ADVERTISEMENT

മിസ്റ്ററിയും സസ്‌പെൻസും ക്രൈമും ഇഴ ചേർത്തു കഥ പറയുന്ന ത്രില്ലറാണ് കമല. ഹാസ്യതാരവും സഹനടനുമായി തിളങ്ങിയ അജു വർഗീസ് നായകനായി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഒരു ഹൈലൈറ്റ്. കുടുംബചിത്രങ്ങളിലൂടെ പ്രേക്ഷകർക്കു പ്രിയങ്കരനായ രഞ്ജിത് ശങ്കർ ഒരിടവേളയ്ക്കു ശേഷം ത്രില്ലർ ശ്രേണിയിലുള്ള ചിത്രം ഒരുക്കുന്നു. രഞ്ജിത്തിന്റെ 'പാസഞ്ചർ' ത്രില്ലർ സ്വഭാവം ഉള്ള ചിത്രമായിരുന്നു. സംവിധാനത്തിനു പുറമേ ചിത്രത്തിന്റെ തിരക്കഥയും രഞ്ജിത്ത് തന്നെയാണ് ഒരുക്കിയിരിക്കുന്നത്. രഞ്ജിത്ത് ശങ്കർ– ജയസൂര്യ ടീമിന്റെ ഡ്രീംസ് ആൻഡ് ബിയോണ്ട്സ് ആണ് ചിത്രത്തിന്‍റെ നിർമാണം. പുതുമുഖം റുഹാനി ശര്‍മ, ബിജു സോപാനം, അനൂപ് മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

 

പ്രമേയം..

Kamala Official Trailer | Ranjith Sankar | Aju Varghese | Ruhani Sharma | Dreams N Beyond

 

അതിരപ്പിള്ളിയോടു ചേർന്നുള്ള കേരള-തമിഴ്നാട് അതിർത്തി പ്രദേശത്താണ് കഥ നടക്കുന്നത്. സഫർ ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കറാണ്. ആദിവാസികളുമായി ബന്ധപ്പെട്ട ഒരു ഭൂമി ഇടപാടിനാണ് അയാൾ ഇവിടെ എത്തുന്നത്. അവിടെവച്ച് അയാൾ തന്റെ സൈബർ സുഹൃത്തായ കമലയെ കണ്ടുമുട്ടുന്നു. പക്ഷേ താൻ ഓൺലൈനിലൂടെ മാത്രം കണ്ടറിഞ്ഞ കമലയല്ല ഇത് എന്നയാൾക്കു തോന്നുന്നു. ശരിക്കും ആരാണ് കമല? അവൾക്ക് എന്തെങ്കിലും ഗൂഢലക്ഷ്യങ്ങളുണ്ടോ? ഇനി അവൾ ശരിക്കും കമലയാണോ? തുടങ്ങിയ സംശയങ്ങൾ അയാളിൽ ജനിക്കുന്നു. അതറിയാനുള്ള സഫറിന്റെ അന്വേഷണം അയാളെ കൊണ്ടുചെന്നെത്തിക്കുന്നത് കൂടുതൽ കുഴപ്പങ്ങളിലേക്കാണ്. ഒടുവിൽ, സമാന്തരമായി മറ്റൊരു കഥാഗതിയിലൂടെ ചിത്രത്തിലെ ദുരൂഹതയുടെ ചുരുളഴിയുന്നു.

 

ആദിവാസികളെ ചൂഷണം ചെയ്യുന്ന റിയൽ എസ്റ്റേറ്റ് മാഫിയയും അവർക്കു കുട പിടിക്കുന്ന നിയമസംവിധാനങ്ങളും പാർശ്വവത്കരിക്കപ്പെടുന്ന സമൂഹത്തിന്റെ രോഷവും പ്രതിഷേധവുമെല്ലാം ചിത്രത്തിന്റെ കഥാഗതിയിലേക്ക് സംഭാവന ചെയ്യുന്നുണ്ട്.

 

അഭിനയം...

 

പതിവു കോമഡി വേഷങ്ങളിൽ തളച്ചിടപ്പെടാതെ അഭിനയത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങളിലൂടെ അജു വർഗീസ് സഞ്ചരിച്ചു തുടങ്ങി എന്നുവേണം കരുതാൻ. അജു വില്ലനായി അഭിനയിക്കുന്ന ഹെലൻ പ്രദർശനം തുടരുമ്പോൾത്തന്നെയാണ് നായകവേഷത്തിലെത്തുന്ന കമല എത്തുന്നത് എന്ന കൗതുകവുമുണ്ട്. ചിരിക്കാത്ത, ചിരിപ്പിക്കാത്ത അജു വർഗീസിലേക്കുള്ള പരിണാമം സഫറിൽ കാണാം.

 

പഞ്ചാബി മോഡലും ഏറെക്കുറെ പുതുമുഖവുമായ റുഹാനി ശർമയാണ് കമലയായി എത്തുന്നത്. അവസാനം വരെ പ്രേക്ഷകർക്കു പിടിതരാതെ ദുരൂഹമായി നിലകൊള്ളുന്ന കഥാപാത്രത്തെ ഭംഗിയായി അവർ അവതരിപ്പിച്ചിട്ടുണ്ട്. 

 

സാങ്കേതികവശങ്ങൾ...

 

പല തലങ്ങളായി ഒരുക്കിയ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ അടിത്തറ. ആരാണു കമല എന്ന ചോദ്യത്തെ സാധൂകരിക്കുന്ന ഉത്തരത്തിലേക്ക് എത്താനായി സമാന്തരമായി ഒരുക്കിയ കഥാഗതിയും പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നുണ്ട്. കാടിന്റെ ഭംഗിയും വന്യതയുമെല്ലാം ഛായാഗ്രാഹകന്‍ ഷഹനാദ് ജലാൽ ഭംഗിയായി ഒപ്പിയെടുത്തിട്ടുണ്ട്. ചിത്രത്തിലെ മുറുകി വരുന്ന കഥാഗതിക്ക് അനുസരിച്ച് ചിട്ടപ്പെടുത്തിയ പശ്ചാത്തല സംഗീതം പ്രേക്ഷകരെ കൂടുതൽ ത്രില്ലടിപ്പിക്കുന്നുണ്ട്.

 

രത്നച്ചുരുക്കം...

 

പൊതുവെ ത്രില്ലർ സിനിമകൾ ചടുലമായ കഥാവിഷ്കരണത്തിലൂടെയാണ് പ്രേക്ഷകരെ പിടിച്ചിരുത്തുക. അതിൽനിന്നു വ്യത്യസ്തമായി ഏറെക്കുറെ പതിഞ്ഞ താളത്തിൽ കഥ പറഞ്ഞുകൊണ്ട് പ്രേക്ഷകരെ സംഭ്രമത്തിന്റെയും സംശയത്തിന്റെയും മുൾമുനയിലൂടെ നടത്താൻ കമലയ്ക്കു കഴിയുന്നു എന്നതാണ് ചിത്രത്തിന്റെ വിജയം. ക്രൈം-സസ്പെൻസ്- മിസ്റ്ററി ചിത്രങ്ങൾ ഇഷ്ടമുള്ള പ്രേക്ഷകർക്ക് തൃപ്തികരമായ കാഴ്ചയാകും കമല എന്നതിൽ സംശയമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com