അപ്രതീക്ഷിത ട്വിസ്റ്റുകളുമായി ‘കർണൻ നെപ്പോളിയൻ ഭഗത് സിങ്’
Mail This Article
‘കർണൻ നെപ്പോളിയൻ ഭഗത്‌സിങ്’ ആ പേരുകൾ മലയാളികളിൽ ഉണ്ടാക്കുന്ന ഒരു ആവേശമുണ്ട്. അതിനോട് നീതിപുലർത്തി കൊണ്ടു തന്നെയാണ് കർണൻ നെപ്പോളിയൻ ഭഗത് സിംഗ് എന്ന സിനിമയും എത്തിയതെന്നു നിസംശയം പറയാം. ഫസ്റ്റ്‌പേജ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മോനു പഴേടത്ത് നിർമിച്ച് ശരത് ജി. മോഹൻ രചനയും സംവിധാനവും ചെയ്തിരിക്കുന്ന കർണൻ നെപ്പോളിയൻ ഭഗത് സിങ് ഒരു ഫാമിലി ത്രില്ലർ ചിത്രമാണ്.
ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ ആദ്യ പകുതി തുടങ്ങുന്നത്. സാധാരണ ഒരു ചിത്രം എന്നു തോന്നിക്കും പോലെ തുടങ്ങുന്ന സിനിമ വളരെ പെട്ടെന്നുതന്നെ കഥയിലേക്ക് കടക്കുന്നുണ്ട്. ഇടവേളയിൽ പ്രേക്ഷകനെ ഞെട്ടിച്ചുകൊണ്ടാണ് നിർത്തുന്നത്. രണ്ടാം പകുതിയിൽ പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്ന ക്ലൈമാക്‌സ് എടുത്തുപറയേണ്ടതാണ്.
മഞ്ഞമൺകാല എന്ന സാങ്കൽപിക ഗ്രാമപ്രദേശവും അവിടുത്തെ നാട്ടുകാരുടെ ജീവിതവും വരച്ചുകാട്ടി തുടങ്ങുന്ന സിനിമ വളരെ പെട്ടന്നാണ് ത്രില്ലർ മൂഡിലേക്ക് കടക്കുന്നത്. രൂപേഷ് രാഘവൻ എന്ന നായക കഥാപാത്രം എസ്ഐ ടെസ്റ്റ് കഴിഞ്ഞു നിൽക്കുന്ന അവസരത്തിലാണ് കഥ ആരംഭിക്കുന്നത്. രൂപേഷിന്റെ പ്രണയവും സൗഹൃദവുമൊക്കെയായി മുന്നേറുന്ന സിനിമയിൽ ടേണിങ് പോയിൻറായി മാറുന്നത് നാട്ടിൽ നടക്കുന്ന ഒരു കൊലപാതകമാണ്. അതോടെ സിനിമയുടെ ജോണറിനും മാറ്റം സംഭവിക്കുകയാണ്. പലരേയും സംശയത്തിന്റെ നിഴലിൽ നിറുത്താൻ സിനിമയുടെ ആദ്യപകുതി നന്നായി സഹായിക്കുന്നുണ്ട്.
രണ്ടാം പാതി കുറ്റവാളിയെ തേടിയുള്ള കേസന്വേഷണമാണ്. ധീരജ് ഡെന്നി അവതരിപ്പിക്കുന്ന രൂപേഷ് എന്ന പൊലീസ് കഥാപാത്രത്തിലൂടെയാണ് കുറ്റകൃത്യത്തിന്‍റെ ചുരുളഴിയുന്നത്. രണ്ടാം പകുതിയിലെ എസ്ഐ ആയ ശേഷമുള്ള ധീരജിന്റെ കരുത്തുറ്റ പ്രകടനം ചിത്രത്തിന്റെ മുതൽക്കൂട്ടാണ്.
