ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

മലയാളികൾക്ക് ഏറെ സുപരിചിതമായ ഗൾഫ് മലയാളിയുടെ അന്തഃസംഘർഷങ്ങളുടെ കഥപറഞ്ഞുകൊണ്ട് വിഷ്ണു ജി രാഘവ് സംവിധാനം ചെയ്ത വെബ് സീരീസ് ആണ് 'ലവ് അണ്ടർ കൻസ്ട്രക്ഷൻ'.  പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ നിർമ്മാണത്തിലിരിക്കുന്ന ഒരു വീടും നായകന്റെ പ്രണയവുമാണ് ഈ മലയാളം വെബ് സീരീസിന്റെ പ്ലോട്ട്. നാടുവിട്ട് ഓടിയൊളിക്കാൻ ശ്രമിക്കുമ്പോഴും യുവാക്കളെ നാടുമായി ബന്ധിപ്പിക്കുന്ന ചില നൂലുപൊട്ടാബന്ധങ്ങളുണ്ടെന്ന് അടിവരയിടുന്ന വെബ് സീരീസ്, ഗൾഫ് മലയാളികൾ അനുഭവിക്കുന്ന ധർമ്മസങ്കടങ്ങളുടെ നേർക്കാഴ്ച കൂടിയാണ്.

പപ്പൻ എന്ന് വിളിക്കപ്പെടുന്ന പദ്മരാജൻ, വിനോദ് എന്നീ രണ്ടു ജ്യേഷ്ഠാനുജന്മാരുടെ കഥയാണ് ‘ലവ് അണ്ടർ കൺസ്ട്രക്‌ഷൻ’. വിനോദിന്റെ അമ്മയുടെ ചേച്ചിയുടെ മകനാണ് പപ്പൻ. നാട്ടിൽ മെഡിക്കൽ റെപ്പ് ആയ പപ്പന് ജീവിതത്തോടും വിവാഹത്തോടും സ്ത്രീകളെക്കുറിച്ചുമൊക്കെ പഴഞ്ചൻ കാഴ്ചപ്പാടാണ്. ദുബായിൽ ജോലിചെയ്യുന്ന വിനോദ് പുരോഗമന ചിന്താഗതിക്കാരനാണ്. വിനോദിന്റെ  ബാല്യത്തിൽ അച്ഛനും അമ്മയ്ക്കും നഷ്ടപ്പെട്ട കിടപ്പാടം വിനോദിന്റെ മനസ്സിലെ തീരാനോവാണ്. ദുബായിൽ താമസിമ്പോഴും നാട്ടിൽ മാതാപിതാക്കൾക്കായി സ്വപ്നഭവനം പണിയുന്ന തിരക്കിലാണ് വിനോദ്. ഇതിനിടെയാണ് ദുബായിൽ ജോലി ചെയ്യുന്ന ഗൗരിയെ വിനോദ് കണ്ടുമുട്ടുന്നത്. ആദ്യപ്രണയ നഷ്ടത്തോടെ പ്രണയത്തോടും വിവാഹത്തോടും മുഖം തിരിഞ്ഞു നിൽക്കുന്ന ഗൗരിയും വിനോദും തമ്മിൽ അടുത്ത സുഹൃത്തുക്കളായി. സമാന ചിന്താഗതിക്കാരായ അവരുടെ സൗഹൃദം പ്രണയത്തിലേക്ക് വഴുതി വീഴാൻ അധികനേരം വേണ്ടിവന്നില്ല. ഇതിനിടയിൽ സ്ത്രീകളെക്കുറിച്ച് വളരെ മോശമായ അഭിപ്രായമുള്ള പപ്പൻ അപ്രതീക്ഷിതമായി പുരോഗമന ചിന്താഗതിയുള്ള ഒരു പെണ്ണുമായി കൂട്ടിമുട്ടുന്നു. നാട്ടിലെ വീട് നിർമ്മാണത്തിലെ നൂലാമാലകൾക്കിടയിൽ വിനോദിന്റെയും ഗൗരിയുടെയും പ്രണയത്തിന്റെ സിമന്റും ചാന്തും കൂടിക്കുഴയുന്നതും കോൺട്രാക്ടറുടെ കെടുകാര്യസ്ഥതയിൽ പ്രണയഭിത്തികളിൽ വിള്ളൽ വീഴുന്നതുമാണ് ‘ലവ് അണ്ടർ കൺസ്ട്രക്‌ഷൻ’ എന്ന വെബ് സീരീസിനെ രസകരമായി മുന്നോട്ട് നയിക്കുന്നത്.

