ADVERTISEMENT

കാലമാണ് ഒരു കലാകാരന്റെ മൂല്യം നിര്‍ണ്ണയിക്കുന്നതെന്ന്  പറയാറുണ്ട്. ജീവിച്ചിരുന്ന കാലത്ത്  ദേശീയ-സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മറ്റികള്‍ ഒരിക്കല്‍ പോലും മികച്ച സംവിധായകനുളള പുരസ്‌കാരത്തിന് പരിഗണിക്കാത്ത കെ.ജി.ജോര്‍ജാണ് മലയാളം കണ്ട ഏറ്റവും മികച്ച സംവിധായകനെന്ന് പുതുതലമുറ പോലും സമ്മതിക്കുന്നു. ലിജോ ജോസ് പല്ലിശ്ശേരി ലോകത്തിലെ തന്നെ ഏറ്റവും മികച്ച 5 ഫിലിം മേക്കേഴ്‌സിന്റെ ഗണത്തിലാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടുളളത്. എന്നാല്‍ ജോര്‍ജ് ജീവിച്ചിരുന്ന കാലത്ത് പല പരിമിതവിഭവന്‍മാരും കൂട്ടത്തോടെ അവാര്‍ഡുകള്‍ സ്വന്തമാക്കിയപ്പോള്‍ ഊറിയ ചിരിയുമായി ഇതിലൊക്കെ എന്തിരിക്കുന്ന എന്ന ഭാവത്തില്‍ അദ്ദേഹം അത് ടിവിയില്‍ നോക്കി കണ്ടു. സമാനതലത്തില്‍ നമ്മുടെ ചലച്ചിത്ര അക്കാദമികളും സര്‍ക്കാരുകളും നിരാകരിച്ച ഒരു സംവിധായകനാണ് സിബി മലയില്‍. കേരളത്തിലെ രണ്ട് പ്രമുഖദിനപത്രങ്ങള്‍ പോയ നൂറ്റാണ്ടിലെ ഏറ്റവും മികച്ച പത്ത് സിനിമകള്‍ ഗ്യാലപ്പ് പോളിലുടെ തെരഞ്ഞെടുത്തപ്പോള്‍ അതില്‍ മൂന്ന് സിനിമകള്‍ സിബിയുടേതായിരുന്നു. ഭരതം, തനിയാവര്‍ത്തനം, കിരീടം. മലയാളത്തിലെ

ലോകോത്തര സംവിധായകരുടെ പോലും പരമാവധി ഒരു സിനിമയാണ് ആ ലിസ്റ്റില്‍ കടന്നു കൂടിയത്. എന്നാല്‍ അവാര്‍ഡ് പരിഗണനയില്‍ ഒരു കാലത്തും ഈ സിനിമകളൂടെ പേരില്‍ സിബി അംഗീകരിക്കപ്പെട്ടില്ല. 

സിബി മലയിൽ, ലോഹിതദാസ് (ഫയൽ ചിത്രം ∙ മനോരമ)
സിബി മലയിൽ, ലോഹിതദാസ് (ഫയൽ ചിത്രം ∙ മനോരമ)

 

വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ വീട് അപ്പൂന്റേം എന്ന സിനിമയിലുടെ മികച്ച സംവിധായകനുളള സംസ്ഥാന പുരസ്‌കാരം ഏറ്റുവാങ്ങേണ്ട ദുര്യോഗവും അദ്ദേഹത്തിനുണ്ടായി.മോശം സിനിമയായിരുന്നില്ല അത്. ഇതിവൃത്തപരമായി ആ സിനിമയ്ക്ക് പ്രസക്തിയുണ്ട്. എന്നാല്‍ മാസ്റ്റര്‍ ക്ലാസ് സിനിമകള്‍ ഒരുക്കിയ സിബി മലയില്‍ എന്ന ചലച്ചിത്രകാരന്റെ പ്രാമാണികത്തവുമായി തട്ടിച്ചുനോക്കുമ്പോള്‍ ആ സിനിമയെ സവിശേഷമെന്ന് പറയാനാവില്ല.  ആ സിനിമയ്ക്ക് മികച്ച സംവിധായകനുളള പുരസ്‌കാരം നല്‍കിയ ജൂറി സമുന്നതനായ ഒരുചലച്ചിത്രകാരനെ ലഘൂകരിച്ചു കണ്ടു. മറ്റൊരര്‍ത്ഥത്തില്‍ വിലയിരുത്തിയാല്‍ വൈകിവേളയിലെങ്കിലും അദ്ദേഹം അംഗീകരിക്കപ്പെട്ടല്ലോ എന്ന് ശ്വസിക്കാം. എന്നാല്‍ ഇത്തരം പ്രോത്സാഹനസമ്മാനങ്ങളുടെ ആവശ്യം സിബി മലയിലിന് ഇല്ല എന്നതാണ് വാസ്തവം. മലയാള സിനിമാ ചരിത്രത്തില്‍ സുവര്‍ണ്ണലിപികളില്‍ ആലേഖനം ചെയ്യപ്പെടേണ്ട ഒരു പിടി സിനിമകളുടെ സൃഷ്ടാവ് എന്ന നിലയില്‍ അദ്ദേഹം എന്നേ ജനഹൃദയങ്ങളിലും സിനിമാ ചരിത്രത്തിലും ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു.

 

 

ലോഹി ഇല്ലാത്ത സിബി

 

siby-malayil
സിബി മലയിൽ

പലരും പറഞ്ഞു കേള്‍ക്കുന്ന ഒരു തമാശയുണ്ട്. ലോഹിതദാസ് പോയതോടെ സിബി മലയില്‍ തീര്‍ന്നു. എത്ര അബദ്ധജടിലമായ നീരിക്ഷണമാണിത്. ലോഹിതദാസ് സംവിധാനം ചെയ്ത സിനിമകള്‍ ശ്രദ്ധിച്ചാലറിയാം. സ്വന്തം തിരക്കഥകളുടെ ഔന്നത്യത്തിനൊപ്പം ഓടിയെത്താന്‍ ശ്രമിച്ച് പരാജയപ്പെടുകയാണ് ലോഹിയിലെ സംവിധായകന്‍. ഭൂതക്കണ്ണാടി പോലുളള സിനിമകള്‍ സിബിയായിരുന്നു ചെയ്തിരുന്നതെങ്കില്‍ അത് മറ്റൊരു തലത്തിലേക്ക് ഉയരുമായിരുന്നു. അതിലുപരി  ലോഹിതദാസ് എന്ന എഴുത്തുകാരന്‍ വാണിജ്യസിനിമയിലെ ചില നാലാംകിട സംവിധായകര്‍ക്ക് മുന്നില്‍ എത്തിപ്പെടുകയും അദ്ദേഹത്തിന്റെ വലിപ്പം മനസിലാക്കാന്‍ കെല്‍പ്പില്ലാത്ത അവര്‍ അദ്ദേഹത്തെ തിരിച്ചയക്കുകയും ചെയ്ത ഒരു പുര്‍വകാല ചരിത്രമുണ്ട്. അങ്ങനെയൊരാളുടെ മഹത്ത്വം തിരിച്ചറിഞ്ഞ് അയാളെ കണ്ടെത്തി അയാള്‍ അര്‍ഹിക്കുന്ന തലത്തില്‍ പ്രതിഷ്ഠിച്ചു  എന്നതാണ് സിബി മലയിലിന്റെ പ്രാഥമിക യോഗ്യത. തനിയാവര്‍ത്തനം പോലെ അന്നത്തെ വാണിജ്യ സിനിമയ്ക്ക് അചിന്ത്യമായ ഒരു ഇതിവൃത്തത്തെ സധൈര്യം ഏറ്റെടുത്ത് സിനിമയാക്കാന്‍ തീരുമാനമെടുത്ത നിമിഷമാണ് സിബി മലയില്‍ എന്ന സംവിധായകന്റെ റേഞ്ച് നാം മനസിലാക്കി തുടങ്ങുന്നത്. 

