമുളള മഹാപ്രതിഭകള്‍ക്ക് അര്‍ഹിക്കുന്ന സ്മാരകം ലഭിക്കാതെ പോയ കേരളത്തില്‍ ജയനെ ഏറ്റെടുത്തത് സര്‍ക്കാര്‍ സംവിധാനങ്ങളല്ല. ജനങ്ങളാണ്. സാധാരണ പ്രേക്ഷകരാണ്.
അസാധ്യമായി ഒന്നുമില്ല എന്ന് പ്രഖ്യാപിക്കുന്ന എന്തിനെയും നേരിടാനുളള സന്നദ്ധത അറിയിക്കുന്ന പുരുഷത്വത്തിന്റെ പ്രതീകമായ സൂപ്പര്‍ഹീറോ ഇമേജുളള ഒരു നായകനെ ആരാധിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് എക്കാലവും മലയാളികള്‍. ഇക്കാര്യത്തില്‍ ജയന് പകരം വയ്ക്കാവുന്ന ഒരു നായകന്‍ പിന്നീട് ഒരിക്കലും ഉണ്ടായിട്ടില്ല എന്നത് ഇന്നും ജയന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു.
ജയന് അമേരിക്കയില്‍
ജയന്റെ സ്വകാര്യജീവിതം ഇന്നും അറിയപ്പെടാത്ത ഏടാണ്. മധ്യവയസിലും വിഭാര്യനായി തുടര്‍ന്ന അദ്ദേഹത്തിന്റെ മനസില്‍ ആരെങ്കിലുമുളളതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. തമിഴ്‌നടി ലതയുമായി പ്രണയത്തിലായിരുന്നെന്നും അവരെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതായും പാപ്പരാസികള്‍ പറഞ്ഞു പരത്തിയിരുന്നെങ്കിലും അതിനൊന്നും വേണ്ടത്ര ആധികാരികതയില്ല. വര്‍ഷങ്ങള്‍ക്കു ശേഷം ജയന്റെ മകന്‍ എന്ന അവകാശവാദവുമായി ചിലര്‍ രംഗത്ത് വന്നെങ്കിലും അതെല്ലാം ബന്ധുക്കള്‍ നിഷേധിക്കുകയും ചെയ്തു. ജയന്റെ പേരിലുയര്‍ന്ന പല അവകാശവാദങ്ങളും വിശ്വസനീയമായ തെളിവുകള്‍ ഇല്ലാത്തതായിരുന്നു.
ഒരു കാര്യങ്ങളും പൊതുവേദികളില്‍ വെട്ടിത്തുറന്ന് പറയുന്ന രീതിയായിരുന്നില്ല ജയന്റേത്. മിതഭാഷിയായിരുന്നു ജയന്‍. അഭിമുഖങ്ങളില്‍ വിടുവായത്തം പറഞ്ഞ് വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. സിനിമയില്‍ നൂറുപേരെ തനിച്ചു നിന്ന് ഇടിച്ചുവീഴ്ത്തുന്ന പല നായകന്‍മാരും വ്യക്തിജീവിതത്തില്‍ ഭീരുത്വം പ്രകടിപ്പിക്കുമ്പോള്‍ സിനിമയിലെന്ന പോലെ സ്വകാര്യജീവിതത്തിലും ധീരനും അചഞ്ചലനുമായിരുന്നു അദ്ദേഹം. സഹജമായ മനോധൈര്യവും നേവി ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ലഭിച്ച പരിശീലനവും ഒരുപക്ഷേ അദ്ദേഹത്തെ ആ തലത്തില്‍ എത്തിച്ചതാവാം.
ഫിറ്റ്‌നസ്, സിക്‌സ് പാക്ക് എന്നീ വാക്കുകള്‍ പ്രചുരപ്രചാരത്തിലാകുന്നതിന് എത്രയോ ദശങ്ങള്‍ക്കു മുന്‍പ് ജയന്‍ സ്വന്തം ശരീരഭംഗി സൂക്ഷിക്കാനായി നിതാന്ത ജാഗ്രത ചെലുത്തി. ജയന് മുന്‍പും പിന്‍പും അത്രയും സൗന്ദര്യമുളള ഒരു പുരുഷ ശരീരം സിനിമയില്‍ കണ്ടിട്ടില്ലെന്ന് അഭിപ്രായപ്പെടുന്നവര്‍ ഏറെയുണ്ട്. ഒരുപക്ഷേ സത്യം അതല്ലെങ്കിലും...
