ADVERTISEMENT

തമിഴിൽ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട  പ്രണയ ചിത്രമായ 96 ൽ തൃഷ അവതരിപ്പിച്ച ജാനു എന്ന കഥാപാത്രമായി ആദ്യം പരിഗണിച്ചിരുന്നത് മഞ്ജു വാരിയറെ. ജാനു ആയി അഭിനയിക്കുന്നതിന് സംവിധായകൻ പ്രേം കുമാർ തന്നെ വിളിക്കാൻ ശ്രമിച്ചെന്നും എന്നാൽ  എന്തോ കാരണം അവർക്ക് തനിക്കരികിൽ എത്താൻ സാധിക്കാതെ വന്നതോടെ തൃഷയെ പരിഗണിക്കുകയായിരുന്നെനും  മഞ്ജു വാരിയർ വെളിപ്പെടുത്തി.  ഒരു അവാർഡ് ഫങ്ഷനിൽ വച്ച് വിജയ് സേതുപതി തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും മഞ്ജു വ്യക്തമാക്കി. പുതിയ സിനിമയായ ‘ഫൂട്ടേജി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് 96ൽ തന്റെ കയ്യിൽ നിന്ന് വഴുതിപ്പോയ സംഭവം മഞ്ജു വെളിപ്പെടുത്തിയത്.  

“96നു വേണ്ടിയുള്ള കോള്‍ എന്റെ അടുത്ത് എത്തിയിട്ടില്ല. അവര്‍ വിളിക്കാന്‍ ശ്രമിച്ചിരുന്നു. ആ അന്വേഷണം എന്റെ അടുത്ത് എത്തുന്നതിന് മുന്നെ വേറെ വഴിക്ക് പോയി. വിജയ് സേതുപതി സർ പറഞ്ഞപ്പോഴാണ് ഞാന്‍ ഈ കാര്യം അറിയുന്നത്. കുറച്ച് മുൻപ് ഒരു അവാര്‍ഡ് ഫങ്ഷനില്‍ വെച്ചാണ് അദ്ദേഹം എന്നോട് കാര്യം പറയുന്നത്. ആ കഥാപാത്രത്തിലേക്ക് എന്നെ അന്വേഷിച്ചിരുന്നു എന്ന് സര്‍ പറഞ്ഞു. ആ സിനിമയുടെ സമയത്ത് അവര്‍ക്ക് തന്നെ എന്തൊക്കെയോ ഡേറ്റ് കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ട് അവര്‍ക്ക് തന്നെ ഒരു പിടി ഉണ്ടായിരുന്നില്ല. 

അതിന്റെ ഇടയില്‍ എന്നെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി അവര്‍ പാതി വഴിയില്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അങ്ങനെ പിന്നീട് അവര്‍ തൃഷയിലേക്ക് എത്തി.  ഞാന്‍ വിടുതലൈ സിനിമയില്‍ ജോയിന്‍ ചെയ്യാന്‍ പോയപ്പോള്‍ പ്രേമിന് (പ്രേം കുമാർ) മെസേജ് അയച്ചിരുന്നു. ‘‘നിങ്ങളോ എന്നെ വിജയ് സേതുപതിയുടെ കൂടെ അഭിനയിക്കാൻ സമ്മതിച്ചില്ല. പക്ഷേ ഞാന്‍ ദാ ഇപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ പോകുകയാണ്’’ എന്ന് പറഞ്ഞു. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടെന്ന് പറയുന്നത് പോലെയാണ് അത്. 96ല്‍ എനിക്ക് പോലും തൃഷയെ അല്ലാതെ മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ പറ്റില്ല.”–മഞ്ജു വാരിയർ പറഞ്ഞു.

സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ‘ഫൂട്ടേജ്’ ആണ് മഞ്ജു വാരിയരുടേതായി റിലീസ് ചെയ്യാൻ പോകുന്ന അടുത്ത ചിത്രം. നടനും സംവിധായകനുമായ അനുരാഗ് കശ്യപ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. വിശാഖ് നായർ, ഗായത്രി അശോക് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

English Summary:

Manju Warrier Was the First Choice for '96': The Untold Story Behind the Casting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com