 

സൂപ്പര്‍താരപരിവേഷമുളള മോഹന്‍ലാല്‍ എന്ന നടന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ജീവിതത്തില്‍ തോറ്റ് പടിയിറങ്ങുകയാണ് കിരീടം എന്ന സിനിമയില്‍. എന്നാല്‍ താരചിന്തകള്‍ മാറ്റി വച്ച് ഇതിവൃത്തം അര്‍ഹിക്കുന്ന തലത്തില്‍ തന്നെ ആവിഷ്‌കരിക്കണമെന്ന നിഷ്‌കര്‍ഷത പുലര്‍ത്തിയ ചലച്ചിത്രകാരന്റെ മെറിറ്റിനെ ചോദ്യം ചെയ്യുന്നത് തന്നെ പരിഹാസ്യമാണ്. ഭരതനും പത്മരാജനും ജോര്‍ജും മോഹനും അടങ്ങുന്ന മധ്യവര്‍ത്തി സിനിമാ കൂട്ടായ്മ അകാലചരമം പ്രാപിച്ച ശേഷം ശുഷ്‌കമായി പോയ നല്ല സിനിമാസങ്കല്‍പ്പം തിരിച്ചുകൊണ്ടു വരിക എന്ന ദൗത്യത്തിന് ചുക്കാന്‍ പിടിച്ച ചലച്ചിത്രകാരന്‍ കൂടിയാണ് സിബി മലയില്‍. എം.ടിയുടെ തിരക്കഥയുണ്ടെങ്കില്‍ ഒരു സംവിധായകന്റെ  ആവശ്യമില്ലെന്നും ക്യാമറാമാന്‍ അത് പകര്‍ത്തിവച്ചാല്‍ മാത്രം മതി എന്ന അബദ്ധം പറഞ്ഞു പ്രചരിപ്പിച്ചവരുണ്ട്. സിനിമ എന്ന മാധ്യമത്തെക്കുറിച്ചും അതിന്റെ സൃഷ്ടാവായ സംവിധായകന്റെ റോളിനെക്കുറിച്ചും പ്രാഥമികമായ ധാരണ പോലുമില്ലാത്തവരാണ് ഇത്തരം വാദഗതികള്‍ ഉയര്‍ത്തുന്നത്. നിര്‍മ്മാല്യം ഒഴികെ എം.ടി  സംവിധാനം ചെയ്ത ഒരു ചിത്രവും അദ്ദേഹത്തിന്റെ യശസ്സിനൊത്ത് ഉയര്‍ന്നില്ല എന്നതാണ് വാസ്തവം.എന്നാല്‍ ഭരതനുംഹരിഹരനും ഐ.വി.ശശിയും സേതുമാധവനും പി.എന്‍.മേനോനും മറ്റും അതിന് ചലച്ചിത്രഭാഷ്യം നല്‍കിയപ്പോള്‍ ആ തിരക്കഥകള്‍മറ്റൊരു വിതാനത്തിലേക്ക് ഉയര്‍ന്നു.

 

siby-malayil

അതേസമയം എം.ടിയുടെ ഏറ്റവും മികച്ച രചനകളിലൊന്നായ സുകൃതം ദൃശ്യവത്കരണത്തിലെ  ശരാശരി സമീപനം മൂലം അര്‍ഹിക്കുന്ന തലത്തിലേക്ക് എത്തിപ്പെടാതെ പോയി. വൈശാലിയില്‍ തിരക്കഥയുടെ തലപ്പൊക്കം മറികടക്കുന്ന ചലച്ചിത്രകാരനെ കാണാം. വടക്കന്‍ വീരഗാഥയിലും പഞ്ചാഗ്നിയിലും തിരക്കഥയുടെ ഔന്നത്യത്തിന് അനുസരിച്ച് സാന്ദര്‍ഭികമായി ഉയര്‍ന്നു പ്രവര്‍ത്തിക്കുന്നു ഹരിഹരന്‍. അക്ഷരങ്ങളിലും ആള്‍ക്കൂട്ടത്തില്‍ തനിയെ, ആരുഢം എന്നീ സിനിമകളില്‍ ഐ.വി.ശശിയും ഓപ്പോളില്‍ സേതുമാധവനും എം.ടിയുടെ തിരക്കഥകളോട് നീതി പുലര്‍ത്തി.എന്നാല്‍ തിരക്കഥയുടെ പെരുന്തച്ചനായി പ്രകീര്‍ത്തിക്കപ്പെടുന്ന എം.ടി ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു. നാളിതുവരെ എഴുതിയ തിരക്കഥകളില്‍  രചനയേക്കാള്‍ മുകളില്‍ പോയതായി എനിക്ക് അനുഭവപ്പെട്ട സിനിമ സദയമാണ് എന്നാണ്. സിബി മലയില്‍ എന്ന ചലച്ചിത്രകാരന് ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരമായിരുന്നു അത്. 

 

വൈവിധ്യങ്ങളുടെ സഹയാത്രികന്‍

 

എന്നാല്‍ സദയത്തില്‍ ഒതുങ്ങുന്നതല്ല സിബി മലയില്‍. അദ്ദേഹത്തിന്റെ ചലച്ചിത്രസമീപനത്തിലെ വൈരുദ്ധ്യങ്ങളാണ് നമ്മെ വിസ്മയിപ്പിക്കുന്നത്. അഭിനയത്തില്‍ മോഹന്‍ലാല്‍ പുലര്‍ത്തുന്ന വൈവിദ്ധ്യം ചലച്ചിത്രകാരന്‍ എന്ന നിലയില്‍ സിബിയും പുലര്‍ത്തിയിട്ടുണ്ട്.അദ്ദേഹം ഒരിക്കലും സ്വയം അനുകരിക്കാറില്ല. പല സംവിധായകരും പറഞ്ഞു കേട്ടിട്ടുണ്ട്. എന്നില്‍ നിന്നും പ്രേക്ഷകര്‍ ഇതാണ് പ്രതീക്ഷിക്കുന്നത്. വാസ്തവത്തില്‍ ഒരു പ്രേക്ഷകനും അങ്ങനെ ചിന്തിക്കാറില്ല. സ്വന്തം പരിമിതികളെ മറികടക്കാന്‍ ആത്മവിശ്വാസമില്ലാത്തവരുടെ  ന്യായീകരണങ്ങളാണ് ഇതൊക്കെ. സിബി മലയില്‍ ഇത്തരം പാഴ്‌വാക്കുകള്‍ പറയാറില്ലെന്ന് മാത്രമല്ല തന്നെക്കുറിച്ചുളള പ്രതീക്ഷകളും മൂന്‍വിധികളും പൊളിച്ചടുക്കിയ സംവിധായകന്‍ കൂടിയാണ്. രാരീരവും ചേക്കേറാനൊരു ചില്ലയും പോലുളള സിനിമകള്‍ ഒരുക്കിയ ഒരാളാണ് ഭരതവും തനിയാവര്‍ത്തനവും കിരീടവും ചെയ്തതെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നും. ഇതേ സിബി തന്നെ ശ്രീനിവാസന്റെ തിരക്കഥയില്‍ മറ്റൊരു ജോണറിലുളള രണ്ട് സിനിമകള്‍ ചെയ്തു. മുത്താരംകുന്ന് പി.ഒ,ദൂരെ ദൂരെ ഒരു കൂടുകൂട്ടാം.എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ ആഗസ്റ്റ് ഒന്ന് എന്ന ആക്ഷന്‍ പടം ഒരുക്കിയപ്പോള്‍ തനിയാവര്‍ത്തനത്തിന്റെ നിഴല്‍ വീണില്ല അതില്‍. ഒരു ത്രില്ലര്‍ സിനിമ അര്‍ഹിക്കുന്ന വിഷ്വലൈസിംഗ് പാറ്റേണ്‍ ഒരുക്കി സിബി നമ്മെ അമ്പരപ്പിച്ചു.