ജയനെക്കുറിച്ച് അദ്ദേഹം മരിച്ച കാലയളവില്‍ തന്നെ നിരവധി പുസ്തകങ്ങളുണ്ടായി. പലതിലും ജയന്‍ മരിച്ചിട്ടില്ലെന്നും അമേരിക്കയില്‍ രഹസ്യമായി ജീവിച്ചിരിക്കുന്നുവെന്നതും ഉള്‍പ്പെടെയുളള അസംബന്ധങ്ങളുടെ ഘോഷയാത്രയായിരുന്നു. കുറച്ചെങ്കിലും മാന്യതയുളള ഒന്ന് മണ്ണാറക്കയം ബേബി എഴുതി പ്രസിദ്ധീകരിച്ച ജയന്റെ ജീവചരിത്രമായിരുന്നു. ജയന്റെ ജീവിതം കേന്ദ്രീകരിച്ച് എസ്.ആര്‍.ലാല്‍ രചിച്ച ജയന്റെ അജ്ഞാത ജീവിതം എന്ന നോവല്‍ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുകയുണ്ടായി. അങ്ങനെ സാഹിത്യചരിത്രത്തിലും ജയന്‍ ഇടംപിടിച്ചു.
ഛോട്ടാ മുംബൈ, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ അടക്കം നിരവധി സിനിമകളില്‍ ജയനെക്കുറിച്ച് പരാമര്‍ശങ്ങളുണ്ടായി. ഇന്നും മിമിക്രി വേദികളിലെ ജനപ്രിയ ഐറ്റങ്ങളിലൊന്നാണ് ജയന്‍ അനുകരണം. ജയന്റെ ജീവിതം അവലംബമാക്കി ഒരു ബയോപിക് സംഭവിക്കുന്നു എന്ന മട്ടില്‍ ഒരു സന്ദര്‍ഭത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നെങ്കിലും പിന്നീട് അത് സംബന്ധിച്ച നീക്കങ്ങള്‍ മുന്നോട്ട് പോയി കണ്ടില്ല.
മോഹന്‍ലാലും ജയനും
മധു, ഷീല, ജനര്‍ദ്ദനന്‍, ജോസ്, രാഘവന്‍, ശാന്തകുമാരി...എന്നിങ്ങനെ ജയനൊപ്പം അഭിനയിച്ച അപൂര്‍വം നടീനടന്‍മാര്‍ മാത്രമേ ഇന്ന് ജീവിച്ചിരിപ്പുളളു. അവരില്‍ പലരും വളരെ പഴയ തലമുറയില്‍പെട്ടവരാണ്. എന്നാല്‍ ഇന്ന് നായകനിരയിലുളളവരില്‍ ജയനൊപ്പം സ്‌ക്രീന്‍സ്‌പേസ് ഷെയര്‍ ചെയ്യാന്‍ ഭാഗ്യം ലഭിച്ച ഒരേയൊരു നടന്‍ മോഹന്‍ലാലാണ്.
