ADVERTISEMENT

മലയാളത്തിൽ നിന്ന് തെന്നിന്ത്യൻ സിനിമാലോകത്തെത്തി താരറാണിയായി ജീവിക്കുമ്പോഴും കുടുംബത്തോടുള്ള കടമകൾ മറന്നില്ലെന്ന് നയൻതാരയുടെ അമ്മ ഓമന കുര്യൻ. അപ്രതീക്ഷിതമായിട്ടാണ് സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയത്. ആദ്യകാലങ്ങളിൽ അച്ഛൻ കുര്യനായിരുന്നു താരത്തിനൊപ്പം സെറ്റിൽ പോയിരുന്നത്. എന്നാൽ, പിന്നീട് അദ്ദേഹം അസുഖബാധിതനായതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. പിതാവിന്റെ രോഗാവസ്ഥ നയൻതാരയെ ഏറെ അലട്ടിയിരുന്നെങ്കിലും വീട്ടിൽ ഐ.സി.യു വരെയൊരുക്കി നയൻതാര ഒപ്പം നിന്നുവെന്നും ഓമന കുര്യൻ പറയുന്നു. നയൻ‌താരയുടെ വിവാഹവും ജീവിതവും വരച്ചിടുന്ന 'നയൻ‌താര: ബിയോണ്ട് ദ് ഫെയറി ടെയ്ൽ' എന്ന ഡോക്യുമെന്ററിയിലാണ് മകളെപ്പറ്റി അമ്മ മനസ്സു തുറന്നത്. ഇങ്ങനെ ഒരു മകളെ കിട്ടിയത് ഭാഗ്യമാണെന്നും ഓമന കുര്യൻ പറഞ്ഞു. 

ഓമന കുര്യന്റെ വാക്കുകൾ: ‘‘ഡിഗ്രിക്ക് പഠിക്കുമ്പോൾ തന്നെ സി.എയ്ക്ക് പഠിക്കണമെന്ന് മോൾ പറഞ്ഞു. കോട്ടയം സി.എം.എസ് കോളജിൽ ആണ് പഠിക്കുന്നത്. ഞാനും അച്ഛനും കൂടി കാറിൽ കൊണ്ടുപോകും. അവളുടെ ക്ലാസ് കഴിയുന്നതു വരെ ഞങ്ങൾ വെളിയിൽ കാറിൽ ഇരിക്കും. നല്ല മിടുക്കിയായി പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് സിനിമയിലേക്കുള്ള വിളി വന്നത്. ഒരു ദിവസം വീട്ടിൽ ഇരുന്ന് അസൈൻമെന്റ് എഴുതുന്ന സമയത്താണ് സത്യൻ അന്തിക്കാട് സാറിന്റെ വിളി വരുന്നത്. അദ്ദേഹം വനിതാ മാസികയുടെ കവർചിത്രം കണ്ടു വിളിക്കുകയായിരുന്നു. എനിക്ക് ആകെ പേടിയായി. കുടുംബത്തുള്ളവരൊക്കെ എന്തു പറയുമെന്ന് അറിയില്ല. ഞങ്ങൾക്ക് സിനിമയോട് വലിയ അകൽച്ചയില്ലായിരുന്നു. എങ്കിലും കസിൻസ് ഉൾപ്പെടുന്ന ബന്ധുക്കൾക്ക് മകൾ സിനിമയിലേക്ക് പോകുന്നതിൽ എതിർപ്പുണ്ടായിരുന്നു. ഞാനും അച്ഛനും മോളും കൂടി കുറെ ആലോചിച്ചതിനു ശേഷം പരുമല പള്ളിയിൽ പോയി പ്രാർഥിച്ചു. പിന്നെ, പെട്ടെന്നു തന്നെ സിനിമയിൽ അഭിനയിക്കാം എന്നു തീരുമാനമായി.  ഒന്നുരണ്ടു സിനിമകൾ ചെയ്തിട്ട് വീണ്ടും പഠിക്കാം എന്നായിരുന്നു തീരുമാനം. പക്ഷേ, പിന്നെ പഠനമൊന്നും നടന്നില്ല.’’