 

സമ്മര്‍ ഇന്‍ ബേത്‌ലഹേം, മായാമയൂരം എന്നിങ്ങനെ രഞ്ജിത്തിന്റെ രചനയില്‍ വന്ന പൊയറ്റിക്കായ സിനിമകളില്‍ സിബിയുടെ ട്രീറ്റ്‌മെന്റ് നമ്മെ ഞെട്ടിക്കും. പൊതുവെ ഫ്രെയിമുകളെ അനാവശ്യമായിസൗന്ദര്യവത്കരിക്കാന്‍ ഇഷ്ടപ്പെടാത്ത സിബി ഈ സിനിമകളില്‍ ഫ്രെയിംബ്യൂട്ടിക്ക് അമിതപ്രാധാന്യം നല്‍കി. കാരണം ലളിതം. സിനിമ പറയുന്ന വിഷയമാണ് അതിന്റെ ആഖ്യാനരീതി നിര്‍ണ്ണയിക്കേണ്ടത്. തനിയാവര്‍ത്തനവും ആഗസ്റ്റ് ഒന്നും മുത്താരംകുന്നും സമ്മര്‍ ഇന്‍ ബേത്‌ലഹേമും ഏതേത് വേറിട്ട തലങ്ങളില്‍ നില്‍ക്കുന്നുവെന്നും ഓരോന്നിനും യോജിച്ച ദൃശ്യപരിചരണം നല്‍കണമെന്നതും സംബന്ധിച്ച അവബോധവും ഔചിത്യബോധവുമാണ് ഈ സംവിധായകന്റെ കാതല്‍. ആകാശദൂതാകട്ടെ ഇതില്‍ നിന്നെല്ലാം വേറിട്ട ചിത്രമാണ്. എന്നാല്‍ സിബി മലയിലിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും കരുത്തുറ്റ സിനിമകളിലൊന്ന് അര്‍ഹിക്കുന്ന തലത്തില്‍ ആരും ചര്‍ച്ച ചെയ്ത് കണ്ടിട്ടില്ല. തീയറ്ററിലും ആ സിനിമ ദയനീയ പരാജയം ഏറ്റുവാങ്ങുകയുണ്ടായി. ലോഹിതദാസിന്റെ തിരക്കഥയില്‍ പുറത്തു വന്ന എഴുതാപ്പുറങ്ങള്‍ എന്ന സ്ത്രീപക്ഷ സിനിമ സിബി എന്ന ചലച്ചിത്രകാരന്റെ റേഞ്ച് വെളിപ്പെടുത്തുന്ന ഉജ്ജ്വലസൃഷ്ടിയാണ്.മലയാള സിനിമ കണ്ട ഏറ്റവും മികച്ച ക്ലൈമാക്‌സ് രംഗങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നതാണ് എഴുതാപ്പുറങ്ങളുടെ കഥാന്ത്യം. കേവലം സ്ത്രീപക്ഷചിന്തകള്‍ പ്രസരിപ്പിക്കുന്ന മുദ്രാവാക്യസ്വഭാവമുളള സിനിമയല്ല അത്.  സങ്കല്‍പ്പവും യാഥാര്‍ത്ഥ്യവും തമ്മിലുളള ദൂരത്തെക്കുറിച്ച് പറയുന്ന സിനിമ ഇരയാക്കപ്പെട്ട ഒരുസ്ത്രീയോടുളള സമൂഹത്തിന്റെ നിലപാടുകളിലെ സ്വാര്‍ത്ഥതയും കാപട്യവും അടക്കം വിവിധ തലങ്ങളിലേക്ക് വ്യാപരിക്കുന്ന ഒന്നാണ്. സ്ത്രീപക്ഷവാദവും ഇരവാദവുമൊക്കെ സമൂഹശ്രദ്ധയിലേക്ക് വരികയും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നതിനും എത്രയോ കാലം മൂന്‍പ് അത്തരമൊരു വിഷയവുമായി വന്നു എന്നതിലേറെ ഏറെ ഇഫക്ടീവായി അവതരിപ്പിച്ചു എന്നതിലാണ് സിബി മലയിലിന്റെ മിടുക്ക്.

 

devadoothan-3

 

ഹിസ് ഹൈനസ് അബ്ദുളളയില്‍ ആക്ഷനും സംഗീതവും മിത്തും പ്രണയവും ഉദ്വേഗവും എല്ലാം സമന്വയിച്ചുകൊണ്ട് കഥനത്തെ വേറിട്ട അനുഭവമാക്കുന്ന സിബി മലയില്‍ ദശരഥത്തില്‍ കാലത്തിന് മുന്‍പേ ബഹുദൂരം സഞ്ചരിച്ചു. ആ സിനിമയും അദ്ദേഹം വിഭാവനം ചെയ്ത തലത്തില്‍ അന്ന് ആരും തിരിച്ചറിഞ്ഞില്ല. പില്‍ക്കാലത്ത് മലയാളത്തിലെ കള്‍ട്ട് ക്ലാസിക്കുകളിലൊന്നായി ദശരഥം പ്ലേസ് ചെയ്യപ്പെട്ടു. ഭരതമാണ് സിബിയുടെ മറ്റൊരു മാസ്റ്റര്‍പീസ്. മിതത്വം പുലര്‍ത്തുന്ന ദൃശ്യബിംബങ്ങളിലുടെ അഭിനയമുഹൂര്‍ത്തങ്ങളിലുടെ സ്‌റ്റോറി ടെല്ലിംഗ് നിര്‍വഹിക്കുന്ന ഈ സിനിമയില്‍ നിശ്ശബ്ദതയുടെ സാധ്യതകള്‍ പോലും ചലച്ചിത്രകാരന്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നത് കാണാം. വലിയ ദുരന്തം മറച്ചു പിടിച്ചുകൊണ്ട് വലിയ ഒരു ആഘോഷത്തിന്റെ ഭാഗമാകുന്ന മനുഷ്യരുടെ വ്യഥകളൊക്കെ സിബി അസാധാരണ ചാതുര്യത്തോടെ വരച്ചുകാട്ടി. പെരുന്തച്ചന്‍ കോംപ്ലക്‌സ് എന്ന ഔട്ടര്‍ ലയറിനപ്പുറം ഒരുപാട് തലങ്ങള്‍ നിഗൂഹനം ചെയ്യപ്പെട്ട എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നായിരുന്നു ഭരതം.മോഹന്‍ലാലിന് രണ്ട് തവണ ദേശീയാംഗീകാരം നേടിക്കൊടുത്തതും സിബിയുടെ സിനിമകളായിരുന്നു. കിരീടവും ഭരതവും.

