‘മാർക്കോ’ അൺകട്ട് വേർഷൻ ഇല്ല, ഒടിടിയിലും തിയറ്റർ പതിപ്പ് തന്നെ

Mail This Article
‘മാർക്കോ’ സിനിമയുടെ അൺകട്ട് വേർഷൻ ഒടിടിയിലൂടെ കാണാൻ കാത്തിരുന്ന പ്രേക്ഷകരെ നിരാശരാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മാർക്കോയുടെ തിയറ്റർ വേർഷൻ തന്നെയാണ് ഒടിടിയിലും സ്ട്രീമിങ് ആരംഭിക്കുക. ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് അൺകട്ട് വേർഷൻ റിലീസ് ചെയ്യാത്തത് എന്ന് നിർമാതാക്കളായ ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സ് അറിയിച്ചു.
‘‘ഒടിടി പ്ലാറ്റ്ഫോമിൽ മാർക്കോ റിലീസിനെത്തുമ്പോൾ ചിത്രത്തിന്റെ കട്ട് ചെയ്യാത്ത പതിപ്പ് പുറത്തിറക്കാക്കാനാണ് ഞങ്ങൾ തീരുമാനിച്ചിരുന്നത്, എന്നാൽ, മിനിസ്ട്രി ഓഫ് ബ്രോഡ്കാസ്റ്റിങ്ങിന് ലഭിച്ചിട്ടുള്ള നിരവധി പരാതികളുടെ പശ്ചാത്തലത്തിൽ ഉത്തരവാദിത്തപ്പെട്ട ഒരു സിനിമ നിർമാണ കമ്പനി എന്ന നിലയിൽ, അധികാരപ്പെട്ടവരിൽ നിന്നുളള ഇത്തരം നിയന്ത്രണങ്ങളും, പരാതികളും, അവരുടെ നിർദ്ദേശങ്ങളും തീരുമാനങ്ങളും ഞങ്ങൾക്ക് അനുസരിക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ പ്രേക്ഷകർ സ്വീകരിച്ച മാർക്കോയുടെ തിയറ്റർ പതിപ്പ് അതേപടി നിലനിർത്തുവാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
സോണി ലിവ്വിലൂടെ മാർക്കോയെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഞങ്ങൾ വളരെയധികം സന്തോഷത്തിലാണ് , കൂടാതെ തിയറ്ററുകളിൽ നിങ്ങൾ നൽകിയ എല്ലാ പിന്തുണയും ഈ അവസരത്തിലും പ്രതീക്ഷിക്കുന്നു.’’–ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് കുറിച്ചു.
ഡിസംബർ 20ന് മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി 5 ഭാഷകളിലായി റീലീസിനെത്തിയ ചിത്രമാണ് മാര്‍ക്കോ. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്‍റ് ചിത്രമായ 'മാർക്കോ'യ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്. ഒരു എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.