സിനിമയുടെ ആദ്യനാളുകളിൽ ഞങ്ങൾ രണ്ടും അവളോടൊപ്പം സെറ്റിൽ പോകുമായിരുന്നു. പിന്നീട് അച്ഛൻ ആയി മകൾക്കൊപ്പം പോകുന്നത്. മൂന്നോ നാലോ തമിഴ് ചിത്രങ്ങൾ കഴിഞ്ഞപ്പോഴേക്കും അച്ഛനിൽ ചില മാറ്റങ്ങൾ വന്നു തുടങ്ങി. തുടക്കത്തിൽ ഭക്ഷണം കഴിക്കാനായിരുന്നു ബുദ്ധിമുട്ട്. പതിയെ പതിയെ അദ്ദേഹം കാര്യങ്ങൾ മറക്കാൻ തുടങ്ങി. ഇപ്പോൾ ഒന്നര പതിറ്റാണ്ടിലേറെയായി അദ്ദേഹം മോശം ആരോഗ്യാവസ്ഥയിലൂടെ കടന്നു പോകുന്നു. ന്യൂറോളജിക്കൽ പ്രശ്നങ്ങൾ അദ്ദേഹത്തിനുണ്ട്.  മകൻ ദുബായിൽ താമസമായതിനാൽ ഇടയ്ക്കിടെ ഓടിയെത്താൻ കഴിയില്ല. പ്രയാസമുണ്ട്. അതിനാൽ, നയൻ‌താര തന്നെയാണ് ഉത്തരവാദിത്തങ്ങൾ നോക്കിനടത്താറുള്ളത്.

എത്ര തിരക്കുണ്ടെങ്കിലും മകൾ ഓരോ ദിവസവും മൂന്നോ നാലോ തവണയെങ്കിലും വീട്ടിലേക്ക് ഫോൺ ചെയ്യും. അമ്മയ്ക്കും അച്ഛനും സുഖമാണോ എന്ന് തിരക്കും. എന്തു വിഷമം ഉണ്ടെങ്കിലും, എന്നോടാകും വിളിച്ചു സംസാരിക്കുക. വീട്ടിൽ അച്ഛനായി ഒരു ഐസിയു സംവിധാനം തന്നെ മോൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ഏതുനേരത്തും പ്രവർത്തനസജ്ജമാണ്. അദ്ദേഹത്തെ പരിപാലിക്കുന്നത് ഞാൻ തന്നെയാണ്. എത്ര തിരക്കുണ്ടെങ്കിലും അച്ഛനെയും എന്നെയും മകൾ പൊന്നുപോലെയാണ് നോക്കുന്നത്. ഇങ്ങനെ ഒരു മകളെ കിട്ടിയതാണ് ഞങ്ങളുടെ മഹാഭാഗ്യം. അതുപോലെ തന്നെ ഞാൻ ഏറെ ആഗ്രഹിച്ചതു പോലെ വളരെ നല്ലൊരു മരുമകനെ തന്നെയാണ് വിഘ്നേശ് ശിവനിലൂടെ കിട്ടിയത്. മകൾക്ക് അവളെ മനസ്സിലാക്കുന്ന, സ്നേഹമുള്ള ഒരു ഭർത്താവിനെ കിട്ടണമെന്ന് ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്. അതുപോലെ തന്നെയാണ് കിട്ടിയതും,’’ നയൻതാരയുടെ അമ്മ ഓമന കുര്യൻ പറയുന്നു.

നയൻതാരയും തമിഴിലെ ഒരു പ്രമുഖ നടനുമായി പ്രണയത്തിലായിരുന്ന സമയത്ത് അനുഭവിച്ച ദുരിതങ്ങളെക്കുറിച്ചും അമ്മ ഓമന കുര്യൻ ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്. ‘‘ചെട്ടികുളങ്ങര ക്ഷേത്രം അടുത്താണ്. രാവിലെ എഴുന്നേറ്റാലുടനെ ക്ഷേത്രത്തിൽ പോയാണ് ഞാൻ പ്രാർത്ഥിക്കുന്നത്. യേശുവിനെയും പ്രാർത്ഥിക്കും. ആ അമ്മയാണ് എനിക്കെന്റെ മോളെ തിരിച്ചു തന്നത്. ഇവൾ കയ്യിൽ നിന്നു പോയി എന്ന് വിചാരിച്ച സമയങ്ങളുണ്ടായിരുന്നു. ആ സമയത്ത് ഒത്തിരി വിഷമം ഉണ്ടായിരുന്നു. ഞാൻ അവിടെയിരുന്നങ്ങ് പ്രാർഥിച്ചു. ‘എനിക്കെന്റെ മോളെ തിരിച്ച് തരണം, വേറൊന്നും തരണ്ട’ എന്നു പ്രാർഥിച്ചു. എന്റെ മോളെ എനിക്കറിയാം. ദൈവം കഴിഞ്ഞാൽ എനിക്കാണ് അവളെ അറിയുന്നത്. ഒരു ദോഷവും വരില്ലെന്ന് എനിക്കറിയാം. ദൈവം നമുക്ക് ജീവിക്കാൻ ധൈര്യം തന്നിട്ടുണ്ടെന്ന് അവൾ പറഞ്ഞിട്ടുണ്ട്, ’’ ഓമന കുര്യൻ പറഞ്ഞു.

English Summary:

Nayanthara's Secret Struggle: How She Balanced Stardom & Family During Her Father's Illness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com