1980 ഡിസംബറിലാണ് മോഹന്‍ലാലിന്റെ ആദ്യ സിനിമയായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ചെയ്യുന്നത്. അത് കാണാന്‍ കാത്തു നില്‍ക്കാതെ 1980 നവംബറില്‍ ജീവിതത്തിന്റെ സ്‌ക്രീനില്‍ നിന്നും ജയന്‍ യാത്രയായി. എന്നാല്‍ നവോദയയുടെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ അഭിനയിച്ച പുതുമുഖ നടന് പടം റിലീസ് ചെയ്യും മുന്‍പേ സഹോദരസ്ഥാപനമായ ഉദയ നിര്‍മിച്ച സഞ്ചാരി എന്ന പടത്തില്‍ സംവിധായകന്‍ ബോബന്‍ കുഞ്ചാക്കോ ഒരു വില്ലന്‍ വേഷം നല്‍കി. നടന്‍ കുഞ്ചാക്കോ ബോബന്റെ പിതാവ് ബോബന്‍ കുഞ്ചാക്കോയായിരുന്നു സഞ്ചാരിയുടെ സംവിധായകന്‍. അങ്ങനെ പ്രേംനസീറും ജയനും മുഖ്യവേഷത്തിലെത്തിയ ചിത്രത്തിന്റെ ഭാഗമായി മോഹന്‍ലാലും. ലാലിന് മുന്‍പേ സിനിമയില്‍ വന്ന മമ്മൂട്ടിക്കു പോലും അങ്ങനെയൊരു അവസരം ലഭിച്ചില്ല എന്നത് ചരിത്രവൈരുദ്ധ്യം. ചിത്രത്തില്‍ ജയനൊപ്പം ഏതാനും രംഗങ്ങളില്‍ ഒരുമിച്ച് അഭിനയിക്കാനും ലാലിന് അവസരം ലഭിച്ചു.
ലാലിന്റെ ഓര്‍മ്മകളിലെ ജയന്‍ നല്ല കെയറിംഗ് നേച്ചര്‍ ഉളളയാളാണ്. ‘‘ഡ്യൂപ്പില്ലാത്ത സംഘട്ടന രംഗങ്ങളില്‍ മോനെ സൂക്ഷിക്കണം. സാഹസിക രംഗങ്ങള്‍ ശ്രദ്ധയോടെ ചെയ്യണം’’, എന്നെല്ലാം ജയന്‍ ഓര്‍മപ്പെടുത്തുമായിരുന്നു. സഞ്ചാരിയുടെ സെറ്റിയില്‍ ചില ബന്ധുക്കള്‍ ജയനെ സന്ദര്‍ശിച്ചപ്പോള്‍ വലിയ താരങ്ങളായ നസീറിനും തിക്കുറിശ്ശിക്കുമൊപ്പം അന്ന് ആരുമല്ലാതിരുന്ന ലാലിനെയും ജയന്‍ അവര്‍ക്ക് പരിചയപ്പെടുത്തി.
‘‘പുതിയ നടനാണ്. ഈ സിനിമയിലെ വില്ലന്‍. നന്നായി അഭിനയിക്കുന്നുണ്ട്. വളര്‍ന്നുവരും’’, പുതിയ ആളുകളില്‍ ആത്മവിശ്വാസം വളര്‍ത്തുന്ന രീതിയില്‍ ഇടപെടാന്‍ ജയന് കഴിഞ്ഞിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് പിരിയുമ്പോള്‍ ജയന്‍ അവസാനമായി പറഞ്ഞ വാക്കും ഇതായിരുന്നു.
‘‘മോനെ..കാണാം’’, പക്ഷേ പിന്നീട് ഒരു കൂടിക്കാഴ്ച ഉണ്ടായില്ല. സഞ്ചാരിയുടെ സെറ്റില്‍ നിന്ന് അറിയപ്പെടാത്ത രഹസ്യത്തിന്റെ ലൊക്കേഷനിലേക്കും അവിടെ നിന്ന് കോളിളക്കത്തിന്റെ സെറ്റിലേക്കും പോയ ജയന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടു. എന്നാല്‍ പ്രസിദ്ധിയുടെ മധ്യാഹ്നഹ്‌ന സൂര്യനായി ജ്വലിച്ചു നില്‍ക്കുന്ന സന്ദര്‍ഭത്തിലും നമ്മളില്‍ ഒരാളെ പോലെയുളള ജയന്റെ പെരുമാറ്റം ഇന്നും മോഹന്‍ലാലിന്റെ ഓര്‍മയിലെ പച്ചപ്പാണ്.