 

ബോക്‌സോഫീസില്‍ പരാജയപ്പെട്ട മാലയോഗം എന്ന സിനിമയിലും വൈവിധ്യം തേടുന്ന ചലച്ചിത്രകാരനെ കാണാം. സ്ത്രീധനം എന്ന സാമുഹ്യവിപത്തിനെ ഗൗരവപൂര്‍ണ്ണതയുടെ ആടയാഭരണങ്ങള്‍ മാറ്റി വച്ച് വളരെ പ്ലസന്റായ ട്രീറ്റ്‌മെന്റിലുടെ ആവിഷ്‌കരിക്കുന്ന ചിത്രമാണ് മാലയോഗം.പ്രണയത്തിന്റെ സൂക്ഷ്മഭാവങ്ങളെ മറ്റൊരു വിതാനത്തില്‍ നിന്ന് വിശകലനം ചെയ്യുന്ന പ്രണയവര്‍ണ്ണങ്ങളും സിബിയുടെ കയ്യൊപ്പ് വീണ സിനിമയാണ്. അസാധാരണമെന്ന് പറയാനാവില്ലെങ്കിലും ഇഷ്ടം എന്ന കുഞ്ഞുസിനിമയിലുമുണ്ട് സിബി ടച്ച്. നേര്‍ത്ത നര്‍മ്മും പ്രണയവും പിതൃ-പുത്ര ബന്ധത്തിലെ സൗഹൃദത്തിന്റെ തലങ്ങളുമെല്ലാം അന്വേഷിക്കുന്ന ഇഷ്ടവും സിബിയുടെ തീയറ്റര്‍ ഹിറ്റുകളില്‍ ഒന്നാണ്.ഒരു ഘട്ടത്തിലും സ്വന്തം ശൈലിയുടെ തടവുകാരനായി ഒതുങ്ങിക്കൂടാതെ വ്യത്യസ്ത സ്വഭാവമുളള സിനിമകള്‍ വേറിട്ട ആഖ്യാനത്തികവിലുടെ നമുക്ക് മുന്നിലെത്തിച്ചു എന്നത് തന്നെയാണ് സിബി മലയിലിന്റെ ഏറ്റവും വലിയ സംഭാവന.മേക്കിംഗ് സ്‌റ്റൈലില്‍ അദ്ദേഹം പുലര്‍ത്തുന്ന ക്ലാസിക്കല്‍ ടച്ചും എടുത്തു പറയേണ്ടയാണ്. സിനിമ എന്ന മാധ്യമത്തിന് മേല്‍ അസാധാരണമായ കയ്യടക്കം പുലര്‍ത്തുന്ന ഒരു സംവിധായകനെ മിക്കവാറും എല്ലാ സിബി ചിത്രങ്ങളിലും കാണാം.

 

കരിയറിലെ ഉയര്‍ച്ച താഴ്ചകള്‍

 

താന്‍ പിന്നിട്ട ഉയരങ്ങളെ അതിജീവിക്കാന്‍ ശേഷിയില്ലാതെ ധര്‍മ്മസങ്കടത്തിലാകുന്ന ഒരു ചലച്ചിത്രകാരനായാണ് 2004 ല്‍ പുറത്തിറങ്ങിയ ജലോത്സവം മുതല്‍ 2022 ല്‍ പുറത്തു വന്ന കൊത്ത് വരെയുളള സിനിമകളിലുടെ അദ്ദേഹം നമുക്ക് മുന്നില്‍ നില്‍ക്കുന്നത്. ശരാശരിയിലും താഴെ നില്‍ക്കുന്ന തിരക്കഥാകൃത്തുക്കളെ ആശ്രയിച്ച ഒരു സംവിധായകന് സംഭവിച്ച സ്വാഭാവിക പരിണതി എന്നതിനപ്പുറം സിബിയിലെ സംവിധായകന് മറ്റെന്തെങ്കിലും സംഭവിച്ചതായി കരുതാന്‍ ന്യായമില്ല. അപുര്‍വരാഗം പോലുളള സിനിമകളില്‍ ഏറ്റവും പുതുതലമുറയോട് കിടനില്‍ക്കുന്ന മേക്കിംഗ് സ്‌റ്റൈല്‍ പരീക്ഷിക്കുന്നു അദ്ദേഹം.കരിയറിലെ അപചയങ്ങള്‍ ഒരു സിബി മലയിലിന് മാത്രം സംഭവിച്ചതല്ല. ഭരതനും ഐ.വി.ശശിയും ജോര്‍ജും അടക്കമുളള പല മഹാരഥന്‍മാരും ഇത്തരം സന്നിഗ്ധഘട്ടങ്ങളിലുടെ കടന്നു പോയിട്ടുണ്ട്. ചലച്ചിത്രകാരന്‍ എന്ന നിലയില്‍ സമാനതകളില്ലാത്ത മികവ് പുലര്‍ത്തുമ്പോഴും നേരിയ അപഭ്രംശങ്ങളും അദ്ദേഹത്തിന്റെ ആഖ്യാനസമീപനങ്ങളിലുളളതായി കാണാം.

 

devadoothan-music

ചില സിനിമകളില്‍ പ്രകടമാകുന്ന അതിവൈകാരികതയും കഥാസന്ദര്‍ഭങ്ങളിലെ അതിനാടകീയതയുമാണ് സിബി മലയിലിന്റെ കുറവുകളായി തോന്നിയിട്ടുളളത്. എന്നാല്‍ ഇമോഷനല്‍ ഗ്രാഫില്‍ ഉടനീളം മിതത്വം പാലിക്കുന്ന സിനിമകളും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഒന്നും തനിക്ക് അപ്രാപ്യമല്ല എന്ന നിശ്ശബ്ദ സന്ദേശം പോലെ.നിയന്ത്രിത വൈകാരികതയിലുടെ സിനിമ ഉളളില്‍ തറയ്ക്കുന്ന അനുഭവമാക്കി നിലനിര്‍ത്തുന്ന സമീപനമാണ് പത്മരാജനും ഭരതനും അടക്കമുളള മുന്‍ഗാമികള്‍ സ്വീകരിച്ചതെങ്കില്‍ വികാരങ്ങളെ കെട്ടഴിച്ചു വിടുന്ന ഒരു ചലച്ചിത്രകാരനായിരുന്നു പലപ്പോഴും സിബി. ആകാശദൂത് കാണാന്‍ വരുന്ന പ്രേക്ഷകര്‍ക്ക് കണ്ണീര് തുടയ്ക്കാന്‍ തൂവാല സമ്മാനിച്ചു കളഞ്ഞു ഈ സംവിധായകന്‍. കരയിപ്പിക്കുക എന്നത് ഒരു മോശം കാര്യമോ ചെറിയ കാര്യമോ അല്ല.എന്നാല്‍ ഒന്ന് കരയാന്‍ പോലുമാവാതെ മനസ് വിങ്ങുന്ന അനുഭവം സമ്മാനിക്കുകയും എക്കാലവും ഒരു നെരിപ്പോട് പോലെ ആ സിനിമ സമ്മാനിക്കുന്ന അനുഭവം സൂക്ഷിക്കാനും പാകത്തില്‍ വൈകാരികതയെ സംസ്‌കരിച്ചെടുത്ത് അവതരിപ്പിക്കുന്ന മാജിക്കും മലയാളത്തില്‍ സംഭവിച്ചിട്ടുണ്ട്. പി.പത്മരാജന്റെ മൂന്നാം പക്കം, ഇന്നലെ, കൂടെവിടെ എന്നീ സിനിമകളിലും ഭരതന്റെ വൈശാലിയിലും ഹരിഹരന്റെ ആരണ്യകത്തിലും പഞ്ചാഗ്നിയിലുമെല്ലാം ഇത് കാണാം. ഈ തരത്തില്‍ പക്വമായ സമീപനം പുലര്‍ത്തിക്കൊണ്ട് ആഖ്യാനം നിര്‍വഹിക്കാനാവുമെന്നും സിബി തെളിയിച്ചിട്ടുണ്ട്. കിരീടം നമ്മെ പൊട്ടിക്കരയിക്കുന്ന സിനിമയല്ല. സിനിമ കണ്ട് ദശകങ്ങള്‍ക്ക് ശേഷവും നമ്മെ പിന്‍തുടരുന്ന ആഘാതമാണ് ആ ചലച്ചിത്രം.