എടുത്തു പറയേണ്ട പ്രകടനങ്ങളിലൊന്ന് എസ്തപ്പാനെ അവതരിപ്പിച്ച ബിജുക്കുട്ടന്റേതാണ്. തനിക്കു കോമഡി മാത്രമല്ല വഴങ്ങുക എന്ന് കള്ളൻ എസ്തപ്പാനിലൂടെ ബിജുക്കുട്ടൻ തെളിയിച്ചു. രൂപേഷിന്റെ സുഹൃത്തുക്കളിൽ ഒരാളായി എത്തിയ എൽദോ മാത്യു മികച്ചു നിന്നുയ പവിത്രൻ എന്ന രാഷ്ട്രീയ പ്രവർത്തകനായും അമളി പിണയുന്ന കാമുകനായും എൽദോ തിളങ്ങുന്നുണ്ട്. സിനിമയിൽ നിർണായക കഥാപാത്രങ്ങളിൽ ഒന്നായ നടൻ ഇന്ദ്രൻസ് അവതരിപ്പിച്ച ഉമ്മർ പ്രേക്ഷകരുടെ മനസ് കീഴടക്കുന്നുണ്ട്.
ആദ്യാ പ്രസാദ് അവതരിപ്പിച്ച അനന്തര എന്ന നായികാ കഥാപാത്രം നല്ല അഭിനയ മികവു പുലർത്തി എന്നു നിസംശയം പറയാം. ഒരു ഹോം നഴ്‌സായ അനന്തര രൂപേഷിന്റെ പ്രണയാഭ്യർഥനകളെ നേരിടുന്ന സീനുകൾ തന്മയത്തതോടെ ആദ്യ കൈകാര്യം ചെയ്തിട്ടുണ്ട്. ചിത്രത്തിൽ നിലവിലുള്ള നാൽപ്പതിലധികം നടീനടന്മാർക്കൊപ്പം കുറച്ചധികം പുതുമുഖങ്ങളും അണി നിരന്നിട്ടുണ്ട്. പ്രശാന്ത് കൃഷ്ണ ഒരുക്കിയ ക്യാമറ കാഴ്ചകള്‍ ദൃശ്യചാരുതയാര്‍ന്നവയായിരുന്നു.
രഞ്ജിൻ രാജിന്റെ സംഗീത മികവ് എടുത്തുപറയേണ്ട ഒന്നാണ്. സായാഹ്‌ന തീരങ്ങളിൽ എന്ന ഗാനം പ്രേക്ഷകന്റെ മനസിനെ നോവിക്കുമ്പോൾ അജീഷ് ദാസന്റെ വരികളിലൊരുങ്ങിയ നാലഞ്ചു കാശിന് എന്ന ഗാനം സിനിമയെ രസകരമാക്കുന്നുണ്ട്. ആദ്യ പകുതിയിൽ ഒരു സാധാരണ ഗ്രാമ പശ്ചാത്തലത്തിനുതകുന്ന ബിജിഎം നൽകിയ രഞ്ജിൻ രണ്ടാം പകുതിയിലെ ത്രില്ലർ മ്യുസിക് കൊണ്ട് കാഴ്ചക്കാരുടെ ഹൃദയത്തിൽ ഇടം നേടുന്നു. പ്രത്യേകിച്ച് ക്ലൈമാക്‌സ് രംഗങ്ങൾക്കും ഫ്‌ളാഷ് ബാക്കുകൾക്കും നൽകിയിട്ടുള്ള ബിജിഎം ചിത്രത്തെ മറ്റൊരു തലത്തിൽ എത്തിക്കുന്നു.
ഒരു പുതുമുഖ സംവിധായകൻ എന്ന നിലയിൽ ശരത് ജി. മോഹൻ പ്രതീക്ഷ നൽകുന്നുണ്ട്. ആദ്യത്തെ പകുതിയിലെ പല കാര്യങ്ങളും കഥാവസാനത്തിൽ കൃത്യമായി കൂട്ടി ചേർത്തത് തിരക്കഥയുടെ ബ്രില്ല്യൻസിനെ കാണിക്കുന്നുണ്ട്. രണ്ടു മണിക്കുർ ആറു മിനിറ്റിൽ തീരുന്ന സിനിമ എവിടെയും മുഷിപ്പിക്കുന്നില്ല. ദ്വയാർഥ പ്രയോഗങ്ങൾക്കും മറ്റും തീരെ ഇടം നൽകാത്ത സിനിമ എല്ലാത്തരം കാഴ്ചക്കാരേയും ആകർഷിക്കുമെന്നുറപ്പാണ്. കർണൻ നെപ്പോളിയൻ ഭഗത് സിങ് തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ തന്നെയാണ്.