അമിത ആത്മവിശ്വാസം വിനയായി
തന്റെ കരുത്തിലും ശക്തിയിലും കഴിവുകളിലും അതിരുകവിഞ്ഞ വിശ്വാസം വച്ചു പുലര്‍ത്തിയിരുന്ന ഒരാളാണ് ജയന്‍. എന്തും സാധ്യം എന്നൊരു മാനസികാവസ്ഥ അദ്ദേഹത്തെ നയിച്ചിരുന്നു. ചന്ദ്രഹാസം എന്ന സിനിമയില്‍ സമുദ്രനിരപ്പില്‍ നിന്നും എത്രയോ അടി ഉയരത്തില്‍ തൂങ്ങിക്കിടന്നുളള ഷിപ്പ് ക്രെയിന്‍ സ്റ്റണ്ട് സീനും മറ്റും ഡ്യൂപ്പില്ലാതെ അഭിനയിച്ച ജയന്‍ അപകടസാധ്യതകള്‍ തെല്ലൂം വകവച്ചില്ല. തൊഴിലിനോടുളള അദ്ദേഹത്തിന്റെ അര്‍പ്പണബോധം അപാരമായിരുന്നു.
കുട്ടിക്കാനത്ത് അറിയപ്പെടാത്ത രഹസ്യം എന്ന പടം ഷൂട്ട് ചെയ്യുമ്പോള്‍ നായകനായ ജയന്‍ ഒരു ആനയുമായി മല്‍പ്പിടുത്തം നടത്തുന്ന സീനുണ്ട്. ഡ്യൂപ്പിനെ വച്ച് ചെയ്യാമെന്ന് അണിയറപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും ജയന്‍ ചെവിക്കൊണ്ടില്ല. അദ്ദേഹം നേരിട്ട് ചെയ്തുവെന്ന് മാത്രമല്ല നേരിയ മുറിവുകള്‍ സംഭവിക്കുകയും പലപ്പോഴുംഅപകടത്തിലേക്ക് പോകുന്ന പ്രതീതിയുണ്ടാവുകയും ചെയ്തു. എന്നാല്‍ ഭാഗ്യത്തിന് ആ പരീക്ഷണഘട്ടം കടന്ന് കോളിളക്കത്തിന്റെ സെറ്റിലെത്തിയ ജയന്‍ ഹെലികോപ്റ്ററില്‍ പിടിച്ചു കയറുന്ന ക്ലൈമാക്സ് രംഗം ഭംഗിയായി ചെയ്ത് തീര്‍ത്തതാണ്. ഫസ്റ്റ് ടേക്കില്‍ സംവിധായകനും ക്യാമറാമാനും അടക്കമുളളവര്‍ തൃപ്തരായിരുന്നു. എന്നാല്‍ പെര്‍ഫക്ഷനിസ്റ്റായ ജയന് അത് ഒരിക്കല്‍ക്കൂടി ചെയ്യണമെന്ന് തോന്നുകയും അത്രയും റിസ്‌കിയായ സീന്‍ ആവര്‍ത്തിക്കുകയും ചെയ്തു. ആംബുലന്‍സോ മറ്റ് സുരക്ഷാക്രമീകരണങ്ങളോ ഇല്ലാത്ത ഒരു സാഹചര്യത്തില്‍ വരും വരാഴികകളെക്കുറിച്ച് ആലോചിക്കാതെ ആ സീനില്‍ അഭിനയിച്ചെന്ന് മാത്രമല്ല അത് ആവര്‍ത്തിക്കാന്‍ ജയന്‍ തന്നെ മുന്‍കൈ എടുക്കുകയും ചെയ്തു. അങ്ങനെ അനിവാര്യമായ ദുരന്തം അദ്ദേഹം തന്നെ ക്ഷണിച്ചു വരുത്തിയത് പോലെയായി.
ഐ.വി.ശശിയുടെക കാല്‍ കഴുകിയ ജയന്‍
ജയന്‍ എന്ന നടനെ സിനിമയിലെത്തിച്ചത് ശാപമോക്ഷം എന്ന സിനിമയിലുടെ സംവിധായകനായ ജേസിയായിരുന്നു. ശരപഞ്ജരം എന്ന ഹരിഹരന്‍ ചിത്രം അദ്ദേഹത്തിന് വഴിത്തിരിവാകുകയും ചെയ്തു. ലിസ ബേബിയുടെ മനുഷ്യമൃഗം പോലുളള സിനിമകളിലുടെ ജയന്‍ അറിയപ്പെടുന്ന നായകനായി തിളങ്ങി.