 

 

കിരീടം എന്ന  മാസ്റ്റര്‍പീസ്

 

മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും പഠനാര്‍ഹമായ സിനിമകളിലൊന്നാണ് കിരീടം.കടുത്ത ചായക്കൂട്ടുകള്‍ തീര്‍ത്തും മാറ്റി നിര്‍ത്തി കണ്ണീര്‍ ഗ്രന്ഥികളെ അടക്കി നിര്‍ത്തി ഉളളില്‍ തറയ്ക്കുന്ന അനുഭവം സമ്മാനിച്ച, ഒപ്പം നിരവധിയായ ചിന്താധാരകള്‍ സമന്വയിപ്പിച്ച ചലച്ചിത്രം.പോലീസ് ഉദ്യോഗസ്ഥനാകാന്‍ ആഗ്രഹിച്ച ഒരാള്‍ വിധിവൈപരീത്യത്താല്‍ ഒരു നൊട്ടോറിയസ് ക്രിമിനലായി മാറി എന്ന കേവല അര്‍ത്ഥത്തിലാണ് കിരീടം വ്യാപകമായി വിലയിരുത്തപ്പെട്ടത്. സ്‌റ്റോറിലൈന്‍ പരിശോധിക്കുമ്പോള്‍ അത് വസ്തുതയാണെങ്കിലും ഉപരിതലത്തില്‍ കാണുന്ന കഥയുടെ നൂലിനപ്പുറം സവിശേഷമായ ചിന്താധാരകള്‍ പങ്ക് വയ്ക്കുന്ന ഉന്നതമായ ചലച്ചിത്ര രചനയാണ് കിരീടം. യൂണിവേഴ്‌സലായ ഒരു തീം ഉള്‍ക്കൊളളുന്നു എന്നത് തന്നെയാണ് സിനിമയെ കാലദേശാതിവര്‍ത്തിയാക്കുന്നത്. സമൂഹവും മനുഷ്യനും തമ്മിലുളള സംഘര്‍ഷവും ചുറ്റപാടുകള്‍ എങ്ങനെ വ്യക്തിയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നു എന്നത് സംബന്ധിച്ച അന്വേഷണങ്ങളുമെല്ലാം സിനിമ മുന്നോട്ട് വയ്ക്കുന്നു. സിനിമയുടെ ശില്‍പ്പഘടന അനിതര സാധാരണമാണ്.

 

ആദ്യസീനില്‍ പോലീസ് സ്‌റ്റേഷനിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വെളുപ്പാന്‍കാലത്ത് സ്‌റ്റേഷനില്‍ തന്നെ മയക്കത്തിലായിരുന്ന ഹെഡ് കാണ്‍സ്റ്റബിള്‍ അച്യൂതന്‍ നായര്‍ തന്റെ മകന്‍ സേതുമാധവന്‍ സബ്ബ് ഇന്‍സ്‌പെക്ടറായി വന്ന് സല്യൂട്ട് ചെയ്യുന്നതായി സ്വപ്നം കണ്ട് മതിമറന്ന് ചിരിക്കുന്നു.സിനിമ അവസാനിക്കുമ്പോള്‍ അതേ അച്യൂതന്‍ നായര്‍ അതീവ വിഷാദഭാരത്തോടും നൈരാശ്യത്തോടും കൂടി പോലീസ് സ്‌റ്റേഷന്‍ ചുവരിലെ നൊട്ടോറിയസ് ക്രിമിനലുകളുടെ ലിസ്റ്റില്‍ സേതുമാധവന്റെ ചിത്രം പതിക്കുകയാണ്. സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരത്തെക്കുറിച്ചാണ് അടിസ്ഥാനപരമായി കിരീടം പറയുന്നതെന്ന് തോന്നാം. എന്നാല്‍ സ്വപ്നത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്കുളള ദൂരമാണ് സിനിമയില്‍ ആവിഷ്‌കരിക്കപ്പെടുന്നത്.സമൂഹത്തിന്റെയും സാഹചര്യങ്ങളുടെയും ഇടപെടലുകള്‍ വ്യക്തിജീവിതം മാറ്റി മറിക്കുന്നതും വ്യക്തിയുടെ പ്രതിച്ഛായാ നിര്‍മ്മിതിയില്‍ ഇത് രണ്ടും വഹിക്കുന്ന വിപത്കരമായ പങ്കും സിനിമ ചര്‍ച്ച ചെയ്യപ്പെടുന്നു.ഒരു ക്രിമിനല്‍ രൂപപ്പെടുന്ന സാഹചര്യങ്ങളെക്കുറിച്ചുളള അന്വേഷണം കൂടിയാണ് ഒരര്‍ത്ഥത്തില്‍ കിരീടം. 

