കോടതി വരാന്തയില്‍ സംഗീതം! അന്തിമ വിധി എന്താകും? നവരസം–വരാഹരൂപം വാദമുഖങ്ങളുടെ തീർപ്പ് എങ്ങനെ?
Mail This Article
'ഹേ രാമാ, ഞാൻ മൂളുന്ന പാട്ടുകളെല്ലാം എന്നിൽ താനേ ജനിച്ചതാണെന്നു ഞാൻ ഗർവോടെ ധരിച്ചുപോയിരുന്നു! ഞാൻ പാടുന്ന പാട്ടുകളുടെ ഈണങ്ങൾ നീ കനിവോടെ തന്നതാണെന്ന സത്യം ഇന്നിപ്പോൾ മനസിലായി.' പഴയൊരു ഭക്തകവി, ഭിഖാരി ദാസൻ, വ്രജഭാഷയിൽ എഴുതിയ ഈ നാലു വരികളുടെ സാരാംശം പല സന്ദർഭങ്ങളിലും അർഥവത്തായിട്ടുണ്ട്. സംഗീതകലയുടെ മൗലികതയെക്കുറിച്ചുള്ള വർത്തമാനങ്ങളിലും ഇതിനെ കൊണ്ടുവരാൻ കഴിയും. കാരണം സംഗീതത്തെ സംബന്ധിച്ചിടത്തോളം പൂർണമായും മൗലികമായിരിക്കാൻ ഒരുതരത്തിലും സാധിക്കുകയില്ല. ഏതു പേരിട്ടുവിളിച്ചാലും പുഴയിലെ വെള്ളത്തിനുമേൽ ആർക്കും ശാശ്വതമായ അവകാശം സ്ഥാപിക്കാൻ കഴിയുന്നതല്ല എന്ന പഴമൊഴിയെ സ്വീകരിച്ചാൽ ജനപ്രിയസംഗീതത്തിനു മുകളിൽ കെട്ടിപ്പൊങ്ങുന്ന സകല വിവാദങ്ങളും താഴെ വീണുപോകും. വമ്പൻ ചർച്ചകളിൽ തുളുമ്പിനിൽക്കുന്ന കന്നഡ സിനിമ ‘കാന്താര’യിലെ ‘വരാഹരൂപം’, കേരളത്തിലെ അറിയപ്പെടുന്ന സംഗീത ബാൻഡായ തൈക്കുടം ബ്രിഡ്‌ജിന്റെ ‘നവരസം’ എന്നീ ഗാനങ്ങൾ കോപ്പിയടി വിവാദത്തിൽ കുടുങ്ങി കോടതിമുറിയിൽ നിൽക്കുമ്പോൾ, ഇതിൽ ഇത്തിരികൂടി ചിന്തിച്ചേക്കാം എന്നൊരു സ്വാഭാവിക തോന്നൽ മനസ്സിൽ പിന്നെയും ഉയിർക്കുന്നു. അതിനു കാരണമായി വന്നു, ഒരു മുതിർന്ന മാധ്യമസൗഹൃദം! അദ്ദേഹം ആവശ്യപ്പെട്ടപ്രകാരം കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ ഒരു ചെറു പ്രതികരണം ഞാൻ കൊടുത്തു. 'വരാഹരൂപ'വും 'നവരസ'വും തമ്മിലുള്ള പോരിൽ, സമൂഹമാധ്യമങ്ങളിലെമ്പാടും ‘വരാഹരൂപം’ വിലക്കപ്പെടുന്ന സാഹചര്യത്തിൽ ഇതിനെ മറ്റു ചില തലങ്ങളിലേക്കുകൂടി വികസിപ്പിക്കേണ്ടതുണ്ടെന്ന വിചാരം എന്നിലും ഗൗരവംകൊള്ളുന്നു. ഇവിടെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടിയുടെ പ്രതിരോധവും പരിശോധിക്കേണ്ടതാകുന്നു.