ഇതൊക്കെയാണെങ്കിലും സൂപ്പര്‍സ്റ്റാര്‍ഡത്തിലേക്ക് ജയന് വഴിതുറന്നത് ഐ.വി.ശശിയാണ്. അങ്ങാടി എന്ന സിനിമയിലെ തൊഴിലാളി നേതാവ് ജയന് നിര്‍ണ്ണായകമായി. അതില്‍ തൊഴിലാളികളെ അധിക്ഷേപിച്ചയാളോട് ഇംഗ്ലിഷിൽ രുക്ഷമായി പ്രതികരിക്കുന്ന ഒറ്റ സീന്‍ കൊണ്ട് തന്നെ ജയന്‍ മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നു. മീന്‍ അടക്കം പിന്നീട് ജയനെ കേന്ദ്രീകരിച്ച് നിരവധി ഹിറ്റ് സിനിമകള്‍ ഒരുക്കി ശശി.
ശശിയുടെ ജീവിതപങ്കാളിയും അന്നത്തെ ഹിറ്റ് നായികയുമായ സീമയായിരുന്നു മിക്ക സിനിമകളിലും ജയന്റെ ജോഡി. സീമ-ജയന്‍ കോംബോയില്‍ വന്ന പടങ്ങള്‍ വന്‍വിജയമായെന്ന് മാത്രമല്ല അവര്‍ തമ്മിലുളള ചേര്‍ച്ചയും പൊരുത്തവും പ്രേക്ഷകരെ വലിയ തോതില്‍ ആകര്‍ഷിച്ചിരുന്നു. ശശിയോടെന്ന പോലെ സീമയുമായും സഹോദര നിര്‍വിശേഷമായ ആത്മബന്ധം ജയന്‍ സൂക്ഷിച്ചിരുന്നതായി സീമ പിന്നീട് പലപ്പോഴും തുറന്ന് പറഞ്ഞു.
സീമയുടെയും ശശിയുടെയും വിവാഹം നടന്ന സന്ദര്‍ഭം ഇതിന് വലിയ തെളിവാണ്. ഹൈന്ദവ ആചാരപ്രകാരം വധുവിന്റെ സഹോദരന്‍ വരന്റെ കാല്‍കഴുകി മാലയും ബൊക്കെയും നല്‍കി വിവാഹമണ്ഡപത്തിലേക്ക് സ്വീകരിച്ച് ആനയിക്കണം. സീമ ഒറ്റമകളാണ്. അവര്‍ക്ക് സഹോദരന്‍മാരില്ല. അടുത്ത ബന്ധുക്കളായും ആരും തന്നെ ചടങ്ങ് നടക്കുമ്പോള്‍ അന്ന് മദിരാശിയില്‍ ഇല്ല. ജയന്‍ ആരും പറയാതെ തന്നെ സസന്തോഷം ആ ചുമതല ഏറ്റെടുത്തു. ഐ.വി.ശശിയുടെ കാല് കഴുകി അദ്ദേഹത്തെ പന്തലിലേക്ക് സ്വീകരിച്ചു. സീമ ഇന്നും വികാരവായ്‌പോടെ ഓര്‍ക്കുന്ന ഒരു സന്ദര്‍ഭമായിരുന്നു അത്.
പകരക്കാരില്ലാത്ത ജയന്‍
ജയന്റെ മരണശേഷം ആ വിടവ് എങ്ങനെ നികത്തും എന്ന അന്വേഷണത്തിലായി ചലച്ചിത്രപ്രവര്‍ത്തകര്‍. ജയന്റെ അനുജന്‍ സോമന്‍ നായരുടെ പേര് അജയന്‍ എന്ന് പരിഷ്‌കരിച്ച് സംവിധായകന്‍ ശശികുമാര്‍ അദ്ദേഹത്തെ നായകനാക്കി സൂര്യന്‍ എന്നൊരു പടമെടുത്തു.എന്നാല്‍ അതൊന്നും ജയന്റെ ഖ്യാതി നിലനിര്‍ത്തിയില്ല.