 

അതോടൊപ്പം ഒരേസമയം ദൈവവും ചെകുത്താനും അധിവസിക്കുന്ന മനുഷ്യന്റെ ആന്തരികതലങ്ങളെക്കുറിച്ചുളള ഓര്‍മ്മപ്പെടുത്താല്‍ കൂടിയായി മാറുന്നു കിരീടം. ഒരു എറുമ്പിനെ പോലും കൊല്ലാന്‍ ഭയമുളള ചോര കണ്ടാല്‍ തലചുറ്റുന്ന സാധുവാണ് സേതുമാധവന്‍. അതേ സേതുമാധവന്‍ കൊടുംക്രിമിനലായ ഒരാളെ അടിച്ചുവീഴ്ത്താന്‍ നിര്‍ബന്ധിതനായിത്തീരുകയാണ്. ഇത് ബോധപൂര്‍വമായ ഒരു ആലോചനയുടെയോ ആസൂത്രണത്തിന്റെയോ ഭാഗമായി സംഭവിക്കുന്നതല്ല. മറിച്ച് സാഹചര്യങ്ങളുടെ അനിവാര്യതയാണ്. സ്വയംപ്രതിരോധത്തിന്റെ ഭാഗമായി അയാള്‍ ചെയ്തുകൂട്ടേണ്ടി വരുന്ന കലഹങ്ങള്‍ക്കും കലാപങ്ങള്‍ക്കും സ്വാഭാവികമായ ഒരു നൈരന്തര്യം ഉണ്ടാവുകയും അതെല്ലാം അയാളുടെ പ്രതിച്ഛായക്ക് വന്യമായ ഒരു മുഖം നല്‍കുകയും ചെയ്യുന്നു. പ്രതിച്ഛായയുടെ പരിവര്‍ത്തനവും സിനിമ മുന്നോട്ട് വയ്ക്കുന്നു. ഇന്നലെ വരെ പരമസാധുവായിരുന്ന ഒരാള്‍ ഇന്ന് നേരെ കടകവിരുദ്ധമായ ഒരു അവസ്ഥാവിശേഷത്തിലേക്ക് സ്വയമറിയാതെ എത്തിപ്പെടുകയാണ്. വളരെ സ്വാഭാവികവും യാഥാര്‍ത്ഥ്യബോധത്തിലൂന്നിയ പരിചരണത്തിലൂടെയുമാണ് ഈ വ്യതിയാനം തിരക്കഥാകൃത്തായ ലോഹിതദാസും സംവിധായകന്‍ സിബി മലയിലും ചേര്‍ന്ന് അടയാളപ്പെടുത്തുന്നത്.

 

ഔചിത്യബോധമുളള ചലച്ചിത്രകാരന്‍

 

ഒരു ഫിലിംമേക്കര്‍ എന്ന നിലയില്‍ ദൃശ്യാവിഷ്‌കരണത്തില്‍ സിബി മലയില്‍ പുലര്‍ത്തുന്ന ഔചിത്യബോധം പഠനസ്വഭാവമുളളതാണ്.നാം വാഴ്ത്തിപ്പാടുന്ന പല സംവിധായകരുടെയും സിനിമകളില്‍ സാങ്കേതിക വിദഗ്ധര്‍ നിയന്ത്രണങ്ങളുടെ ലക്ഷ്മണരേഖ ഭേദിക്കുന്നത് കാണാം. പ്രേക്ഷകന്റെ ശ്രദ്ധ ഇതരഘടകങ്ങളിലേക്ക് വ്യതിചലിക്കുമ്പോള്‍ അത് കഥനത്തിന്റെ ഏകാഗ്രതയെയും കഥാപാത്രങ്ങളെ പിന്‍തുടരാനുളള സാധ്യതയെയും നിരാകരിക്കുന്നു. മാസ്‌റ്റേഴ്‌സ് എന്ന് കരുതപ്പെടുന്ന സംവിധായകരുടെ സിനിമകളില്‍ പോലും ഛായാഗ്രഹകര്‍ എല്ലാ നിയന്ത്രണപരിധികളും ലംഘിച്ച് വിഷ്വല്‍ ഗിമ്മിക്കുകള്‍ കാണിക്കാറുണ്ട്. മുഴച്ചു നില്‍ക്കുന്ന ലൈറ്റിംഗ്, ഫില്‍ട്ടറുകളുടെ അനാവശ്യ ഉപയോഗം, കളര്‍ടോണിലെ ധാരാളിത്തം, കോംപോസിഷനുകളിലെ അമിതമായ വിഷ്വല്‍ ബ്യൂട്ടി, ഓവര്‍ റിച്ച്‌നസ്...എന്നിങ്ങനെ സിനിമയുടെ ആകത്തുകയെയും മൂഡിനെയും ഹനിക്കുന്ന തരത്തില്‍ ഛായാഗ്രഹകര്‍ സ്വയം പ്രസ്ഥാനങ്ങളാകുന്ന പ്രക്രിയ  പല സംവിധായകരും അനുവദിച്ചുകൊടുക്കാറുണ്ട്. സ്‌ട്രോങ് ബാക്ക് ലൈറ്റില്‍ ഡിഫ്യൂഷന്‍ ഫില്‍റ്റര്‍ ഉപയോഗിച്ച് രുപപ്പെടുത്തിയ ഫ്രെയിമുകള്‍ ഒരു തമിഴ് സിനിമയില്‍ ഉടനീളം കാണാം. ഇതൊന്നും ആവശ്യമില്ല എന്ന് അര്‍ത്ഥമില്ല.സിനിമയുടെ പ്രമേയം ഡിമാന്റ ് ചെയ്യുന്നുവെങ്കില്‍ ഏത് തരം ട്രീറ്റ്‌മെന്റും അഭിലഷണീയമാണ്.

 

എന്നാല്‍ ക്യാമറ അടക്കം ഒരു ഘടകങ്ങളും ഒട്ടും മുഴച്ചു നില്‍ക്കാതെ എല്ലാം കൃത്യമായ അളവിലും അനുപാതത്തിലും സമന്വയിപ്പിക്കുന്ന സംവിധാന വൈഭവം സിബിയുടെ സിനിമകളില്‍ അതിന്റെ പൂര്‍ണ്ണതയില്‍ എത്തി നില്‍ക്കുന്നു.സിനിമ എന്നാല്‍ ടോട്ടാലിറ്റിയാണെന്നും ആകത്തുകയെ ഫലപ്രദമാക്കാന്‍ ഉപയുക്തമായ ഘടകങ്ങള്‍ മാത്രമാണ് മറ്റെല്ലാമെന്നുമുളള അടിസ്ഥാന ധാരണ സിബി മലയിലിലെ നയിക്കുന്നു. കിരീടത്തില്‍ അദ്ദേഹം അത് നന്നായി പ്രയോജനപ്പെടുത്തിയിട്ടുമുണ്ട്.  ആക്ഷന്‍രംഗങ്ങള്‍ക്ക് മുന്‍തൂക്കമുളള ഒരു കഥാംശം സിനിമയില്‍ നിലനില്‍ക്കുമ്പോഴും വിഷ്വല്‍ ഗിമ്മിക്കുകള്‍ പാടെ മാറ്റി വച്ച് കഥയുടെ വൈകാരികാംശത്തിനും സ്വഭാവത്തിനും പ്രമേയത്തിന്റെ ആന്തരഗൗരവത്തിനും ഇണങ്ങുന്ന ട്രീറ്റ്‌മെന്റ ് അഥവാ പരിചരണരീതിയാണ് സിബി മലയില്‍ പരീക്ഷിക്കുന്നത്.കഥ പറയാന്‍ ഉപയുക്തമായ ഷോട്ടുകള്‍ മാത്രമാണ് അദ്ദേഹം ഉപയോഗിക്കുന്നത്. അനാവശ്യമായ ബില്‍ഡപ്പുകള്‍ പാടെ നിരാകരിക്കുന്നു. ഉദാഹരണത്തിന് സേതുമാധവന്‍ കീരിക്കാടന്റെ സഹായിയെ അടിച്ചു വീഴ്ത്തുമ്പോള്‍ ഒരു പോലീസ് ജീപ്പ് പാഞ്ഞു വരുന്നുണ്ട്. ഇത്തരമൊരു സീനില്‍ സാധാരണഗതിയില്‍ സെന്‍സിബിലിറ്റി കുറഞ്ഞ സംവിധായകര്‍ കട്ട് ഷോട്ടുകള്‍ തലങ്ങും വിലങ്ങും വാരി വിതറും. ഇത് കഥയുടെ അനുസ്യൂതമായ ഒഴുക്കില്‍ നിന്നും പ്രേക്ഷകന്റെ ശ്രദ്ധ വ്യതിചലിക്കാനിടയാക്കും. സിബി മലയില്‍ ആകട്ടെ കഥാപാത്രത്തിന് എന്ത് സംഭവിച്ചു? കഥയുടെ വളര്‍ച്ചയിലെ പുതിയ പരിണതികള്‍ എന്തൊക്കെ എന്നതിലേക്കാണ് കാണികളുടെ ശ്രദ്ധ തെളിക്കുന്നത്. ഈ തരത്തില്‍ പറയേണ്ടത് പറഞ്ഞും പറയേണ്ടാത്തത് ഒഴിവാക്കിയും കഥനം നിര്‍വഹിക്കാന്‍ കഴിയുന്നു.‍‌

