ADVERTISEMENT

കാടിന്റെ ആഴമേറിയ വശ്യത. അതിനുള്ളില്‍ ആരുമറിയാതെ പോകുന്ന അതിലേറെ ആഴമുള്ള കുറേ ജീവിതങ്ങള്‍. അടിച്ചമര്‍ത്തലും ചൂഷണവും ആ ജീവിതങ്ങളില്‍ വേനല്‍ പടര്‍ത്തുമ്പോള്‍ അവിടേക്ക് ആശ്വാസമായി ഒഴുകിയെത്തുന്ന സംഗീതം. ആ സംഗീതം പുതിയ തുടക്കങ്ങളുടേതും പ്രതീക്ഷകളുടേതും ആകുന്നു. ആ ജീവിതങ്ങളിലും നന്മയുടെ നല്ലകാലം വരുമെന്ന വിശ്വാസമാണ് കെ. ജി. വിജയകുമാര്‍ സംവിധാനം ചെയ്ത ‘ദയഭാരതി’.

ആദിവാസി പ്രശ്നങ്ങളും പ്രതിസന്ധികളും മലയാളസിനിമയ്ക്ക് പുതിയ വിഷയമല്ല. എന്നാല്‍ അതിനെ കൈകാര്യം ചെയ്യുന്ന രീതിയും അവതരണത്തിലെ പുതുമയുമാണ് ദയഭാരതിയുടെ തെളിമ. കാടിന്റെ മക്കളുടെ അവസാനിക്കാത്ത പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴും പ്രതീക്ഷയുടെ സുദിനം തേടിയെത്തുമെന്ന് ചിത്രം നമ്മെ ഓര്‍മപ്പെടുത്തുന്നു. മലയാളത്തിലെ ഒരുപിടി മികച്ച താരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ സംഗീത ഇതിഹാസം ഹരിഹരന്റെ സാന്നിധ്യവും ചിത്രത്തിന്റെ സവിശേഷതയാണ്.

കാടിനെ ജീവിതമായി കാണുന്നവരാണ് അത്തിക്കയം കോളനിവാസികള്‍. അവിടെയുള്ള ഏകാധ്യാപക വിദ്യാലയം കേന്ദ്രീകരിച്ചാണ് ദയഭാരതിയുടെ കഥ പുരോഗമിക്കുന്നത്. അവിടുത്തെ അധ്യാപികയായ ഭാരതിയുടെ മരണത്തെ തുടര്‍ന്ന് പുതിയതായി എത്തുന്ന അധ്യാപികയാണ് ദയ. ഊരിലെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന ഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുമായാണ് ദയ എത്തുന്നത്. ആദിവാസികളുടെ പ്രശ്നങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടിയും പ്രതികരിച്ചും ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളുടെ ചുരുളഴിച്ചും  ദയ നടത്തുന്ന പോരാട്ടങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായി ഗായകന്‍ ഹരിഹരനും എത്തുന്നതോടെ ദയയുടെ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജമേറുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും ആദിവാസികളുടെ പ്രശ്നങ്ങളുമാണ് സിനിമ ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയം. അധികാരവര്‍ഗ്ഗത്തിന്റെ അടിച്ചമര്‍ത്തലുകളിലും തുടരുന്ന കാട്ടുമക്കളുടെ പോരാട്ടവീര്യത്തിന്റെ ഹൃദ്യമായ ആവിഷ്‌കാരം കൂടിയാണിത്.

പിന്നണി ഗായകന്‍ ഹരിഹരന്‍ ആദ്യമായാണ് ശ്രദ്ധേയമായൊരു കഥാപാത്രത്തെ സിനിമയില്‍ അവതരിപ്പിക്കുന്നത്. സംഗീതം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് ഹരിഹരന്‍ ചിത്രത്തിലൂടെ തെളിയിക്കുന്നുണ്ട്. മുഷിപ്പിക്കാത്ത ഭാഷാശൈലിയും വഴങ്ങുന്ന ശരീരഭാഷയുമായി ഹരിഹരന്‍ തന്റെ കഥാപാത്രത്തെ സിനിമയില്‍ ഗംഭീരമാക്കുന്നുണ്ട്. ഭാരതിയും ദയയുമായെത്തുന്ന നിയ ശങ്കരത്തിലും നേഹ സക്സേനയും കഥാപത്രങ്ങളോട് നീതി പുലര്‍ത്തുന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് ഇഷ്ടം തോന്നുന്ന പ്രകടനമാണ് ഇരുവരുടേതും.

തമ്പുരാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ആന്‍ഡ് ഇവന്റ്‌സിന്റെ ബാനറില്‍ ബി വിജയകുമാറും, ചാരങ്ങാട്ട് അശോകനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തമിഴ്നാട്ടിലും കേരളത്തിലുമായി പ്രവര്‍ത്തിക്കുന്ന തമ്പുരാന്‍ ചിട്ടി ഫണ്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള ചലച്ചിത്ര നിര്‍മാണ കമ്പനിയുടെ ആദ്യ സിനിമയാണിത്. സംവിധായകനായ കെ. ജി. വിജയകുമാര്‍ തന്നെയാണ് രചനയും. നഞ്ചിയമ്മ, കൈലാഷ്, അപ്പാനി ശരത്ത്, ഗോകുലം ഗോപാലന്‍, എ. വി. അനൂപ്, ദിനേശ് പ്രഭാകര്‍,  ബാദുഷ തുടങ്ങിയവര്‍ക്കൊപ്പം നൂറോളം ആദിവാസി കലാകാരന്മാരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

മെല്‍ബിന്‍, സന്തോഷ് എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രഭാവര്‍മ, ജയന്‍ തൊടുപുഴ ഡാര്‍വിന്‍ പിറവം എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് സ്റ്റില്‍ജു അര്‍ജുനാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനുക്കുട്ടന്‍ ഏറ്റുമാനൂര്‍

English Summary:

Daya Bharathi Malayalam Movie Review

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com