ജയനെ നായകനാക്കി പ്ലാന്‍ ചെയ്തിരുന്ന രണ്ട് സിനിമകളുടെ പ്രവര്‍ത്തനം ആ സമയത്ത് പെട്ടെന്ന് അനിശ്ചിതത്വത്തിലായി. ഐ.വി.ശശിയുടെ തുഷാരവും പി.ജി.വിശ്വംഭരന്റെ സ്‌ഫോടനവും. തുഷാരത്തില്‍ രതീഷ് എന്ന നടനെ ജയന്റെ കഥാപാത്രത്തിലേക്കു പ്രതിഷ്ഠിച്ചു. ഫൈറ്റ് സീനുകളിലും ആക്ഷന്‍ രംഗങ്ങളിലും ജയന്റെ മികവ് നിലനിര്‍ത്താന്‍ അദ്ദേഹത്തിന് ആഴ്ചകളോളം ഐ.വി.ശശിയുടെ വീടിന്റെ ടെറസില്‍ സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജന്‍ പരിശീലനം നല്‍കിയ കഥ അക്കാലത്ത് പ്രചരിച്ചിരുന്നു.
തുഷാരം തിരക്കഥയുടെയും സംവിധാനത്തിന്റെയും മികവിലും കാശ്മീരില്‍ പൂര്‍ണമായും ഷൂട്ട് ചെയ്ത സിനിമ എന്ന പരസ്യവാചകത്തിലും വിജയം കണ്ടു. രതീഷ് അദ്ദേഹത്തിന്റെ കഴിവിനൊത്ത വണ്ണം നന്നായി അഭിനയിച്ചെങ്കിലും ജയന്റെ ഏഴയലത്ത് എത്താന്‍ കഴിഞ്ഞില്ല. സ്‌ഫോടനത്തില്‍ ജയന്റെ വേഷം ചെയ്തത് മേളയിലൂടെ വന്ന പുതുമുഖ നടന്‍ മമ്മൂട്ടിയായിരുന്നു. തെറ്റില്ലാത്ത പ്രകടനം എന്നതിനപ്പുറം മമ്മൂട്ടിക്കും ജയനാകാന്‍ കഴിഞ്ഞില്ല,
എന്നാല്‍ കാലം മറ്റൊരു കാഴ്ച നമ്മെ കാണിച്ചു തന്നു. രാജാവിന്റെ മകനിലും കമ്മീഷണറിലും കാശ്മീരത്തിലും വില്ലനായും മികച്ച സ്വഭാവനടനായും തിളങ്ങിയ രതീഷ് തന്നില്‍ ഭേദപ്പെട്ട ഒരു അഭിനേതാവുണ്ടെന്ന് കാണിച്ചു തന്നു. മമ്മൂട്ടിയാവട്ടെ ജയന് അപ്രാപ്യമായ അഭിനയകലയുടെ മഹാവിതാനങ്ങളിലേക്ക് എത്തിപ്പെടാന്‍ ശേഷിയുളള അസാധ്യനടനാണ് താനെന്ന് തെളിയിച്ചു.
എന്നാല്‍ ആക്ഷന്‍രംഗങ്ങളില്‍ മമ്മൂട്ടി ഉള്‍പ്പെടെ ഒരു നായകനടനും ജയന്‍ ഒഴിച്ചിട്ട സിംഹാസനം സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. അക്കാര്യത്തില്‍ അദ്ദേഹം മലയാളത്തിലെ ജാക്കിചാൻ ആയി എക്കാലവും തുടര്‍ന്നു പോന്നു. ജയന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നെന്ന് വിലപിക്കുന്ന പല ആരാധകരും കുറിപ്പുകളുമായി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ആക്ഷന്‍ഹീറോ എന്ന നിലയില്‍ കിരിടം വയ്ക്കാത്ത രാജാവായി നിലനില്‍ക്കുമായിരുന്നുവെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. അതെന്തായാലും പാതിവഴിയില്‍ കത്തിത്തീരാതെ അണഞ്ഞു പോയ ആ തിരിനാളം ഇന്നും പ്രകാശം പരത്തിക്കൊണ്ട് നിലനില്‍ക്കുകയാണ്. ലക്ഷകണക്കിന് ആരാധക മനസുകളില്‍!