 

ഓരോന്നിനെയും നിയന്ത്രിച്ച് കൃത്യമായ അനുപാതത്തില്‍ സന്നിവേശിപ്പിക്കുക എന്നത് മാധ്യമബോധമുളള സംവിധായകന്റെ ചുമതലയാണ്.മലയാളത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനും കെ.ജി.ജോര്‍ജും പോലെ സമുന്നതമായ ചലച്ചിത്രസംസ്‌കാരത്തിന്റെ വക്താക്കള്‍ മാത്രം പിന്‍തുടര്‍ന്ന ഈ സമീപനമാണ് കിരീടത്തില്‍ സിബി മലയിലും സ്വീകരിച്ചിട്ടുളളത്.അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ സംവിധായകന്‍ ഉള്‍പ്പെടെ ആരുടെയും പ്രകടനപരമായ സാന്നിദ്ധ്യമില്ല. സിനിമയുടെ ആകത്തുകയെ ഫലപ്രദവും പുര്‍ണ്ണതയുളളതുമാക്കുന്നതിനായി സമസ്ത ഘടകങ്ങളെയും അര്‍ഹിക്കുന്ന അനുപാതത്തില്‍ വിനിയോഗിക്കുകയാണ് അദ്ദേഹം ചെയ്യാറുളളത്. ബില്‍ഡ് അപ്പ് ഷോട്ടുകളാണ് കഥാകഥനത്തില്‍ സംവിധായകന്റെ പ്രധാന ടൂള്‍. എന്നാല്‍ ദൃശ്യങ്ങളെ ഔചിത്യപൂര്‍ണ്ണമായി കൃത്യമായ അളവിലും അനുപാതത്തിലും മിതത്വത്തോടെ ഉപയോഗിക്കുമ്പോള്‍ മാത്രമാണ് അത് അര്‍ത്ഥപൂര്‍ണ്ണമാവുന്നതെന്ന തിരിച്ചറിവ് നിര്‍ഭാഗ്യവശാല്‍ പലര്‍ക്കുമില്ല. സിബി മലയില്‍ ഏറെ പ്രസക്തനാവുന്നത് ഇവിടെയാണ്. കുറച്ച് പറഞ്ഞ് കൂടുതല്‍ ധ്വനിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.ഫ്രെയിമില്‍ കഥാപാത്രങ്ങളുടെ സ്ഥാനചലനം സ്വാഭാവിക പ്രതീതിയോടെയും സീനിന്റെ മൂഡിനും പ്രകൃതത്തിനും ഇണങ്ങുന്ന തലത്തിലും ആവിഷ്‌കരിക്കുക എന്നത് ഏറെ പ്രധാനപ്പെട്ട ദൗത്യമാണ്.സിബി മലയില്‍ ഏറെ സൂക്ഷ്മതയോടെ ഇത് നിര്‍വഹിച്ചിരിക്കുന്നതെന്ന് കാണാം. കഥാപാത്രങ്ങളുടെ ശരീരഭാഷയില്‍ നിന്ന് പോലും അവരുടെ അതാത് സമയത്തെ മാനസിക ഭാവങ്ങള്‍ വായിച്ചെടുക്കാന്‍ പാകത്തിലാണ് അവതരിപ്പിച്ചിട്ടുളളത്. ‍ഇക്കാര്യത്തില്‍ പ്രതിഭാധനന്‍മാരായ നടന്‍മാരുടെ സംഭാവനകളും ഉണ്ടാവാം.

 

സിബി മലയില്‍ എന്ന സംവിധായകന്റെ എക്കാലത്തെയും വലിയ സവിശേഷകളിലൊന്നായി അനുഭവപ്പെട്ടിട്ടുളളത്  നിയന്ത്രിത വൈകാരികതയിലൂടെ മനസ് വിങ്ങുന്ന അനുഭവം സൃഷ്ടിക്കാന്‍ കഴിയുന്നു എന്നതാണ്. പ്രേക്ഷകനില്‍ കടുത്ത വൈകാരികഘാതം സൃഷ്ടിക്കുന്ന ദൃശ്യാവിഷ്‌കാരത്തിന്റെ മാസ്റ്റര്‍ലി എക്‌സാംപിളാണ് എഴുതാപ്പുറങ്ങള്‍ എന്ന സിനിമയുടെ €ൈമാക്‌സ്. ഒന്ന് കരയാന്‍ പോലുമാവാതെ നാം മരവിച്ചിരുന്നു പോകും. 

കിരീടത്തില്‍ ഒരിടത്തും സിബി വികാരങ്ങളുടെ കെട്ടഴിച്ച് വിടുന്നില്ല. കൃത്യത ഉറപ്പാക്കി കൊണ്ടാണ് വൈകാരിക രംഗങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുളളത്. അതിഭാവുകത്വത്തിലേക്ക് വഴുതിവീഴാവുന്ന നാടകീയതയില്‍ അഭിരമിക്കാന്‍ ഇടയുളള കഥാസന്ദര്‍ഭങ്ങളില്‍  പോലും സംവിധായകന്‍ സ്വാഭാവികതയും യാഥാര്‍ത്ഥ്യബോധവും വിട്ട് കളിക്കുന്നില്ല. മിതത്വത്തിന്റെയും ധ്വനനഭംഗിയുടെയും സാധ്യതകള്‍ നന്നായി ഉപയോഗിക്കുന്നുണ്ട് താനും. ക്രമാനുസൃതമായി നിറം നഷ്ടപ്പെട്ട് പൂര്‍ണ്ണമായും നിറം കെട്ട ദുരന്താത്മകമായ ജീവിതസാഹചര്യങ്ങള്‍ ആലേഖനം ചെയ്യപ്പെടുന്ന സിനിമ എന്ന നിലയില്‍ ഈ ചിത്രത്തില്‍ വര്‍ണ്ണങ്ങളെ സംവിധായകന്‍ ഏറെ അവധാനതയോടെയാണ് ഉപയോഗപ്പെടുത്തിയിട്ടുളളത്.‍

 