നീരജ് മാധവും അജു വർഗീസുമാണ് യഥാക്രമം വിനോദ്. പപ്പൻ എന്നീ കഥാപാത്രങ്ങളായി എത്തിയത്. വിനോദ് എന്ന കഥാപാത്രത്തിന്റെ വ്യക്തിപരമായ സ്വപ്നങ്ങളും ധർമ്മസങ്കടങ്ങളും കളിതമാശകളും പ്രണയവുമെല്ലാം സ്വാഭാവിക പ്രകടനത്തിലൂടെ നീരജ് മാധവ്  മികവുറ്റതാക്കി. ഒരല്പം പഴഞ്ചനായ പപ്പൻ എന്ന കഥാപാത്രം അജു വർഗീസിന്റെ കയ്യിൽ ഭദ്രമായിരുന്നു. ഇന്നത്തെ തലമുറ ആക്ഷേപിക്കുന്ന ‘തന്തവൈബ്‌’ ഉള്ള പുരുഷന്മാരുടെ പ്രതിനിധിയാണ് പപ്പൻ. മികച്ച കരിയർ ഗ്രാഫ് ഉള്ള പരിചയസമ്പന്നനായ അജു വർഗീസ് മികവാർന്ന രീതിയിലാണ് പപ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഗൗരി എന്ന കഥാപാത്രമായി ഗൗരി കിഷൻ മികവ് പുലർത്തി. പഴഞ്ചൻ ചിന്താഗതിക്കാരുടെ ഇടയിൽ പെട്ടുപോയ പുതുതലമുറകാരിയുടെ റോൾ ഗൗരി വളരെ മനോഹരമായി ചെയ്തു. നടി ആൻ ജമീല സലിം വളരെ പ്രധാനപ്പെട്ട റോളിൽ എത്തുന്നുണ്ട്. സർക്കാർ ജോലിക്കാരിയായി ആത്മവിശ്വാസത്തോടെയുള്ള താരത്തിന്റെ ആകർഷകമായ അഭിനയം ശ്രദ്ധേയമാണ്.  ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, സഹീർ മുഹമ്മദ്, തങ്കം മോഹൻ തുടങ്ങിയവരുടെ സ്വാഭാവിക പ്രകടനങ്ങളാണ് ‘ലവ് അണ്ടർ കൺസ്ട്രക്‌ഷൻ’ എന്ന വെബ് സീരീസിനെ ലൈവ് ആക്കുന്നത്.    

വാശി എന്ന കീർത്തി സുരേഷ്-ടോവിനോ സിനിമയ്ക്ക് ശേഷം സംവിധായകൻ വിഷ്ണു ജി രാഘവ് സംവിധാനം ചെയ്ത വെബ് സീരീസാണ് ‘ലവ് അണ്ടർ കൺസ്ട്രക്‌ഷൻ’. 30 മിനിട്ടുള്ള ആറ് എപ്പിസോഡുകളാണ് സീരീസിനുള്ളത്. വിഷ്ണു തന്നെയാണ് സീരീസിന്റെ കഥയും തിരക്കഥയും തയാറാക്കിയിരിക്കുന്നത്.  ഉപരിപ്ലവമായ പ്രണയത്തിനപ്പുറം കേരളത്തിലെ സാമൂഹ്യസ്ഥിതിയും പുതിയ തലമുറയിലെ ആശയക്കുഴപ്പങ്ങളും കാലം മാറിയിട്ടും മനസ്സ് മാറാത്ത മലയാളി സമൂഹവും വളരെ ആഴത്തിൽ വിഷ്ണു ചർച്ച ചെയ്യുന്നുണ്ട്.  നിർമ്മാണത്തിലിരിക്കുന്ന വീട് ഈ സീരീസിലെ ഒരു പ്രധാന കഥാപാത്രമാണ്. 

വർഷങ്ങളായി ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഇടകലർന്നു ജീവിക്കുമ്പോഴും മാനസികമായി കുടുംബ മഹിമയും പഴമയും ജാതിമത വിശ്വാസങ്ങളും പ്രമാണിത്തവും സാമ്പത്തിക ഉച്ചനീചത്വവും, സർക്കാർ ജീവനക്കാരുടെ അഴിമതിയും അലംഭാവവും കൊണ്ടുനടക്കുന്ന കേരളത്തിലെ ഒരു വിഭാഗം ജനങ്ങളുടെ ക്രോസ്സ് സെക്‌ഷനാണ് ‘ലവ് അണ്ടർ കൺസ്ട്രക്‌ഷ’നിലെ കഥാപാത്രങ്ങൾ.  ലളിതമായ കഥപറച്ചിലും മനോഹരമായ ദൃശ്യാവിഷ്കാരവും അഭിനയേതാക്കളുടെ മടുപ്പിക്കാത്ത പ്രകടനവും ഈ സീരീസിനെ ഹൃദ്യമാക്കുന്നുണ്ട്. സീരീസിനായുള്ള ഗോപി സുന്ദറിന്റെ സംഗീതം ഏറെ മനോഹരവും ഹൃദയസ്പര്ശിയുമായി. അജയ് ഡേവിഡ് കാച്ചപ്പള്ളിയാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. എം രഞ്ജിത്താണ് നിർമ്മാണം.

കുടുംബപരമായ കടമകൾക്കിടയിൽ കുടുങ്ങിപ്പോകുന്ന ചെറുപ്പക്കാരുടെ കഥപറയുന്ന ‘ലവ് അണ്ടർ കൺസ്ട്രക്‌ഷൻ’ വിരസതയില്ലാതെ കണ്ടിരിക്കാവുന്ന ഒരു വെബ് സീരീസാണ്. പ്രണയത്തിന്റെ ഒന്നിലധികം പതിപ്പുകൾ വ്യത്യസ്തതയോടെ അവതരിപ്പിച്ച സീരീസ് തലമുറകളുടെ ഇടയിലെ അന്തരവും പുതിയ തലമുറയുടെ ജീവിതത്തോടുള്ള മനോഭാവവും സ്വാഭാവികമായി ദൃശ്യവൽക്കരിച്ചിട്ടുണ്ട്. കുടുംബ ബന്ധങ്ങളിലെ അന്തസംഘർഷങ്ങൾ പ്രമേയമാക്കിയ ‘വാശി’യുടെ സംവിധായകൻ വിഷ്ണു ജി രാഘവ് ഇക്കുറിയും പുതിയ തലമുറയുടെ വൈബിനൊത്ത് കഥപറയാൻ ശ്രമിച്ചിട്ടുണ്ട്.

English Summary:

Malayalam web series Love Under Construction starring Neeraj Madhav, Gauri Kishan and Aju Varghese review.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com