സേതുമാധവന്റെ ജീവിതം ഒരു ഘട്ടത്തിലും പൂര്‍ണ്ണമായി വര്‍ണ്ണാഭമായിരുന്നില്ല. ഒരു ഇടത്തരം ജീവിതസാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്ന ആ യുവാവ് കുറെക്കൂടി മെച്ചപ്പെട്ട ഒരു ജീവിതാവസ്ഥയിലേക്ക് ഉയര്‍ന്ന് വരാന്‍ ശ്രമിക്കുന്നതിനിടയിലാണ് തീര്‍ത്തും അവിചാരിതമായി ദുരന്തങ്ങള്‍ അദ്ദേഹത്തെ വേട്ടയാടുന്നത്. പിന്നീട് ഇരുണ്ട ജീവിതചര്യകളിലേക്ക് അദ്ദേഹം നിപതിക്കുകയാണ്. ഇത്തരമൊരു ഇതിവൃത്തം ആവിഷ്‌കരിക്കുന്ന സിനിമയ്ക്ക് എന്ത് കളര്‍ടോണ്‍ നല്‍കും എന്നത് തീര്‍ച്ചയായും സംവിധായകന് ഒരു വെല്ലുവിളിയാണ്. സിബി മലയില്‍ ഇവിടെയും ഔചിത്യത്തെ കൂട്ടുപിടിക്കുന്നു. പ്രത്യേക കളര്‍ടോണുകള്‍ ഉപയോഗിക്കാതെ  അതേസമയം സെപ്പിയാ ടോണിനോട് (പഴയകാലത്ത് നടക്കുന്ന പീര്യഡ് സിനിമകളിലും മറ്റും ഉപയോഗിക്കുന്ന ടോണ്‍) ചേര്‍ന്നു നില്‍ക്കുന്ന നിറം മങ്ങിയ നരച്ച ഏറെക്കുറെ ചാരനിറത്തോട് ചേര്‍ന്നു നില്‍ക്കുന്ന കളര്‍ സ്‌കീമാണ് ഉപയോഗപ്പെടുത്തിയിട്ടുളളത്. എന്നാല്‍ ഇത് സെപ്പിയ ടോണ്‍ അല്ല താനും. കളര്‍ ഗ്രേഡിംഗില്‍ പുലര്‍ത്തിയ സൂക്ഷ്മത പോലും സിനിമയുടെ ആകത്തുകയ്ക്ക് എപ്രകാരം ഗുണപരമായി പരിണമിക്കുന്നു എന്ന് ശ്രദ്ധേയമാണ്.

ഈ സിനിമ ചരിത്രത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടുന്നത് സുഘടിതവും ശില്‍പ്പഭദ്രവും അതീവ സൗന്ദര്യാത്മകവും സാര്‍വലൗകികമായ ഇതിവൃത്തത്തിന്റെ ഉള്‍ക്കരുത്തും നിറഞ്ഞ തിരക്കഥയുടെ മികവ് കൊണ്ടാവും എന്നത് അവിതര്‍ക്കിതമാണ്.‍

 

എന്നാല്‍ തിരക്കഥ കൊണ്ട് മാത്രം പൂര്‍ണ്ണമാവുന്ന ഒന്നല്ല സിനിമ. ഒരു ചലച്ചിത്രനിര്‍മ്മാണത്തിന്റെ സമസ്ത ഘടകങ്ങളെയും കൃത്യമായ അനുപാതത്തില്‍ സിനിമയുടെ ഗാത്രത്തില്‍ സന്നിവേശിപ്പിക്കുകയും ആ സൃഷ്ടിക്ക് ആത്മാവും ജീവനും നല്‍കാന്‍ കഴിയുകയും ചെയ്യുക എന്ന പ്രക്രിയയുടെ ശില്‍പ്പി നിശ്ചയമായും അതിന്റെ സംവിധായകന്‍ തന്നെയാണ്. ആ തലത്തില്‍ നിന്ന് പരിശോധിക്കുമ്പോള്‍ കിരീടം എല്ലാ അര്‍ത്ഥത്തിലും ഒരു സിബി മലയില്‍ ചിത്രം തന്നെയാണ്.ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളെയും കാസ്റ്റ് ചെയ്ത രീതി, കഥാപാത്രങ്ങളെ അതാത് നടീനടന്‍മാര്‍ അവതരിപ്പിക്കുന്ന രീതി, സംഭാഷണങ്ങളുടെ മോഡുലേഷന്‍...എന്നിവ ഇത്ര കൃത്യതയോടെ നിര്‍വഹിക്കപ്പെട്ട സിനിമകളും അധികമില്ല. ജഗതി, യദുകൃഷ്ണന്‍, ഉഷ എന്നിങ്ങനെ താരതമ്യേന ചെറിയതെന്ന് തോന്നുന്ന കഥാപാത്രങ്ങളെ പോലും മോള്‍ഡ് ചെയ്ത രീതിയും അതാത് അഭിനേതാക്കള്‍ നല്‍കുന്ന തനത് വ്യാഖ്യാനവുമെല്ലാം അനുപമമാണ്.

 

 

കാലം തെറ്റി പിറന്ന ദേവദൂതന്‍ 

 

ദേവദൂതന്‍ ഇതില്‍ നിന്നെല്ലാം വേറിട്ട് പരീക്ഷണമാണ്. സംഗീതവും പ്രണയവും കാല്‍പ്പനികതയും മിസ്റ്ററിയും എല്ലാം നിറഞ്ഞ മായികമായ ഇതിവൃത്തവും അതിന് അനുയോജ്യമായ ദൃശ്യാഖ്യാനവും കൊണ്ട് സമൃദ്ധമാണ് ഈ ചിത്രം. തന്റെ അതുവരെയുളള ചലച്ചിത്രസമീപനങ്ങളെ പാടെ അട്ടിമറിച്ച് മറ്റൊരു ആകാശത്തിലേക്ക് നടന്നടുക്കുന്ന സിബിയെ ദേവദൂതന്‍ നമുക്ക് കാണിച്ചു തന്നു. കാല്‍നൂറ്റാണ്ട് മുന്‍പ് റിലീസ് ചെയ്ത ഘട്ടത്തില്‍ തീയറ്ററുകളില്‍ വീണു പോയ ചിത്രത്തിന് കേരളം വീണ്ടും വന്‍വരവേല്‍പ്പ് നല്‍കുന്നു എന്നത് തീര്‍ച്ചയായും ചലച്ചിത്രവ്യവസായത്തിന് ഉണര്‍വ് നല്‍കുന്ന ഒന്നാണ്. അതിനപ്പുറം കാലമാണ് നല്ല കലാസൃഷ്ടിയുടെ മൂല്യം നിര്‍ണ്ണയിക്കുന്ന അവസാന വാക്ക് എന്ന് കൂടി ദേവദൂതന്‍ നമ്മോട് പറയുന്നു. ഇതിനെല്ലാമപ്പുറം  ചരിത്രപ്രാധാന്യമുളള ഒരു മുഹൂര്‍ത്തം കൂടിയാണിത്.ലോകസിനിമയില്‍ തന്നെ ഇതാദ്യമായാണ് 24 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫ്‌ളോപ്പായ ഒരു ചലച്ചിത്രം വീണ്ടും റിലീസ് ചെയ്ത് മഹാവിജയത്തിലേക്ക് കുതിക്കുന്നത്. അതിന് ചുക്കാന്‍ പിടിച്ച ചലച്ചിത്രകാരന്‍ എന്ന നിലയില്‍ സിബി മലയില്‍ വീണ്ടും പ്രസക്തനാവുന്നു.

English Summary:

Career journey of director Sibi Malayil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com